27 April Saturday

നാടകം തന്നെ ജീവിതം

ഡോ. കെ ബിജി ബാലകൃഷ്ണൻUpdated: Tuesday Jun 5, 2018

 സ്ത്രീവികസനത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവരും അതിനുവേണ്ടി പ്രവർത്തിക്കുന്നവർപോലും സ്ത്രീയെ സമൂഹത്തിൽ രണ്ടാംകിടയാക്കി നിർത്തുന്ന യഥാർത്ഥ കാരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. അക്കാര്യത്തിൽ സ്ത്രീ തന്നെയാണ് മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു സ്ത്രീസംഘടന നമുക്കുണ്ടായിരുന്നു. “മാനുഷി’ എന്ന പേരിൽ. കക്ഷിരാഷ്ട്രീയഭേദമെന്യേ പട്ടാമ്പികോളേജിൽനിന്ന് ഉടലെടുത്ത കൂട്ടായ്മ. നാടകപ്രവർത്തനം സാമൂഹിക പ്രവർത്തനത്തിനുള്ള ശക്തമായ മാധ്യമ—മാണെന്ന് അവർ തിരിച്ചറിഞ്ഞു. ഈ നാടകകൂട്ടായ്മയിലെ പ്രധാന അംഗമായിരുന്നു എം ജി ശൈലജ.

ആറങ്ങോട്ടുകരയിലെ അധ്യാപകദമ്പതികളായ എം ഗോവിന്ദവാരിയരുടെയും കെ വി സരസ്വതിയുടെയും മകളും സിനിമ‐നാടകസംവിധായകനും അഭിനേതാവുമായ എം ജി ശശിയുടെ സഹോദരിയും. ചെറുപ്പംമുതൽക്കേ നൃത്തവാസനയുണ്ടായിരുന്നു. 10‐ാം ക്ലാസ്സിൽ പഠിക്കുമ്പോഴേ കഥകളിമുദ്രകൾ അഭ്യസിച്ചു തുടങ്ങി. പെരിങ്ങോടിലെ സ്ഥിരം കഥകളി ക്ലബ്ബ് അതിനുവേണ്ട പ്രോത്സാഹനവും സഹായവും നൽകി. പട്ടാമ്പി കോളേജിലെ ക്യാമ്പസ് തിയ്യറ്റർ നാടകരംഗത്ത് സജീവ ഇടപെടലുകൾ നടത്താൻ സഹായിച്ചു. സാറ ടീച്ചർ, ഗംഗാധരൻ സാർ തുടങ്ങിയവർ അതിലെ പ്രധാന അംഗങ്ങളായിരുന്നു. യൂണിവേഴ്സിറ്റിതല നാടകമത്സരത്തിൽ 'ചോരകുഞ്ഞിനെ കൊന്ന “മേരി ഫറാറിന്റെ കഥ'’ എന്ന നാടകത്തിന് ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു. അതോടെ നാടകരംഗത്ത് പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം വർദ്ധിച്ചു. പിന്നീട് നാടകത്തിലൂടെ സാമൂഹികപ്രശ്നങ്ങൾ അവതരിപ്പിക്കുവാൻ, പ്രത്യേകിച്ച് സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ധാരാളം നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. തെരുവ് നാടകങ്ങളുടെ പ്രവർത്തനങ്ങൾ അതിൽ പ്രധാനപ്പെട്ടതാണ്.

വണ്ടിസൗകര്യങ്ങളോ പ്രത്യേക സംഘടനകളുടെ സഹായങ്ങളോ ഒന്നും ഇല്ലാതെയാണ് ആൺപെൺ ഭേദമില്ലാതെ നാടകപ്രവർത്തനം രാഷ്ട്രീയപ്രവർത്തനം കൂടിയാണെന്ന തിരിച്ചറിവിലൂടെ ഈ രംഗത്തെ പ്രധാന ശക്തിയായിത്തീർന്നത്. പിന്നീട് ആറങ്ങോട്ടുകരയിൽത്തന്നെ നാടകസംഘം ഉണ്ടായി. തൃശൂർ നാടകസംഘത്തിലൂടെ അനേകം നാടകങ്ങളിൽ അഭിനയിച്ചു. ശ്രീജ ആറങ്ങോട്ടുകരയുടെ 'ഓരോരോ കാലത്തിലും' എന്ന നാടകത്തിലെ കുറിയേടത്ത് താത്രി എന്ന കഥാപാത്രാവതരണത്തിൽ 2000—‐ൽ സംഗീതനാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാനതല അമേച്വർ നാടകമത്സരത്തിൽ രണ്ടാമത്തെ നല്ല നടിക്കുള്ള അവാർഡ് ലഭിച്ചു. 2015‐ൽ കേരള സംഗീതനാടകതല അമേച്വർ നാടകമത്സരത്തിൽ 'മരിച്ച മകൾ പറഞ്ഞത്'’എന്ന നാടകത്തിലെ റെയ്ഹാന ജബ്ബാരി എന്ന കഥാപാത്രാവതരണത്തിന് നല്ല നടിക്കുള്ള പുരസ്ക്കാരവും ലഭിച്ചു. 2015ൽ തന്നെയാണ് കനവ് സാംസ്കാരികസംഘവും രൂപീകരിക്കുന്നത്. കലാ‐സാഹിത്യ‐സാംസ്കാരിക കലാകൂട്ടായ്മയായ കനവിൽ അനേകം സാമൂഹികപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കലയിലൂടെ സാമൂഹിക ഉന്നമനം ലക്ഷ്യം വയ്ക്കുന്ന ഈ കൂട്ടായ്മയിൽനിന്ന് അനേകം നാടകങ്ങൾ ഉരുവം കൊള്ളുന്നുണ്ട്. അതിനുശേഷം ഗീത ജോസഫ് സംവിധാനം ചെയ്ത തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന ഡോക്യുമെന്ററിയിലൂടെ തീർത്തും വ്യത്യസ്തമായ ഒരു അഭിനയം കാഴ്ചവെക്കാൻ സാധിച്ചു. സ്ത്രീകൾ മാത്രം അഭിനയിച്ചിരുന്ന, അവർ നേരിട്ട പ്രധാന പ്രശ്നങ്ങൾ ജനസമക്ഷം അവതരിപ്പിക്കുവാൻ അവർ തന്നെ കണ്ടുപിടിച്ച സാമൂഹികകൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞ തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം കേരളീയഅന്തരീക്ഷത്തിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതാണ് ആദ്യം ഡോക്യുമെന്ററിയായും പിന്നീട് നാടകമായും വന്നത്. തൊഴിൽ കേന്ദ്രത്തിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതാണ് ആദ്യം ഡോക്യുമെന്ററിയായും പിന്നീട് നാടകമായും വന്നത് തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞത് വലിയ കാര്യമായി ഓർക്കുന്നു. മകൾ ചിത്തിരയും അതിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നു. കനവ് കൂട്ടായ്മയിലൂടെ കെ ജി എസിന്റെ കവിതകൾക്കും സാറാ ജോസഫിന്റെ കഥകൾക്കും നാടകാവിഷ്കാരങ്ങൾ നടത്തുവാനുള്ള ശ്രമത്തിലാണ്. ഈ പ്രവർത്തനങ്ങൾക്കെല്ലാം സഹായമായി സാമൂഹ്യപ്രവർത്തകനായ ഭർത്താവ് ശശി കാരയിലും മകൾ ചിത്തിരയും കൂടെയുണ്ട്. ദേശമംഗലം സഹകരണബാങ്കിൽ ഉദ്യോഗസ്ഥയായ ശൈലജയ്ക്ക് ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചും ഇടപെടേണ്ട രീതികളെക്കുറിച്ചും തികഞ്ഞ ബോധ്യം ഉണ്ട്.

സ്ത്രീയുടെയും പുരുഷന്റെയും കർത്തൃത്വങ്ങളെ സംബന്ധിച്ചും സ്ഥാനഭേദങ്ങളെക്കുറിച്ചും സമൂഹത്തിൽ നിലവിലെ ചില ധാരണകളുണ്ട്, കാലാകാലങ്ങളായി അത് തുടരുക തന്നെ ചെയ്യും. സ്ത്രീക്ക് കർത്തൃസ്ഥാനം ഉണ്ടാകാൻ ശൈശവാരംഭം മുതൽ തന്നെ പ്രത്യേക പരിശീലനം നൽകേണ്ടതാണ്. തന്റെ അഭിലാഷങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സ്ത്രീക്ക് തികച്ചും ബോധ്യം ഉണ്ടായിരിക്കണം. സ്വന്തം വ്യക്തിത്വം കൊണ്ട് സമൂഹത്തിൽ അംഗീകാരം ഉറപ്പിക്കാൻ കഴിയണം. ഒരു പ്രസ്ഥാനവും ഒരു സംഘടനയും അതിൽത്തന്നെ മാത്രം ഒതുങ്ങുന്നില്ല. എന്തിനോ സ്ത്രീയോ പ്രകൃതിയോ കീഴാളരോ ഏതും അവയെ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെല്ലാം തന്നെ അവസാനം എത്തിച്ചേരുന്നത് മനുഷ്യനന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണ്. പ്രകൃതിയുടെയും മനുഷ്യന്റേയും സമൂഹത്തിന്റെയും ബഹുമുഖമായ വളർച്ചയാണ് നാടകപ്രവർത്തനത്തിലൂടെ അത്യന്തം ലക്ഷ്യം വെയ്ക്കുന്നത്. അതിൽനിന്ന് ലഭിക്കുന്ന ഊർജ്ജമാണ്, ആനന്ദമാണ് ഈ രംഗത്ത് പ്രവർത്തിക്കുവാനുള്ള പ്രചോദനം നൽകുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top