19 October Monday

നടന്നുതീരാത്ത വഴികൾ...

കെ എൻ സനിൽUpdated: Sunday Apr 5, 2020

മരതകത്തിൽ തീർത്ത കണ്ണാടിപോലെ ഒരു നദി. അതിന്റെ ഓളപ്പരപ്പിൽ ത്രിമാനചിത്രം കണക്കെ പൊങ്ങിക്കിടക്കുന്ന ഒരു തോണി.  മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന ചിത്രം. ചിത്രങ്ങൾ  യാത്രയ്‌ക്ക്‌ നാന്ദിയാകുമോ?  ആകും എന്ന് ലക്ഷ്‌മി ടീച്ചർ. ടീച്ചർക്കത് ജീവിതാനുഭവമാണ്.  മനസ്സിനെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ഷണിച്ച യാത്രകൾ.  തിരുവനന്തപുരത്തെ കുതിരമാളികമുതൽ  സ്‌കാൻഡനേവിയൻ രാജ്യങ്ങൾവരെ പടർന്നുകിടക്കും സി എസ് ലക്ഷ്‌മീദേവി എന്ന അധ്യാപികയുടെ യാത്രകൾ.  ഏഷ്യയിലെയും യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും താണ്ടിയ  സഞ്ചാരി.  താൻ കടന്നുപോയ നാടുകൾ വായനക്കാരന് അനുഭവമായി പകർന്നുനൽകുന്ന ബ്ലോഗർകൂടിയാണിവർ.

ചിത്രങ്ങൾ നയിക്കുന്ന യാത്രകൾ
ചില നല്ല ചിത്രങ്ങൾ മനസ്സിൽ തറഞ്ഞുനിൽക്കും. അത്‌ ഒരു യാത്രയുടെ തുടക്കമാകും. നേരത്തേ സൂചിപ്പിച്ച ചിത്രം കണ്ടപ്പോൾ ഏതോ വിദേശരാജ്യത്തേത് എന്നു കരുതിയാണ് അന്വേഷണം തുടങ്ങിയത്. പക്ഷേ, അത് ഇന്ത്യയിൽത്തന്നെയായിരുന്നു. മേഘാലയയിലെ ദൗകി നദി. ഇന്ത്യയിൽ ഇത്ര നിർമലമായ നദിയോ എന്ന കൗതുകമാണ് ആദ്യമുണ്ടായത്‌. പിന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ആദ്യയാത്ര. ഒരു പതിറ്റാണ്ടായി മിക്കവാറും യാത്രകളും ഇങ്ങനെ അപ്രതീക്ഷിതമാണ്‌.   സ്ഥലം നിശ്ചയിച്ചുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച്‌ പഠനം. കണ്ടെത്താവുന്ന എല്ലാ വിവരങ്ങളും  ശേഖരിക്കും.

എസ് കെ പൊറ്റെക്കാട്ട് വരച്ചിട്ട യാത്രകളുടെ വാങ്മയചിത്രങ്ങളാണ്  യാത്രാഭിനിവേശത്തിന്‌ വിത്തിട്ടത്.  പഠനവും വിവാഹവും കുടുംബവുമൊക്കെയായപ്പോൾ യാത്രാമോഹങ്ങൾക്കുമേൽ നിരാശയുടെ ചാരം വന്നുമൂടി.   മക്കൾ വലുതായി പഠനമൊക്കെ കഴിഞ്ഞ് സ്വന്തം വഴി തെരഞ്ഞെടുത്തതോടെ വീണ്ടും പഴയ മോഹങ്ങൾ കനലൂതിയെടുത്തു. ഇവയിൽ കുടുംബയാത്രകൾ അപൂർവം.

മായാത്ത സഞ്ചാരങ്ങൾ
നോക്കിനിൽക്കെ കടന്നുവന്ന വഴികൾ കടൽമൂടിപ്പോകുന്ന ഹോളി ഐലൻഡ്,  മരുഭൂമിയിലൂടെയുള്ള ദീർഘയാത്രകൾ ചെന്നവസാനിക്കുന്ന ഖത്തറിലെ ഇൻലാൻഡ് സീ,  ഷെയ്‌ക്‌സ്‌പിയറുടെ വീട്...  മനസ്സിൽനിന്ന് മായാതെ നിൽക്കുന്ന ചിത്രങ്ങൾ ഏറെ. മായാത്ത അനുഭൂതികൾക്കൊപ്പം തിരിച്ചറിവുകൾകൂടിയാണ് ഓരോ യാത്രയും. യാത്രകളിൽനിന്ന് ലഭിക്കുന്നപോലുള്ള തിരിച്ചറിവുകൾ മറ്റൊന്നിൽനിന്നും ലഭിക്കില്ല എന്ന് ടീച്ചർ തറപ്പിച്ചുപറയും. പ്രത്യേകിച്ചും ഒറ്റയ്‌ക്കുള്ള യാത്രകൾ. സ്ഥലങ്ങൾ, മനുഷ്യർ, ജീവിതരീതികൾ, സംസ്‌കാരങ്ങൾ, ആഘോഷങ്ങൾ ഇതൊക്കെ ആസ്വദിച്ച് മനുഷ്യർ ഒരിക്കലെങ്കിലും യാത്രചെയ്യണം.

സഞ്ചാരിയായ സ്‌ത്രീ
സ്‌ത്രീകൾ യാത്ര പോകുന്നത്  പുതുമയല്ല. എന്നാൽ, നിരന്തരസഞ്ചാരിയായ സ്‌ത്രീ  ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തിലെങ്കിലും അപൂർവം. യാത്രകൾ ഒന്നും പത്തോ പതിനഞ്ചോ ദിവസത്തിൽ കൂടാറില്ല.  ജോലിതന്നെ പ്രധാന കാരണം.  സ്‌ത്രീയെന്നനിലയിൽ യാത്രകളിൽ മനസ്സു തളർത്തുന്ന തരത്തിൽ ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.  യാത്രചെയ്യുന്നയാൾ എന്നതിനപ്പുറം സ്‌ത്രീ എന്ന ലേബലിൽ വലിയ പരിഗണനയോ അവഗണനയോ പ്രത്യേകിച്ചില്ല.  വിദേശയാത്രകളിൽ ഒരിക്കലും അത്തരത്തിൽ ഒരു വേർതിരിവ് അനുഭവപ്പെട്ടിട്ടേയില്ല, സഞ്ചാരിമാത്രം. അല്ലാതെ വനിതാസഞ്ചാരി ഇല്ല.  ക്യൂവിൽപ്പോലും വേർതിരിവില്ല.  അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണ്.  ‘ഒറ്റയ്‌ക്കാണോ?’ എന്ന ചോദ്യം ഞാൻ കേട്ടിട്ടുള്ളത് കേരളത്തിൽമാത്രമാണ്.

ചരിത്രഭൂമികളാണ്‌  കൂടുതലിഷ്‌ടം.   വിദേശയാത്രകളിൽ മനസ്സിൽ എന്നും ഉദിച്ചുനിൽക്കുന്നതാണ് ഇംഗ്ലണ്ട് സന്ദർശനം.  ലണ്ടനിൽനിന്ന് സ്‌കോട്ട്‌ലൻഡ് വരെ സുഹൃത്ത് ദീപയുമൊന്നിച്ച് നടത്തിയ കാർയാത്ര.  രണ്ട് സ്‌ത്രീകൾ മാത്രം.  മാറിമാറി കാറോടിച്ച് എട്ട് രാപകലുകൾ.  ഈ യാത്രയിലാണ് ഞങ്ങൾ ഹോളി ഐലൻഡ് എന്ന അത്ഭുതദ്വീപ് കണ്ടത്.  ദ്വീപിലേക്ക് കരയിൽനിന്ന്  പ്രത്യേക നടവഴി.   അങ്ങുദൂരെ കടൽ കാണാം. ഒരു വേലിയേറ്റമേഖലയാണത്.  വേലിയേറ്റ കലണ്ടർ അടിസ്ഥാനമാക്കിയാണ്‌ പോക്കും വരവും. ചില സമയത്ത് നമ്മൾ ദ്വീപിലെത്തി തിരിഞ്ഞുനോക്കുമ്പോൾ കടന്നുവന്ന വഴികളെല്ലാം കടൽമൂടിയിട്ടുണ്ടാകും.

യൂറോപ്പിൽ ചെലവാകാത്ത ലോകഭാഷ
ലോകഭാഷ എന്നൊക്കെ ഊറ്റംകൊള്ളുന്ന ഇംഗ്ലിഷിന്  ബ്രിട്ടനുപുറത്ത് യൂറോപ്പിൽ ഒരു വിലയുമില്ല.  മിക്കവാറും രാജ്യങ്ങളിൽ ഇംഗ്ലിഷ്‌ കൊണ്ട് ഒരു കാര്യവുമില്ല. ലോകയാത്രികരുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിൽ ഒന്നായ ഇറ്റലിയിൽ ഇംഗ്ലിഷ്  തീർത്തും അന്യം. മഹാഭൂരിപക്ഷത്തിനും യെസ്സും നോയും പോലും അറിയില്ല.

ബ്ലോഗർ
പോയ സ്ഥലങ്ങളുടെ കൗതുകം പങ്കുവയ്‌ക്കാനാണ് ഫെയ്സ്ബുക്കിൽ ചെറിയ കുറിപ്പുകൾ ഇട്ടുതുടങ്ങിയത്.  കുറിപ്പുകൾ നന്നാവുന്നുണ്ടെന്നും അവിടം സന്ദർശിച്ചപോലെ അനുഭവപ്പെടുന്നുവെന്നും ചിലർ പറഞ്ഞതാണ്‌ ‘ഈസ്‌തറ്റിക് ട്രാവലർ’ എന്ന പേജിനുള്ള പ്രേരണ.  യാത്രാനുഭവങ്ങളും യാത്രാനുബന്ധ കാര്യങ്ങളും വിവരിക്കുന്ന പേജിനോട് നല്ല പ്രതികരണമുണ്ടായി.  സാധാരണ പേജുകളേക്കാൾ സഞ്ചാരിയുടെ പേജുകൾക്ക് വ്യത്യസ്‌തതയുണ്ട്.  ആളുകളുടെ സമീപനത്തിലും വ്യത്യാസമുണ്ട്.   യാത്ര ചെയ്യാനാഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഉപകാരമാകണം തന്റെ കുറിപ്പുകളെന്ന ആഗ്രഹവുമുണ്ട്‌.  ചില യാത്രാപേജുകളിൽ ഇഷ്ടപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് കുറിപ്പുകൾ കണ്ടപ്പോൾ വിശദാംശങ്ങൾക്കായി എഴുതിയ ആളുകളെ വിളിച്ചപ്പോഴുണ്ടായ അനുഭവമാണ് ഇത്തരം ഒരു നിർബന്ധബുദ്ധിയിലേക്ക് കൊണ്ടെത്തിച്ചത്‌.  ഓരോ യാത്രയ്‌ക്കുംശേഷം കൃത്യമായി കുറിപ്പുകളിടാൻ തുടങ്ങി.

കണ്ടുതീരാത്ത ഇന്ത്യ
ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലൂടെ കടന്നുപോയി.  എങ്കിലും ഇന്ത്യ ഇനിയുമെത്രയോ കാണാനായി ബാക്കിയാണ്‌.  പ്രാദേശികമായ കാലാവസ്ഥ, ഉത്സവങ്ങൾ തുടങ്ങിയവകൂടി പരിഗണിച്ചാലേ  യാത്രകൾ ഫലപ്രദമാകൂ.  ഇന്ത്യയിലിനി കാണാൻ ഏറ്റവും ആഗ്രഹമുള്ള സ്ഥലം ഗുജറാത്തിൽ  പാക്‌ അതിർത്തിയിലെ റാൻ ഓഫ് കച്ച് ആണ്.  അവിടത്തെ വിശാല മരുഭൂമിയിൽ ഒരു പ്രത്യേകതരം ആഘോഷമുണ്ട്.  ടെൻഡ് കെട്ടി താമസിച്ച് ചന്ദ്രനെ കാണുന്ന ഒരാഘോഷം.  അതു കാണണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top