20 April Saturday

കളർ ഓഫ് ദ ഇയർ

ആർ സ്വാതിUpdated: Sunday Jan 5, 2020

പഴുത്ത ബ്ലൂബെറി പഴങ്ങൾ കണ്ടിട്ടുണ്ടോ. അതിന്റെ നിറമാണത്രെ 2020ന്. കളർ ഓഫ് ദ ഇയർ ആയി 2020ൽ പാന്റോൺ തെരഞ്ഞെടുത്തിരിക്കുന്നത് ക്ലാസിക് ബ്ലൂ നിറത്തെയാണ്.    അമേരിക്കൻ കളർ ഇൻസ്റ്റിറ്റ്യൂട്ട് കമ്പനിയാണ് പാന്റോൺ. എല്ലാ വർഷവും ഡിസംബർ മാസം അടുത്ത വർഷത്തെ ‘ഒഫീഷ്യൽ' കളർ പാന്റോൺ തെരഞ്ഞെടുക്കും. 1999ന്റെ അവസാനം, ആകാശനീലിമ തുളുമ്പുന്ന സെറുലിയൻ ബ്ലൂ നിറത്തെ ഇതാ മില്ലേനിയത്തിന്റെ നിറമെന്ന് പറഞ്ഞ് അവതരിപ്പിച്ച് ഫാഷൻ ലോകത്തെ ഞെട്ടിച്ച ടീം. അന്നു മുതൽ കഴിഞ്ഞ 20 വർഷമായി ഓരോ വർഷത്തെയും നിറം പാന്റോൺ പ്രഖ്യാപിക്കാറുണ്ട്‌. സിനിമ, ഫാഷൻ, ടെക്നോളജി തുടങ്ങിയ മേഖലകളിലെ സമീപകാല ട്രെൻഡുകൾ മനസ്സിലാക്കിയാണ് നിറങ്ങളുടെ തെരഞ്ഞെടുപ്പ്‌.  സന്ധ്യ മയങ്ങുമ്പോഴുള്ള ആകാശത്തെയും ശാന്തമായ കടലിനെയും ഓർമിപ്പിക്കുന്ന ക്ലാസിക് ബ്ലൂ ട്വന്റി ട്വന്റി ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമെന്നുറപ്പ്‌.

ഫാഷൻ ലോകത്ത് മാത്രമല്ല, ഗ്രാഫിക് - ഇന്റീരിയർ ഡിസൈനിങ് മേഖലകളിലും പാന്റോൺ കളറാണ് ട്രെൻഡ് സെറ്റർ. വീട്ടുസാധനങ്ങൾ മുതൽ സോഷ്യൽ മീഡിയ ടെംപ്ലേറ്റ്സിൽ വരെ ഇനി നിറഞ്ഞു നിൽക്കാൻ പോവുന്നത് ഈ നീലിമയാണ്.  2019ലെ കളർ ഓഫ് ദി ഇയർ ആയ ‘ലിവിങ് കോറൽ' നിറത്തിൽ ആപ്പിൾ ഐ ഫോൺ വരെയുണ്ട് എന്നു പറഞ്ഞാൽ ‘ഇത് ചെറിയ കളിയല്ല... ' എന്ന് മനസ്സിലായില്ലേ.

ആത്മവിശ്വാസത്തിന്റെ നിറമാണ് ക്ലാസിക് ബ്ലൂ എന്നാണ് പാന്റോൺ അധികൃതരുടെ വാദം. ട്വന്റി ട്വന്റി റെഡ് കാർപറ്റുകളിലും റാമ്പിലുമെല്ലാം ഇനി നീലത്തിളക്കമായിരിക്കും. ജെൻഡർ ലെസ് എന്നതാണ് ക്ലാസിക് ബ്ലൂ നിറത്തിന്റെ ഹൈലൈറ്റ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഉപയോഗിക്കാം. സോ ഗയ്സ് പ്ലീസ് ഡോൻട് സ്റ്റെപ് ബാക്ക്..
നീല കുർത്തയും ഷർട്ടും സാരിയുമൊക്കെ വാഡ്രോബിന്ന് പുറത്തിറക്കിക്കോ. ഇഷ്ടം പോലെ മാച്ച് ചെയ്തും പെയർ ചെയ്തും പുതുവർഷം തകർക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top