26 April Friday

ആഴക്കടലിന്റെ താളത്തിനൊത്ത്‌ രേഖ

ബിജി ബാലകൃഷ്‌‌‌‌ണൻUpdated: Tuesday Dec 4, 2018

നീന്തൽ പോലുമറിയാത്ത രേഖ ഇന്ന്‌ ഇന്ത്യയിലെതന്നെ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ലൈസൻസ്‌ നേടിയ ആദ്യസ്‌‌‌‌ത്രീയാണ്‌. സാഹസികതയും സമ്മർദവും നിറഞ്ഞ ജോലിയിൽ ഭർത്താവ്‌ കാർത്തികേയനൊപ്പമുള്ള യാത്ര അവൾക്ക്‌ കടലമ്മയുടെ താരാട്ടാണ്‌. സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമൊക്കെയുള്ള ചർച്ചക്കിടെ, രേഖയുടെ യാത്ര ആശ്‌ചര്യകരം.

കാറ്റിന്റെ ഗതി അനുസരിച്ച് വലയിടാനും ആഴക്കടലിന്റെ ഭാവപ്രകൃതികളെ തിരിച്ചറിയാനും രേഖ ഇതിനകം മനസ്സിലാക്കി. പുലർച്ചെ നാലിന്‌ കടലിലേക്ക് പോകുന്ന രേഖ സന്ധ്യയോടെയാണ് തിരിച്ചുവരുന്നത്. ചില കാലങ്ങളിൽ രാത്രി സമയത്തും കടലിലേക്ക് പോകേണ്ടിവരാറുണ്ട്. ഓരോ മീനിന്റെ തരവും കടലിന്റെ അവസ്ഥയും നോക്കിയാണ് കടലിലേക്ക് ഇറങ്ങുന്നത്. നക്ഷത്രങ്ങളും ചന്ദ്രനുമാണ് രേഖയുടെ വഴികാട്ടികൾ.

പതിനെട്ടാമത്തെ വയസ്സിലാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ രേഖ, കാർത്തികേയന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. രണ്ട് സമുദായത്തിൽ ജനിച്ചവരായ ഇവരുടെ വിവാഹത്തിന് ധാരാളം എതിർപ്പുകളുള്ള കാലം. ഉറ്റവരും ഉടയവരുമില്ലാതെ ഇവർ ജീവിതത്തിൽ പരസ്പരം സഹായികളായി. പിന്നീട് നാലുപേരുടെ മാതാപിതാക്കളും... കുട്ടികളെ പുലർത്താൻ കാർത്തികേയൻ മാത്രം വിചാരിക്കുന്നത് ശരിയല്ലെന്ന് രേഖക്ക് തോന്നിത്തുടങ്ങി. ഏത് യാത്രയിലും ഒരുമിച്ച് മാത്രം കാണാറുള്ള ഇവരെ പിന്നീട് മത്സ്യബന്ധനത്തിനും ഒരുമിച്ച് കണ്ടുതുടങ്ങി. ചേറ്റുവ അഴിമുഖത്ത് പലരും അവരെ പുച്ഛിച്ചു, ഒറ്റപ്പെടുത്തി. എന്നാൽ രേഖയും കാർത്തികേയനും ഇതൊന്നും വകവച്ചില്ല. കാർത്തികേയന്റെ പൂർണ്ണപങ്കാളിത്തത്തോടെ രേഖ മത്സ്യബന്ധനത്തിന്റെ പടവുകളോരോന്നും കയറുകയായിരുന്നു.

ഭർത്താവ്‌ കാർത്തി-കേ-യനൊപ്പം രേഖ

ഭർത്താവ്‌ കാർത്തി-കേ-യനൊപ്പം രേഖ

ആഴക്കടലിൽ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് രേഖ രണ്ടു വർഷം മുൻപ് സ്വായത്തമാക്കി. പുരുഷന്മാർ മാത്രം നേടിയിരുന്ന ഈ ലൈസൻസാണ് പാരമ്പര്യവൃത്തിയാൽ നേടാത്ത ഈ കർമ്മത്തിന് രേഖ സ്വന്തമാക്കിയത്. ആദ്യമൊക്കെ അനുബന്ധമത്സ്യത്തൊഴിലാളി ലൈസൻസ് മാത്രമെ നൽകാൻ കഴിയൂ എന്ന് പറഞ്ഞ് അധികൃതർ രേഖയെ മടക്കി അയച്ചു. പിന്നീട് രേഖയുടെ അധ്വാനത്തിന്റെ വിലയറിഞ്ഞ ചിലർ വഴി മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ഇടപെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി ലൈസൻസ് ലഭ്യമാക്കുകയായിരുന്നു. കഠിനാധ്വാനവും സമയദൈർഘ്യമേറിയതുമായ ഈ തൊഴിലിന് ഒരു സ്ത്രീ ഇറങ്ങുകയെന്നത് അധികൃതരേയും സമൂഹത്തേയും ഞെട്ടിക്കുന്ന ഒരു കാര്യമാണെങ്കിലും ജീവിതസാഹചര്യങ്ങളാണ്‌ ഈ രംഗത്തിറങ്ങാൻ കാരണമെന്ന സത്യം രേഖ മറച്ചുവക്കുന്നില്ല.

കരയിലിരിക്കുന്ന മക്കളുടെ കാര്യം ആലോചിച്ചാൽ പിന്നെ വേറെയൊന്നും മുമ്പിലില്ല. കടൽക്കാറ്റും കടുത്ത ചൂടുംമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വേറെയും. എന്തുതന്നെയായാലും ഏത് ബുദ്ധിമുട്ടിലും പ്രതിസന്ധിയിലും തങ്ങളെ രക്ഷിക്കുന്ന കടലമ്മയോട് രേഖ പ്രത്യേകം നന്ദി പറയുന്നു. മീൻ പിടിക്കാനാവശ്യമായ വല നെയ്യുന്നതും  ഒരുക്കുന്നതും ദമ്പതികൾ ഒരുമിച്ചാണ്.

കടലിൽ ദിക്കറിയാതെ ഇതുവരെയും അലയേണ്ടിവന്നിട്ടില്ല. കൃത്യമായ അടയാളങ്ങൾ നോക്കിയാണ് യാത്ര ചെയ്യാറുള്ളത്. ചില സമയങ്ങളിൽ കടൽ പെട്ടെന്ന് പ്രക്ഷുബ്ധമാകാറുണ്ട് അപ്പോൾ പാതിവഴിയിൽ മടങ്ങിപ്പോരും.  സീസണുകളിൽ ഒരു ദിവസം 20,000 രൂപക്കു വരെ മീൻ ലഭിക്കും. ചിലപ്പോൾ മീനൊന്നും ലഭിച്ചില്ല എന്നും വരും. മത്തിയും അയലയുമാണ് കൂടുതലും ലഭിക്കാറുള്ളത്. ഈ കടപ്പുറവും ഈ ജോലിയുമല്ലാതെ രേഖക്ക് വേറൊന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. കേരളത്തിന്റെ സമ്പന്നമായ മത്സ്യസമ്പത്തിനെക്കുറിച്ച് അവർ അഭിമാനിക്കുന്നു.

മത്സ്യബന്ധനരംഗത്തേക്ക് തന്നെപ്പോലെയുള്ള സ്ത്രീകൾ കടന്നുവരണമെന്നാണ്‌ രേഖ പറയുന്നത്‌. അവർക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും ചെയ്തുകൊടുക്കാൻ തയ്യാറാണ്. ജനങ്ങളും അധികാരികളും ഈ രംഗത്തേക്കു വരുന്നവരെ  ശ്രദ്ധിക്കുമെന്നും വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകുമെന്നുമാണ്‌ രേഖയുടെ പ്രതീക്ഷ. കടലിനോളം തന്നെ ആഴവും പരപ്പുമുള്ളതാണ് രേഖയുടെ മനസ്സ്. അത്ര തന്നെ ആഴമേറിയ അനുഭവങ്ങളും വാക്കുകളുമാണ് അവർ പങ്കുവെക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top