16 April Tuesday

കാൽവിരൽ കൊണ്ടൊന്നു തൊട്ടപ്പോൾ...

അബ് ദുല്ല പേരാമ്പ്രUpdated: Tuesday Dec 4, 2018

ചെറിയ പ്രായത്തിൽ നിറയെ സ്വപ്നങ്ങൾ കാണാനും, പൂ പറിച്ചും പൂക്കൾ വരച്ചും ഓടിനടക്കാനും അവൾക്ക്‌ കഴിഞ്ഞില്ല. കൈകൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം അവൾ കാൽ കൊണ്ട് ചെയ്തു. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയില്ല. അപ്പക്കാട് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ അഞ്ച് മക്കളിൽ ഇളയവളായ ഉല്ലു. അവൾക്ക്‌ ജന്മനാ കൈകൾ ഇല്ല.  എങ്കിലും അവൾ അന്യരുടെ മുന്നിൽ തെളിമയോടെ ചിരിക്കും. തന്നെപ്പോലെ ഒരുപാട് പേർ ഈ ഭൂമിയിലുണ്ടല്ലോ എന്നോർക്കുമ്പോൾ...

നടക്കാനുള്ള പ്രയാസങ്ങൾ നിമിത്തവും സ്കൂളിൽ എത്തിയാൽ കുട്ടികൾ തട്ടി താഴെയിടും എന്ന ഭയം മൂലവും ഉല്ലുവിന് പഠനം രണ്ടാം ക്ലാസിൽ അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും അവൾ പഠിച്ചു. ഒരിക്കൽ ഏഴാം വയസ്സിൽ തീർത്തും അപ്രതീക്ഷിതമായി അവൾക്ക് ഒരു അപേക്ഷാഫോമിൽ ഒപ്പിടേണ്ടിവന്നു. വാപ്പയുടെ ചുമലിൽ കയറിയാണ് തൊട്ടടുത്ത ഒരു ഓഫീസിൽ പോയത്‌. ഉപ്പക്ക് ഒപ്പിടാനൊന്നും അറിയില്ലായിരുന്നു. പകച്ചു നിൽക്കുന്ന ഉപ്പാന്റെ ചുമലിൽ നിന്നും അവൾ ചാടിയിറങ്ങി തന്റെ കാൽവിരലുകൾക്കുള്ളിൽ പേന വെച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. പേന വെച്ചുകൊടുക്കേണ്ട താമസം ഉല്ലു അപേക്ഷാഫോമിൽ വൃത്തിയായി ഒപ്പിട്ടുകൊടുത്തു. അന്നുമുതൽ തന്റെ മകളുടെ കഴിവ് ആ പിതാവിന് മനസ്സിലായി.

തന്റെ മകളിൽ ഒരു ചിത്രകാരി ഒളിച്ചിരിക്കുന്നുണ്ടെന്ന് ആ പിതാവ് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. സാമ്പത്തിക ബാധ്യതയാണെന്നറിഞ്ഞിട്ടും പിതാവ് മകൾക്ക് ബ്രഷും നിറങ്ങളും വാങ്ങിച്ചുകൊടുത്തു. വലിയ കാൻവാസിൽ അവൾ തന്റെ സ്വപ്നങ്ങൾ വരച്ചിട്ടു. പക്ഷേ, നിത്യചിലവിന് പോലും ആയാസപ്പെടുന്ന ആ മനുഷ്യന് മകൾക്ക് വേണ്ടതിലധികം പ്രോത്സാഹനം കൊടുക്കാൻ കഴിഞ്ഞില്ല. ആ വേദന ഉള്ളിൽ പേറിയാണ് അയാൾ മരണത്തിന് വഴിപ്പെട്ടത്. ഉപ്പയുടെ മരണത്തോടെ അവളുടെ ഉള്ളിലെ ചിത്രകാരി മരിച്ചെന്നു കരുതിയിരിക്കുമ്പോഴാണ്, ഒരു ദൈവദൂതനെ പോലെ സുഹ്റ എന്ന കൂട്ടുകാരി വരുന്നത്. ഉല്ലുവിന്റെ കഴിവ് തിരിച്ചറിഞ്ഞ അവൾ വീണ്ടും നിറങ്ങളുടെ ലോകത്തേക്ക് അവളെ തിരിച്ചുകൊണ്ടുവന്നു. നഷ്ടപ്പെട്ട പിതാവിന്റെ സ്ഥാനത്ത് സുഹ്റ നിന്നു. അവൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം "ഗ്രീൻ പാലിയേറ്റീവ്' എന്ന സംഘടനയുമായി സംസാരിച്ച് സുഹ്റ സംഘടിപ്പിച്ചു.  വരക്കാനായി കമ്പ്യൂട്ടറും സ്മാർട്ട് ഫോണും, വീൽചെയറുമെല്ലാം ഇന്ന് ഉല്ലുവിനുണ്ട്. ഇന്നവൾ വ്യത്യസ്തമായ ചിത്രങ്ങൾ വരയ്ക്കും. സ്മാർട്ട് ഫോണിന്റെ സഹായത്തോടെ പുറംലോകവുമായി ചങ്ങാത്തം കൂടും. പരസഹായത്തോടെ തന്നെ അവൾ ചിത്രപ്രദർശനവും നടത്തി.

അംഗപരിമിതരായ കലാകാരന്മാരുടെ ഒപ്പമായിരുന്നു ഉല്ലുവിന്റെ ചിത്ര പ്രദർശനം. അതവൾക്ക് കൂടുതൽ ഊർജം നൽകി. കാൽകൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിൻ, വായകൊണ്ട് ചിത്രണം നടത്തുന്ന ജെസ്ഫർ കോട്ടക്കുന്ന്, റഈസ് ഹിദായ എന്നിവരെയെല്ലാം ഉല്ലുവിന്റെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ഗസൽ ഗായകൻ ഷഹബാസ് അമൻ, സമീർ ബിൻസി, കാഞ്ചനമാല എന്നിവരെയെല്ലാം കാണാൻ ഇടയാക്കിയതും ഈ ചിത്രപ്രദർശനമാണ്.

ചിത്രകലയുടെ വൈവിധ്യ ലോകത്തേക്ക് ഉല്ലു കടന്നുവരുന്നതേയുള്ളൂ. നാലാൾ അറിയുന്ന ഒരു ചിത്രകാരിയാവാനാണ് അവളുടെ ആഗ്രഹം. ചിത്രകല പഠിച്ച് തന്നെപ്പോലെയുള്ളവരെ ആ കലയുമായി ബന്ധപ്പെടുത്തുക എന്നതാണ് ഉല്ലുവിന്റെ മോഹം. ഭാവിയെപ്പറ്റി നിറമുള്ള സ്വപ്നങ്ങൾ നെയ്ത് നിറയെ വരച്ചുകൂട്ടുകയാണ് ദൈവത്തിന്റെ ഈ മാലാഖ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top