25 April Thursday

ജൻഡർ സമത്വ പോരാട്ടത്തിന്റെ സ്ത്രീമുഖം

എ ജി ഒലീനUpdated: Sunday Sep 4, 2022


ശരാശരി മനുഷ്യർ സമകാലത്തുപോലും നീതി തേടി  ഏറ്റവും ഒടുവിലെത്തുന്ന അഭയകേന്ദ്രമാണ് കോടതി. എന്നാലും പൊലീസും കോടതിയും കൂട്ടവുമൊന്നും വയ്യെന്നു സമരസപ്പെട്ട്‌ വീടിനകത്തും പുറത്തുമുള്ള  ചൂഷണങ്ങൾ  നിശ്ശബ്ദം ഏറ്റുവാങ്ങുന്ന നിസ്സഹായതയുടെ നിലവിളികൾ ഇക്കാലത്തും നമുക്ക്‌ അന്യമല്ല. അപ്പോഴാണ് പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു സ്ത്രീ തന്റെ ഭരണഘടനാപരമായ അവകാശം സ്ഥാപിച്ചെടുക്കാനായി ഒന്നരപ്പതിറ്റാണ്ടു നീണ്ട നിയമയുദ്ധത്തിന് സജ്ജയാകുന്നത്. അതൊരു സമരമായിരുന്നു. പിതൃസ്വത്തിൽ മക്കളുടെ പങ്കിന്റെ കാൽഭാഗമോ 5000 രൂപയോ, ഇതിൽ ഏതാണോ കുറവ് അതിനുമാത്രം അവകാശമുള്ള 1916ലെ തിരുവിതാംകൂർ പിന്തുടർച്ചാ നിയമവും 1921-ലെ കൊച്ചി പിന്തുടർച്ചാ നിയമത്തെയും ഇല്ലാതാക്കിക്കൊണ്ട് മേരി റോയി എന്ന സ്ത്രീ നേടിയ ചരിത്രവിജയം സുറിയാനി പെണ്ണിന്റെ അന്തസ്സും അവകാശവും മാത്രമല്ല സംരക്ഷിച്ചത്. മറിച്ച് കേരളത്തിലെ ജൻഡർ സമത്വ പോരാട്ടത്തിന്  മറ്റൊരാമുഖം എഴുതിച്ചേർക്കുക കൂടിയായിരുന്നു.  സ്വന്തം വീടിനുള്ളിൽ പുരോഗമനവാദികളെന്ന്‌ അഭിമാനിക്കുന്ന അച്ഛനടക്കമുള്ള പുരുഷന്മാരുടെ സമീപനം, അമ്മയോടുള്ള പെരുമാറ്റമൊക്കെ മേരി റോയിയെന്ന സമര പോരാളിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ആണധികാരത്തിന്റെ ബലതന്ത്രം മുതലാളിത്തത്തിനും വളരെമുന്നേ പ്രവർത്തിക്കുന്നുണ്ടെന്നും  മുതലാളിത്തം ഇല്ലാതായാലും സ്വത്തുടമാ ബന്ധങ്ങളിലടക്കം ആണധികാരത്തിന്റെ ചിഹ്നങ്ങൾ അവശേഷിക്കുമെന്നും പറഞ്ഞത് കാൾ മാർക്‌സാണ്. ആണധികാര വ്യവസ്ഥയ്‌ക്കെതിരെ സ്വരൂപിച്ച മേരി റോയിയുടെ പോരാട്ടവീര്യംതന്നെയാണ് അവരിലെ വിദ്യാഭ്യാസ ചിന്തകയെയും രൂപപ്പെടുത്തിയത്.

കലാപകാരിയായ മറ്റേതൊരു പെണ്ണിനെയുംപോലെ വീടിന്റെ നാനാർഥങ്ങൾ തേടിയുള്ള സഞ്ചാരംകൂടിയായിരുന്നു മേരി റോയിയുടെ ജീവിതം. വീടെന്നാൽ വിടുതൽ ചെയ്യാനുള്ള ഇടമെന്നുകൂടി അർഥമുണ്ടല്ലോ? വീടിന്റെ നാലു ചുവരുകൾ തീർത്ത തടവറ ഒരുഭാഗത്തെങ്കിൽ മറുഭാഗത്ത് അതേ വീടുതന്നെ ആശ്രയമായിപ്പോകുന്ന ദുഃസ്ഥിതിയും അവരുടെ ജീവിതത്തിലുണ്ടാകുന്നുണ്ട്. പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം  ഒരു വ്യക്തിയുടെ വിശേഷിച്ച് ഒരു പെണ്ണിന്റെ ജീവിതത്തെ അടിമുടി മാറ്റിത്തീർക്കും.  അത്തരം ഓരോ സ്ഥാപനവും അവളുടെ ജീവിതയാത്രയെ എത്ര ആഴത്തിൽ സ്വാധീനിക്കുമെന്ന്‌ അവരുടെ ജീവിതം നമ്മോട്  ഉറക്കെ പറയുന്നുണ്ട്. സ്വന്തം അധ്വാനശേഷിയും ആത്മാഭിമാനവുംമാത്രം കൈമുതലാക്കി മുന്നോട്ടു നീങ്ങിയ ഇതുപോലൊരു പോരാളിക്ക് ‘വിദ്യാഭ്യാസപ്രവർത്തന'മെന്ന വിമോചനപ്രവർത്തനത്തെ ഏറ്റെടുക്കാതിരിക്കാനാകില്ല. കോട്ടയത്ത് അവർ തുടങ്ങിവച്ച കോർപസ് ക്രിസ്റ്റി എന്ന വിദ്യാലയമാണല്ലോ പിന്നീട് ‘പള്ളിക്കൂടമായി' പ്രവർത്തിച്ചത്. സ്വത്തവകാശ സ്ഥാപനത്തിനു മാത്രമല്ല, മേരി റോയി കോടതിയിൽ എത്തിയത്. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം സ്‌കൂളിൽ അവതരിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ, നിരോധനമടക്കം ഉണ്ടായപ്പോൾ കോടതിയെ സമീപിച്ച് തന്റെ കുട്ടികളെക്കൊണ്ട് നാടകം കളിപ്പിച്ച  കർമധീരതയും നമ്മൾ കണ്ടു.

കോടതി വിധിയിലൂടെ തനിക്കു ലഭിച്ച ഭൂമി  സഹോദരനുതന്നെ മടക്കിക്കൊടുത്ത മേരി റോയി പെൺപെരുമയുടെ മറ്റൊരു മുഖംകൂടിയാണ് കാട്ടിത്തന്നത്. ‘ജൻഡർ ഭേദങ്ങളില്ലാത്ത വിദ്യാലയത്തിലൂടെ' ഒരു ബദൽ പഠന മാതൃകകൂടി നമുക്കു സമ്മാനിച്ചിട്ടാണ് മേരി റോയി മടങ്ങുന്നത്.

oleenag@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top