25 April Thursday

മനസ്സിൽ ഒഴുകുന്ന മഴവിൽ നദികൾ

ബീന പ്രസീദ്‌Updated: Sunday Sep 4, 2022


നിറങ്ങൾ വെറും നിറങ്ങളല്ല. അവ സംവദിക്കുന്നത്‌ മനസ്സുകൊണ്ടുകൂടിയാണ്‌. ഓരോ നിറവും ചാലിക്കുന്നതിനനുസരിച്ച്‌ അർഥതലങ്ങൾ മാറിക്കൊണ്ടിരിക്കും. ശ്രീകലയുടെ നിറങ്ങൾ അങ്ങനെയാണ്‌. നമ്മളൊന്ന്‌ ചോദിച്ചാൽ അതിന്‌ ശ്രീകലയുടെ മറുപടി , ‘ ജലച്ചായം മനസ്സിൽ ഒഴുകുന്ന മഴവിൽ നദികളാണ്. എണ്ണച്ചായം പതിയെ നടക്കുന്നവയും. ചിത്രകല ദുഃഖത്തിന്റെ, യാതനയുടെ പകർപ്പ് മാത്രമല്ല സന്തോഷത്തിന്റെയും എല്ലാ ആത്മാന്വേഷണങ്ങളുടെയും വഴിയാണ്. സ്ത്രീയുടെ വഴികൾ എത്രമാത്രം അടഞ്ഞതാണ്. കൈവിരിച്ചാൽ വിരലമരുന്ന, തൊടുന്ന ചുവരുകൾ. ആ ചുവരുകൾ സുരക്ഷയല്ല മറിച്ച് തടങ്കൽമാത്രമെന്ന് വൈകി അറിയുന്നവർ പിന്നീടെങ്കിലും അവ തകർത്ത് ആകാശം സ്പർശിക്കും.’ വരയല്ല, ജീവിതയാഥാർഥ്യങ്ങളിലേക്ക്‌ പച്ചയായ വരമ്പൊരുക്കുകയാണ്‌ ഡോ. കെ വി ശ്രീകല.

വൈവിധ്യമാർന്ന വിഷയങ്ങളാണ്‌ ശ്രീകലയുടെ ചായക്കൂട്ടിൽ ജീവൻവയ്‌ക്കുന്നത്‌. അത്‌ ചുറ്റിലുമുള്ള കാഴ്‌ചകളാകാം, തൊട്ടുമുമ്പുണ്ടായ സംഭവങ്ങളുമാകാം. പക്ഷേ, നിയതമായ രചനാരീതി വിട്ട്‌ തന്റേതായ വരരീതി പാകപ്പെടുത്തിയതിനാൽ ഓരോ ചിത്രവും കാഴ്‌ചയുടെ മാത്രമല്ല, അർഥഗർഭമായ സംവാദത്തിനുംകൂടി സാക്ഷിയാകുന്നു. പ്രണയവും രതിയും വ്യാകുലതയും മൗനവുമെല്ലാം ഈ ചിത്രങ്ങളിലുണ്ട്‌.

ഉൾക്കാഴ്‌ച, ഭ്രൂണചിന്ത, അർധാത്മാവ്‌, മുളപൊട്ടൽ, ആസക്തി, നിറംചാലിച്ച നിഴലുകൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അക്രലിക്കിലും എണ്ണച്ചായത്തിലും ക്യാൻവാസിലും പേപ്പറിലുമായി ശ്രീകല രചിച്ചിട്ടുണ്ട്‌. കവിജന്യമായ മനസ്സിന്റെ ചിത്രാവിഷ്‌കാരമാണ്‌ ഒട്ടുമിക്ക ചിത്രങ്ങളും. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ ഡോ. കെ വി ശ്രീകല നിലവിൽ മലയടി താലൂക്ക് ആശുപത്രിയിൽ ഡെന്റൽ സർജനാണ്‌. കൊല്ലം വിമലഹൃദയ, എസ് എൻ വിമൻസ് കോളേജ്, കൊല്ലം,  തിരുവനന്തപുരം ഗവ. ഡെന്റൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലംമുതൽ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അച്ഛനാണ്‌ കലകളിലേക്കുള്ള വഴികാട്ടി. കൊല്ലം ജവാഹർ ബാലഭവനിൽനിന്ന്‌ നൃത്തവും ചിത്രകലയും ശാസ്‌ത്രീയമായി പഠിച്ചു. സ്‌കൂൾ, കോളേജ്‌ തലത്തിൽ  ചിത്രരചനയ്ക്ക് നിരവധി സമ്മാനങ്ങൾക്ക് അർഹയായി. നിരവധി ചിത്രപ്രദർശനങ്ങൾ കൊല്ലത്തും തിരുവനന്തപുരത്തും സംഘടിപ്പിച്ചു.   ലളിതകലാ അക്കാദമിയുടെ നിരവധി ക്യാമ്പുകളിൽ പങ്കെടുത്തു.

2019ൽ  ചിത്രകാരൻ കൃഷ്ണ ജനാർദനയും ഒരുമിച്ച് ഗോർഖി ഭവനിൽ ചിത്രപ്രദർശനം നടത്തി. അല എന്ന കൂട്ടായ്‌മ തുടങ്ങി അതിൽ 12 ചിത്രകാരികളുടെ ചിത്രപ്രദർശനം വിജയകരമായി സംഘടിപ്പിച്ചു. ബ്ലോഗ് കാലത്തിന്റെ വരവോടെ ‘മരം പെയ്യുന്നു' എന്ന ബ്ലോഗിൽ കവിത എഴുതിത്തുടങ്ങി, കവിതാ ചർച്ചകളിൽ സജീവമായി.  നിരവധി കവിതാ പുസ്തകങ്ങൾക്ക്‌ കവർ പേജ് ചെയ്ത്‌ നൽകിയിട്ടുണ്ട്. പുസ്തകങ്ങൾക്ക്‌ ഇലസ്‌ട്രേഷനും ചെയ്യുന്നുണ്ട്. അടുത്തിടെ ഒരു ഷോർട്ട് ഫിലിം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്‌തു. ഭർത്താവ് ഡോ. എസ് കെ പത്മകുമാർ തിരുവനന്തപുരം ഡെന്റൽ കോളേജിൽ പ്രൊഫസറാണ്‌. രണ്ടു മക്കൾ. ഡോ. അതുൽ കൃഷ്ണൻ, വിദ്യാർഥിയായ സ്വാതികൃഷ്ണൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top