29 March Friday

' അതിഥി 'കൾക്ക് മലയാളം വിളമ്പി ബിനിത

ഹേമലതUpdated: Sunday Sep 4, 2022

 

‘മീ...ര... ഭാ...യി...’ നാവിനും  കൈയ്‌ക്കും വഴങ്ങാത്ത മലയാളത്തെ വരുതിയിലാക്കി  ഉത്തർപ്രദേശ് സ്വദേശിനി മീരാഭായി  ഉരുട്ടിയുരുട്ടി മലയാളം  എഴുതുമ്പോൾ ബിനിത ടീച്ചറിന് അഭിമാനമാണ്. കാരണം മഴയത്തുപോലും പള്ളിക്കൂടത്തിന്റെ പടി കടന്നിട്ടില്ലാത്ത മീരാഭായി മൂന്നുമാസംമുമ്പ് ക്ലാസിൽ എത്തുമ്പോൾ പേനയും പെൻസിലും പിടിക്കാൻപോലും അറിയില്ലായിരുന്നു.

നിരവധി ആശങ്കകളുമായാണ്‌ അതിഥിത്തൊഴിലാളികളെയും കുടുംബാംഗങ്ങളെയും മലയാളം പഠിപ്പിക്കാൻ കേരള സാക്ഷരതാ മിഷൻ ആരംഭിച്ച ചങ്ങാതി പദ്ധതിയിലെ ഇൻസ്‌ട്രക്ടർ ജോലിക്ക്‌ ബിനിത അപേക്ഷ നൽകുന്നത്‌. എറണാകുളം ജില്ലയിൽ മുപ്പത്തടം ഗ്രാമസേവാ കേന്ദ്രത്തിൽ ബിനിത ടീച്ചർ  മുപ്പതിലധിധികം സഹേലികൾക്കാണ്‌ അക്ഷരവെളിച്ചം പകർന്നുനൽകുന്നത്‌.

പഠിച്ചുതുടങ്ങിയ കാലംമുതലേ ‘ഹാങ്ങറിൽ തൂങ്ങിക്കിടക്കുന്ന അക്ഷരങ്ങളെ’ കൗതുകത്തോടെയാണ്‌ കണ്ടിരുന്നത്‌. മുതിർന്നപ്പോൾ ഷാരൂഖ് ഖാനോടുള്ള ആരാധന മൂത്ത്‌ ദക്ഷിണഭാരത ഹിന്ദിപ്രചാർ സഭയിൽ ഒരുവർഷത്തെ അങ്കംപയറ്റി. എന്നിട്ടും തീരാത്ത അഭിനിവേശത്താൽ ഹിന്ദി കവിതകളും കുത്തിക്കുറിച്ചു. ജൂനിയർ ലാംഗ്വേജ് ഹിന്ദി  ടീച്ചറായും ജോലി ചെയ്‌തു. നേരംപോക്കിനാണ്‌ ചങ്ങാതിയിലേക്ക്‌ അപേക്ഷിച്ചത്‌. എന്നാൽ, ഇന്ന്‌ തുച്ഛമായ വരുമാനത്തിനുമപ്പുറം ആസ്വാദനം നൽകുന്ന ജോലിയായി മാറി.

അധികവും സ്‌ത്രീകളാണ്‌ പഠിക്കാൻ വരുന്നത്‌. പദ്ധതിയുടെ ഭാഗമായി  സർവേയാണ്‌ ആദ്യം നടന്നത്‌. ക്ലാസിൽ 25 പഠിതാക്കൾ വേണമെന്ന സാക്ഷരതാ മിഷന്റെ നിർദേശവും മനസ്സിൽ ചുമന്നാണ്‌ സർവേ പൂർത്തിയാക്കിയത്‌. ആദ്യ ക്ലാസിൽ 15 പേർ എത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരും ‘സഹേലി'കളെ കൂടെക്കൂട്ടി. 26 സ്ത്രീകളെവച്ച് ക്ലാസ്‌ തുടങ്ങിയപ്പോഴാണ് മനസ്സിലായത്  ഭൂരിഭാഗത്തിനും ഹിന്ദി വായിക്കാനോ എഴുതാനോ അറിയില്ല.  ബോജ്പുരി, ബംഗാളി, അസാമി എന്നിവയുടെ പ്രാദേശിക ഭേദങ്ങൾ പറയാൻമാത്രം അറിയുന്നവരായിരുന്നു പലരും.

‘ഹമാരി മലയാളം’ പാഠപുസ്തകം  കിട്ടിയപ്പോൾ  ഓരോരുത്തരും പുസ്തകം തുറന്ന് മലയാളത്തെ പരിഭ്രമത്തോടെ നോക്കി. മെല്ലെ അക്ഷരങ്ങളോട് കൂട്ടുകൂടാൻ അവരെ പഠിപ്പിച്ചു. മൂന്നുമാസമായി അവർ മലയാള അക്ഷരങ്ങളുമായി ചങ്ങാത്തത്തിലാണ്.  26 പേരിൽ മുടങ്ങാതെ ക്ലാസിൽ വരുന്ന 12 പേരാണ്‌. ജോലിക്ക് പോകുന്നതുകൊണ്ട് ക്ലാസിൽ വരാൻ പറ്റാത്തവർക്ക്‌ വാട്‌സാപ്പിലും  ക്ലാസ്‌ എടുക്കുന്നുണ്ട്‌.  ഭർത്താക്കന്മാരും ഇതുകേട്ട്‌ പഠിക്കാറുണ്ട്‌.

മൂന്നുമാസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് പഠിക്കാനെത്തുന്ന ബീവിയും പ്രസവത്തിന്‌ രണ്ടുദിവസം മുമ്പുവരെ ക്ലാസിൽ വന്നിരുന്ന ജീനയും, അഞ്ജുവും ഹാഷ്‌മിയും യാസ്‌മിൻ സുൽത്താനയും സ്വന്തം പേരുകൾ മലയാളത്തിൽ എഴുതാൻ പഠിച്ചു. പേനയോ പെൻസിലോ പിടിക്കാൻ അറിയാതിരുന്ന മീനാദേവി ഉരുട്ടിയുരുട്ടി മലയാളം എഴുതുന്നു.

പല സ്‌ത്രീകളും സ്വന്തം പേരിൽപ്പോലുമല്ല അറിയപ്പെടുന്നത്‌. മക്കളുടെ പേരു ചേർത്ത്‌ ‘സായി കാ മാം, സോനു കാ മാം’ എന്നിങ്ങനെയാണ്‌  പരസ്‌പരം വിളിച്ചിരുന്നത്‌. വ്യക്തിത്വം പോലുമില്ലാത്ത അവരെ  സ്വന്തം പേരുചൊല്ലി വിളിക്കാൻ പഠിപ്പിക്കലാണ്‌ ആദ്യമായി ചെയ്‌തത്‌. ക്ലാസ്‌ അവസാനിക്കാറാകുമ്പോൾ ബിനിത ടീച്ചർ ബഹുത്ത്‌ ഖുശിയാണ്‌... ബിനിതയുടെ ഭർത്താവ്‌ സൈനുദീൻ ലോഡിങ് തൈാഴിലാളിയാണ്‌. ഇൽഹാൻ, ഇൽമിയ എന്നിവരാണ്‌ മക്കൾ.

hemalathajeevan@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top