19 April Friday

ഇരട്ടനാവ് കൊണ്ടു കഥ പറയുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

എഴുത്തുകാരികളും എഴുത്തിടവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ശ്രദ്ധിക്കുമ്പോള്‍ വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. വ്യത്യസ്തതരം അധികാരരൂപങ്ങള്‍ എഴുത്തിടത്തിലേയ്ക്ക് വന്നിറങ്ങിനിന്ന് എഴുത്തിന്റെ ഉന്നങ്ങളെയും നിലപാടുകളെയും സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച സാധാരണമാണ്. ഈ സ്വാധീനതയെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്താണ് എഴുത്തുപ്രക്രിയ സംഭവിക്കുന്നത്. മലയാളത്തിലെ കഥാകാരികളുടെ രചനകളെ പഠിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആവിഷ്കാരപരമായ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും അവലംബിക്കുന്ന മാതൃകകള്‍ കൗതുകമുണര്‍ത്തുന്നതാണ്. കുടുംബം, കുലീനത, ലൈംഗികത, ജാതീയത, മതാനുശാസനകള്‍, വിവിധതരം അധികാര സ്ഥാപനങ്ങള്‍ എന്നിവയോടൊക്കെയുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഓരോ രചനയേയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാക്കുന്നു. മലയാളി വളരെ സ്നേഹിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി. ഏറെ അംഗീകരിക്കപ്പെട്ട ഈ എഴുത്തുകാരി തന്റെ രചനകളില്‍ വളരെ വിചിത്രമായ മാര്‍ഗ്ഗങ്ങളിലൂടെ അധികാരഘടനകളെ സമീപിക്കുന്നത് കാണാന്‍ സാധിക്കും.

1960കളില്‍,  എഴുതപ്പെട്ട 'ചതുരംഗം', 'സ്വതന്ത്രജീവികള്‍', 'തരിശുനിലം' തുടങ്ങിയ കഥകള്‍ ശില്പഭംഗികൊണ്ടും ഭാവത്തിന്റെ ഋജുത്വംകൊണ്ടും ശ്രദ്ധേയമാണ്. ലൈംഗികതയെയും പ്രണയത്തെയും സംബന്ധിച്ച ബോധത്തിന്റെയും പ്രതിബോധത്തിന്റെയും ഉഭയവൃത്തിത്വം കൊണ്ട് ഉറപ്പിക്കപ്പെട്ടതാണ് ഇത്തരം കഥകളുടെ ശില്പം. അത് സ്വതന്ത്രലൈംഗികതയുടെയും നിയമിതലൈംഗികതയുടെയും വിപരീതരേഖകള്‍ കൊണ്ട് മുറുകി നില്‍ക്കുന്നതായിരിക്കും. ഈ മുറുക്കത്തെ വൈകാരികമായ പിടച്ചിലും കാല്പനികതയുടെ വിജയപതാകയുമാക്കി കഥയെ അവര്‍ ഉറപ്പിക്കുന്നു.

സ്ത്രീ‐പുരുഷ പ്രേമത്തിന്റെയും ലൈംഗികബന്ധങ്ങളുടെയും പാറ്റേണ്‍ രൂപമാണ് വിവാഹജീവിതം. വൈവാഹികബന്ധത്തിനുള്ളില്‍ നിന്നുകൊണ്ട് കാമുകസന്നിധിയിലേക്ക് ഓടിക്കയറുകയും തിരികെയിറങ്ങിപ്പോരുകയും ചെയ്യുന്ന കുറേ നായികമാര്‍ മാധവിക്കുട്ടിയുടെ കഥാലോകത്തിലുണ്ട്.  ‘തരിശുനിലം', ‘ചതുരംഗം', ‘സ്വതന്ത്രജീവികള്‍', ‘പരുന്തുകള്‍', ‘പട്ടങ്ങള്‍', ‘സൂര്യന്‍', ‘ജിജ്ഞാസ', ‘ചിത്തഭ്രമം', ‘രാത്രിയില്‍' തുടങ്ങിയ കഥകളിലെല്ലാം ദാമ്പത്യവ്യവസ്ഥയുടെ ഭാഗമായിരിക്കുന്ന, അതായത് ഭാര്യമാരായിരിക്കുന്ന സ്ത്രീകള്‍ മുന്‍കൈ എടുത്ത് നടത്തുന്ന വിവാഹബാഹ്യപ്രണയങ്ങളുടെ ആഖ്യാനമാണുള്ളത്.

ഈ ആഖ്യാനങ്ങളിലെല്ലാം ദാമ്പത്യഘടനയ്ക്കുള്ളില്‍ നില്‍ക്കുന്ന സ്ത്രീകളാണ് തങ്ങളെത്തന്നെ ഇത്തരത്തിലുള്ള ആലോചനകള്‍ക്ക് വിധേയമാക്കുന്നത്. പ്രണയികളുടെ ലോകത്തില്‍ ഇരുശരീരമെന്ന ഭേദമവര്‍ക്കില്ല. ഒരേ രൂപത്തിന്റെ അഭേദങ്ങളായി അവര്‍ പരസ്പരം സന്നിഹിതമായിരിക്കുന്ന സവിശേഷമായ കാഴ്ച ഈ കഥകള്‍ മുന്നോട്ടുവയ്ക്കുന്നു. സ്വതന്ത്രമായ ലൈംഗികജീവിതത്തിന്റെ പര്യായങ്ങളായി ഈ കഥകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ത്തന്നെ അത് വ്യവസ്ഥാരൂപിയായ ദാമ്പത്യത്തിന്റെ അവസാനമായി മാറുന്നതുമില്ല.

വേഷങ്ങളും ശരീരങ്ങളും മാറി മാറി അണിയുന്ന ഒരുതരം ഉന്മാദിനി അവരുടെ രചനകളിലുടനീളമുണ്ട്. താന്‍ ബുര്‍ഖയിട്ട്‌  നിരത്തിലിറങ്ങിനിന്ന് ആളുകളെ രഹസ്യമായി നിരീക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ എഴുതിയിട്ടുണ്ട്. ഭാര്യ, കാമുകി, അമ്മ, മകള്‍, സുഹൃത്ത്, പ്രതിയോഗി, പതിവ്രത, കുലട, അഭിസാരിക, കുട്ടികളുടെ ലോകം, മുതിര്‍ന്നവരുടെ ലോകം ഇങ്ങനെ  ഒരുപാട് വിരുദ്ധലോകങ്ങള്‍ അവരുടെ കൃതികളില്‍ ആവര്‍ത്തിക്കുന്നു. സ്വന്തം സ്വത്വം മൂടിവച്ച് അവര്‍ നടത്തുന്ന വേഷപ്പകര്‍ച്ചകളുടെ വൈവിധ്യം നമ്മെ വിസ്മയിപ്പിക്കുന്നു. മതംമാറ്റത്തില്‍പോലും ആ വേഷപ്പകര്‍ച്ചാഭ്രമത്തിന്റെ തിരയിളക്കം ഉണ്ട്. സ്ത്രീ എഴുതുന്നത് ഇരട്ട സ്വരത്തിലുള്ള വ്യവഹാരമാണെന്ന് എലൈന്‍ ഷൊവാള്‍ട്ടര്‍ അഭിപ്രായപ്പെടുന്നു. ശബ്ദത്തിനുള്ളില്‍ ശബ്ദങ്ങളും രൂപത്തിനുള്ളില്‍ രൂപങ്ങളുമായി എഴുത്തിന്റെ വിസ്മയങ്ങളെ മലയാളിക്കു മുന്‍പില്‍ അവര്‍ അവതരിപ്പിച്ചു. നാഗരീകസ്ത്രീയുടെ ശബ്ദത്തിനൊപ്പം മറ്റൊരു സ്വരത്തില്‍ തന്നെ ചിരുതേയി അമ്മയും ജാനുവമ്മയും സംസാരിച്ചു. 

മാധവിക്കുട്ടിയെ വായിക്കുമ്പോള്‍ സ്ത്രൈണതയുടെ നിലവിലുള്ള നിർവചനങ്ങള്‍ക്ക് ഇണങ്ങുന്നതാണെന്ന് തോന്നും, എന്നാല്‍ മറ്റു ചിലപ്പോള്‍ ഇതാണോ പെണ്ണ് എന്നു സംശയിപ്പിക്കുന്നതാകും. ഇത്തരം സന്ദേഹങ്ങള്‍ക്ക് അടിസ്ഥാനം സ്ത്രീ എന്താണെന്നതിനെക്കുറിച്ച് വ്യവസ്ഥ നിര്‍മ്മിച്ചുവച്ചിരിക്കുന്ന പാഠങ്ങളാണ്. സ്ത്രീയെ സംബന്ധിച്ച വ്യവസ്ഥയുടെ പാഠപരതയെ കുഴപ്പത്തിലാക്കിയ എഴുത്തുകാരിയാണ് അവര്‍. താന്‍ ഫെമിനിസ്റ്റല്ലാ എന്ന് പ്രഖ്യാപിക്കുന്ന ആള്‍ തന്നെ, തന്നെ തുടലിടുന്ന ഏതുതരം അധികാരക്രമങ്ങളെയും തന്റേതായ വഴിയിലൂടെ അപനിര്‍മ്മിച്ചിട്ടുണ്ട്. മെരുങ്ങാത്ത ഒരു സ്ത്രീത്വത്തെ അവരുടെ രചനകള്‍ അവതരിപ്പിക്കുന്നു. ഈ മെരുങ്ങായ്ക ഭക്തിയായും വിഭക്തിയായും വിരക്തിയായും പകര്‍ന്നാടിയ രാധയായി പ്രത്യക്ഷപ്പെടുന്നു. നാഗരിക പ്രേമമായി പട്ടില്‍ പൊതിയുന്നു. കുട്ടിയായും ഭ്രാന്തിയായും ഗ്രാമവധുവായും കവയിത്രിയായും കൂത്തുപാവയായും അവതരിക്കുന്നു.

വസ്തു / വിഷയം, സ്വത്വം / സ്വത്വരാഹിത്യം എന്നീ ദ്വന്ദ്വങ്ങളുടെ യുക്തിപരമായ ഭദ്രതയെ പൊളിച്ചടുക്കുന്ന ആസക്തികളുടെ ലോകം അവര്‍ എഴുത്തിടത്തില്‍ നിര്‍മ്മിച്ചു. അയുക്തിയുടെ ആ സങ്കരലോകം വായനക്കാരെ ഭദ്രമല്ലാത്ത പ്രണയപാഠങ്ങളെ രൂപപ്പെടുത്തുന്നതിലേയ്ക്ക് വായനക്കാരെ ആനയിച്ചു. ഒരുവശത്ത് ലൈംഗികമായി ഭദ്രമോ സുരക്ഷിതമോ അല്ലാത്ത അനുഭവങ്ങളെ ആവിഷ്കരിക്കുന്നതിനൊപ്പം അസ്ഥിരവും പരതന്ത്രവുമായ അനുഭവങ്ങളിലേയ്ക്ക് നടന്നുചെല്ലാനുമുള്ള ത്വര അവരുടെ കഥകളിലെ കഥാപാത്രങ്ങളിലും ‘എന്റെ കഥ'യിലെ കഥാപാത്രങ്ങളിലും വിശേഷിച്ച് നായികാകഥാപാത്രത്തിലുമുണ്ട്.

മാധവിക്കുട്ടിയുടെ ആഖ്യാനങ്ങളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പടുന്ന പുന്നയുര്‍ക്കളവും നാലപ്പാട്ട് തറവാടും ഗര്‍ഭപാത്രത്തിന്റെ സാമ്രാജ്യമാണ് അനാവരണം ചെയ്യുന്നത്. അതിന്റെ ജൈവികതയും സ്ഥലരാശിയും വ്യക്തിത്വങ്ങളും ആയിട്ടുള്ള മനുഷ്യപ്രകൃതവും ഭൗമപ്രകൃതവും എഴുത്തിന്റെ സിരാപടലമാകുന്നു. അമ്മയും നാലപ്പാട്ടു തറവാടും വൈകാരികാനുഭവം മാത്രമല്ല, അമ്മ‐കുഞ്ഞ് ബന്ധത്തിന്റെ ഉടല്‍ഭാഷ്യം കൂടിയാണ്. അത് നാഗരികയായ കമലയുടെ (ആമിയെന്ന കല്‍ക്കത്തക്കാരി പെണ്‍കുട്ടിയുടെയും കമലാദാസ് എന്ന ഭാര്യയുടെയും) ഭൗമികമായ ഗര്‍ഭപാത്രമാണ്. ഈ ഗര്‍ഭപാത്രത്തിലേയ്ക്ക് വരാനും തിരികെ ആണ്‍കോയ്മയുടെ മൂര്‍ത്താനുഭവങ്ങള്‍ കൊണ്ട് നിബിഡമായ നാഗരികാനുഭവങ്ങളേയ്ക്ക് നടക്കുവാനും ശ്രമിക്കുന്ന ഒരു സ്ത്രീസ്വത്വം അവരുടെ രചനകളില്‍ ഉണ്ട്.

മതപരമായ സ്വത്വനിലയിലും പ്രഛന്നതയുടെ മാര്‍ഗ്ഗം അവലംബിക്കുന്നു. ഏതെങ്കിലുമൊരു മതത്തിന്റെ കള്ളിയില്‍ ഒതുങ്ങിനില്‍ക്കാത്ത വ്യക്തിത്വമാണവരുടെ പ്രത്യേകത. ഹിന്ദു, മുസ്ലീം, മതജീവിതത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ അവര്‍ പ്രവേശിക്കുന്നുണ്ടെങ്കിലും അതിന്റെ വ്യവസ്ഥാപിത വഴികളെ മറികടക്കാന്‍ പ്രേമികളുടെ ഭാവം സ്വീകരിക്കുന്നു. മറ്റു ചിലപ്പോള്‍ ഔപചാരികമായ മതജീവിതത്തേക്കാള്‍ സ്വത്വപരമായ ആഹ്ലാദം ലഭിക്കുന്നത് മക്കളുമൊത്തുള്ള നിമിഷങ്ങളാണെന്ന് പ്രഖ്യാപിക്കുന്നു. കമല, ആമി, മാധവിക്കുട്ടി, കമലാദാസ്, കമല സുരയ്യ എന്നിങ്ങനെ ഒരാളുടെ സ്വത്വം തന്നെ വ്യത്യസ്ത നാമരൂപങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്നു. അതായത്  പ്രഛന്നനിലകള്‍ കൊണ്ട് മാധവിക്കുട്ടിയുടെ എഴുത്തുജീവിതം നിബിഡമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top