23 September Saturday

സംസാരമാണ് ഈ നൂറ്റാണ്ടിന്റെ കല

എസ് ശാരദക്കുട്ടിUpdated: Saturday Nov 2, 2019

സംസാരത്തിലൂടെ മറ്റൊരാളുടെ ആത്മാവ് തൊടുക എന്നത് അത്ര എളുപ്പമല്ല. പ്രഗത്ഭനായ ഒരു മരംകയറ്റക്കാരന്‍ ഒരു തുടക്കക്കാരനെ മരംകയറാന്‍ പഠിപ്പിക്കുകയാണ്. അയാള്‍ മരം വെട്ടിക്കഴിഞ്ഞിറങ്ങുമ്പോള്‍ പഠിപ്പിക്കുന്നയാള്‍ പറഞ്ഞു,

'സൂക്ഷിച്ച്, പതിയെ വേണം ഇറങ്ങാനെ'ന്ന്.

പഠിതാവ് ചോദിച്ചു,

‘കയറുമ്പോഴും മരത്തിനു മുകളില്‍ ഇരിക്കുമ്പോഴുമല്ലേ ശ്രദ്ധിക്കേണ്ടത്? ഇറങ്ങുമ്പോഴാണോ'?

ഗുരു പറഞ്ഞു,‘

കയറുമ്പോഴും വൃക്ഷശിഖരങ്ങള്‍ക്കിടയില്‍ ഇരിക്കുമ്പോഴും നിങ്ങളോട് ഞാന്‍ ഒന്നും പറയേണ്ടതില്ല, നിങ്ങളുടെ ഭയം നിങ്ങളെ നിയന്ത്രിച്ചുകൊള്ളും, സംരക്ഷിച്ചുകൊള്ളും.

അനായാസം ചെയ്യാവുന്ന കാര്യങ്ങളിലാണ് എപ്പോഴും അപകടം സംഭവിക്കാവുന്നത'്. നെടുങ്കന്‍ പ്രഭാഷണങ്ങളുമല്ല, സംസാരങ്ങളും സംവാദങ്ങളുമാണ് ഇനിയുള്ള കാലത്ത് ആവശ്യം. കേള്‍ക്കാനാളുണ്ടാകുമ്പോള്‍ സംസാരിക്കുന്ന ഞാന്‍ ഏകാധിപതിയെപ്പോലെയാകാറുണ്ട് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു. മൈക്കിനു മുന്നില്‍ ഉയര്‍ന്ന പീഠത്തിനു മുകളില്‍ നില്‍ക്കുന്നു എന്ന മട്ടിലാകുന്നുണ്ടോ എന്റെ സംഭാഷണം? എങ്കില്‍ ആ സംസാരശൈലിയെ നിയന്ത്രിക്കാന്‍ കഠിനമായ പരിശീലനമാവശ്യമാണ്. കേൾവിക്കാരുടെ ചെവിയില്‍ വെക്കാന്‍ ഒരു തുണ്ട് പഞ്ഞി പോലും കൊടുക്കാതെ എന്തും പറഞ്ഞു കൂടാ. മികച്ച സംഭാഷകനാവുകയല്ല, മികച്ച കേൾവിക്കാരാവുക എന്നതാണ് ഉള്ളിലെ ഫാസിസ്റ്റിനെ ഉച്ചാടനം ചെയ്യാനുള്ള ഏകവഴി. ക്ഷമയുള്ള കേൾവിക്കാരാവുക. എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കണ്ട. തിരുക്കുറളിലെ ഒരു ചൊല്ല് എന്റെ പ്രിയകൂട്ടുകാരി നിരന്തരം ഉരുവിടുന്നത് കേട്ടിട്ടുണ്ട്.

'നന്മയെ പ്പേസ്,
ഉണ്മയെപ്പേസ്.
മെദുവാകെപ്പേസ്,
നിജമാകെപ്പേസ്,
പേസാമലിരുന്തും പഴക്'

മികച്ച പ്രഭാഷണത്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന സാദ്ധ്യതകള്‍ അവിശ്വസനീയമാംവണ്ണം വിപുലമാണ് എന്നത് മറന്നു കൊണ്ടല്ല ഇതു പറയുന്നത്.  പത്തു പുസ്തകങ്ങള്‍ വായിക്കുന്നതിനു തുല്യമാണ് നല്ല ഒരു പുസ്തകം വായിച്ചിട്ടുള്ള, ചിന്താശക്തിയുള്ള  പ്രഭാഷകരുടെ പ്രസംഗം കേള്‍ക്കുന്നത്. അത് വിശാലമായ ചരിത്രകാലഘട്ടങ്ങളെക്കുറിച്ചുള്ള ധ്യാനമാണ്  . അസത്യത്തില്‍ നിന്ന് സത്യത്തെ വേര്‍തിരിക്കന്നതിന് അത് കേൾവിക്കാരെ സജ്ജരാക്കും. അനിശ്ചിതത്വങ്ങളില്‍ നിന്ന് തീര്‍ച്ചകളിലേക്ക് അവരെ മോചിപ്പിക്കും. നിതാന്ത ജാഗ്രതയുള്ള സന്ദേഹികളാക്കി അവരെ ഉന്നതമായ പരിവര്‍ത്തനത്തിലേക്കു ഉണര്‍ത്തുകയും തള്ളിക്കളയേണ്ടവയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും അതിലൂടെ ആഹ്ലാദകാരിയായ സ്വാതന്ത്ര്യത്തിലേക്ക് വികസിപ്പിക്കുകയും ചെയ്യും. എന്നാല്‍ പ്രഭാഷകരും കേൾവിക്കാരും ഒരുമിച്ചു ചേര്‍ന്നാലുണ്ടാകുന്ന ഹാര്‍മണിയെ കുറിച്ച് ചിന്തിക്കുമ്പോഴാണ്  പ്രഭാഷണമെന്ന കല നവീകരിക്കപ്പെടേണ്ട കാലമായെന്നു തോന്നുന്നത്. സംഭാഷണമാണ്. പ്രഭാഷണമല്ല ആധുനികകാലത്ത് നടക്കേണ്ടത്. പ്ലേറ്റോ തന്റെ ചിന്തകളെല്ലാം ഡയലോഗ് രൂപത്തിലാണ് രേഖപ്പെടുത്തി വെച്ചത്. ജ്ഞാനാര്‍ജ്ജനത്തിന് ഡയലോഗുകളാണ് മികച്ച രീതിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

എല്ലാവരും തുല്യ അളവില്‍ വിജ്ഞാനമാര്‍ജ്ജിക്കാന്‍ സജ്ജരായിക്കഴിഞ്ഞ സോഷ്യല്‍ മീഡിയക്കാലത്ത്, സംവാദാത്മകതയും സംവേദനശേഷിയും ഏറിയിരിക്കുന്ന മികച്ച വായനക്കാരുടെ മുന്നില്‍ അല്‍പം കൂടി വിനയമുള്ളവരായി സ്ഥിരം പ്രഭാഷകര്‍ മാറേണ്ടതുണ്ടെന്നു തോന്നുന്നു.. ഗെയ്ഥേ പറഞ്ഞിട്ടുണ്ട്, നിസ്സാരകാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരെ എന്നതുപോലെ തന്നെ ശൂന്യമായ ഭാഷണങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്നവരെയും ഒരേ അളവില്‍ ബുദ്ധിവൈകല്യമുള്ളവരായി കരുതണമെന്ന്. ബൗദ്ധസാഹിത്യത്തിലും മറ്റു പല മഹത്ഗ്രന്ഥങ്ങളിലും കാണന്നതു പോലെ വാചകങ്ങള്‍ക്കിടയില്‍ ശൂന്യത അവശേഷിപ്പിച്ചു കൊണ്ട്, അപൂർണമായി നിലനിര്‍ത്തുന്ന കലയാകണം സംസാരമെന്നത്.  വലിയ കൊട്ടാരസൗധങ്ങളില്‍ ചില ഭാഗങ്ങള്‍ പണി പൂര്‍ത്തിയാക്കാതെ സൂക്ഷിക്കുകയും സന്ദര്‍ശകരില്‍ സന്ദേഹങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നതുപോലെ, നല്ല ആത്മവിശ്വാസത്തോടെ സംസാരിക്കുന്നവര്‍ ഗഹനമായ ഒരു ഗുപ്തത വാക്കുകള്‍ക്കിടയില്‍ കരുതുന്നത് ഞാന്‍ ആദരവോടെ നോക്കിനില്‍ക്കാറുണ്ട്. എല്ലാം തോന്നിയതുപോലെ വിളിച്ചുപറയുന്ന എന്റെ ശിരസ്സ് അവരുടെ മുന്നില്‍ വിനയത്തോടെ കുനിഞ്ഞു പോകാറുണ്ട്.  . അവരുടെ സംഭാഷണത്തിന് അമാനുഷികമായ ഒരു പരിവേഷമുണ്ടാകും. അങ്ങനെയുള്ളവര്‍ക്കു മാത്രമേ സമയത്തോട് അച്ചടക്കം പാലിക്കാനാകൂ. തനിക്കു കയറാനുള്ള വൃക്ഷം ഏതെന്നു പരിശോധിക്കുക, അതില്‍ കയറാനുള്ള തന്റെ കഴിവിനെ കുറിച്ച് വിചിന്തനം ചെയ്യുക, വൃക്ഷത്തെ ധ്യാനപൂർവം തൊട്ടു നില്‍ക്കുക, അതിന്റെ ഔന്നത്യത്തെ കുറിച്ചുള്ള ആദരവ് ഉള്ളിലുണ്ടാവുക, ഇറങ്ങേണ്ട സമയത്ത് ഏറ്റവും ശ്രദ്ധയോടെ ഇറങ്ങുക. ഭ്രമാത്മകതയുടെ ഉയരങ്ങളില്‍ നിന്ന് പതുക്കെപ്പതുക്കെ യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങി വരുക. എല്ലാവര്‍ക്കും ഇത് സാദ്ധ്യമല്ല. പക്ഷേ സംസാരത്തെ കലയാക്കുന്നവരങ്ങനെയാണ്.

കേൾവിക്കാരെ ഇരിപ്പിടത്തില്‍  ആഴ്‌ത്തുന്ന ആളാണ് യഥാര്‍ഥ വാഗ്മി

എല്ലാക്കാലത്തും സംസാരമാണ് ആശയപ്രസരണത്തിനുള്ള ഏറ്റവും ശക്തമായ ഉപാധി. ഒരു വലിയ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ആത്മീയനേതാക്കളും ദാര്‍ശനികരും രാഷ്ട്രീയനേതാക്കളും സ്വീകരിച്ചിരുന്ന മാർഗവും അതു തന്നെയാണ്.  തലമുറകളെ സ്വാധീനിച്ച യേശുവിന്റെ ഗിരിപ്രഭാഷണം തന്നെ ഏറ്റവും നല്ല ഉദാഹരണം. വര്‍ത്തമാനകാലത്ത് സമയത്തോളം മനുഷ്യന്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല  .കുറഞ്ഞ വാക്കുകളില്‍ മറ്റുള്ളവരുടെ സമയം മെനക്കെടുത്താതെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സാമര്‍ഥ്യമാണ് സംഭാഷണകല. അതിന് നല്ല സിദ്ധിയും സാധനയും ആവശ്യമാണ്‌. സംസാരിക്കുന്ന ആളിന് സചേതനമായ, സൂക്ഷ്മബോധമുള്ള ഒരു മനസ്സുണ്ടെങ്കില്‍ കേൾവിക്കാര്‍ സ്വന്തം ഇരിപ്പിടത്തെത്തന്നെ സ്നേഹിച്ചു തുടങ്ങും. എം എന്‍ വിജയന്റെ പ്രസംഗങ്ങളെ സംഗീതം പോലെ ശ്രവിച്ചിരുന്ന കേൾവിക്കാര്‍ അത് ഓര്‍മ്മിക്കുന്നുണ്ടാകും . എത്ര ജാഗരൂകമായി, അവധാനതയോടെ  , ഔചിത്യത്തോടെയും ശാന്തത കൈ വിടാതെയുമാണ് പ്രതിയോഗികളെ ഇരുതലമൂര്‍ച്ചയുള്ള ഭാഷ കൊണ്ടു നേരിടുന്നത്, വാക്കിനു മേല്‍ വാക്കു പടുത്തുണ്ടാക്കുന്ന ആ സംഭാഷണ ശൈലി, ഇളകുകയും ശാന്തമാവുകയും പ്രതീക്ഷിക്കാതെയിരിക്കുമ്പോള്‍ തിരയടിച്ചുയരുകയും അതിലും അപ്രതീക്ഷിതമായി എപ്പോഴോ തീര്‍ന്നു പോവുകയും ചെയ്യുന്നതായിരുന്നു. എല്ലാ തിരക്കും മാറ്റി വച്ച് ആള്‍ക്കൂട്ടങ്ങള്‍ ആ ശബ്ദത്തിനും ഭാഷക്കും മൗനത്തിനും മുന്നില്‍ കാതു കൂര്‍പ്പിച്ചിരുന്നു. കേൾവിക്കാരെ ഇരിപ്പിടത്തില്‍  ആഴ്‌ത്തുന്ന ആളാണ് യഥാര്‍ഥ വാഗ്മി.   .

വേഗത്തില്‍ സംസാരിക്കുന്നവര്‍ പെട്ടെന്നു വീഴുകയോ വഴുതിപ്പോവുകയോ ചെയ്യും. അവരെ ശത്രുക്കള്‍ക്കു പിടി കൂടാന്‍ എളുപ്പമാണ്. അതുകൊണ്ട് ഓരോ വാക്കും സൂക്ഷ്മതയോടെ, നിങ്ങളുടെ വില്‍പ്പത്രം തയ്യാറാക്കുമ്പോഴെന്നതു പോലെ വേണം ഉപയോഗിക്കാനെന്ന് പറഞ്ഞത് പ്രശസ്ത സ്പാനിഷ് ചിന്തകനായ ബല്‍ത്താസര്‍ ഗ്രാസിയനാണ്. അമിതവേഗത്തില്‍ സംസാരിക്കുന്ന എന്നെ ഈ ചിന്ത വല്ലാതെ ഭയപ്പെടുത്താറുണ്ട്. പലപ്പോഴും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചാല്‍ ദിവസമടുക്കുന്തോറും വലിയ മാനസികസംഘര്‍ഷമാണ്. പങ്കെടുക്കണമോ വേണ്ടയോ എന്ന് പലവട്ടം ആലോചിക്കും. സമ്മതിച്ചുപോയ ചടങ്ങുകള്‍ ഒഴിവാക്കിയാലെന്തെന്ന് അവസാനനിമിഷം വരെ ചിന്തിക്കും. ചെല്ലാമെന്ന് ഏറ്റു പോയ നിമിഷത്തെ ശപിക്കുക വരെ ചെയ്യാറുണ്ട്. എങ്കിലും മരംവെട്ടുകാരന്റെ കഥ മനസ്സിലുരുക്കഴിച്ച് ജാഗ്രതയോടെ, ഭയപ്പാടോടെ, ഓരോ പ്രസംഗത്തിനും വേണ്ടിയുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കാറുണ്ട്. ഒരു മികച്ച സംസാരിയാകാനുള്ള കഠിനപ്രയത്നത്തിലാണ് ഞാനിപ്പോഴും.

ഓരോ ചടങ്ങിനും ഓരോ സ്വഭാവമുണ്ട്. ഓരോ സ്ഥലത്തിനും അതാവശ്യപ്പെടുന്ന ചില ഔചിത്യങ്ങളുണ്ട്. ‘സമയഭേദം നോക്കിക്കൊണ്ട് സഭയിലൊന്നു ചൊല്ലാ'മെന്ന് നളചരിതത്തിലെ ബ്രാഹ്മണന്‍ പറയുന്നതു തന്നെയാണ് ഔചിത്യത്തിന്റെ നിർവചനം. അനൗചിത്യമല്ലാതെ മറ്റൊന്നുമല്ല രസഭംഗത്തിനു കാരണവും.

ഔചിത്യമില്ലായ്മയോളം വലിയ അശ്ലീലവുമില്ല. ഓരോ പൗരന്റേയും സമയത്തിന് ഭരണാധികാരികളുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും സമയത്തോളം തന്നെ പ്രാധാന്യമുണ്ട്. ഓരോരുത്തരും സ്വന്തം നിയോഗത്തോട് നീതി പുലര്‍ത്തുകയും സത്യത്തെ പിന്‍തുടരുകയും സമയത്തോട് അച്ചടക്കം പാലിക്കുകയും ചെയ്യുക എന്നതാണ് ഈ വേഗമേറിയ ജീവിതത്തെ സർഗാത്മകമാക്കാനുള്ള ഏക പോംവഴി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top