10 June Saturday

ആ ദിനങ്ങള്‍ക്കു പിന്നിലെ കച്ചവട കണ്ണുകള്‍

ആര്‍ ഹേമലത Updated: Wednesday Aug 2, 2017

സ്ത്രീകളുടെ ചുവന്ന ദിനങ്ങളെ ചൊല്ലി വിശ്വാസികളും അവിശ്വാസികളും കൊമ്പുകോര്‍ക്കുമ്പോള്‍ ആരും കാണാതെ പോകുന്ന ഒരുപാടു വിഷയങ്ങള്‍ ആ ബഹളത്തിനു പിന്നില്‍ മുങ്ങിപോകുകയാണ്. സ്ത്രീകളുടെ ആരോഗ്യം മാത്രമല്ല ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് വരെ ഭീഷണിയാകുന്ന സാനിറ്ററി നാപ്കിനുകള്‍ എന്ന വലിയ വിപണി മാര്‍ക്കറ്റില്‍ കണ്ണ് വെയ്ക്കുന്ന കഴുകന്‍മാര്‍ വരെ ഈ ദിനങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ട്. നാപ്കിനുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിന് പിന്നിലും വരാന്‍ പോകുന്ന വിപണിയാവും കേന്ദ്രസര്‍ക്കാര്‍ നോട്ടമിടുന്നത്.

എത്ര സ്തീകള്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നു എന്നതിന് ശാസ്ത്രീയ കണക്കുകള്‍ ലഭ്യമാകുന്ന അധിക പഠനങ്ങള്‍ ഒന്നും ഇന്ത്യയില്‍ നടന്നിട്ടില്ലെങ്കിലും ഓരോ വര്‍ഷവും നാപ്കിനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. 2011ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം മാസമുറയുള്ള സ്ത്രീകളുടെ എണ്ണം ഏതാണ്ട് 35.5 കോടിയോളം വരും. ഇതില്‍ 12ശതമാനം മാത്രമാണ് നാപ്കിനുകള്‍ ഉപയോഗിക്കാന്‍ വരുമാനം ഉള്ളവര്‍ എന്നാണ് അന്നത്തെ കണക്ക്. അതു തന്നെ നഗരം, ഗ്രാമം എന്നിങ്ങനെ വേര്‍തിരിച്ച കണക്കും ദേശീയ ആരോഗ്യ കുടുംബ മിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഗ്രാമങ്ങളിലെ 48.5ശതമാനം നാപ്കിന്‍ ഉപയോഗിക്കുമ്പോള്‍ നഗരത്തില്‍ അതിന്റെ ഉപയോഗം 77.5 ശതമാനമാണ്.  ബാക്കിയുള്ളവര്‍ ഉപയോഗിക്കുന്നത് തുണികളും കടലാസുകളുമാണെന്നും സര്‍വ്വെകള്‍ പറയുന്നു. ഇവരാണ് നാപ്കിന്‍ നിര്‍മാതാക്കളുടെ ലക്ഷ്യം.  തുണി ഉപയോഗിക്കുന്നവര്‍ അത് കഴുകി വൃത്തിയാക്കി വെയിലത്ത് ഉണക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമെങ്കിലും അത് എത്ര മാത്രം ഫലപ്രദമായി നടപ്പാക്കപ്പെടുന്നുണ്ടെന്നുള്ളത് സംശയകരമായ വസ്തുതയായതിനാല്‍ ബോധവല്‍ക്കരണ തന്ത്രം എന്നത് ഒരു പരിധി വരെ വിലപ്പോകുകയും ചെയ്യും.  

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയാന്‍ സാധ്യതയുള്ള ഈ നാപ്കിനുകളില്‍ കണ്ണുവെച്ച് വിദേശ നാപ്കിന്‍ നിര്‍മാതാക്കള്‍ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യയില്‍ 70ശതമാനം സ്ത്രീകളും ഇപ്പോള്‍ ഉപയോഗിക്കുന്നത് തുണിയോ ഇലകളോ മണ്ണോ ഒക്കെയാണ്്. ഇവരെ കൂടി ബോധവല്‍ക്കരിച്ച് നാപ്കിനുകളിലേക്ക് മാറ്റാനാണ് ഈ ഭീമന്‍മാരുടെ ലക്ഷ്യം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, വിസ്പര്‍ തുടങ്ങിയവയാണ് ഈ മേഖലയിലെ ഭീമന്മാര്‍. ഇന്ത്യന്‍ വിപണിയുടെ 95ശതമാനവും കൈയടക്കിയിരിക്കുന്നത് ഇവരാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കാത്തത് ഇവര്‍ക്ക് പിന്തുണയാകുന്നു. സ്ത്രീ സംബന്ധമായ ഉപയോഗത്തിനായി ഇപ്പോള്‍ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ വിറ്റഴിയുന്നത് വര്‍ഷം തോറും 340 മില്യന്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്്. ഇതില്‍ ഏറിയ പങ്കും സ്ത്രീകള്‍ ആര്‍ത്തവ ആവശ്യത്തിനായി ഉപയോഗിക്കുന്ന നാപ്കിനുകളും. ഇത് 2020ല്‍ 522 മില്യന്‍ ഡോളറാകും എന്നാണ് ഇവര്‍ നടത്തിയ പഠനങ്ങളിലെ സൂചന. പാവപ്പെട്ടവരായ ഇന്ത്യയിലെ സ്ത്രീ ജനങ്ങളെ ആകര്‍ഷകമായ പരസ്യത്തിലൂടെയും വൃത്തിയും ആരോഗ്യവും പറഞ്ഞ് ബോധവല്‍ക്കരണത്തിലൂടെയും വശത്താക്കാനാണ് ഇവരുടെ ലക്ഷ്യം. അതിനായി ചില എന്‍ജിഒകളുടെ പിന്‍തുണയും ഇവര്‍ നേടി കഴിഞ്ഞു.

തിരക്കേറിയ ജീവിതത്തില്‍ തുണി കഴുകി ഉണക്കാന്‍ സമയമില്ലാത്തവരുടെ ഏക ആശ്രയം നാപ്കിനുകളാണ്്. നാപ്കിനുകള്‍ ഉപയോഗിക്കുന്നവര്‍ അതെങ്ങനെ നശിപ്പിക്കുന്നു എന്നത് ആധുനിക കാലഘട്ടത്തിലെ വലിയ ചോദ്യചിഹ്നമാണ്്. ഉപയോഗിച്ച ശേഷം ടോയ്ലറ്റിലെ ക്ളോസെറ്റില്‍ ഉപേക്ഷിക്കുകയാണ് ബഹുഭൂരിപക്ഷത്തിന്റെയും പതിവ്. മുകളില്‍ പ്ളാസ്റ്റിക് പാളിയുള്ള ഇത് കുഴലില്‍ ഉടക്കി ക്ളോസെറ്റ് തന്നെ ബ്ളോക്കാകാനും അത് ടാങ്കില്‍ അടിഞ്ഞുകൂടി ദ്രവിക്കാതെ ടാങ്ക് പൊട്ടാനും കാരണമാകാറുണ്ട്. ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഈ ബുദ്ധിമുട്ടുകള്‍ സ്ഥിരമായി ഉണ്ടാകാറുണ്ടെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ നാപ്കിനുകള്‍ ഉപയോഗിക്കാന്‍ നഗരവാസികള്‍ നിര്‍ബന്ധിതരാകുന്നു. പ്രകൃതി സൌഹൃദ നാപ്കിനുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതിനാല്‍ അവയ്ക്ക് വിപണി പിടിച്ചടക്കാന്‍ കഴിയില്ലെന്ന് ഈ വിദേശ വമ്പന്മാര്‍ക്ക് അറിയാം. 

വലിച്ചെറിയപ്പെടുന്ന നാപ്കിനുകള്‍ ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവ നശിപ്പിക്കാന്‍ ശാസ്ത്രീയ മാര്‍ഗ്ഗമൊന്നും നമ്മുടെ നാട്ടില്‍ സുലഭമായിട്ടില്ല. മാലിന്യസംസ്കരണം ശാസ്ത്രീയമല്ലാത്തതിനാല്‍ അജൈവ മാലിന്യത്തിനൊപ്പമാണ് ഈ നാപ്കിനുകള്‍ ഇപ്പോള്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും സ്വരൂപിക്കപ്പെടുന്നത്.

നാപ്കിനുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതു മൂലം സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ക്യാന്‍സര്‍ അടക്കമള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകള്‍ ഇല്ലാത്ത നമ്മുടെ നഗരങ്ങളില്‍ മണിക്കൂറുകളോളം നനഞ്ഞ നാപ്കിനുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

നാപ്കിന്‍ നിര്‍മാതാക്കള്‍ കുട്ടികളുടെ നാപ്കിന്റെ വിപണിയെ കുറിച്ചും നല്ല ബോധവാന്മാരാണ്. ദിനം പ്രതി കൂടി വരുന്ന ജനനനിരക്ക് ലക്ഷ്യം വെച്ചും ഇവര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 2014ല്‍ രണ്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം ഇന്ത്യയില്‍ 43.16 മില്യന്‍ ആയിരുന്നു. എന്നാല്‍ 2020 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും എന്നും ഇവര്‍ കണക്കാക്കുന്നു. 2020 ആകുമ്പോഴേക്കും 47 ബില്യന്‍ ഡയപ്പറുകള്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിക്കാമെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ താരതമ്യേന കുറവ് ഉപയോഗമാണ് മുതിര്‍ന്നവര്‍ക്കുള്ള ഡയപ്പറുകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്്. ഇവ വിറ്റഴിക്കുന്നത് ഏറെയും ആശുപത്രികളിലൂടെയാണ്.

നാപ്കിനുകള്‍ ഏതു തരത്തിലുള്ളവയായാലും അവ വലിച്ചെറിയുന്നത് പ്രകൃതിയെ വേദനിപ്പിക്കുന്ന നിലപാടാണ്. നശിപ്പിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ സാര്‍വ്വത്രികമാകാതെയുള്ള ഇവയുടെ ഉപയോഗം ദൂരവ്യാപക ഫലങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കും. നാപ്കിനുകളുടെ ഗുണനിലവാരമോ അവ നശിപ്പിക്കാനുള്ള സാങ്കേതിക സൌകര്യങ്ങളോ ഉറപ്പുവരുത്താതെ ജിഎസ്ടി ഇനത്തില്‍ 12ശതമാനം ടാക്സ് കൂട്ടുന്നതിനു പിന്നില്‍ രാഷ്ട്ര സ്നേഹമോ സ്ത്രീപക്ഷ പരതയോ ആവാന്‍ തരമില്ല. അന്താരാഷ്ട്ര ഭീമന്മാരുടെ മടിശീലയില്‍ നോട്ടമിടുന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നത് ആരും കാണാതെ പോകുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top