20 April Saturday
സ്ത്രീ കൂട്ടായ്മ സര്‍ക്കാരിന് നിവേദനം നല്‍കി

വനിതാവകുപ്പും സ്ത്രീസംരക്ഷണ നിയമവും വേണം, സ്ത്രീകള്‍ക്കായി 1000 ശുചിമുറികള്‍ സ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2016

തിരുവനന്തപുരം> സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വിവിധ മേഖലകളിലെ സ്ത്രീകള്‍ ചേര്‍ന്ന് തയ്യാറാക്കിയ നിവേദനം സംസഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. സാമൂഹ്യഷേമ– ആരോഗ്യമന്ത്രി കെ കെ ശൈലജയെ സന്ദര്‍ശിച്ചാണ് നിവേദനം സമര്‍പ്പിച്ചത്. ഒപ്പം ബജറ്റില്‍ പരിഗണിക്കേണ്ട സ്ത്രീപക്ഷ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനും നല്‍കി.

വനിതാവകുപ്പ് രൂപീകരിക്കുക, തുണിക്കടകളും അണ്‍ എയ്ഡ്ഡ് സ്കൂളുകളും പോലെ സ്ത്രീകള്‍ കൂടുതലായി തൊഴിലെടുക്കുന്ന മേഖലകളില്‍ മിനിമം വേതനം വര്‍ധിപ്പിക്കുക, പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള നിയമം പാസാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നിവേദനത്തിലുണ്ട്. കേരളത്തിലൊട്ടാകെ സ്ത്രീകള്‍ക്ക് ശുചിമുറികള്‍ (1000 എണ്ണം) ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.

1. വനിതാ ശാക്തീകരണ ബാലവികസന വകുപ്പ് രൂപീകരിക്കുക
2. വനിതാ കമ്മിഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ജന്റര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതികള്‍, കുടുംബശ്രീ, ബാലാവകാശ കമ്മിഷന്‍ തുടങ്ങി സ്ത്രീ, ശിശു വികസന പദ്ധതികള്‍ ഈ വകുപ്പിന് കീഴില്‍ കൊണ്ടുവരുക.
3. ധനകാര്യം, ആസൂത്രണം, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരെയും രണ്ട് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഒരു സീനിയര്‍ വനിതാ ഉദ്യോഗസ്ഥയുടെ കീഴില്‍ ജന്റര്‍ അഡ്വസറി ബോര്‍ഡ് രൂപീകരിക്കുക
4. മേല്‍നോട്ടം, ഏകോപനം, ഓഡിറ്റിങ്, നയരൂപീകരണം, ജന്റര്‍ ഓഡിറ്റിങ് എന്നിവ ഈ ബോര്‍ഡിന്റെ ചുമതലയാകണം.
5. വനിതാ കമ്മിഷന്റെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശാസ്ത്രീയമായി റിവ്യൂ നടത്തുക. അവയുടെ ലക്ഷ്യങ്ങള്‍ എത്രമാത്രം ഫലപ്രാപ്തിയിലെത്തിയെന്ന് വിലയിരുത്തുക
6. വനിതാ വികസന കോര്‍പ്പറേഷന്‍ പിന്നാക്ക വിഭാഗ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിലും തൊഴില്‍ ലഭ്യമാക്കുന്നതിനും ഊന്നല്‍ നല്‍കണം. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ആധുനിക തൊഴിലുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് പരിശീലനം നല്‍കണം.
7. വനിതാ കമ്മിഷനില്‍ പൂര്‍ണസമയ അംഗങ്ങള്‍ ഉണ്ടാകണം. സ്ത്രീബോധമുള്ള പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക വിഭാഗം പരാതികള്‍ കൈകാര്യം ചെയ്യണം.

പൊലീസ്

1. സ്ത്രീ സൌഹാര്‍ദ പൊലീസ് സേനയ്ക്കുവേണ്ട അടിയന്തര നടപടികള്‍ ഉണ്ടാകണം.
2. ജസ്റ്റിസ് വര്‍മ്മ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ 12ാ!ം അധ്യായത്തില്‍ പറയുന്ന പൊലീസ് പരിഷ്കാര നിര്‍ദേശങ്ങള്‍ നടപ്പാക്കണം.
3. പൊലീസ് സേനയില്‍ എല്ലാതലത്തിലും കുറഞ്ഞത് 20 ശതമാനം സ്ത്രീകള്‍ ഉണ്ടാകണം.
4. ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ശാസ്ത്രീയ പരിശീലനം നേടിയ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കണം.
5. കുട്ടികള്‍ ഉള്‍പ്പെടുന്ന കേസന്വേഷണത്തിന് പ്രത്യേക പരിശീലനം സിദ്ധിച്ച പൊലീസ് ടീം ഉണ്ടാകണം.
6. ലൈംഗികാതിക്രമണ കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ സംസ്ഥാനതലത്തില്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നോഡല്‍ ഓഫീസറായി നിയമിക്കണം.
7. വനിതാ പൊലീസ് സെല്‍ ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും വേണം. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍, വാഹനം, ഫോണ്‍, ജീവനക്കാര്‍, ഫണ്ട് എന്നിവ ഉണ്ടാകണം. ഒരു മാതൃക വനിതാ പൊലീസ് സെല്‍ കാലതാമസമില്ലാതെ തന്നെ രൂപീകരിക്കണം.
8. പൊലീസ് പരിശീലന പാഠ്യപദ്ധതിയില്‍ ജന്റര്‍ ഉള്‍പ്പെടുത്തണം.

വിദ്യാഭ്യാസം

1. ജന്റര്‍, ബാലാവകാശം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ജീവിത നൈപുണി വിദ്യാഭ്യാസം ആഴ്ചയില്‍ ഒരു ദിവസം പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ഉള്‍പ്പെടുത്തണം. (പ്രെെമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ).
2. എല്ലാ പരിശീലന സ്ഥാപനങ്ങളിലും കോഴ്സുകളിലും ജന്റര്‍ ഉണ്ടാകണം. (ബിഎഡ്, ടിടിസി, കില, ഐഎംജി, നഴ്സിങ്, മെഡിക്കല്‍ കോളജുകള്‍, ….)
3. സ്കൂളുകളുടെ അടിസ്ഥാന സൌകര്യം പെണ്‍കുട്ടി സൌഹൃദമാകണം. (ശുചിമുറികള്‍ ഉള്‍പ്പെടെ).
4. പെണ്‍കുട്ടികള്‍ക്ക് വ്യായാമത്തിനും കായികാഭ്യാസങ്ങള്‍ക്കും അവസരം നല്‍കുന്ന തരത്തില്‍ നയം രൂപീകരിക്കണം.
5. സ്കൂളുകളില്‍ കൌണ്‍സലറിനൊപ്പം ജന്റര്‍ ഡെസ്ക് രൂപീകരിക്കണം. പഞ്ചായത്തുതല ജാഗ്രതാ സമിതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.
6. ലിംഗ വിവേചനപരമായ രീതികള്‍ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളിലും നിയമം മൂലം നിരോധിക്കണം.
7. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുജിസി തയ്യാറാക്കിയ ‘സമാഗതി’ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം.
8. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളുടെ പ്രവര്‍ത്തന രീതി, അടിസ്ഥാന സൌകര്യം, നിയമങ്ങള്‍ എന്നിവ പൊളിച്ചെഴുതി ലിംഗവിവേചന രഹിതമാക്കി മാറ്റണം.
9. ഫെലോഷിപ്പുകള്‍ നല്‍കുന്നതിലുള്ള വിവേചനം ഒഴിവാക്കണം.
10. ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരാതി സെല്‍ രൂപീകരിക്കണം.
11. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവിരുദ്ധ നിയമപ്രകാരമുള്ള സമിതികള്‍ എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തണം.
12. ആദിവാസി പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും തുടര്‍ വിദ്യാഭ്യാസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന നയം രൂപീകരിക്കണം.
13. സ്കൂള്‍ തലം മുതല്‍ അടിസ്ഥാന സാങ്കേതിക വിദ്യ ഉള്‍പ്പെടുന്ന തൊഴില്‍ പരിശീലനം നല്‍കണം (തയ്യല്‍, കമ്പ്യൂട്ടര്‍, ….) പെണ്‍കുട്ടികള്‍ക്ക് ഉദാ: തയ്യല്‍, പ്ളംബിംഗ്.
14. ക്യാമ്പസുകളില്‍ ജന്റര്‍ സൌഹാര്‍ദപരമാകണം.
15. സ്കൂളുകളും കോളജുകളും സ്കൂള്‍ സമയത്തിനുശേഷം നിശാക്ളാസുകള്‍ക്കും പ്രത്യേക അധ്യായനങ്ങള്‍ക്കും മറ്റുമായി ഉപയോഗപ്പെടുത്തണം.

തൊഴിലും ഉപജീവനവും
1. കുടുംബശ്രീയുടെ 17 വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍, കോട്ടങ്ങള്‍വസ്തു നിഷ്ഠവും ശാസ്ത്രീയവുമായി വിലയിരുത്തണം. സാമ്പത്തിക ശാക്തീകരണം എന്ന ലക്ഷ്യം എത്രമാത്രം നേടാനായി എന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണം.
2. പഞ്ചായത്തുതലത്തില്‍ ഭൂബാങ്ക് രൂപീകരിച്ച് കുടുംബശ്രീ ജെ എല്‍ ജികള്‍ക്ക് കൃഷിക്കായി നല്‍കണം.
3. ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സ്ത്രീകളെ സഹായിക്കുന്നതിന് പരിശീലനം, സാങ്കേതിക വൈദഗ്ധ്യം, വായ്പാ സഹായം എന്നിവ ലഭ്യമാക്കുക.
4. സ്ത്രീകളുടെ വ്യവസായ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് ലഭ്യമാക്കുക
5. വ്യവസായനയത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇടം നല്‍കുക
6. കുടുംബശ്രീ അല്ലാത്ത സ്ത്രീകളെയും സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പ്രോത്സാഹനം നല്‍കുന്ന നയം രൂപീകരിക്കുക
7. പരമ്പരാഗത തൊഴിലുകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ സഹായിക്കുന്ന വിധത്തില്‍ വിദ്യാര്‍ഥിനികള്‍ക്കും യുവതികള്‍ക്കും പ്രോത്സാഹന പദ്ധതികളും പരിശീലനങ്ങളും നല്‍കുക
8. ആധുനിക അസംഘടിത മേഖലയില്‍ മിനിമം വേതനം പ്രഖ്യാപിക്കുക (സെയില്‍സ് ഗേള്‍സ്, ട്രാഫിക് വാര്‍ഡന്‍, ബിപിഒ, കോള്‍സെന്റര്‍ ജീവനക്കാര്‍, നഴ്സുമാര്‍, അണ്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, ….)
9. ഗാര്‍ഹിക തൊഴിലാളി നിയമം പ്രാവര്‍ത്തികമാക്കുന്നതിന് സംസ്ഥാന, ജില്ലാതല മേല്‍നോട്ട സമിതികള്‍ രൂപീകരിക്കുക.
10. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് എല്ലാ ജില്ലയിലും സര്‍ക്കാര്‍തലത്തില്‍ ഹോസ്റ്റലുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ ക്രഷുകള്‍ എന്നിവ ആരംഭിക്കുക.
11. പ്രധാന നഗരങ്ങളില്‍ സബ്സിഡിയോടെ കുറഞ്ഞ വരുമാനക്കാരായ സ്ത്രീകള്‍ക്ക് താമസസൌകര്യം ഉറപ്പാക്കുവാന്‍ സംവിധാനം ഉണ്ടാകണം.
12. കുടിയേറ്റ തൊഴിലാളി സ്ത്രീകളുടെ സംരക്ഷണത്തിന് കര്‍ശനമായ നിയമപരിരക്ഷ ഉണ്ടാകണം.
13. പഞ്ചായത്തുതലത്തില്‍ രജിസ്ട്രേഷന്‍ സംവിധാനം ഇന്ത്യ വിട്ടുപോകുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമാക്കണം.
14. പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ സമിതി രൂപീകരിക്കണം. അവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് ഉണ്ടാകണം.
15. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവിരുദ്ധ നിയമപ്രകാരം സമിതികള്‍ രൂപീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ പ്രത്യേക സംവിധാനം ഉണ്ടാകണം. നിയമം അനുശാസിക്കുന്ന വിധത്തില്‍ ജില്ലാതല ലോക്കല്‍ പരാതി സമിതി രൂപീകരിച്ചുകൊണ്ട് അസംഘടിത മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം.
16. ലൈംഗിക തൊഴിലാളികള്‍ എച്ച്ഐവി പോസിറ്റീവുകാര്‍ എന്നിവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനായി പദ്ധതി ഉണ്ടാകണം.

അതിക്രമം
1. പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സംരക്ഷയ്ക്കായുള്ള നിയമം പാസാക്കുക
2. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നിര്‍ഭയ പദ്ധതികള്‍ അവലോകനം ചെയ്ത് രണ്ടും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഉണ്ടാകണം. കേന്ദ്ര നിര്‍ഭയ ഫണ്ട് ഇതിനായി ഉപയോഗിക്കണം.
3. ഭൂമിക ആരോഗ്യവകുപ്പിനും കീഴില്‍ നിലനിര്‍ത്തിക്കൊണ്ട് വണ്‍ സ്റ്റോപ്പ് ക്രെെസിസ് സെല്‍ കാര്യക്ഷമമാക്കണം
4. ജില്ലാവാര്‍ഡുതല ജാഗ്രതാ സമിതികള്‍ വനിതാ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കണം.
5. 1091 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ റിവ്യൂ ചെയ്ത് കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടി ഉണ്ടാകണം. ഇപ്പോഴിത് ഏറ്റവും ദുര്‍ബലമാണ്.
6. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള പ്രൊട്ടക്ഷന്‍ ഓഫീസര്‍ താലൂക്ക് തലത്തില്‍ ഉണ്ടാകണം. ഇവര്‍ക്ക് മറ്റ് എല്ലാ സൌകര്യങ്ങളും സജ്ജമാക്കണം.
7. സേവന ദാതാക്കളെ മുഴുവന്‍ റിവ്യൂ ചെയ്ത് യോഗ്യതയില്ലാത്തവരെ ഒഴിവാക്കണം.
8. സ്ത്രീ പീഡനത്തിനെതിരെ വിപുലമായ പ്രചരണങ്ങള്‍ സര്‍ക്കാര്‍ നടത്തണം.
9. ആദിവാസി സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ രൂപങ്ങളിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സമഗ്രപദ്ധതി രൂപീകരിക്കണം.
10. ജന്റര്‍ ബജറ്റാകണം ത്രിതല പഞ്ചായത്തുകള്‍ക്കുണ്ടാകേണ്ടത്.

മാധ്യമം, സംസ്കാരം

1. മാധ്യമങ്ങളിലെ സ്ത്രീ ചിത്രീകരണം സംബന്ധിച്ച് നയം രൂപീകരിക്കണം
2. ഇന്‍ഡീസന്റ് റെപ്രസന്റേഷന്‍ ആക്ട് പ്രകാരം മോണിറ്ററിങ് ഉണ്ടാകണം
3. വനിതാ കമ്മിഷന്റെ മീഡിയാ മോണിറ്ററിങ് കാര്യക്ഷമമാക്കണം.
4. സ്ത്രീ വിരുദ്ധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രസ്ക്ളബ്, പ്രസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബോധവല്‍ക്കരണം
5. ജേണലിസം കോഴ്സുകളിലും പരിശീലനങ്ങളിലും ജന്റര്‍ ഉള്‍പ്പെടുത്താന്‍ നടപടി
6. എല്ലാ സാംസ്കാരിക സ്ഥാപനങ്ങളുടെയും തീരുമാനം എടുക്കല്‍ രംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം. (33 %)
7. സ്ത്രീകളുടെ സാംസ്കാരിക സമിതികള്‍ക്ക് പ്രോത്സാഹനം നല്‍കുക
8. മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സേവനവേതന വ്യവസ്ഥകള്‍ വിവേചന രഹിതമാക്കുക
9. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവിരുദ്ധ നിയമപ്രകാരം സമിതി രൂപീകരിക്കണം.
10 വായനശാലകള്‍, ഗ്രന്ഥശാലാ സമിതികള്‍, ലൈബ്രറി കൌണ്‍സില്‍ എന്നിവയില്‍ സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധമാക്കണം.

ഭരണ നിര്‍വഹണം
1. പഞ്ചായത്ത് അസോസിയേഷന് പ്രത്യേക വനിതാ വിഭാഗം ഉണ്ടാകണം
2. പഞ്ചായത്ത് (ആണ്‍പെണ്‍) അംഗങ്ങള്‍ക്ക് ജന്റര്‍ പരിശീലനം
3. കിലയുടെ ഘടന ട്രെയിനിങ് മൊഡ്യൂള്‍ എന്നിവയില്‍ ജന്റര്‍ വീക്ഷണത്തോടെയുള്ള മാറ്റം.

തയ്യാറാക്കിയത്:ഏലിയാമ്മ വിജയന്‍,മേഴ്‌സി അലക്സാണ്ടര്‍,കെ എ ബീന, ഗീതാ നസീര്‍,ആര്‍ പാര്‍വതിദേവി,ടി രാധാമണി, ഡോ. സുന്ദരി രവീന്ദ്രന്‍,മിനി സുകുമാര്‍,
അഡ്വ. ജെ സന്ധ്യ, വിധു വിന്‍സെന്റ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top