03 June Saturday

ജ്വലിക്കുന്ന പന്തങ്ങൾ

രശ്മിത രാമചന്ദ്രൻUpdated: Sunday Feb 2, 2020

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ ഓരോ ഇടത്തിലും ജ്വലിക്കുന്ന പന്തങ്ങളായി സ്ത്രീകളാണ് നിൽക്കുന്നത്. ജെഎൻയുവിൽ ഐഷി ഘോഷയും ലാജ് പത് നഗറിൽ സൂര്യ രാജപ്പനായും ജാമിയയിൽ ഐഷ റെന്ന യായും ഷഹീൻ ബാഗിൽ അമ്മമാരായും അവർ നിൽക്കുന്നു. കേരളത്തിലെ മനുഷ്യശൃംഖലയിലെ ആവേശമുണർത്തുന്ന കണ്ണികളായും പ്രക്ഷോഭ നിലങ്ങളിലെ സമരക്കരുത്തായും പെണ്ണുങ്ങളെ നാം കാണുന്നു. മയമില്ലാതെ ലാത്തി വീശി അടിക്കുന്ന പോലീസ് വേഷധാരികൾക്കെതിരെ ചൂണ്ടി നിൽക്കുന്ന വിരലുകളും ബയണറ്റേന്തിയ പോലീസിനു നേരെ പൂക്കൾ നീട്ടിയ കൈകളും പെണ്ണുങ്ങളുടെ താണ്. കൃത്യമായ നായകത്വം ഒരാൾക്കായി രേഖപ്പെടുത്താനാകാതെ പോയ ചരിത്രത്തിലെ സമരങ്ങളിലൊക്കെയും നയിക്കാനായി പെണ്ണുങ്ങളുണ്ടായിരുന്നു. ഫ്രാൻസിലെ ജോൻ ഓഫ് ആർക്കും സ്വാതന്ത്ര്യ സമര കാലത്തെ റാണി ലക്ഷ്മിഭായ് യും ഉദാഹരണങ്ങളാണ്.

സ്ത്രീകൾ ജ്വലിപ്പിച്ച ഈ സമരത്തിൽപ്പോലും സ്ത്രീകൾ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കരുതെന്ന ഫത്വകൾ അതു കൊണ്ട് തന്നെ അമ്പരപ്പിയ്ക്കുന്നതാണ്. ലോകത്ത് എവിടെ യുദ്ധവും കലാപവും ദുരന്തവും നടക്കുമ്പോഴും കൂടുതലായി ഇരയാക്കപ്പെടുന്നത് സ്ത്രീകളാണ്. യുദ്ധവീരൻമാർ പരാജയപ്പെട്ട പോരാളികളുടെ പെണ്ണുങ്ങളെ അചേതന സമ്പത്തു കൊള്ളയടിക്കുന്ന ലാഘവത്തിൽ സ്വന്തമാക്കുന്നു , കലാപകാരികൾ എതിർ ചേരിയിലെ പെണ്ണുങ്ങളെ അതിക്രമിച്ച് തങ്ങൾക്ക് ശത്രു വിനോടുള്ള പകയുടെ ക്രൂരതയുടെ ചോരപ്പാടുകൾ തീർക്കുന്നു, ദുരന്തങ്ങൾക്കു മുന്നിൽ പെണ്ണു തന്നെ ആദ്യം സഹനത്തിന്റെ രൂപമായി മാറുന്നു. പല കലാപഭൂമിയിലും അക്രമിക്കൂട്ടങ്ങളിലെ സ്ത്രീകൾ തന്നെ പുരുഷാധിപത്യത്തിന്റെ ചട്ടുകമായി നിന്നുകൊണ്ട് മറുപക്ഷത്തെ  സ്ത്രീകളെ  അക്രമിക്കാൻ പ്രോത്സാഹിപ്പിക്കുക പോലും ചെയ്യുന്നു. 2001-ലെ ഗുജറാത്ത് കലാപകാലത്ത് മുസ്ലീം സ്ത്രീകളെ ബലാൽത്സംഗം ചെയ്യാൻ അവിടുത്തെ മധ്യ വർഗ്ഗ സ്ത്രീകൾ  തങ്ങളുടെ പുരുഷന്മാരെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചത്  നമ്മളെ വളരെ നാൾ ഭയചകിതരാക്കിയ കാര്യമാണ്. ഇതു കൊണ്ടു തന്നെയാണ് അനീതികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്നു പറയുന്നത്.


 

സ്ത്രീ മുന്നിട്ടിറങ്ങിയ പ്രക്ഷോഭങ്ങൾ വീട്ടകങ്ങളിലും അടുത്ത തലമുറയിലും പടർത്തുന്ന ആരോഗ്യപരമായ ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ട്. പ്രക്ഷോഭ വിജയത്തിനു ശേഷമുള്ള സാമൂഹിക അന്തരീക്ഷത്തിൽ "സ്ത്രീ" എന്നത് കൃത്യമായ പങ്കാളിത്തമായി അടയാളപ്പെടുത്താനും കഴിയും. സ്വാതന്ത്ര്യ സമര കാലത്തെ സ്ത്രീ പങ്കാളിത്തം ഒന്നു മാത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സ്ത്രീക്ക് തുല്യ പങ്കാളിത്തം നിസ്സംശയം ഉറപ്പിച്ചത്, പ്രായേണ പുരോഗമിച്ച രാജ്യമെന്നു കരുതുന്ന സ്വിറ്റ്‌സർ ലാന്റിൽ പോലും സ്ത്രീയ്ക്ക് വോട്ടവകാശം ലഭിക്കാൻ 1978 വരെ കാത്തിരിക്കേണ്ടി വന്നു എന്നോർക്കണം.

സ്ത്രീകളെ ഒഴിച്ചു നിർത്തിയുള്ള രാഷ്ട്രീയം മനുവാദത്തിന്റെ താണ്. പൗരത്വ ഭേദഗതി നിയമത്തിൽ നാം എതിർക്കുന്നതും മനുവാദ രാഷ്ട്രീയത്തിന്റെ മറ്റൊരു അഭിവാജ്യഘടകമായ അപരത്വ നിർമ്മാണത്തിലൂടെയുള്ള ഒഴിവാക്കലിനെയാണ്. സ്ത്രീകളെ പ്രക്ഷോഭ നിലങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്തുന്നവർ സ്വയമറിയാതെ വഴുതി വീഴുന്നതും അതുകൊണ്ടുതന്നെ മനു വാദികളുടെ ഗന്ധകാമ്ള ഗന്ധപൂരിതമായ പ്രത്യയശാസ്ത്ര ക്കുഴിയിലേക്കാണ്. ദ്വിരാഷ്ട്ര വാദത്തിൽ മുഹമ്മദലി ജിന്ന എന്ന നാസി തകൻ ഭ്രമിച്ചു കുടുങ്ങിയത് ഓർമ്മയുണ്ടാകണം. മനു വാദത്തെ  ഇന്ത്യൻ  ഭരണഘടനയുടെ തുല്യതാ നിയമത്തിന്റെ പിൻബലത്തിൽ ജനാധിപത്യപരമായി എതിർക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും ഇത്തരം പ്രത്യയശാസ്ത്ര ചതി നിലങ്ങളേക്കുറിച്ചോർത്താണ്. മതവാദത്തിനും മനുവാദത്തിനും ഒരേ സമയം മരുന്ന് നമുക്കിന്ന് ഇന്ത്യൻ ഭരണഘടന തന്നെയാണ്. അതിനെ നെഞ്ചോട് ചേർത്ത് നമുക്ക് മുന്നോട്ട് പോകാം, ഏററവും മോശമായതിനെ പ്രതീക്ഷിച്ച്, എന്നാൽ അതിനെ മാറ്റിമറിക്കാൻ ആഞ്ഞു ശ്രമിച്ച്, അസാധ്യങ്ങളെ സാധ്യങ്ങളാക്കി മാറ്റാം.....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top