18 April Thursday

പെണ്മയുടെ ദൃശ്യോന്മാദം

അഡ്വ. ഫാനി സ്റ്റാന്‍ലിUpdated: Sunday Mar 1, 2020


കേരളീയ രംഗകലകളുടെ ആഴങ്ങളെ തൊട്ടറിയുന്ന 28 വേദി, 14 ജില്ലയിലായി 350 വൈവിധ്യമാർന്ന കലകൾ, അയ്യായിരത്തോളം കലാപ്രതിഭകളും...  വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം എന്ന ജനകീയ കാലാവതരണങ്ങളുടെ നാന്ദി തിരുവനന്തപുരത്തെ മടവൂർപ്പാറയിൽ ആയിരുന്നു. വശ്യമനോഹരമായ പ്രകൃതി പശ്ചാത്തലത്തിന്റെ സാധ്യതകളിൽ ചാലിച്ച ദൃശ്യോത്സവത്തിലായിരുന്നു തുടക്കം. ഫെബ്രുവരി 22ന് ‘മാതൃകം’ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഒന്നരമണിക്കൂർ ദൈർഘ്യമുള്ള രംഗോത്സവം സഞ്ചരിച്ചത് പെൺകൂട്ടായ്‌മയുടെ അധ്വാനവും വിയർപ്പും പ്രണയവും പ്രതിരോധവും ഉന്മാദവും പ്രകാശിപ്പിക്കുന്ന സംഘകലകളിലൂടെ.
മണ്ണിനോടും പ്രകൃതിയോടും പെൺജീവിതങ്ങൾ നടത്തിയ ഐക്യപ്പെടലിന്റെയും പോരാട്ടത്തിന്റെയും പ്രതീകങ്ങളായ ഗോത്ര, അനുഷ്‌ഠാന, നാടോടി, ക്ലാസിക്കൽ കലാരൂപങ്ങളുടെ ദൃശ്യോത്സവമായിരുന്നു ഉത്സവത്തിന്റെ ഉദ്‌ഘാടന വിരുന്ന്. കാലങ്ങളായി ആണധികാരങ്ങളുടെ മേൽക്കോയ്‌മയിൽ ബന്ധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും വീണ്ടെടുപ്പ് കൂടിയായിരുന്നു രംഗോത്സവം.

ആദിമകാലംമുതൽ സ്‌ത്രീസമൂഹം അനുഷ്‌ഠിച്ചുവരുന്ന കലാരൂപങ്ങളും പുതിയകാലത്ത് ആൺകോയ്‌മയിൽനിന്ന്‌ സ്‌ത്രീകൂട്ടായ്‌മകൾ പിടിച്ചെടുത്ത അവതരണങ്ങളുടെ ഉണർവും ഉശിരും ആയിരുന്നു മാതൃകം. ഗദ്ദിക, പെൺകോമരങ്ങൾ, മുടിയാട്ടം, മാർഗംകളി, കളരി, കേരളനടനം, ചവിട്ടൊപ്പന, മോഹിനിയാട്ടം, വട്ടക്കളി, അമ്മത്തെയ്യങ്ങൾ, ഗോത്രഗീതങ്ങൾ, മൺപാട്ടുകൾ തുടങ്ങിയ കലാരൂപങ്ങളുടെ മർമപ്രധാനങ്ങളായ ഭാഗങ്ങളാണ് ഹ്രസ്വവും ചടുലവുമായി ആറു വേദിയിലായി അവതരിപ്പിക്കപ്പെട്ടത്. ഏറുമാടം, പാറ, മണ്ണരങ്ങ്, പുൽത്തകിടിയിലെ വൃത്താകൃതിയിലുള്ള അരങ്ങ്, കാട്, പ്രേക്ഷകർക്കിടയിലെ ഇടം എന്നിങ്ങനെ ആറുവേദിയിൽ അർഥപൂർണതയോടെ വിന്യസിക്കപ്പെട്ടതായിരുന്നു മാതൃകത്തിന്റെ ദൃശ്യഭാഷ. 


 

മണ്ണ് മര്യാദകളുടെയും മാനവിക ബോധങ്ങളുടെയും നേരിൽനിന്ന് ഭൂമിയുടെ മനസ്സിനെ തൊട്ടറിയുന്ന ബഹുസ്വരതകളുടെ സൗന്ദര്യ  ശാസ്‌ത്രപരമായ വിളക്കിച്ചേർക്കൽ കൂടിയായി മാതൃകം. പ്രമോദ് പയ്യന്നൂരായിരുന്നു മാതൃകത്തിന്റെ രൂപകൽപ്പനയും സാക്ഷാൽക്കാരവും നിർവഹിച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മടവൂർപ്പാറയിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്‌ഘാടനം നിർവഹിച്ച ഉത്സവത്തിന്റെ കൊടിയേറ്റം, മാതൃകത്തിലൂടെ സ്‌ത്രീസമൂഹത്തോട് കാണിച്ച കാലത്തിന്റെ നീതികൂടിയായി.


 

ആദിമ മനുഷ്യന്റെ ജീവിതത്തെയും കാലത്തെയും സംസ്‌കാരത്തെയും വീണ്ടെടുത്ത് നൽകേണ്ടത് നവ സാംസ്‌കാരികതയുടെ ഉണർവിനും ഉയിർപ്പിനും അനിവാര്യമാണെന്ന ഓർമപ്പെടുത്തൽ കൂടിയായി ആദ്യമായി അരങ്ങിലെത്തിയ ഗദ്ദിക. കൊടുംകാട്ടിൽനിന്ന്‌ നീണ്ട മുളപ്പാലം വഴി വെളിച്ചപ്പാടുകളുമായാണ്‌ ഗദ്ദിക അവതരിപ്പിക്കാൻ ഗോത്രസംഘം എത്തിയത്‌.  പരിഷ്‌കൃത കേരളീയ സമൂഹത്തിന്റെ കൈകൊട്ടിക്കളി, തിരുവാതിരക്കളി, മാർഗംകളി, ഒപ്പന എന്നിവയുടെ തുടക്കം ഈ ഗോത്രാനുഷ്‌ഠാനങ്ങളിൽ നിന്നായിരുന്നില്ലേ എന്ന അന്വേഷണം ഫോക്‌ലോർ പണ്ഡിതർ  നടത്തേണ്ടതുണ്ട്. അതിരുകളില്ലാത്ത ലോകം സ്വപ്‌നം കാണുന്ന കലയുടെയും മാനവികതയുടെയും ദർശനങ്ങൾ മുൻനിർത്തി കലാസംഘം അമ്മ ഭൂമിയെ പ്രണമിക്കുന്നു. ഈ വേളയിൽ ആറുവേദിയിലും പെൺകൂട്ടായ്‌മയുടെ കരുത്തറിയിക്കുന്ന കലാരൂപങ്ങൾ ആടിത്തിമിർക്കുമ്പോൾ, പ്രകൃതി അതിന് പശ്ചാത്തലമൊരുക്കുമ്പോൾ, പ്രേക്ഷകർ അതിനൊപ്പം ചേരുമ്പോൾ നമ്മൾ ഈ കേരള സംസ്‌കൃതിയുടെ രംഗകലകൾക്ക് മുന്നിൽ അമ്പരന്ന് നിന്നുപോകും.


 

കലകളോരോന്നിന്റെയും ഉത്ഭവത്തോടെയും സാമൂഹ്യ പ്രാധാന്യ ത്തോടെയും വർത്തമാനകാല പ്രസക്തിയെക്കുറിച്ചും ഓർമപ്പെടുത്തും വിധമാണ് മാതൃകം രൂപകൽപ്പന ചെയ്‌തത്. പുതുതലമുറയ്‌ക്ക്‌ നമ്മുടെ സംസ്‌കൃതിയുടെ വൈവിധ്യങ്ങളെക്കുറിച്ച് അറിവുപകരാനും അവരുടെ അഭിരുചിക്കനുസരിച്ച കലകളെ പിന്തുടരാനുമുള്ള വഴി ഒരുക്കാൻ മാതൃകത്തിന്റെ ഈ നവദൃശ്യഭാഷ മാതൃകയായി എന്ന് പറയാതെ വയ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top