04 June Sunday

ഭീതി... ഭീതി മാത്രം

പി ആർ ചന്തുകിരൺUpdated: Sunday Mar 1, 2020


‘ബുധനാഴ്ച രാത്രി ഒരു കൂട്ടം അക്രമികൾ വീട്ടിലേക്ക് ഇരച്ചുകയറി. അവർ എന്നെയും രണ്ട് പെൺമക്കളേയും കടന്നുപിടിച്ചു. വസ്‌ത്രങ്ങൾ വലിച്ചുകീറി. ദുപ്പട്ടകൾ ശരീരത്തിൽ ചുറ്റി, ഞാൻ മക്കളെയും കൊണ്ട് ഒന്നാം നിലയിൽ നിന്ന് താഴേക്കു ചാടി. ലൈംഗികാതിക്രമവും മരണവുമാണ് പിന്തുടരുന്നതെന്ന് അറിയാമായിരുന്നു. ഇരുളും ഭയവും കാഴ്‌ച മറച്ചെങ്കിലും മക്കളെയും ചേർത്തുപിടിച്ച് നിർത്താതെ ഓടി. ആക്രോശങ്ങളോടെ അക്രമികൾ പിന്നാലെ വന്നു. സമീപത്തെ മുസ്ലിം ഭൂരിപക്ഷ ഗലിയിലേക്ക് ഓടിക്കയറി. പലചരക്കുകട നടത്തുന്ന അയൂബ് അഹമ്മദിന്റെ വീട്ടിൽ അഭയം തേടി, ഞങ്ങൾ തലനാരിഴയ്‌ക്ക്‌ രക്ഷപെട്ടു.' - കരാവൽ നഗറിലെ സന്നദ്ധ സംഘടനയുടെ പ്രവർത്തക ഇപ്പോഴും അതോർക്കുമ്പോൾ നടുങ്ങും. 
അൽഹിന്ദ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭൂരിപക്ഷം സ്‌ത്രീകൾക്കും പങ്കുവയ്‌ക്കാനുള്ളത് സമാനമായ ഭീതിയാണ്. ‘എന്റെ വയറ്റിൽ ചവിട്ടരുതെന്ന്  കേണപേക്ഷിച്ചിട്ടും അവർ കേട്ടില്ല.' - പൂർണ ഗർഭിണി ആയിരിക്കെ ആക്രമിക്കപ്പെട്ട ശബാന പറഞ്ഞു.  കലാപത്തിന്റെ മൂന്നാംനാൾ, ഉച്ചയ്‌ക്കാണ് ഒരു സംഘം മഹാലക്ഷ്‌മി വിഹാറിലെ ശബാനയുടെ വീട്ടിലേക്ക് പാഞ്ഞുകയറിയത്. കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ ലാത്തികൊണ്ട്‌ മർദിച്ചു. വയറ്റിൽ ആഞ്ഞുചവുട്ടി. വീട് തല്ലിത്തകർത്ത ശേഷം അക്രമികൾ പോയി. അയൽവാസി സഞ്ജീവ് ബൈക്കിലാണ് കലാപമേഖലയിൽനിന്ന് ശബാനയെ പുറത്തെത്തിച്ചത്. അൽഹിന്ദ് ആശുപത്രിയിലെത്തുമ്പോൾ സ്ഥിതി ഗുരുതരമായിരുന്നു. ആശങ്കകൾക്കവസാനം ആൺകുട്ടിക്ക് അവൾ ജന്മം നൽകി. ‘ആസാദ്' എന്ന് അവന് പേരിടുമെന്ന് ശബാന പറഞ്ഞു. ഇത് വർഗീയത ചുട്ടെരിച്ച വടക്കുകിഴക്കൻ ഡൽഹിയുടെ ഇന്നത്തെ പൊള്ളുന്ന മുഖം. ഇനിയൊരിക്കലും  ഉണങ്ങാത്ത ഭീതിയുടെ മുറിവുകൾ ആഴത്തിലിറങ്ങിയ  ഒരുപാട് സ്‌ത്രീകളുണ്ട് ഇവിടെ. കലാപത്തിൽ വെന്തു വെണ്ണീറായ മനസ്സും അരക്ഷിതമായ ദിനരാത്രങ്ങളുമായി കഴിഞ്ഞു കൂടുന്ന ജീവിതങ്ങൾ.


 

കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് ആറരയോടെ ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് സഹായാഭ്യർഥനയുമായി സന്ദേശങ്ങളെത്തി. യുദ്ധസമാനമായ അക്രമം നടന്ന ചന്ദ്ബാഗിൽനിന്നുള്ള ഭയപ്പെടുത്തുന്ന വിവരങ്ങൾ. സായുധ അക്രമികൾ സ്‌ത്രീകൾ മാത്രമുള്ള വീടുകളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നു. പൊലീസിന്റെ കണ്ണീർവാതക പ്രയോഗവും ചുറ്റുവട്ടത്ത് വീടുകളിലും വാഹനങ്ങളിലും ആളുന്ന തീയും പുകപടലപും തീർത്ത മറയിലാണ് അക്രമികളുടെ അഴിഞ്ഞാട്ടമെന്നുമാണ് വിശ്വസനീയമായ വ്യക്തിയിൽനിന്ന് ലഭിച്ച സന്ദേശം.  ഡൽഹി പൊലീസിന്റെ സാന്നിധ്യം അക്രമികൾക്ക് അനുകൂല സാഹചര്യമാണെന്ന ബോധ്യമാണ് മാധ്യമങ്ങളുടെ സഹായം തേടാൻ ഇടയാക്കിയത്. ചന്ദ്ബാഗിലെ ഒന്നാം ഗലിയിൽ അസീം മെമ്മോറിയൽ സ്‌കൂളിനടുത്തേക്ക് മാധ്യമങ്ങൾ എത്തണമെന്നും സന്ദേശത്തിൽ അഭ്യർഥിച്ചു. മുസ്ലിം യുവാക്കളുടെ നേതൃത്വത്തിൽ കഴിയുന്നത്ര ആളുകൾ ഇവിടെ സംഘടിച്ചു. സ്‌ത്രീകളെ ലക്ഷ്യമിട്ടെത്തിയ അക്രമിക്കൂട്ടത്തെ പ്രതിരോധിക്കാനായെന്ന സന്ദേശം വൈകാതെ ലഭിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ സ്‌ത്രീകൾ നേത്യത്വം കൊടുക്കുന്ന ഐതിഹാസിക സമരം കൂടുതൽ കരുത്താർജിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജഫ്രബാദിൽ സ്‌ത്രീകളുടെ റോഡ് ഉപരോധത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ അക്രമാഹ്വാനമാണ് കലാപത്തിന് വഴിവെച്ചത്. ഇന്ത്യയിലെ വർഗീയ കലാപങ്ങളുടെ ചരിത്രം സ്‌ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടേതുകൂടിയാണ്. ഗുജറാത്ത് വംശഹത്യയും മുമ്പ് ഡൽഹി സാക്ഷ്യം വഹിച്ച സിഖ് വിരുദ്ധ കലാപവും അതിന് തെളിവുകൾ. കലാപത്തിൽ മാധ്യമ പ്രവർത്തകർക്കും വെടിയേറ്റു.  വനിതാ മാധ്യമ പ്രവർത്തകർ അക്രമിക്കൂട്ടത്തിന്റെ അധിക്ഷേപത്തിനിരയായി. ആദ്യ ദിവസം തന്നെ നിരവധി വനിതാ മാധ്യമ പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയെങ്കിലും  നടപടിയുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top