03 October Tuesday

ഒരേയൊരു സെറീന

അജില പുഴയ്ക്കൽUpdated: Sunday Sep 11, 2022


1999ലെ യുഎസ്‌ ഓപ്പൺ. ന്യൂയോർക്കിലെ ആർതർ ആഷെ സ്‌റ്റേഡിയത്തിൽ കറുത്ത്‌ ഉയരമുള്ള ഒരു പതിനേഴുകാരി തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടത്തോടെ ടെന്നീസിന്റെ വലിയ വേദിയിലേക്കുള്ള വരവ് പ്രഖ്യാപിച്ചു, - സെറീന വില്യംസ്‌. ബൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സായിരുന്നു എതിരാളി. അന്ന്‌ എല്ലാവരും കിമ്മിനാണ്‌ സാധ്യത കൽപ്പിച്ചിരുന്നത്‌.  അവരെയെല്ലാം ഞെട്ടിച്ച്‌ സെറീന ഫൈനലിൽ 6–-3, 7–-6ന്‌ ജയിച്ചുകാണിച്ചു.

ഒരു വലിയ പടയോട്ടത്തിന്റെ തുടക്കംമാത്രമായിരുന്നു 1999ലെ യുഎസ്‌ ഓപ്പൺ. പിന്നീടിങ്ങോട്ട്‌ 39 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ. അതിൽ 23 സിംഗിൾസും 14 ഡബിൾസും രണ്ട്‌ മിക്‌സഡ്‌ ഡബിൾസും. 856 ജയവും 156 തോൽവിയും. 1999നും 2022നും ഇടയിൽ, തന്റെ ശക്തവും ആക്രമണാത്മകവുമായ ഗെയിമിലൂടെ സെറീന  ഇതിഹാസമായി മാറി. അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു തലമുറയെ കായികരംഗത്തേക്ക് നയിക്കാൻ പ്രചോദിപ്പിക്കുന്നതായിരുന്നു വിജയങ്ങൾ ഓരോന്നും.  319 ആഴ്‌ചയാണ്‌ അവർ ഒന്നാം റാങ്ക്‌ നിലനിർത്തിയത്‌.  2017ൽ തന്റെ 35–-ാം വയസ്സിൽ ഉള്ളിൽ ഒരു കുഞ്ഞുജീവന്റെ തുടിപ്പുമായാണ്‌ 23–-ാം ഗ്രാൻഡ്‌ സ്ലാം കിരീടം സ്വന്തമാക്കിയത്‌. മകൾ ഒളിമ്പിയയെ നാലുമാസം ഗർഭിണിയായിരിക്കെ. അമ്മയായതിനുശേഷവും കളിക്കളത്തിൽ എത്തി.

സഹോദരി വീനസ്‌ വില്യംസും  മരിയ ഷറപോവയും മാത്രമായിരുന്നു അവരുടെ കരിയറിലെ ഏറ്റവും വലിയ എതിരാളികൾ. 2002ൽ ഫ്രഞ്ച്‌ ഓപ്പണിലും 2003ൽ ഓസ്‌ട്രേലിയൻ ഓപ്പണിലും വീനസിനെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. 2007 ഓസ്‌ട്രേലിയൻ ഓപ്പണിലും 2012ൽ ഒളിമ്പിക്‌സിലും ഷറപോവയെയും തോൽപ്പിച്ചു.
കളത്തിൽ കാര്യമായ വെല്ലുവിളി  ഇല്ലായിരുന്നെങ്കിലും പുറത്ത്‌ അവരുടെ ജീവിതം പോരാട്ടം നിറഞ്ഞതായിരുന്നു. പലവട്ടം വംശീയാധിക്ഷേപത്തിന്‌ ഇരയാകേണ്ടിവന്നു. 2001ൽ ഇന്ത്യാനവെൽസ്‌ ടെന്നീസ്‌ ഫൈനലിൽ കാണികൾ നിരന്തരം  താരത്തിനുനേരെ കൂവി. ഇതിനെതിരെ സെറീന പ്രതികരിച്ചത്‌ ടൂർണമെന്റിൽനിന്ന്‌ 13 വർഷം വിട്ടുനിന്നാണ്‌. ആ 13 വർഷവും സെറീനയുടെ നഷ്ടമായിരുന്നില്ല, മറിച്ച്‌ ഇന്ത്യാനവെൽസിന്റേതായിരുന്നു. ബ്ലാക്ക്‌ ലൈഫ്‌സ്‌ മാറ്റർ മൂവ്‌മെന്റിനെ പിന്തുണച്ചും സെറീന രംഗത്തെത്തി. എല്ലാ അർഥത്തിലും പോരാട്ടത്തിന്റെ മറുപേര്‌.     

കന്നി ഗ്രാൻഡ്‌ സ്ലാം കിരീടം നേടിയ അതേ ആർതർ ആഷെ സ്‌റ്റേഡിയത്തിൽ  23 വർഷത്തിനിപ്പുറം അവർ  റാക്കറ്റ്‌ താഴ്‌ത്തി.  ഓസ്‌ട്രേലിയക്കാരി അജ്‌ല ടോംല്യാനോവിച്ചിനോട്‌ കടുത്ത മത്സരത്തിൽ തോറ്റായിരുന്നു ആ വിടവാങ്ങൽ. പക്ഷേ, ആ തോൽവി കേവലം മത്സരത്തിലേതു മാത്രമാണ്‌. ജീവിതത്തിൽ എന്നും അവർ ചാമ്പ്യനാണ്‌.


ajilapuzhakkal@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top