24 April Wednesday

ഊഴിയ വേലയ്ക്ക് വിടുതലൈ തോൾ ശീലയ്ക്ക് ഉരിമൈ

പ്രൊഫ.വി കാർത്തികേയൻ നായർ vknkarthika@gmail.comUpdated: Sunday Jan 1, 2023


ഊഴിയവേല ചെയ്യില്ല; തോൾശീല ഞങ്ങൾക്കവകാശം' എന്നൊരു മുദ്രാവാക്യവുമായി തെക്കൻ തിരുവിതാംകൂറിലെ ജനത കലാപം ഉയർത്തിയതിന്റെ  200–ാം വാർഷികാചരണം 2022ൽ സംഘടിപ്പിക്കാൻ എന്തുകൊണ്ടോ കേരളത്തിലെ പൗരാവകാശ സംഘടനകളും സാമുദായിക സംഘടനകളും മറന്നുപോയി. ലഹളയുടെ പ്രഭവകേന്ദ്രമായിരുന്ന കൽക്കുളവും പരിസരപ്രദേശങ്ങളും കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട്, തമിഴ്നാട്ടിൽ ആയിപ്പോയതുകൊണ്ടാകാം അതിനെ അവഗണിച്ചത്. എന്നാൽ, മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ലഹള നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരംവരെ വ്യാപിച്ചിരുന്നെന്ന വസ്തുത ആരും ഓർക്കുന്നില്ല. ജാതി‐ ജന്മി‐ നാടുവാഴി‐ പൗരോഹിത്യ വ്യവസ്ഥ സനാതനധർമം എന്നപേരിൽ കാത്തുസൂക്ഷിച്ചിരുന്ന ജാതി വിവേചനത്തിന്റെ മൂല്യസങ്കൽപ്പനത്തെ പിച്ചിച്ചീന്താൻ പര്യാപ്തമായ ആ ലഹളയുടെ പ്രാധാന്യം മനസ്സിലാക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായി. അതിന്റെ ആദ്യപടിയെന്നനിലയിൽ ഡിസംബർ 17നു നാഗർകോവിലിൽ  സെമിനാർ സംഘടിപ്പിച്ചു. കേരള‐ തമിഴ്നാട് മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച്‌ വിപുലമായ പരിപാടികൾ രണ്ടു സംസ്ഥാനത്തും സംഘടിപ്പിക്കേണ്ടത് സനാതനധർമ സംരക്ഷകരുടെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെ തുറന്നുകാട്ടാൻ അത്യാവശ്യമാണ്.

തോൾശീല കലാപം, മേൽമുണ്ട് കലാപം, മാറുമറയ്‌ക്കൽ കലാപം എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ട ലഹളയ്ക്ക് സാമ്പത്തികമായ പശ്ചാത്തലവും സാംസ്കാരികമായ ഉള്ളടക്കവും സാമൂഹ്യമായ പ്രതിഫലനവും ഉണ്ടായിരുന്നു. ആണായാലും പെണ്ണായാലും ശരീരത്തിന്റെ മുകൾഭാഗം മറയ്ക്കാതിരിക്കുന്നതായിരുന്നു സനാതനധർമം. നഗ്നത ഒരു സാംസ്കാരിക പ്രശ്നമായി ഉയർന്നുവന്നിരുന്നില്ല. എന്നാൽ, പിന്നാക്ക ജാതിയിൽപ്പെട്ടവർ മുന്നാക്കക്കാരുടെ കോവിലുകളിലും കൊട്ടാരങ്ങളിലും വയലുകളിലും ഊഴിയവേല ചെയ്യണമായിരുന്നു. ജന്മസിദ്ധമായ കടമയെന്നുള്ളനിലയിൽ പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നതാണ് ഊഴിയവേല. കോവിലുകളിലെ ആനയ്‌ക്ക് പനമ്പട്ടയും തെങ്ങോലയും ചുമക്കുക, ഗോശാലയിലെ പശുക്കൾക്ക് പുല്ലും വയ്ക്കോലും എത്തിക്കുക, ജന്മിഗൃഹത്തിലെ പുറംപണികൾ ചെയ്യുക, പനങ്കുല ചെത്തി അക്കാനിയെടുത്ത് കരിപ്പുകട്ടിയുണ്ടാക്കി കോവിലുകളിലും ജന്മി വീടുകളിലും കൊട്ടാരങ്ങളിലും എത്തിക്കുക, എഴുത്താവശ്യത്തിനുള്ള പനയോല വെട്ടിയുണക്കി  അധികാരികൾക്കു നൽകുക തുടങ്ങിയ ജോലികളെയാണ് ഊഴിയവേലയെന്ന് പറഞ്ഞിരുന്നത്. ഇത്തരം ജോലികൾ പ്രധാനമായും ചെയ്തിരുന്നത് ചാന്നാർ (നാടാർ) ജാതിയിൽപ്പെട്ടവർ ആയിരുന്നു. പുലയർ, പറയർ, കുറവർ, നായാടികൾ തുടങ്ങിയ അടിയാള ജാതികൾക്ക് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ അവകാശമില്ലായിരുന്നു. ഇത്തരം ജോലികൾ ഇനിമേൽ ചെയ്യില്ലായെന്ന നിലപാട് ചാന്നാർ ജാതിയിൽപ്പെട്ട ഒരുവിഭാഗം എടുത്തപ്പോഴാണ്  കലാപമുണ്ടായത്. തോൾശീലയണിഞ്ഞത് ഒരു നിമിത്തമായി എന്നുമാത്രം.

ഔറംഗസീബ് മുഗൾ ചക്രവർത്തി ആയിരുന്നപ്പോൾ ഡക്കാൺ ഗവർണറായിരുന്ന നൈസാമിന്റെ നിർദേശപ്രകാരം മധുരയിൽനിന്ന്‌ ഒരു മുകിലപ്പട വേണാടിനെ ആക്രമിച്ചു. ആരുവാമൊഴി കടന്ന് വേണാട്ടിൽ പ്രവേശിച്ച മുകിലൻ മാടമ്പിമാരിലും നാടുവാഴികളിലും ഭീതി വിതച്ചു. മരണത്തേക്കാളേറെ അവർ ഭയപ്പെട്ടത് സ്ത്രീകൾ മാറുമയ്ക്കുന്ന കുപ്പായം ധരിക്കണമെന്ന് ഉത്തരവിറക്കിയത്‌ ആയിരുന്നു. മുസ്ലിം സ്ത്രീകൾ സനാതനധർമ കുലസ്ത്രീകളെപ്പോലെ അർധനഗ്നരായി നടക്കില്ലായിരുന്നു. ഇതിനു സമാനമായ ഉത്തരവ് മലബാറിൽ ടിപ്പുവും നടപ്പാക്കാൻ ശ്രമിച്ചു. ക്രിസ്തുമതം കേരളത്തിൽ എത്തിയപ്പോൾ മാർഗംകൂടിയവരിലെ സ്ത്രീകൾ കട്ടിശീലകൊണ്ട് കുപ്പായം തുന്നി ധരിക്കുമായിരുന്നു. തീരപ്രദേശത്തെ മുക്കുവ സ്ത്രീകളും കുപ്പായം ധരിക്കുമായിരുന്നു. അത് നാടുവാഴികൾ അനുവദിച്ചു. തേങ്ങാപ്പട്ടണത്തിലും  പൂവാറിലും വിഴിഞ്ഞത്തും താമസിച്ചിരുന്ന മുസ്ലിങ്ങളും കുപ്പായം ധരിക്കുമായിരുന്നു. അതായത് ക്രിസ്തുമാർഗവും ഇസ്ലാംമാർഗവും സ്വീകരിച്ചവരിലെ സ്ത്രീകൾക്ക് കുപ്പായം ധരിക്കാം. എന്നാൽ, സനാതനധർമ മാർഗക്കാരിലെ സ്ത്രീകൾ കുപ്പായം ധരിക്കാൻ പാടില്ല. കലാപത്തിന്റെ ഒരുഘട്ടത്തിൽ സർക്കാർ ഇറക്കിയ വിളംബരത്തിൽ പറഞ്ഞിരിക്കുന്നത് "ക്രിസ്തുമാർഗത്തിൽ' ചേർന്ന ചാന്നാട്ടികൾ മുക്കുവത്തികളെപ്പോലെ ഉടുത്തുകെട്ടിക്കൊള്ളണമെന്നും "ശേഷം' ചാന്നാട്ടികൾ അങ്ങനെ ചെയ്യുന്നതിൽ ഒരു ന്യായവുമില്ല എന്നുമാണ്. അതായത് സനാതന ധർമത്തിനു വിരുദ്ധമായിട്ടാണ് ക്രൈസ്തവ‐ ഇസ്ലാമിക ധർമങ്ങൾ പ്രവർത്തിക്കുന്നത് എന്നർഥം.

ശുചീന്ദ്രത്തിനടുത്തുള്ള മൈലാടിയിലാണ് 1806ൽ വില്യം തൊബിയാസ് റിംഗിൾതാബ എന്ന എൽഎംഎസ് പാതിരിക്ക് പള്ളി പണിയാനുള്ള അനുവാദം വേലുത്തമ്പിദളവ കൊടുത്തത്. ക്രിസ്തുമാർഗം സ്വീകരിച്ചവർ എല്ലാ ഞായറും പള്ളികളിൽ വരണമെന്നും ദേഹശുദ്ധിയും വസ്ത്രശുദ്ധിയും വേണമെന്നും സ്ത്രീകൾ കുപ്പായം ധരിച്ചുവരണം എന്നുമായിരുന്നു നിഷ്കർഷ. ഊഴിയവേല ചെയ്യാതെ ചാന്നാന്മാർ പള്ളികളിൽ പോകാൻ തുടങ്ങിയതായിരുന്നു ലഹളയുടെ സാമ്പത്തിക കാരണം. ദിവാനായിരുന്ന കേണൽ മൺറോ 1814ൽ ഇറക്കിയ ഉത്തരവിൻ പ്രകാരം ക്രിസ്തുമതത്തിൽ ചേർന്നവർ ഞായറാഴ്ചകളിൽ ഊഴിയവേല ചെയ്യേണ്ടെന്ന് നിർദേശിച്ചിരുന്നു. ഇത് ക്രിസ്തുമതത്തിൽ ചേരുന്നവരുടെ വർധനയ്‌ക്ക്‌ കാരണമായി. ഞായറാഴ്ചകളിൽ പള്ളികളിൽ പോകുന്നവരെ തടഞ്ഞുനിർത്തി മർദിക്കാനും സ്ത്രീകളുടെ കുപ്പായം വലിച്ചുകീറാനും സനാതനധർമ മാർഗക്കാരായ ജന്മിമാർ ശ്രമിച്ചു. ഇത് കൈയാങ്കളിയിൽ എത്തി. ഇതിനെതിരെ ക്രൈസ്തവ പുരോഹിതർ കൽക്കുളം (പത്മനാഭപുരം) കോടതിയിൽ കേസ് കൊടുത്തു. കേസ് തീർപ്പാക്കിക്കൊണ്ട് ന്യായാധിപൻ വിധിച്ചത് ഊഴിയവേല ചെയ്യാതിരിക്കുന്നതും കുപ്പായം ധരിക്കുന്നതും സനാതനധർമത്തിന്‌ എതിരായതിനാൽ അതു ചെയ്തവർ കുറ്റവാളികളാണെന്നും ധർമ സംസ്ഥാപനത്തിനായി കുറ്റവാളികളെ തല്ലിയത് ശരിയാണ്‌ എന്നുമായിരുന്നു.

പണാപഹരണവും മോഷണവും പതിവായി നടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 1812ൽ കുറെ ക്ഷേത്രങ്ങളെ കേണൽ മൺറോയുടെ നിർദേശപ്രകാരം  സർക്കാർ ഏറ്റെടുത്ത്‌ അവയുടെ ദേവസ്വം ഭൂമി പണ്ടാരവകയാക്കി പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഏറ്റെടുത്തതടക്കമുള്ള പണ്ടാരവക (സർക്കാർ വക) ഭൂമി 1818ലെ പാട്ടവിളംബരപ്രകാരം ചാന്നാർ, ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ തുടങ്ങിയവരടക്കമുള്ള കുടിയാൻമാർക്ക് പാട്ടത്തിനു കൊടുത്തു. ആദ്യത്തെ 10 കൊല്ലത്തേക്ക് പാട്ടത്തുക കൊടുക്കേണ്ടതില്ലെന്നും നിർദേശിച്ചു. അവർണ സമുദായക്കാരും ക്രിസ്ത്യാനികളും ഇത്തരത്തിൽ സർക്കാർ തണലിൽ സമ്പന്നരാകുന്നതിനെ സവർണർക്ക് അംഗീകരിക്കാൻ പറ്റിയില്ല. ചാന്നാന്മാർക്കെതിരെയുള്ള ആക്രമണത്തിന് ശക്തികൂടാൻ കാരണം ഇതായിരുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും നടക്കാനുള്ള കാരണവും ഈഴവർ പണക്കാരായി വരുന്നതിലുള്ള സവർണരുടെ അസഹിഷ്‌ണുതയായിരുന്നു.

എൽഎംഎസ് പാതിരിമാരുടെ പ്രേരണയും ചാന്നാന്മാരിൽ ഒരു വിഭാഗത്തിന്റെ സാമ്പത്തിക തന്റേടവുമാണ് പുരുഷന്മാരും സ്ത്രീകളും തോൾശീലയിടാൻ കാരണമായത്. തോർത്തുമുണ്ട് തോളിൽ ഇടാനുള്ള അവകാശം സവർണർക്കു മാത്രമേയുള്ളൂ. അവർണർ അതിടാൻ പാടില്ല. അതുകൊണ്ടാണ് "തോൾശീല ഉരുമൈ' (അവകാശം) എന്ന് പ്രഖ്യാപിച്ചുകൊണ്ട് കലാപം 1822ൽ ആരംഭിക്കാൻ കാരണമായത്. "ഉഴിയവേലയ്‌ക്ക് വിടുതലൈ' (മോചനം) എന്ന പ്രഖ്യാപനം സാമ്പത്തിക മാനങ്ങളുള്ളതുമായിരുന്നു. ശുചീന്ദ്രം, മൈലാടി, കൽക്കുളം, ഇരണിയൽ, കരിങ്കൽ, അഴകിയ മണ്ഡപം, സ്വാമിയാർ മഠം, തിരുവട്ടാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കലാപം  വ്യാപിച്ചു. തെരുവുയുദ്ധമാണ് നടന്നത്. കൊടിയ മർദനങ്ങളും തീവയ്‌പും നടന്നു. പള്ളികളും വീടുകളും ആക്രമിക്കപ്പെട്ടു. ഭരണനേതൃത്വമാണ് മർദനത്തിന് നേതൃത്വം കൊടുത്തത്.

ഈ കലാപത്തിലെ ധീരരക്തസാക്ഷിയായിരുന്നു ശകുന്തളാദേവി (1783‐1828). എട്ടുവീട്ടിൽപിള്ളമാരിൽനിന്നും തമ്പിമാരിൽനിന്നും മാർത്താണ്ഡവർമയെ കാത്തുരക്ഷിച്ച അനന്തപത്മനാഭൻ നാടാർ എന്ന കളരിയഭ്യാസിയുടെ തച്ചൻവിള കുടുംബത്തിലെ കാലപ്പെരുമാൾ എന്ന പുരുഷൻ ശകുന്തളയെ കല്യാണം കഴിച്ചു. ചതിയിൽ കൊലചെയ്യപ്പെട്ട അനന്തപത്മനാഭന്റെ കുടുംബത്തിന് മാർത്താണ്ഡവർമ ധാരാളം ഭൂസ്വത്ത് കരമൊഴിവായി നൽകിയിരുന്നു. എന്നാൽ, നായർ പ്രമാണിമാർക്ക് അത്‌ ഇഷ്ടപ്പെട്ടില്ല. പരമ്പരാഗതമായി കളരികൾ നടത്തിവന്ന ഗുരുക്കന്മാരായിരുന്നു തച്ചൻവിളയിൽ. വേലുത്തമ്പിയുടെ ഭരണകാലത്ത് ആ കുടുംബത്തിനു നൽകിയിരുന്ന ഭൂസ്വത്തുക്കൾ സർക്കാർ തിരിച്ചെടുത്തു. ഇതിൽ പ്രതിഷേധിച്ച് വർഷങ്ങൾക്കുശേഷം ഇവർ ക്രിസ്തുമതത്തിൽ ചേർന്നു. ശകുന്തളാദേവി യേശുവടിയാൾ എന്നും  ഭർത്താവ് വേദമാണിക്കം എന്നും പേര്‌  സ്വീകരിച്ചു.  അഴകിയമണ്ഡപത്തിനടുത്തുള്ള കണ്ണന്നൂരിലെ തറവാട്ടു വളപ്പിൽ പള്ളി പണിയാൻ ഭൂമിയും നൽകി.

ഞായറാഴ്ച ദിവസം നിർബന്ധമായി ഊഴിയവേല ചെയ്യാനാവശ്യപ്പെട്ട ചില പ്രമാണിമാരുടെ തലയിലേക്ക് ഓലച്ചുമട് മാറ്റിവച്ചിട്ട് ചുമന്നുകൊണ്ടുപോകാൻ തച്ചൻ കളരിയാശാന്മാർ ആവശ്യപ്പെട്ടു. ഇത് അപമാനമായി കണ്ട പ്രമാണിമാർ അധികാരികളുടെ സഹായത്തോടെ പ്രത്യാക്രമണം നടത്തി. നായർപ്പട രംഗത്തെത്തിയപ്പോൾ ചാന്നാന്മാർ വീടുകളിൽനിന്ന് രക്ഷപ്പെട്ടു. വീടുകൾ ആക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും മർദിച്ചു. യേശുവടിയാളുടെ വീട്ടിൽ എത്തിയപ്പോൾ കുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷം വാളുമെടുത്തുകൊണ്ട് അവൾ പുറത്തേക്കുചാടി പടയാളികളെ നേരിട്ടു. കുപ്പായം ധരിച്ച് വാളുമെടുത്ത്‌ പാഞ്ഞുചെന്ന അവളെ പടയാളികൾ കീഴ്പ്പെടുത്തി. കുപ്പായവും അടിവസ്ത്രവും വലിച്ചുകീറി, കുതിരയുടെ കാലിൽ കെട്ടിയിട്ട് വലിച്ചിഴച്ചുകൊണ്ടുപോയി മരുതൂർക്കുറിച്ചി എന്ന സ്ഥലത്ത് ഒരു പ്ലാവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടു.  രക്തംവാർന്ന് അന്ന്‌ വൈകിട്ട്‌ ആ സ്ത്രീ മരിച്ചു. വാർത്തയറിഞ്ഞ് ഒളിവിൽപ്പോയ ചാന്നാന്മാർ തിരിച്ചെത്തി തിരിച്ചടിച്ചു. ജന്മി ഗൃഹങ്ങളും കോവിലുകളും ആക്രമിക്കപ്പെട്ടു. പലരും മരിച്ചുവീണു. നിരവധിപേർക്ക് മുറിവേറ്റു. സവർണർക്കുപോലും പൊതുവഴികളിൽകൂടി നടക്കാൻ ഭയമായി. സവർണസ്ത്രീകളും ആക്രമിക്കപ്പെടുമെന്ന സ്ഥിതി വന്നപ്പോൾ സർക്കാർ ഒത്തുതീർപ്പിനു തയ്യാറായി. അങ്ങനെയാണ് 1829 ജനുവരിയിൽ (1004 മകരം 23) ഒരു വിളംബരത്തിലൂടെ ലഹളയ്‌ക്കു കാരണമായ ചില പ്രശ്നങ്ങൾക്ക്‌ പരിഹാരമായത്.

ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാട്ടികൾക്ക് കുപ്പായം ധരിക്കാം. തോൾശീല പാടില്ല. ക്രിസ്തുമതത്തിൽ ചേർന്നവർ ഞായറാഴ്ചകളിൽ ഊഴിയവേല ചെയ്യേണ്ട.  ക്രിസ്തുമതത്തിൽ ചേരാത്തവർ കുപ്പായം ധരിക്കാനോ ഊഴിയവേല ചെയ്യാതിരിക്കാനോ പാടില്ല. ഇതിന്റെ ഫലമായി ക്രിസ്തുമതത്തിൽ ചേരുന്നവരുടെ എണ്ണം വർധിച്ചു. അരുമന, കുലശേഖരം, കുഴിത്തറ, വിളവംകോട്, പാറശാല, നെയ്യാറ്റിൻകര, ഓലത്താന്നി, കമുകിൻകോട്, ആറാലുംമൂട്, ബാലരാമപുരം എന്നീ പ്രദേശങ്ങളിലേക്ക് ലഹള വ്യാപിച്ചു. മിഷണറിമാർ മദിരാശി സർക്കാരിൽ പരാതിപ്പെട്ടു. തിരുവിതാംകൂറിനെ ബ്രിട്ടീഷിന്ത്യയിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ 1857ൽ ഡൽഹൗസി പ്രഭു ഊട്ടിയിൽ എത്തി മദ്രാസ് ഗവർണറുമായി ചർച്ച നടത്തി. എന്നാൽ, ഉത്തരേന്ത്യയിൽ കലാപം ഉണ്ടായതിനാൽ ഡൽഹൗസി പെട്ടെന്ന് മടങ്ങിപ്പോയി.

സ്വാതി തിരുനാളിന്റെ കാലത്തു തുടങ്ങിയിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടൽ കാരണം ഊഴിയവേല ഇല്ലാതായി. എല്ലാവിധ സർക്കാർ ജോലികൾക്കും കൂലി നിശ്ചയിക്കപ്പെട്ടു. അടിമത്തവും അടിമക്കച്ചവടവും നിരോധിച്ചു. ഊഴിയവേലയെന്ന സാമ്പത്തിക പ്രശ്നത്തിന് പരിഹാരം ആയതിനാൽ തോൾശീല പ്രശ്നത്തിനും പരിഹാരമായി. ക്രിസ്തുമതത്തിൽ ചേരാത്ത ചാന്നാട്ടികൾക്കും കുപ്പായം ധരിക്കാമെന്ന് 1859ൽ സർക്കാർ ഉത്തരവിറക്കി. എല്ലാ വിഭാഗം സ്ത്രീകൾക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്ന് 1865ൽ ഉത്തരവിറക്കി. സനാതനധർമം പിടിവാശി ഉപേക്ഷിച്ചു. പൊതു ഇടങ്ങളിലെ വേഷം ദേവാലയ പ്രവേശനത്തിന് തടസ്സമായി നിന്നു. രണ്ടാം മുണ്ടും സാരിയും ധരിച്ച സ്ത്രീകളെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറ്റിയില്ല. "സ്വദേശാഭിമാനി' പത്രത്തിൽ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടപ്പോൾ ആ തടസ്സവും നീങ്ങി. ഇപ്പോൾ ചുരിദാർ ധരിച്ചുകൊണ്ട് ക്ഷേത്രപ്രവേശം വേണമെന്നാണ് ആവശ്യം. സനാതനധർമം ഭേദഗതി ചെയ്ത് സ്ത്രീകൾ അതു നേടിയെടുക്കട്ടെ. പക്ഷേ സനാതന ധർമസംരക്ഷകരായ പുരുഷന്മാർ ഇപ്പോഴും കുപ്പായം ഊരിവച്ച് നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് കോവിലുകളിൽ കയറുന്നു. കൗപീനമാത്രധാരികളായ സന്യാസിമാർ ധർമസംസ്ഥാപനത്തിനായി തെരുവുകളിൽ പ്രകടനം നടത്തുമ്പോൾ പ്രബുദ്ധ കേരളത്തിലെ പുരുഷന്മാർ മുണ്ടുടുത്തെങ്കിലും കോവിലുകളിൽ കയറുന്നുണ്ടല്ലോ.

മാനവികത ഉൾപ്പെടെയുള്ള എല്ലാ മൂല്യങ്ങളും ധർമങ്ങളും മനുഷ്യനിർമിതമാണ്. ആചാരത്തെ അനാചാരത്തിൽനിന്നും വിശ്വാസത്തെ അന്ധവിശ്വാസത്തിൽനിന്നും തിരിച്ചറിയലാണ് പ്രബുദ്ധത. പ്രബുദ്ധതയ്ക്കു ക്ലാവുപിടിച്ചാൽ തിരുമ്മി തിളക്കമുള്ളതാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top