25 April Thursday

സിന്ദൂരവും താലിയും

അമ്മു ദീപUpdated: Sunday Jan 26, 2020


വിവാഹമണ്ഡപത്തിൽവച്ചാണ് ഒരു പെൺകുട്ടി ആദ്യമായി സിന്ദൂരമണിയുക. മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും മുന്നിൽവച്ച് വരൻ വധുവിന്റെ സീമന്തരേഖയിൽ ചുവന്ന സിന്ദൂരപ്പൊടി അണിയിക്കുന്നു. എന്താണീ സീമന്തരേഖ? സീമന്തരേഖ, അഥവാ ഇരുവശത്തേക്കും വകഞ്ഞുവച്ച നെറുക തുറന്നുവച്ച യോനിയുടെ പ്രതീകമാണെന്ന് ചിഹ്നവിജ്ഞാനീയക്കാർ നിസ്സംശയം പറയും. അപ്പോൾ എന്താണീ സിന്ദൂരം? പറയാം.

താലി ചാർത്തി സ്വന്തമാക്കുന്ന പെൺകുട്ടി ‘കന്യക'യാണെന്നാണല്ലോ വയ്‌പ്‌. അവളുടെ കന്യകാത്വം അന്നത്തോടെ തകർക്കപ്പെടുകയാണ്. ആ പരസ്യപ്രഖ്യാപനത്തിന്റെ വിധ്വംസകമായ ചിഹ്നമാണ് സിന്ദൂരം. സിന്ദൂരം രക്തപ്രതീകമാണെന്നർഥം. കന്യകാത്വം നഷ്ടപ്പെട്ടവളാണ് സിന്ദൂരം തൊട്ട്‌ നടക്കേണ്ടത്. അഥവാ, ഞാൻ കന്യകയല്ലെന്നുള്ള വിളിച്ചുകൂവലാണ് സിന്ദൂരം തൊടൽ. അപ്പോൾ താലിയോ?

ഇലത്താലി, കുഴിത്താലി എന്നിങ്ങനെ വ്യത്യസ്‌ത ഇന്ത്യൻസമൂഹങ്ങളിൽ കാണപ്പെടുന്ന എല്ലാ താലികളും യോനീപ്രതീകങ്ങളാണ്. അധികമൊന്നും ആധുനികവൽക്കരിച്ചിട്ടില്ലാത്ത ഒരു താലിയെ സസൂക്ഷ്‌മം പരിശോധിച്ചാൽ അതിൽ സ്‌ത്രീജനനേന്ദ്രിയത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രതീകാത്മകമായി രേഖപ്പെടുത്തിവച്ചിരിക്കുന്നത് കാണാം. (ആൺകുട്ടിക്കും പെൺകുട്ടിക്കും വെവ്വേറെ അരഞ്ഞാണങ്ങളുള്ളത്‌ ശ്രദ്ധിച്ചിട്ടുള്ളവർക്ക് ഇത് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. പെൺകുട്ടിയുടെ അരഞ്ഞാണത്തിൽ ആലിലയുടെ ആകൃതിയുള്ള ഞാത്താണുള്ളതെങ്കിൽ ആൺകുട്ടിക്കത് ലിംഗപ്രതീകാത്മകമാണ്.)  അതായത്, വിവാഹത്തോടെ ഒരുവളുടെ സ്വത്വം യോനിയിലേക്ക് ചുരുങ്ങുകയാണ്. മറിച്ച് പുരുഷൻ ഈ അടയാളം തൂക്കിനടക്കുന്നുമില്ല. അവന് ഉടസ്ഥാവകാശികളില്ല. പരമ സ്വതന്ത്രൻ.

വിവാഹത്തോടെ അവന്റെ സാമൂഹ്യപദവിയിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. അതിനവനെ കിട്ടുകയുമില്ല. സ്വന്തം ജനനേന്ദ്രിയം കഴുത്തിൽ തൂക്കിനടക്കുന്ന സ്ത്രീകളെ കാണുമ്പോൾ സത്യംപറയാല്ലോ എനിക്ക് പാവംതോന്നാറുണ്ട്. അവർക്കറിയില്ലല്ലോ അതിന്റെ സ്‌ത്രീവിരുദ്ധമാനങ്ങൾ. അശ്ലീലങ്ങൾ. ഒഴിവു കിട്ടുമ്പോഴൊക്കെ ഞാനെന്റെ കുട്ടികളോട് ഇതേപ്പറ്റിയൊക്കെ ചർച്ച ചെയ്യാറുണ്ട്.  കെ ആർ  മീരയുടെ ഓർമയുടെ ഞെരമ്പിൽ സിന്ദൂര വിമർശത്തിലേക്കുള്ള പഴുതുകൾ ഉണ്ട്. കുട്ടികൾ മൂക്കത്ത് വിരൽവച്ച് അയ്യേ അയ്യയ്യേന്ന് പറയാറുണ്ട്.അവരിലാണെന്റെ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top