26 April Friday

ദാക്ഷായണി വേലായുധൻ; ജാതീയതയെ ‘തുഴഞ്ഞുമാറ്റി’ ഭരണഘടനയിൽ ഒപ്പുവച്ച ധീരവനിത

സുമേഷ‌് കെ ബാലൻUpdated: Monday Nov 26, 2018

തിരുവനന്തപുരം > ദളിതർക്ക‌്  പൊതുവഴിയിലൂടെ നടക്കാൻ കഴിയാതിരുന്ന കാലത്ത‌് കടത്തുവഞ്ചിയിൽ കായൽ കടന്നുപോയി പഠിച്ച‌്, ചരിത്രം രചിച്ച ധീരവനിതയുണ്ടായിരുന്നു കൊച്ചി മുളവുകാട്ടിൽ. ഭരണഘടനാനിർമാണ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഏക ദളിത‌് വനിതയുമായ ദാക്ഷായണി വേലായുധനാണവർ.  1949 നവംബർ 26ന‌് ഡോ.ബി ആർ അംബേദ‌്കർക്കൊപ്പം ഇന്ത്യൻ ഭരണഘടന അംഗീകരിച്ച‌്  ഒപ്പുവച്ച മലയാളിയായിരുന്നു ഈ വനിത . കൊച്ചിയിലെ തുരുത്തിൽനിന്ന‌് ജാതി സൃഷ്ടിച്ച പ്രതിബന്ധങ്ങളെ തുഴഞ്ഞുമാറ്റി മുന്നോട്ടേക്ക‌് കുതിച്ച ദാക്ഷായണിയുടെ ജീവിതവഴികളെക്കുറിച്ച‌് മകളും സാമൂഹ്യചിന്തകയുമായ ഡോ.മീര വേലായുധൻ ഓർക്കുന്നു: ‘‘സമൂഹത്തിൽനിന്ന‌് ജാതിയുടെപേരിൽ അകറ്റി നിർത്തിയപ്പോഴൊന്നും കരഞ്ഞ‌് തളർന്ന‌് മാറിനിൽക്കാൻ അമ്മ തയ്യാറായില്ല. ആരുടെ മുന്നിലും തലയുയർത്തിനിന്ന‌്, ചോദ്യങ്ങൾ ചോദിച്ച‌് പോരാടിയായിരുന്നു ജീവിതം. അതുകൊണ്ടാകാം ജാതി സൃഷ്ടിച്ച‌് അതിരുകൾക്കും വിലക്കുകൾക്കും അപ്പുറത്തേക്ക‌് സഞ്ചരിക്കാനായത‌്’’.

  അംബേദ‌്കറിന്റെ നേതൃത്വത്തിലുള്ള 299 അംഗ ഭരണഘടനാ നിർമാണ സഭയിൽ 15 പേർ സ‌്ത്രീകളായിരുന്നു. അതിൽ ഒരാൾ അമ്മയായിരുന്നു എന്നത‌് അഭിമാനകരമാണെന്ന‌് മീര പറഞ്ഞു. ദാക്ഷായണി എന്ന പേര‌് തന്നെ ജാതിക്രമത്തിന്റെ ലംഘനമാണ‌്. ചക്കി, കാളി, കുറുമ്പ തുടങ്ങിയ പേരുകളായിരുന്നു അക്കാലത്ത‌് പുലയസ‌്ത്രീകൾക്ക‌് ഉണ്ടായിരുന്നത‌്. ദക്ഷന്റെ മകൾ എന്ന അർഥത്തിൽ പാർവതിയുടെ പര്യായമായ പേര‌് വ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു.

  1912 ജൂലൈ നാലിനാണ‌് ദാക്ഷായണിയുടെ ജനനം. മുളവുകാട‌് സെന്റ‌്മേരീസ‌് സ‌്കൂളിലായിരുന്നു  പ്രൈമറി വിദ്യാഭ്യാസം. ചാത്യാത്ത‌് എൽഎംസി ഹൈസ‌്കൂളിൽനിന്ന‌് ഇഎസ‌്എൽസിയും മഹാരാജാസ‌് കോളേജിൽനിന്ന‌് ബിരുദവും പാസായി. കൊച്ചി രാജ്യത്തിൽനിന്ന‌് ഇഎസ‌്എൽസി പാസാകുന്ന ആദ്യ ദളിത‌് വനിത, ഇന്ത്യയിൽ ആദ്യമായി ബിരുദം നേടിയ ദളിത‌് വനിത എന്നീ ബഹുമതികളും ദാക്ഷയണിക്ക‌് സ്വന്തം. കൊച്ചിയിൽ മാറ‌് മറച്ച‌് കുപ്പായം ധരിച്ച‌് ചരിത്രം സൃഷ്ടിച്ചു. 



മഹാരാജാസ‌് കോളേജിൽ രസതന്ത്രത്തിൽ ബിരുദത്തിന‌് ചേരുമ്പോൾ ആ കോഴ‌്സിന‌് പെൺകുട്ടികൾ ആരുമുണ്ടായിരുന്നില്ല. അയിത്ത ജാതിക്കാരിയായതിനാൽ ലാബിലെ പരീക്ഷണങ്ങൾ ദൂരെനിന്ന‌് നോക്കിനിൽക്കണം. മദ്രാസിൽനിന്ന‌് അധ്യാപന പരിശീലനം നേടിയശേഷമാണ‌് തൃശൂരിൽ സർക്കാർ സ‌്കൂളിൽ അധ്യാപികയാകുന്നത‌്. അധ്യാപിക ആയിരുന്നിട്ടും സഹപ്രവർത്തകർ അക്കാലത്ത‌് അകറ്റിനിർത്തി. സഹഅധ്യാപകർ കുട്ടികളുടെ കോപ്പി ബുക്ക‌് കൈയിലേക്ക‌് ഇട്ടുകൊടുക്കുമ്പോൾ അത‌് വാങ്ങാൻ അമ്മ വിസമ്മതിച്ചിരുന്നെന്ന‌് മീര ഓർക്കുന്നു.

1940ൽ ഗാന്ധിജിയുടെ വാർധ ആശ്രമത്തിലായിരുന്നു വിവാഹം. മുൻ രാഷ‌്ട്രപതി കെ ആർ നാരായണന്റെ ഇളയച്ഛനും ആദ്യ പാർലമെന്റിലെ അംഗവുമായിരുന്ന ആർ വേലായുധനായിരുന്നു വരൻ. ഗാന്ധിജിയുടെയും കസ‌്തൂർബയുടെയും സാന്നിധ്യത്തിൽ ഒരു കുഷ‌്ഠരോഗിയുടെ കാർമികത്വത്തിലായിരുന്നു വിവാഹം. 1945ൽ കൊച്ചിൻ ലെജിസ‌്ലേറ്റീവ‌് അസംബ്ലി അംഗമായി.1946ലാണ‌് ഇന്ത്യൻ ഭരണഘടന നിർമാണ സമിതി അംഗമാകുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top