20 April Saturday

എൻറെ പെണ്ണുങ്ങളേ,നിങ്ങൾ തളരരുത്...നീലു മാത്തൻ എഴുതുന്നു

നീലു മാത്തൻUpdated: Friday Jan 18, 2019

നീലു മാത്തൻ

നീലു മാത്തൻ

"അതേ, ശബരിമലയിൽ കയറാനും വനിതാ മതിലിൽ അണിനിരക്കാനും പോയ പെണ്ണുങ്ങളെ നിങ്ങൾ പ്രചോദനമാണ് അനേകർക്ക്. നമ്മൾ നടത്തുന്ന യുദ്ധങ്ങളും, വിളിക്കുന്ന മുദ്രാവാക്യങ്ങളും ഒന്നും നമ്മുടെ അതിരുകൾക്കുള്ളിൽ നിൽക്കുന്ന കാലമല്ലല്ലോ. ഒരു പൂമ്പാറ്റയുടെ ചിറകടി ശബ്ദം ദൂരെ എവിടെയെങ്കിലുമൊക്കെ എന്നെങ്കിലും കൊടുങ്കാറ്റുകൾ ഉണ്ടാക്കുക തന്നെ ചെയ്യും'...നീലു മാത്തൻ എഴുതുന്നു 

ള്ളിപ്പറയലുകളാണ് ആദ്യം വരിക, സ്വന്തം നാട്ടിൽ നിന്നും ജനിച്ച വീട്ടിൽ നിന്ന് തന്നെയും. ഈ തള്ളിപ്പറയലുകൾ അവകാശ സമരങ്ങൾക്ക് ഇറങ്ങുന്ന ആരെയും ഒന്ന് തളർത്തും. മറ്റുള്ളവരിൽ നിന്നും ഏറെ മുൻപേ നടക്കുന്നവർ പെട്ടെന്ന് അംഗീകരിക്കപ്പെടാറില്ലല്ലോ, ലോകത്ത് എവിടെ ആയാലും. ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ്ഗയ്ക്ക് വീട്ടിൽ അമ്മായിയമ്മയുടെ മർദനമേൽക്കുന്നു,ബിന്ദു ടീച്ചറുടെ കുട്ടിയെ സ്‌കൂളിൽ പഠിക്കാൻ സമ്മതിക്കാതെ ദ്രോഹിക്കുന്നു. 

പക്ഷേ എന്റെ പെണ്ണുങ്ങളെ നിങ്ങൾ തളരരുത്, നിങ്ങളുടെ ചെറുത്തുനിൽപ്പുകൾ കേരളത്തിലെയോ ഇന്ത്യയിലെയോ സ്ത്രീകൾക്ക് മാത്രമല്ല, മറ്റനേകം ഇടങ്ങളിൽ സ്ത്രീകൾക്ക് പ്രചോദനമായിട്ടുണ്ട്

പെണ്ണുങ്ങളെ പേടിക്കുന്ന മതങ്ങൾ/മതമനുഷ്യർ ഇസ്രയേലിലും ഗ്രീസിലുമൊക്കെയുണ്ട്. ഗ്രീക്ക് ഓർത്തഡോക്സ്‌, റഷ്യൻ ഓർത്തഡോക്സ്‌ എന്നീ വിഭാഗങ്ങളൊക്കെ ഉൾപ്പെടുന്ന ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമ സമൂഹമാണ് ഗ്രീസിലെ മൌണ്ട് ആതോസ്. ഗ്രീസിന്റെ ഒരറ്റത്തായി സ്ഥിതി ചെയ്യുന്ന, സ്വയം ഭരണാധികാരമുള്ള ഒരു അർദ്ധദ്വീപാണ് മൗണ്ട് ആതോസ്. പക്ഷേ സ്ത്രീകൾക്ക് പ്രവേശനമില്ല. എന്ന് മാത്രമല്ല, സ്ത്രീ വർഗ്ഗത്തിൽ പെട്ട യാതൊന്നിനും പ്രവേശനമില്ല, ആട്, പശു, കോഴി ഉൾപ്പടെ. എന്നാലും അവിടെ താമസിക്കുന്ന സന്യാസിമാർക് ആഹാരം കഴിക്കണമല്ലോ? അത് കൊണ്ട് അധികച്ചിലവിന്റെ ബാധ്യത ഏറ്റെടുത്തു ഗ്രീസിൽ നിന്ന് ബോട്ട് വഴി പാൽ, മുട്ട, വെണ്ണ ഒക്കെ ആതോസിലേക്ക് കൊണ്ടു വരികയാണ് ചെയ്യുന്നത്. കാരണം നമുക്ക് പരിചയമുള്ളത് തന്നെ, സന്യാസിമാരുടെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കൽ . വിശുദ്ധ കന്യാമറിയത്തിനു തന്റെ മകനായ യേശു സമ്മാനിച്ചതാണ് ആതോസ് എന്നും, അവിടെ വേറെ പെണ്ണുങ്ങൾ കയറുന്നത്  മറിയത്തിനു ഇഷ്ടമല്ലെന്ന് ഒരു ഐതിഹ്യം കൂടെയുണ്ട് ഈ സ്ത്രീ നിരോധനത്തിന് ശക്തി പകരാൻ.

അല്ലെങ്കിലും നമുക്ക് മിക്കപ്പോഴും മതത്തിനുള്ളിൽ പെണ്ണിനെ ബഹുമാനിക്കണമെങ്കിൽ അവൾ പെണ്ണത്തവും മാനുഷിക ഭാവവും വെടിഞ്ഞു നിത്യകന്യക ആകണമല്ലോ? മീരാ ബായി, അക്ക മഹാദേവി, മറിയം (കന്യാമറിയം അല്ലെങ്കിൽ യേശുവിന്റെ അമ്മ. മഗ്ദലന മറിയം എന്നൊക്കെ പറയുന്ന പോലെ വേറിട്ട് നിൽക്കുന്ന ഒരു പേര് പോലുമില്ല ) തൊട്ടു ഇന്നത്തെ കന്യാസ്ത്രീമാരും സന്യാസിനികളും വരെ. അധികാര സ്ഥാനങ്ങളെ വെല്ലുവിളിക്കാൻ മിടുക്ക് കാണിക്കുന്ന ജൊവാൻ ഓഫ് ആർക്കിനെ ആദ്യം കൊല്ലും, പിന്നെ വിശുദ്ധയാക്കും. യാഥാസ്ഥിതിക ജീവിതം നയിക്കാത്ത മഗ്ദലന മറിയമോ ഈജിപ്തിലെ മേരിയോ ( St. Mary of Egypt എന്നാണ് അറിയപ്പെടുന്നത്. കത്തോലിക്കാ, ഓർത്തഡോക്സ്‌ സഭകളിലെ ഒരു പ്രധാന വിശുദ്ധയാണ് ) ആയാൽ അവളെ ആദ്യം പാപിയും വഴിപിഴച്ചവളുമായി മുദ്ര കുത്തി, പിന്നീട് മാനസാന്തരപ്പെടുത്തി ശുദ്ധി വരുത്തി വിശുദ്ധ ആക്കും. ഈ കഥകളുടെ എല്ലാം അടിസ്ഥാനം ആണുങ്ങൾ എഴുതിയ ചരിത്രങ്ങളും!

ജറുസലേമിലെ വെസ്റ്റേൺ വോൾ യഹൂദരുടെ ( അവരുടെ പഴയ ദേവാലയത്തിന്റെ ചുറ്റുമതിൽ ആണെന്ന് വിശ്വസിക്കുന്നു ) ഒരു പ്രധാന പ്രാർത്ഥനാ കേന്ദ്രമാണ്, പക്ഷേ അവിടെ യഹൂദ സ്ത്രീകൾക്ക് ഉറക്കെ പ്രാർത്ഥിക്കാനോ, വിശുദ്ധ ഗ്രന്ഥം ഉറക്കെ വായിക്കാനോ പുരുഷന്മാർ ധരിക്കുന്ന പോലെ ആചാര വസ്ത്രങ്ങൾ ധരിക്കാനോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ പുരുഷന്മാരോട് ഒപ്പം നിന്ന് പ്രാർത്ഥിക്കാനോ അനുവാദമില്ല. സ്ത്രീകൾ ഒരു പ്രത്യേക  വളപ്പിനുള്ളിൽ മാത്രം നിന്ന് വേണം പ്രാർത്ഥിക്കാൻ. കുറെ വർഷങ്ങളായി സ്ത്രീ സംഘടനകൾ അനുവാദം തേടി കോടതിയെയും സർക്കാരിനെയും സമീപിക്കുന്നു, പരിഹാരം ആയിട്ടില്ല. വുമൺ ഓഫ് ദി വോൾ (Women of the Wall - WOW) എന്ന സംഘടന എല്ലാ മാസവും തുടക്കത്തിൽ തന്നെ പ്രാർത്ഥിക്കാൻ ചെല്ലും, യാഥാസ്ഥികരും പോലീസും തടയും, ചിലപ്പോൾ പ്രാർത്ഥിക്കാൻ ചെല്ലുന്ന സ്ത്രീകളെ അറസ്റ്റും ചെയ്യാറുണ്ട്. ഈ സ്ത്രീകൾക്കെതിരെ വളരെ ബഹളം നിറഞ്ഞ പ്രതിഷേധ പ്രകടനങ്ങൾ ആണ് മിക്കപ്പോഴും നടക്കുന്നത്.

'ആചാരം ലംഘിച്ച് ' സ്ത്രീകള്‍ പ്രാര്‍ഥിയ്ക്കുന്നതിനെതിരെ ജറുസലേമിലെ ഒരു പ്രകടനം ഇവിടെ കാണാം :

ആരാധനയില്‍ തുല്യത ആവശ്യപ്പെട്ടുള്ള ജറുസലേമിലെ സ്ത്രീകളുടെ പ്രതിഷേധം താഴെ:

ലെസ്ലി സാക്‌സ് വുമൺ ഓഫ് ദി വോളിന്റെ ഡയറക്ടർ ആണ്, ശബരിമല വിഷയവും വനിതാ മതിലും സംബന്ധിച്ച വാർത്തകൾ കണ്ട് അവർ എഴുതിയ ബ്ലോഗ് പോസ്റ്റ് ലിങ്ക് ചെയ്യുന്നു. അവർ പറയുന്നു, " I am moved and inspired by the women of Sabarimala to continue fighting , praying and singing our way to true progress at the Western Wall and beyond ". അതേ, ശബരിമലയിൽ കയറാനും വനിതാ മതിലിൽ അണിനിരക്കാനും പോയ പെണ്ണുങ്ങളെ നിങ്ങൾ പ്രചോദനമാണ് അനേകർക്ക്. നമ്മൾ നടത്തുന്ന യുദ്ധങ്ങളും, വിളിക്കുന്ന മുദ്രാവാക്യങ്ങളും ഒന്നും നമ്മുടെ അതിരുകൾക്കുള്ളിൽ നിൽക്കുന്ന കാലമല്ലല്ലോ. ഒരു പൂമ്പാറ്റയുടെ ചിറകടി ശബ്ദം ദൂരെ എവിടെയെങ്കിലുമൊക്കെ എന്നെങ്കിലും കൊടുങ്കാറ്റുകൾ ഉണ്ടാക്കുക തന്നെ ചെയ്യും.

വുമൺ ഓഫ് ദി വോളിന്റെ ഡയറക്ടർ ലെസ്ലി സാക്‌സ്  വനിതാമതിലിനെ പറ്റി എഴുതിയ ലേഖനം ഇവിടെ:

 

 

 

 

 

 

എൻ.ബി: പലർക്കും ഉണ്ടാകാവുന്ന സംശയമാണ് എന്ത് കൊണ്ട് ലെസ്ലി സാക്‌സ് വനിതാ മതിലിനെ ഹിന്ദു സ്ത്രീകളുടെ മതിലായി കാണുന്നുവെന്ന്. ഇന്ത്യക്ക് വെളിയിൽ പലപ്പോഴും നമ്മൾ എല്ലാരും "ഹിന്ദു" എന്നും നമ്മുടെ ഭാഷ "ഹിന്ദു" എന്നുമൊക്കെയാണ് പലരും കരുതുന്നത്. അതിന്റെ ഭാഗമായി ആകാം, അല്ലെങ്കിൽ ഒരു ഗവണ്മെന്റ് ഇങ്ങനെ ഒരു സാമൂഹ്യ മാറ്റത്തിനായി മുൻകൈയെടുത്തു ഒരു പൊതുജന പങ്കാളിത്തമുള്ള പരിപാടി സംഘടിപ്പിക്കും എന്നുള്ളത് അപൂർവം ആയതിനാലാകാം. ഒരു കൂട്ടം സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യത്തിൽ തുടങ്ങിയെങ്കിലും എല്ലാ സ്ത്രീകളെയും ബാധിക്കുന്ന പുരുഷമേധാവിത്വം എന്ന പ്രശ്നത്തിനെതിരെ എല്ലാ പെണ്ണുങ്ങളും അണി നിരക്കേണ്ടതുണ്ട് എന്ന നമ്മുടെ രാഷ്ട്രീയബോധം ലോകത്തിന് മനസ്സിലാകാത്തതുമാകാം.

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top