25 April Thursday

‘‘നീവ്‌രി എമ്ത്ത് നാട്‌ക്കെ വന്താത് നീ എമ്ത്ത് നായത്തെ പേസൊണം''... അട്ടപ്പാടിയില്‍ നിന്നൊരു വര്‍ത്തമാനം

മിത്രാ സിന്ധു mithrasplayhouse@gmail.comUpdated: Sunday Jul 31, 2022

‘‘നീവ്‌രി എമ്ത്ത് നാട്‌ക്കെ വന്താത് നീ എമ്ത്ത് നായത്തെ പേസൊണം''

വർഷങ്ങൾക്കുമുമ്പ് അട്ടപ്പാടിയിലെ ഒരു സർക്കാർ ഓഫീസിൽനിന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടാണ് നിസ്സഹായതയോടെ കാടമൂപ്പത്തി ഇറങ്ങി നടന്നത്! താൻ പറയുന്നതൊന്നും ഓഫീസിലുള്ള ഉദ്യോഗസ്ഥർക്കും അവർ പറയുന്നത് തനിക്കും മനസ്സിലാകാതെ വന്നപ്പോഴുണ്ടായ ആശയസംഘട്ടനങ്ങൾക്കൊടുവിലാണ് ക്ഷുഭിതയെങ്കിലും സൗമ്യമായി കാടമൂപ്പത്തിക്ക് ഇങ്ങനെ പറയേണ്ടിവന്നത്.  ‘ഞങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയണം' എന്ന അധിക്ഷേപത്തിനായിരുന്നു അന്ന് കാടമൂപ്പത്തി തന്റെ ഇരുള ഭാഷയിൽ മറുപടി നൽകിയത്.

"നിങ്ങൾ എന്റെ നാട്ടിലേക്ക് വന്നവരല്ലേ? അതുകൊണ്ട് നിങ്ങൾ ഞങ്ങളുടെ ഭാഷയല്ലേ പറയേണ്ടത്? എന്തിനാണ് നിങ്ങളുടെ ഭാഷയിൽ പറയാൻ എന്നെ നിർബന്ധിക്കുന്നത്?’

ഇന്ന് കഥയാകെ മാറിയിരിക്കുന്നു. ഒരൊറ്റ പാട്ടുകൊണ്ടാണ് നഞ്ചിയമ്മ എന്ന ഗോത്രകലാകാരി തങ്ങളുടെ ജീവൽ ഭാഷയെ അത്രമേൽ തിരസ്‌കരിച്ചവരുടെയെല്ലാം ഈഗോയെ തകർത്ത് തരിപ്പണമാക്കിക്കളഞ്ഞത്. വേരറ്റുപോയ തങ്ങളുടെ മാതൃഭാഷയുടെ ഇനിയും അവശേഷിക്കുന്ന ഉയിരാണ് തന്റെ അനിഷേധ്യമായ ശബ്ദസാന്നിധ്യത്തിലൂടെ കാട്ടിൽ ആടുമേച്ച് ഉപജീവനം നടത്തിയിരുന്ന ഈ ഗ്രാമവൃദ്ധ തിരിച്ചുപിടിച്ചത്. ഗോത്രസംഗീതത്തിന്റെ ശക്തിപ്രഭാവം തന്നെയാണിത്. ഒപ്പം ഒരു സമൂഹത്തിന്റെയാകെ അതിജീവനവും. വെറും മുപ്പതിനായിരത്തിൽതാഴെ ആളുകൾ മാത്രം സംസാരിക്കുന്ന ഒരു ഭാഷയാണ് അവർ ലോകം മുഴുവനും  കേൾപ്പിച്ചത്.

നഞ്ചിയമ്മയും മിത്രാ സിന്ധുവും

നഞ്ചിയമ്മയും മിത്രാ സിന്ധുവും

അർഥമറിയാത്ത കൃത്യമായ വാക്കുകൾ പോലും വേർതിരിച്ചറിയാനാകാത്ത ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാടിനടന്നത് മൂന്നു ദശലക്ഷത്തിലധികം ആളുകളാണ്. അതിലപ്പുറം ട്രോളുകളായും റീലുകളായും റീമിക്‌സുകളായും മ്യൂസിക് ആൽബങ്ങളായും മറ്റേതൊരു ഭാഷയെക്കാളും ഉയരത്തിൽ അത് പറന്നുനടന്നു.

നഞ്ചിയമ്മ ഈ പാട്ടുകൾ തനിയെ പാടാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടായി. മറ്റുള്ളവർക്കായി പാടിത്തുടങ്ങിയിട്ട് രണ്ടു ദശാബ്ദത്തിലേറെയുമായി. എന്നാൽ, ഒരു ജനകീയ സിനിമയുടെ ഭാഗമാകുകയും മുഖ്യധാരാ നടന്മാരുടെ പിന്തുണ ലഭ്യമാകുകയും ചെയ്തപ്പോൾ മാത്രമാണ് അവരെ കേൾക്കാൻ ആളുണ്ടായത് എന്നത് മറ്റൊരു തരത്തിൽ ചർച്ചാവിഷയമാകേണ്ട ഒന്നാണ്.

ഏതായാലും പുത്തൻ ട്രെൻഡുകളുടെ ഭാഗമായി ഗോത്രഗാനങ്ങൾക്ക് ആവശ്യക്കാരായി. ഗോത്രതാളത്തിന്റെ ചടുലതയും വ്യത്യസ്തതയുമാണ് ഇതിന്റെ അടിസ്ഥാനമെന്നതിൽ തർക്കമില്ല. ജനകീയ സിനിമകൾക്ക് മേളക്കൊഴുപ്പേകാൻ "കിടക്കട്ടെ ഒരു നഞ്ചിയമ്മ പാട്ടുകൂടി " എന്ന നിലയിലാണ് പലരും ഗോത്രഗാനങ്ങളെ ഇപ്പോൾ സമീപിക്കുന്നത്.

എന്നാൽ, ഇത് മാത്രമാണോ ഗോത്രഗാനങ്ങൾ? താളാത്മകമായ വരികൾക്കും വായ്ത്താരികൾക്കുമപ്പുറം ഒരു വലിയ ജീവിതപാരമ്പര്യം തന്നെയുണ്ട് ഗോത്രഗാനങ്ങൾക്ക്. ഒരു സംസ്‌കാരത്തിന്റെ ശേഷിപ്പുകൂടിയാണവ. കേരളത്തിൽമാത്രം മുപ്പതിലേറെ ഗോത്രവിഭാഗങ്ങളുണ്ടല്ലോ. ഓരോ ഗോത്രവിഭാഗത്തിനും തനതായ മാതൃഭാഷയും വ്യവഹാരരീതിയും ജീവിതരീതിയുമുണ്ട്. സ്വന്തമായി ലിപി ഇല്ലെങ്കിലും ഈ ഭാഷകൾക്കെല്ലാം സ്വതന്ത്രമായ അസ്തിത്വമുണ്ട്. കൃത്യമായ വ്യാകരണ നിയമങ്ങളുണ്ട്. കഥകളും പാട്ടുകളും കടങ്കഥകളും പഴഞ്ചൊല്ലുകളുമുണ്ട്. പാട്ടും നൃത്തവും ഗോത്രജനതയ്‌ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഈണത്തിൽ പാടാനും ചുവടുവയ്‌ക്കാനും സാധിക്കുന്നവയാണ് ഓരോ പാട്ടും. ഇമ്പമാർന്നതും വഴക്കമുുള്ളതുമായ വായ്ത്താരികളാണ് ആദിവാസി ഗാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. സംഘം ചേർന്ന് പാടുന്നവയായതുകൊണ്ടുതന്നെയാകണം പാട്ടിൽ വരികളേക്കാളേറെ വായ്ത്താരികൾക്ക് പ്രാമുഖ്യമുണ്ടായതും.

യഥാർഥത്തിൽ ആദിവാസി ഗാനങ്ങളുടെ മർമമെന്നത് അതിന്റെ അർഥവും ഓരോ പാട്ടും പ്രയോഗിക്കപ്പെടുന്ന സന്ദർഭവും ചേർന്നതാണ്. ലിപിയില്ലാത്ത വാമൊഴി ഭാഷയിൽ പരമ്പരാഗതമായി അറിവുകൾ കൈമാറുന്നതിനുള്ള ഉപാധികൂടിയായിരുന്നു ആ പാട്ടുകൾ. അത്തരത്തിൽ ഓരോ പാട്ടും ഓരോ കഥ തന്നെയാണ്.

വിത്തിടൽ ചടങ്ങ്, വിളവെടുപ്പുത്സവമായ "കമ്പളം’, വിവാഹം, മരണാനന്തരചടങ്ങായ "ചീര്’ തുടങ്ങിയ അവസരങ്ങളിലെല്ലാം സംഘം ചേർന്ന് പാടുകയും ആടുകയും ചെയ്യുന്നവരാണ് ഗോത്രജനത. ആദിവാസി ജീവിതത്തിനാകെത്തന്നെ ഒരു താളാത്മകതയുണ്ട്. പാട്ടുപോലെത്തന്നെ ഇമ്പമാർന്നതാണ് പറച്ചിലും. ജീവിതത്തിലെ ഓരോ സന്ദർഭത്തിനും അനുയോജ്യമായ പാട്ടുകൾ ഇവർക്കുണ്ട്.

ഇതുകൂടാതെ, വിശേഷസന്ദർഭങ്ങളിലല്ലാതെ തന്നെ ഇടയ്‌ക്കെല്ലാം പകൽമുഴുവൻ നീളുന്ന കൃഷിപ്പണികളും കഠിനാധ്വാനവും കഴിഞ്ഞ് സന്ധ്യ കഴിയുമ്പോൾ ഊരിലെ മുഴുവൻപേരും ഒത്തുചേർന്ന് പാടുകയും കളിക്കുകയും പതിവായിരുന്നു. മുതിർന്നവർക്കൊപ്പം കുട്ടികളും ചുവടുവയ്‌ക്കും. അങ്ങനെയായിരുന്നു ഈ പാട്ടുകൾ തലമുറകളിലേക്ക് പകർന്നു നൽകിയിരുന്നത്. ഇങ്ങനെ സംഘം ചേർന്നുള്ള ആട്ടവും പാട്ടും കൊട്ടും തന്നെയായിരുന്നു ഗോത്രജനതയുടെ പ്രധാന വിനോദോപാധി. ഈ സംഘംചേരലായിരുന്നു ആദിവാസി ജീവിതത്തിന്റെ ശക്തിയും കെട്ടുറപ്പും. ഊരിൽ പരസ്പരം അഭിമുഖമായി നിൽക്കുന്ന വീടുകൾക്കിടയിലുള്ള പൊതുസ്ഥലമായിരുന്നു ഈ പാട്ടിന്റെയും കളിയുടെയും ജീവൻ.

കൊട്ടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളായ "പെറെ, ദവില്’ എന്നിവയും പീപ്പിക്ക് സമാനമായ പ്രത്യേക മരംകൊണ്ട് തയ്യാറാക്കിയ "കൊഗാലും’, ഇലത്താളം പോലുള്ള "ജാലറ’യുമായിരുന്നു പാട്ടിന്‌ അകമ്പടിയായിരുന്ന വാദ്യോപകരണങ്ങൾ. ഊരിൽ ഊരുമൂപ്പന്റെ വീട്ടിലായിരിക്കും ഈ വാദ്യോപകരണങ്ങളുടെ സൂക്ഷിപ്പ്. തോലുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങൾ തീയിനു ചുറ്റുമിരുന്ന് ചൂടാക്കിയെടുത്തുവേണം ഓരോ തവണയും കൊട്ടാൻ. ആ തീയുടെ വെളിച്ചത്തിലാണ് ആട്ടവും പാട്ടും. അതുതന്നെ ഹൃദയഹാരിയായ ഒരു അനുഭവമാണ്.

ആട്ടവും പാട്ടും കണ്ട്‌ ആസ്വദിക്കാനുള്ളതല്ല. കൂടിച്ചേർന്ന് കളിക്കാനുള്ളതാണ്. എല്ലാവരും പങ്കാളികളായിക്കൊണ്ടുള്ള ആസ്വാദനമാണ് ഇതിന്റെ പ്രത്യേകത. ഹൃദയതാളത്തോട് ചേർന്നുനിൽക്കുന്ന കൊഗാലിന്റെ ഇമ്പമാർന്ന സ്വരം ആരെയും വശീകരിക്കും. ഓരോ പാട്ടും ‘കൊഗാലുകാരൻ' അതീവ സമർഥമായി വായിക്കും. വലിയ ആയാസമേറിയ ഒന്നാണ് 'കൊഗാലുവായന'. ശ്വാസം ഉള്ളിലേക്കെടുത്ത് ദീർഘനേരം അടക്കിപ്പിടിച്ചുവേണം ഈ പാട്ടുകൾ വായിക്കാൻ. പ്രത്യേക പരിശീലനം നേടിയവർക്കുമാത്രമേ ഈ ‘കൊഗാലുവായന' വഴങ്ങുകയുള്ളൂ. അതുകൊണ്ടു തന്നെ പുതിയ തലമുറയ്‌ക്ക് കൊഗാലുവായന അന്യമായിത്തുടങ്ങി. പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്പര്യവും മറ്റു ജീവജാലങ്ങളോടുള്ള രമ്യതയും ഈ പാട്ടുകളിലുടനീളം കാണാൻ സാധിക്കും. അത്രയേറെ ജീവിതഗന്ധിയാണ് ഓരോ പാട്ടും.

താരാട്ടുപാട്ടുകൾ, കൃഷിപ്പാട്ടുകൾ, ദൈവങ്ങളെക്കുറിച്ചും വിശ്വാസങ്ങളെച്ചൊല്ലിയുമുള്ള പാട്ടുകൾ, പ്രണയജോടികളെ വർണ്ിക്കുന്നവ, വിവാഹാഘോഷവുമായി ബന്ധപ്പെട്ട പാട്ടുകൾ, മരണനാന്തരചടങ്ങുകൾ സംബന്ധിക്കുന്നവ, സ്ത്രീകളെ വർണിച്ച് പാടുന്നവ എന്നു തുടങ്ങി വിഭിന്നങ്ങളായ ജീവിത സന്ദർഭങ്ങളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പാട്ടുകൾ അട്ടപ്പാടിയിലെ  മൂന്ന് ഗോത്രഭാഷകളായ ഇരുള, മുഡുഗ, കുറുമ്പ എന്നിവയിൽ കാണാവുന്നതാണ്‌. ഒരേ ഗാനങ്ങൾതന്നെ മൂന്ന് ഗോത്രഭാഷയിലും ഏകദേശം സമാന അർഥം പുലർത്തുന്നവയാണ്. ചില പ്രത്യേക വാക്കുകളിലും പ്രയോഗത്തിലും മാത്രമാണ് വ്യത്യാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top