കന്നഡയിലെ പ്രശസ്‌ത സാഹിത്യകാരനും ജ്ഞാനപീഠം പുരസ്‌കാരജേതാവുമായ ഗിരീഷ് കർണാഡിന്റെ വിഖ്യാത നാടകമാണ് ‘നാഗമണ്ഡല’. ഒരു നാടോടിക്കഥയെയും പുരാതനമായ അനുഷ്‌ഠാനത്തെയും അവലംബിച്ചു രചിച്ച നാഗമണ്ഡല നാടകമായും സിനിമയായും കലാസ്വാദകരെ അതിശയിപ്പിച്ച സൃഷ്ടിയാണ്. പെൺജീവിതത്തിലെ അടിമത്വവും പ്രണയവും ആത്മസംഘർഷങ്ങളും പറയുന്ന നാഗമണ്ഡല മലയാളമണ്ണിൽ പുനരവതരിപ്പിക്കപ്പെടുകയാണ് മോഹിനിയാട്ട രൂപത്തിൽ.
റാണിയുടെ കഥ
കണ്ണൂർ ബർണശേരി മുദ്ര കലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നൃത്താധ്യാപിക കലാവതിയാണ് ‘നാഗമണ്ഡല’ മോഹിനിയാട്ടം ഒരുക്കുന്നത്. ഗിരീഷ് കർണാഡിന്റെ രചനകളിൽ ഏറ്റവും ദൃശ്യസമ്പന്നവും കാൽപ്പനികവുമായ നാഗമണ്ഡല നൃത്താവിഷ്കാരത്തിന്റെ സർവസാധ്യതകളും ഉപയോഗിച്ചാണ് മോഹിനിയാട്ടമാകുന്നത്. റാണിയെന്ന സുന്ദരിയായ പെൺകുട്ടിയുടെ ജീവിതത്തിൽ വിവാഹശേഷമുണ്ടാകുന്ന സംഭവങ്ങളാണ് പ്രമേയം. ഭർതൃഗൃഹത്തിലെ പ്രയാസങ്ങൾ മറികടക്കാൻ ശ്രമിക്കവേ റാണിയുടെ ജീവിതത്തിലെത്തുന്ന നാഗവും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിതവും നാടകീയവുമായ സംഭവവികാസങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
നിറയുന്ന പ്രണയഭാവം
അടിമുടി ആവേശിച്ചു നിൽക്കുന്ന പ്രണയമാണ് നാഗമണ്ഡലയുടെ സ്ഥായീഭാവം. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവങ്ങളിലും ചാരുതയാർന്ന ചലനങ്ങളിലും റാണിയുടെയും നാഗയുടെയും പ്രണയം അതീവ സുന്ദരനിമിഷങ്ങളായാണ് അവതരിപ്പിക്കുന്നത്. മോഹിനിയാട്ടത്തിന്റെ തനിമ പരമാവധി നിലനിർത്തിയാണ് നാഗമണ്ഡല ഒരുക്കിയതെന്ന് നൃത്താധ്യാപിക കലാവതി പറഞ്ഞു. പുരാണകഥകളിൽനിന്നും വേറിട്ട പ്രമേയമെന്ന അന്വേഷണമാണ് നാഗമണ്ഡലയിൽ എത്തിച്ചത്. നാടകത്തിന് ഒരു ആശയത്തെ വിനിമയം ചെയ്യാൻ നിരവധി സങ്കേതങ്ങളുണ്ട്. ഒരു നാടോടിക്കഥയുടെ ചന്തത്തിലാണ് എഴുത്തുകാരൻ നാഗമണ്ഡലയെ അവതരിപ്പിച്ചത്. നിഷ്‌ഠാഭദ്രമായ മോഹിനിയാട്ടത്തിൽ നാടോടിക്കഥയുടെ സൗന്ദര്യം ചോരാതെയുള്ള അവതരണത്തിനാണ് ശ്രമമെന്നും കലാവതി പറഞ്ഞു.
നവരാത്രിക്ക് അരങ്ങിൽ
മോഹിനിയാട്ടത്തിന് വരികളെഴുതിയത് കലാമണ്ഡലം ഗണേശനാണ്. ഇടപ്പള്ളി അജിത്തും സ്വരാഗ് മാഹിയുമാണ് ഈണമിട്ടത്. വിവർത്തനസഹായം ദീപ ശങ്കരൻ പള്ളിക്കുന്നത്. കലാവതിയുടെ ശിഷ്യരായ വിഷ്‌ണുപ്രിയ, ഷെർമിൻ, ഉണ്ണിമായ, അയന, മയൂഖ, പാർവതി, അനുപ്രിയ, അസിക, ശിവാനി എന്നിവരാണ് അരങ്ങിലെത്തുന്നത്.
നാൽപ്പത് വർഷത്തിലധികമായി നൃത്താധ്യാപനരംഗത്തുള്ള കലാവതി തൃശൂരിലെ കഥകളി ആചാര്യൻ കലാമണ്ഡലം ശങ്കരനാരായണൻ നായരുടെയും കാർത്ത്യായിനിയമ്മയുടെയും മകളാണ്. ടാഗോറിന്റെ ഗീതാഞ്‌ജലി, കുമാരനാശാന്റ ചണ്ഡാലഭിക്ഷുകി, ഒഎൻവിയുടെ ഭൂമിക്കൊരു ചരമഗീതം, ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾ കിടാവോ തുടങ്ങിയ കൃതികൾ മോഹിനിയാട്ടമായി ചിട്ടപ്പെടുത്തി അരങ്ങിൽ എത്തിച്ചിട്ടുണ്ട്. പ്രഥമ വി പി സിങ് ഫൗണ്ടേഷൻ പുരസ്‌കാരം, മലയാളി രത്ന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കലാരംഗത്തെ സംഭാവനകൾ മാനിച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നാട്യകലാനിധിയെന്ന പേരുനൽകി.
മണി കെ നായരാണ് ഭർത്താവ്. മകൾ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്ന ശ്രീലേഖ എം നായർ. മകൻ: ശ്രീകാന്ത്. നവരാത്രി ആഘോഷം തുടങ്ങുന്ന 15ന് കണ്ണൂർ ചൊവ്വ മഹാശിവക്ഷേത്രത്തിൽ ‘നാഗമണ്ഡല’ അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..