26 April Friday

എന്റെ പുരുഷന്‍

ഡോ. ഇ സന്ധ്യUpdated: Friday Nov 18, 2016

അവനെ ഞാനിപ്പോഴും അറിയാതെ തേടുന്നുണ്ട്. അവനെന്റെ മനസ്സിനെ ചെറുപ്പമാക്കുന്നുണ്ട്. അതെല്ലാമങ്ങനെത്തന്നെയിരുന്നോട്ടെ. അവനെ ഞാനൊരിക്കലും കണ്ടുമുട്ടാതെയുമിരിക്കട്ടെ- ഡോ. ഇ സന്ധ്യ എഴുതുന്നു

കുന്നിറങ്ങുകയാണിപ്പോള്‍. കയറുമ്പോള്‍ കണ്ട കാഴ്ചകളോ സൌന്ദര്യമോ ഇറങ്ങുമ്പോഴില്ല. ഉച്ചവെയിലാറിത്തുടങ്ങിയെങ്കിലും ചൂടുണ്ട്. ഇടക്കിടെ തളര്‍ന്നു നില്ക്കുകയും കാലിടറുമ്പോള്‍ പിടിവള്ളികള്‍ അന്വേഷിക്കുകയും ചെയ്യുന്നു. ഓരോ കാല്‍വെയ്പും സൂക്ഷിച്ചാണ് വെക്കുന്നത്. വഴി വ്യക്തമല്ല. കാഴ്ച മങ്ങിത്തുടങ്ങി.  കൂടെയുള്ളവര്‍ കയറ്റത്തിലുണ്ടായിരുന്നവരല്ല. എല്ലാവരുടെയും ലക്ഷ്യസ്ഥാനമൊന്നു തന്നെയാണ്. ആര്‍ക്കും തിരക്കും ഉത്സാഹവുമില്ല. മങ്ങിയ ചിരിയാണ് ചുണ്ടില്‍. സത്യത്തില്‍ ഇറങ്ങുമ്പോഴാണ് കൂട്ടുവേണ്ടത്. ഒന്നു കൈ പിടിക്കാന്‍. ചേര്‍ത്തുനിര്‍ത്താന്‍, വിയര്‍പ്പൊപ്പാന്‍. സ്നേഹം വേണ്ട ആരോ. സ്നേഹിക്കാന്‍ കഴിയുന്ന ആരോ.

അതിജീവനമാണോ സമരസപ്പെടലാണോ ജീവിതമെന്ന മഹാത്ഭുതം, അറിഞ്ഞുകൂടാ. അതോ ഇതൊന്നുമല്ലാത്ത മറ്റെന്തോ? സങ്കല്പങ്ങള്‍ മുഴുവന്‍ മാറിപ്പോയിരിക്കുന്നു.  സങ്കല്പപുരുഷനും. യാഥാര്‍ത്ഥ്യങ്ങളാണ് മനസ്സു ഭരിക്കുന്നതിപ്പോള്‍. വാസ്തവത്തില്‍ അങ്ങനെ ഒരു പുരുഷനുണ്ടോ? മനസ്സിലെങ്കിലും? കൌമാരത്തിലോ, യൌവനത്തിലോ?  ഓര്‍ത്തെടുക്കാനാവില്ല.  പക്ഷേ, ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താവുന്ന ആരോ, എവിടെയോ ഉണ്ടായിരുന്നു.

സങ്കല്പത്തിലെവിടെയോ അവന്റെ സാന്നിദ്ധ്യം ഞാനറിഞ്ഞിട്ടുണ്ട്. അവന്റെ നിശ്വാസവായു മുഖത്തു തട്ടിയിട്ടുണ്ട്. അവന്റെ കണ്ണുകള്‍ എന്നെക്കാണുമ്പോള്‍ മാത്രം പതിവിലേറെ തിളങ്ങിയിട്ടുണ്ട്.  കോരിച്ചൊരിയുന്ന മഴയത്ത് ഞാനൊറ്റയ്ക്കു നടക്കുമ്പോള്‍ ഓടിവന്നെന്റെ കുടയില്‍ കേറിയിട്ടുണ്ട്. നീണ്ടയാത്രകളില്‍ ബസ്സിലിരിക്കുമ്പോള്‍ അടുത്തു വന്നിരുന്ന് കാറ്റില്‍ പറക്കുന്ന എന്റെ മുടിയിഴകള്‍ വാത്സല്യത്തോടെ ഒതുക്കിവെച്ചുതന്നിട്ടുണ്ട്.  പൌര്‍ണ്ണമി രാവുകളില്‍ എന്തിനെന്നറിയാത്ത വിഷാദത്തോടെ ആകാശത്തേക്കു നോക്കുമ്പോള്‍ അവനും എവിടെയോയിരുന്ന് അതേ വികാരത്തോടെ എന്നെക്കുറിച്ചോര്‍ക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഉണ്ടായിരുന്നു അവനെവിടെയോ.  ചിലപ്പോളവന് യേശുദാസിന്റെ ശബ്ദമായിരുന്നു.  "താമസമെന്തേ...'' അവന്‍ എനിക്കു വേണ്ടി പാടി.  "പ്രാണസഖീ...'' എഴുതിയത് അവനായിരുന്നു. അങ്ങനെയവന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ പറന്നെത്തും.  ഒരിക്കലും പോകാത്ത യാത്രകള്‍ ഞാനവനോടൊപ്പം പോകാനായി മാറ്റിവെച്ചവയാണ്. ഒരിക്കലും കാണാത്ത ഒരിടത്ത് ഞങ്ങള്‍ താമസിക്കാനായി പണിത ഒരു കൊച്ചുവീടുണ്ടായിരുന്നു.


"സപ്തപദി'യെന്ന സിനിമയിലെ നായികയുടെ നൃത്തത്തിന് പുല്ലാങ്കുഴല്‍ വായിച്ച ആള്‍ക്ക് അവന്റെ ഛായയുണ്ടണ്ടൈന്നു ഞാനെന്നോ കണ്ടെത്തിയിരുന്നു. ആ നര്‍ത്തകി ഞാനായിരുന്നു. അവനെന്റെ കാല്‍ മുറിയുമ്പോള്‍ നൊന്തിരുന്നു. സത്യജിത് റേയുടെ ചാരുലതയിലെ അമലിന് അവന്റെ പ്രകൃതമായിരുന്നു. അവന്റെ ഉള്ളില്‍ എന്നാല്‍ മാത്രം നിറക്കപ്പെടേണ്ട സംഗീതമുണ്ടായിരുന്നു. അവന്റെ ഓര്‍മ്മകള്‍ എന്നില്‍ ഊര്‍ജം നിറക്കുകയും എന്നെ അല്പം ഭ്രാന്തിയാക്കുകയും വേണമായിരുന്നു. അവനെന്നെ പ്രണയിക്കുന്നതില്‍ എനിക്ക് അല്പം അഹങ്കാരം തോന്നണമായിരുന്നു.

അഴിച്ചിട്ട തലമുടിയോടെ അവനെന്നെ കാണാനാഗ്രഹിക്കുകയും എന്റെ മുടിയുടെ മണം ഇഷ്ടപ്പെടുകയും വേണമായിരുന്നു. മുല്ലപ്പൂ വാങ്ങി തലയില്‍ ചൂടി തരണമായിരുന്നു.  ദിവസങ്ങള്‍ക്കുശേഷം കണ്ടുമുട്ടുമ്പോള്‍ നിന്നെക്കാണാഞ്ഞിട്ട് ഒരു രസവുമില്ലായിരുന്നു എന്നവന്‍ കണ്ണുകളാല്‍ മൊഴിയണമായിരുന്നു. പ്രതീക്ഷിച്ചിരിക്കാത്ത നേരത്ത് അവന്റെ ഒരു സന്ദേശമോ, സമ്മാനമോ അവന്‍ തന്നെയോ എന്നെത്തേടിയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു. പരിചയമുള്ളതോ അല്ലാത്തതായ ഒരാള്‍ക്കൂട്ടത്തിനോട് എന്നെ ചേര്‍ത്തുപിടിച്ച് 'എന്റെയാണ്' എന്നുപറയാനുള്ള ധൈര്യമവന്‍ കാണിക്കണമെന്നാശിച്ചിരുന്നു.  തീര്‍ച്ചയായും ഞാന്‍ വായിച്ച കവിതകളൊക്കെയും അവന്‍ വായിച്ചിട്ടുണ്ടാവണം.  ഞാന്‍ കേട്ടതും അതില്‍ കൂടുതലും അവന്‍ കേട്ടിരിക്കണം. ഞാന്‍ കണ്ടതിനേക്കാളേറെ ഇടങ്ങള്‍ അവന്‍ കണ്ടിരിക്കണം. തീര്‍ച്ചയായും അവന്‍ ഹൃദയത്തില്‍ അലിവുള്ളവനായിരിക്കണം. അന്യന്റെ സങ്കടങ്ങള്‍ നനവുണ്ടാക്കുന്ന മനസ്സുണ്ടായിരിക്കണം. അതേ സമയം എന്നും ജീവിതത്തെ സ്നേഹിക്കുന്നവനും നന്മയില്‍ വിശ്വസിക്കുന്നവനുമാവണം. ദു:ഖിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിലേറെ സന്തോഷത്തിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നവനായിരിക്കണം. അവന്‍ യാത്രകളെ സ്നേഹിക്കുകയും എന്നെ സഹയാത്രികയാക്കുകയും വേണം. പൊടുന്നനേയുണ്ടാവുന്ന ഉള്‍വിളികളാല്‍ നയിക്കപ്പെടുന്ന വഴികളില്‍ അലയാനുള്ള മനസ്സുണ്ടാകണം.  ചില ശുദ്ധവിഡ്ഢിത്തങ്ങളില്‍ തലയുറഞ്ഞു ചിരിക്കാനാവണം. ചില സമയങ്ങളില്‍ വേദാന്തിയുമാകണം. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഒരു വലിയ മനസ്സുണ്ടെങ്കിലും അതിലെനിക്കൊരു പ്രത്യേകസ്ഥാനം എന്നും തരണം.

സങ്കല്പങ്ങള്‍ ജീവിതമാകുന്ന കടലിന്റെ അക്കരെയുള്ള ഒരു മായക്കാഴ്ചയാണ് അതറിഞ്ഞു കൊണ്ടുതന്നെയാണ് മോഹിക്കുന്നതും ദു:ഖിക്കുന്നതുമൊക്കെ. പക്ഷേ, ഒന്നറിയാം അവന്‍, ഇപ്പോഴും ഉള്ളിലെവിടെയോ വെളിച്ചത്തു വരാതെ പതുങ്ങിയിരിപ്പുണ്ട്. അവനെ ഞാനിപ്പോഴും അറിയാതെ തേടുന്നുണ്ട്.  അവനെന്റെ മനസ്സിനെ ചെറുപ്പമാക്കുന്നുണ്ട്.  അതെല്ലാമങ്ങനെത്തന്നെയിരുന്നോട്ടെ. അവനെ ഞാനൊരിക്കലും കണ്ടുമുട്ടാതെയുമിരിക്കട്ടെ.

സങ്കല്പമായതുകൊണ്ടുതന്നെയാവാം ഇലക്ട്രിസിറ്റി ബില്ലടക്കുകയോ പച്ചക്കറി വാങ്ങുകയോ അടുക്കളയില്‍ സഹായിക്കുകയോ ചെയ്യുന്ന ഒരു കൂട്ടുകാരനെപ്പറ്റി ചിന്തിക്കാത്തത്.  സങ്കല്പങ്ങളില്‍ പാലും തേനുമാൈഴുക്കുന്നവനല്ല, തീര്‍ച്ചയായും യാഥാര്‍ത്ഥ്യത്തില്‍ ഉപകരിക്കുന്നത് എന്നുമറിയാം. അവനൊരിക്കലും ജന്മമെടുക്കാത്തവനായിരിക്കട്ടെ. 

കണ്ടുമുട്ടുമ്പോള്‍, ഇടപഴകുമ്പോള്‍, പഴകുമ്പോള്‍, നൈരന്തര്യങ്ങളില്‍ തളക്കപ്പെടുമ്പോള്‍ മറന്നുപോകുന്ന ഒരു പാട്ടിന്റെ ശകലമായോ നഷ്ടപ്പെട്ടുപോകുന്ന ഒരു വാക്കായോ വായിക്കാനാവാത്ത ഹൃദയം മുഴുവന്‍ പകര്‍ത്തിയ ഒരു കുറിപ്പായോ മറവികൊണ്ടു പോകുന്ന അത്രയേറെ പ്രിയപ്പെട്ട ഒരോര്‍മ്മയായോ മാറാതെ അവന്‍ ഒരിക്കലും പിറവിയെടുക്കാതിരിക്കട്ടെ.  അദൃശ്യദൈവത്തില്‍ വിശ്വസിക്കുന്നതുപോലെ അവനില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു. രൂപവും ശബ്ദവും ഇല്ലെങ്കിലും അവനെ ഞാനറിയുകയും ചെയ്യുന്നു.

(കവിയും കഥാകാരിയുമായ ലേഖിക പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് അധ്യാപികയാണ്.)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top