23 April Tuesday

ഒരാൾ ചടുലതകളിൽ നിന്ന് ഊർന്നു പോകുമ്പോൾ...കോവിഡ് കുറിപ്പുകള്‍ അവസാനിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

ഞാൻ കോവിഡ് രോഗിയായതോടെ എനിക്ക് കോവിഡ് വാർത്തകളും അതിന്റെ കണക്കുകളും കാണുമ്പോൾ അതി കഠിനമായ  തളർച്ചകൊണ്ട് ഞാൻ പുതഞ്ഞു പോകുന്നതായി തോന്നി തുടങ്ങി. 

എന്റെ വാർഡിൽ ഒരാളും മരിക്കുന്നത് ഞാൻ കാണരുതെന്ന്   തീവ്രമായി ഓരോ നിമിഷവും  ആഗ്രഹിച്ചു .ദിനം പ്രതി വേലിയേറ്റവും വേലിയിറക്കവും നടത്തി എന്നെ തളർത്തുന്നതിൽ വൈറസ് അപ്പോഴൊക്കെ വിജയിച്ചു നില്കുകയുമായിരുന്നു.
 
ഒരു ദിവസം രാത്രിയിൽ എന്നെ ഉണർത്തി ഇരുത്തി നെബുലൈസ് ചെയ്യിപ്പിക്കുന്നത് അറിഞ്ഞു ഞാൻ കണ്ണ് തുറക്കുമ്പോൾ എന്റെ ബെഡിന് ചുറ്റിനും ആളുകൾ ഉണ്ടായിരുന്നു. എനിക്ക് എന്ത് സംഭവിച്ചിട്ടു ആണെന്നോ , അവർ എന്നെ എങ്ങിനെ സംരക്ഷിച്ചു എടുക്കുകയായിരുന്നു എന്നതോ എനിക്ക് ഇപ്പോഴും അജ്ഞാതമാണ് , ഞാൻ മടങ്ങി പോരുന്ന ദിവസം 'രാത്രി രണ്ട് മണിക്ക് ഞങ്ങളുടെ ഉറക്കം കളഞ്ഞു പേടിപ്പിച്ച ആളല്ലേ' എന്ന് ഡോക്ടർ പറഞ്ഞത് മാത്രമാണ് അതിനെക്കുറിച്ചുള്ള എന്റെ ഓർമ്മ.
 
അങ്ങനൊരു വേലിയേറ്റത്തിന്റെ പകലിലാണ് ആ ചെറുപ്പക്കാരൻ വാർഡിലേക്ക് വന്നത്. അയാൾക്ക് എന്റൊപ്പമോ എന്നിലും രണ്ടോ മൂന്നോ വർഷം കുറവോ ആയിരുന്നിരിക്കണം പ്രായം . മെലിഞ്ഞു നീണ്ട അയാൾ എല്ലാവരെയും ചിരിച്ചു കാണിച്ചു കൊണ്ട് തന്റെ ബാഗും സാധനങ്ങളും സ്വയം എടുത്തുകൊണ്ട് നടന്നു വന്നു.
 
അയാൾക്ക് ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ഇല്ലായിരുന്നു . ഒരു വീട്ടിലേയ്ക്ക് വന്ന അതിഥിയെ പോലെ അയാൾ പരിചയങ്ങൾ സൃഷ്ടിച്ചും സഹായങ്ങൾ ചെയ്തും അതുവഴി നടന്നു. ഇതിലൊന്നും താല്പര്യപ്പെടാനുള്ള മനസ്സില്ലാതെ ഞാൻ മരവിച്ചു കിടന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവണം. അത് കൊണ്ടാവണം അടുത്ത ദിവസം എന്റെ മുഖത്ത് ആശ്വാസം പോലെയൊരു വെളിച്ചം കണ്ടപ്പോൾ സംസാരിക്കാനായി അടുത്ത് വന്നത്.
 
അയാൾ എന്റെ കട്ടിലിന്റെ അരികിൽ വന്ന് എന്താണ് ഇത്ര വയ്യാഴികയ്ക്ക് കാരണം എന്ന് ചോദിച്ചു.
 
അറിയില്ലെന്നും എനിക്ക് വയ്യെന്നും ഞാൻ അയാളോട് പറഞ്ഞു.
 
നടക്കാനൊക്കെ ബുദ്ധിമുട്ട് ഉണ്ടല്ലോ എന്ന് അയാൾ പറഞ്ഞു .
 
വാഷ് റൂമിലേക്ക് വേച്ചു വേച്ചു നടക്കുന്ന എന്നെ അയാൾ ശ്രദ്ധിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
 
നടക്കാൻ വയ്യെന്നും അപ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആണെന്നും ഞാൻ അയാളോട് പറഞ്ഞു.
 
അയാൾ വളരെ ഉത്സാഹത്തോടെയും സ്നേഹത്തോടെയും തന്റെ രോഗ കഥ പറഞ്ഞു , " എനിക്ക് ചെറിയ തൊണ്ട വേദനയും പനിയും വന്നപ്പോൾ ടെസ്റ്റ് ചെയ്തത് ആണ്, പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഞാൻ വീട്ടിൽ തന്നെ ഇരുന്നു. എനിക്ക് കോവിഡ് ആണ് എന്ന സെന്റിമെന്റ്സ് കൊണ്ട് ഞാൻ ആദ്യം കിടപ്പ് തന്നെ ആയിരുന്നു. അപ്പോൾ എന്റെ അമ്മ എന്നെ നിർബന്ധിച്ചു നടക്കാൻ എഴുന്നേല്പിക്കുമായിരുന്നു . നടന്നില്ലെങ്കിൽ നിന്റെ ശരീരം കൂടുതൽ ക്ഷീണിക്കും എന്ന് അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. രണ്ട് ദിവസം കൊണ്ട് എന്റെ ബുദ്ധിമുട്ടുകൾ മാറി. പോസിറ്റീവ് ആയിട്ടും നാലു ദിവസം ഞാൻ വീട്ടിൽ ഐസൊലേഷൻ ആയിരുന്നു . പ്രായമുള്ളവർ വീട്ടിൽ ഉള്ളത് കൊണ്ട് റിസ്ക് എടുക്കാതെ ഇരിക്കാൻ ഇപ്പോൾ ഇങ്ങോട്ട് വന്നു എന്നേയുള്ളു. ഇൻഷുറൻസ് പോളിസി ഉണ്ട്, പിന്നെന്തിനു വീട്ടിൽ കിടന്നു ബുദ്ധിമുട്ട് ആക്കണം. നിങ്ങളും പതിയെ നടന്ന് നോക്കണം. രണ്ട് മിനിറ്റ് എങ്കിലും നടക്കൂ, വ്യത്യസം മനസ്സിലാക്കാം" .
 
ഞാൻ മിണ്ടാതെ അയാൾ പറയുന്നത് കേട്ട് കിടന്നു.
ഒടുവിൽ ഇപ്പോൾ വയ്യെന്നും പതിയെ ശ്രമിക്കാം എന്നും പറഞ്ഞപ്പോൾ അയാൾ നടന്നു പോയി.
 
എനിക്ക് അപ്പോൾ മെഡിക്കൽ ഇന്‍ഷുറന്‍സുകളുടെ സുരക്ഷയെക്കുറിച്ചു വളരെ വ്യക്തമായ ബോധ്യം വന്നു എന്നതാണ് സത്യത്തിൽ അയാളുടെ സംസാരം കൊണ്ട് ഉണ്ടായ ഗുണം. ഒരു ദിവസം പതിനയ്യായിരം രൂപയായിരുന്നു അവിടുത്തെ ചികിത്സാ ചിലവ്. ഓക്സിജൻ സിലിണ്ടർ മുതൽ ഐ സി യു ,വെന്റിലേറ്റർ വരെയുള്ള അധിക ചികിത്സയ്ക്ക് അധിക ചിലവ് ആകുമായിരുന്നു.  എത്ര ദിവസം കിടക്കേണ്ടി വരുമെന്ന് അറിയാത്ത ആ അവസ്ഥയിൽ ഇൻഷുറൻസ് ഉള്ളത് കൊണ്ട് രോഗം പടരാതെ അഡ്മിറ്റ് ആയ ആ മനുഷ്യൻ കൃത്യമായ ഇടവേളകളിൽ നടക്കുകയും അപ്പോഴൊക്കെ എന്നെ കൈ വിരൽ കൊണ്ട് എഴുന്നേറ്റു അൽപ്പം നടക്കൂ എന്നു ആംഗ്യം കാണിക്കുകയും, പ്രഭാതങ്ങളിൽ യോഗ ചെയ്യുകയും ചെയ്തു.
 
വീണ്ടുമൊരു വേലിയേറ്റത്തിൽ രാത്രിയിൽ ഞാൻ മരണത്തിനോളം അടുത്ത ആഴത്തിൽ ഉറങ്ങിപ്പോയി. ഉണർന്നെണീറ്റു ഞാൻ നോക്കുമ്പോൾ അയാളുടെ ബെഡിന് ചുറ്റും പച്ച തുണിയുടെ മറവുള്ള സ്ക്രീൻ ചുറ്റി വച്ചിരുന്നു , അയാൾ മറ്റുള്ളവരുടെ കണ്ണിൽ നിന്നും മറയ്ക്കപ്പെട്ടിരുന്നു. എന്ത് പറ്റി എന്ന് ആലോചിക്കാനും എനിക്കപ്പോൾ കഴിയുമായിരുന്നില്ല.
നേരം പോകെ നടക്കാനിറങ്ങുന്ന അയാളെ ഓർമ്മ വന്നപ്പോൾ എന്റെയൊരു വല്യപ്പനോട് അയാൾക്ക് എന്താണ് സംഭവിച്ചത് എന്ന് ഞാൻ ചോദിച്ചു.
 
അയാൾക്ക് ചെറിയതായി പൈൽസ് എന്ന രോഗം ഉണ്ടായിരുന്നു, ചിലപ്പോൾ അയാൾ പോലും കാര്യമാക്കാത്ത അത്ര നിസ്സാരമായി .

 വെറുതെ വന്നു പോകുന്നൊരു നിസ്സാര രോഗമല്ല കോവിഡ് എന്ന് , ഏതെങ്കിലും ഒരു രോഗത്തെ വളർത്തി കൊല്ലാം എന്നു കരുതി ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് തന്നെയാണ് അത്. ഇതൊരു വന്ന് പോകേണ്ട രോഗമല്ല, വരാതെ തടയേണ്ട രോഗമാണ്.

പക്ഷെ അന്ന് രാത്രി അത് ആരും പ്രതീക്ഷിക്കാത്തത് പോലെ അയാളുടെ ശരീരത്തെ പിഴിഞ്ഞു ഉടച്ചു കളഞ്ഞു. വല്യപ്പന്റെ ഭാഷയിൽ ബക്കറ്റ് നിറയും പോലെ അയാളുടെ ശരീരത്തിൽ നിന്നും രക്തം വാർന്നു പോയി. അയാൾക്ക് രക്തം നൽകേണ്ടി വന്നു. രാത്രി ഏറെയും അയാൾക്ക് ചുറ്റും ആശുപത്രി ഉണർന്നിരുന്നു.
 
ദിവസങ്ങൾ ഒന്നോ രണ്ടോ കൂടി പിന്നിട്ടപ്പോൾ എന്റെ വാഷ്റൂമിലേയ്ക്ക് ഉള്ള നടപ്പ് അത്ര വിറയൽ ഇല്ലാതെ ആയി , അയാളപ്പോൾ അനക്കം മാത്രമുള്ള ഒരു ശരീരമായി ആ കട്ടിലിൽ തളർന്ന് കിടക്കുകയായിരുന്നു.
 
അയാളെക്കുറിച്ചു ഓർത്തു നൊന്തിരിക്കെ ഒരു ഉച്ച കഴിഞ്ഞ നേരത്ത് ഓടിയെത്തിയ നേഴ്സും സഹായിയും തലയിൽ കെട്ടുള്ള പഞ്ചാബിയെ വീൽ ചെയറിൽ ഇരുത്തി വാർഡിൽ നിന്നും കൊണ്ട് പോകുന്നത് കണ്ടു. വൈകിട്ട് ഇൻജക്ഷൻ തരാൻ വന്ന കണ്ണട വച്ച ചെക്കനോട് പഞ്ചാബി എവിടെ എന്ന് ചോദിച്ചപ്പോൾ ഐ സി യു വിൽ ആണെന്ന് മാത്രം അവൻ പറഞ്ഞു.
 
വെറുതെ വന്നു പോകുന്നൊരു നിസ്സാര രോഗമല്ല കോവിഡ് എന്ന് , ഏതെങ്കിലും ഒരു രോഗത്തെ വളർത്തി കൊല്ലാം എന്നു കരുതി ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് തന്നെയാണ് അത്. ഇതൊരു വന്ന് പോകേണ്ട രോഗമല്ല, വരാതെ തടയേണ്ട രോഗമാണ്.
 
എട്ടാം പോസിറ്റീവ് ദിവസം.
എന്റെ വല്യപ്പന്മാർ ഓരോരുത്തരായി ഓരോ ദിവസങ്ങളിലായി വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്റെ വാർഡിൽ ഞാൻ മാത്രവും അടുത്ത വാർഡിൽ ആന്റിയും നടന്ന് തളർന്നു കിടപ്പായ ചെറുപ്പക്കാരനും മാത്രം അവശേഷിച്ചു.
 
എനിക്ക് "എങ്ങനെയുണ്ട്" എന്ന ചോദ്യത്തിന് " കുറവുണ്ട്" എന്ന ഉത്തരം കൊടുക്കാനുള്ള ശേഷി പതിയെ തിരിച്ചു കിട്ടിത്തുടങ്ങിയിരുന്നു.
 
പപ്പയോടും ചീരമ്മയോടും മറ്റും ഫോണിൽ ഇത്തിരി നേരം സംസാരിക്കാൻ കഴിയും എന്ന അവസ്ഥയിലേക്ക് ശ്വാസം എന്നെ സഹായിച്ചു തുടങ്ങിയ ആ ദിവസം അവിടേക്ക് ഒരു വീട്ടിലെ നാല് പേർ പുതിയതായി വന്നു. അതിൽ ഒരു വയസ്സായ അമ്മയോ അച്ഛനോ ഉണ്ടായിരുന്നു. പിന്നെ രണ്ട് സ്ത്രീകളും ഒരു പുരുഷനും . അമ്മയാണോ അച്ഛനാണോ എന്നറിയാത്ത ആളെ സ്ട്രെച്ചറിൽ കൊണ്ട് വന്നു ബെഡിൽ കിടത്തി എങ്കിലും നിമിഷങ്ങൾക്ക് ഉള്ളിൽ ഐ സി യു വിലേയ്ക്ക് കൊണ്ട് പോയി. മറ്റ് മൂന്ന് പേരും അതിൽ പ്രത്യേകിച്ചു ഭാവ വെത്യാസം ഒന്നുമില്ലാതെ നോക്കി നിന്നു.
 
അവർ വന്ന ഉച്ചയുടെ  വെയിൽ തണുക്കുന്ന നേരത്ത് ഒരു അച്ഛനും മകനും കൂടി വന്നു.
 
പുതുയതായി വന്ന അഞ്ചു പേരും പഴയതായ ഞാൻ അപ്പോൾ മുതൽ അപരചിതയായി മാറി. എനിക്ക് അപ്പോൾ മുതൽ വീട്ടിൽ പോകണം എന്ന് കലശലായി തോന്നാൻ തുടങ്ങി.
 
അവർ അഞ്ച് പേരും എന്നെ അത്ഭുത ജീവിയെ പോലെ നോക്കുന്നത് അവഗണിക്കാൻ ശ്രമിച്ചിട്ടും എനിക്ക് കൊച്ചു കുട്ടിയെ പോലെ എന്തിന് നോക്കുന്നു എന്ന് ചോദിച്ചു അവരോട് എല്ലാം വഴക്ക് ഉണ്ടാക്കാൻ തോന്നി.
 
അഞ്ചു പേർക്കും എന്തോ പ്രത്യേകത ഉള്ള മുഖങ്ങൾ ആയിരുന്നു. കുറിയ മനുഷ്യർ , തീരെ സ്വഭാവികമല്ലാതെ നടക്കുന്നവർ , ഒട്ടും ഇഷ്ടമില്ലാത്തത് പോലെ എന്നെ നോക്കിയിരിക്കുന്നവർ , ആശുപത്രി എന്ന് ഓർക്കാതെ കട്ടിലിന്റെ ക്രാസിയിലും വാതിലിനു മുകളിലെ അഴിയിലുമെല്ലാം തുണി കഴുകി വിരിച്ചിടുന്നവർ . അവർ എന്നെ നോക്കുന്നോ എന്നു പരിഭ്രമിച്ചിരിക്കെ ഞാൻ എന്റെ വാർഡിനു  ലില്ലിപ്പൂട്ട് എന്ന് പേരിട്ടു , എനിക്ക് ഗുളിവർ  എന്നും.
 
അന്ന് ഞാൻ പതിയെ വാർഡിൽ കൂടി രണ്ട് മിനിറ്റ് നടന്നു . അണച്ചു കട്ടിലിൽ ഇരുന്ന എന്നെ തുറിച്ചു നോക്കുന്ന പത്ത് കണ്ണുകൾ , എനിക്ക് അവരിൽ ആരെയും നോക്കി ചിരിക്കാനോ മിണ്ടാനോ തോന്നിയില്ല , അവർക്ക് എന്നോടും .
 
അന്ന് ആദ്യമായി എനിക്ക് കിടക്കാനും ഉറങ്ങാനും മടി തോന്നി. കട്ടിലിൽ നിന്ന് കാല് തൂക്കിയിട്ട് ഇരിക്കാൻ തോന്നി. അങ്ങിനെ ഇരിക്കേ എന്റെ കൈ വിരലുകളും കാൽ വിരലുകളും കുറുകി പോയി എന്ന് എനിക്ക് തോന്നി , ഞാനപ്പോൾ എന്റെ ദേഹം ആകെ നോക്കി , അതിനു മുൻപുണ്ടായിരുന്ന എന്റെ ഒരു ഛായയും ഉണ്ടായിരുന്നില്ല , ചുളുങ്ങിയും പൊന്ത് വന്ന് നിര്ജീവമായിപോയത് പോലെയും ഒരു ഉടൽ . എനിക്കപ്പോൾ ഒരു പെൻസിൽ ഓർമ്മ വന്നു, സ്വർണ നിറമുള്ള ചുറ്റിൽ തീർന്ന് തീർന്ന് പോയി ഒടുവിലെ മുന മാത്രമായി തീർന്ന , ചുറ്റിന് പിന്നിലെ റബർ ഉരഞ്ഞു തീർന്ന , നീലയും കറുപ്പും വരകളിൽ ഉള്ള ഒരു പെൻസിൽ . പിന്നെ എപ്പോൾ എഴുന്നേറ്റ് നിന്നാലും എനിക്ക് ആ പെൻസിൽ ഓർമ്മ വന്നു , അവസണിക്കാറായ മുന കൊണ്ട് ജീവിതം എഴുതുന്ന നീല പെൻസിൽ.
 
എട്ടാം ദിവസം നോട്ടങ്ങളുടെ മുനകുത്തി ഇരിക്കുമ്പോൾ നിഷ മഞ്ചേഷ് എന്നു പേര് വിളിച്ചൊരാൾ വാർഡിൽ എത്തി . അയാൾ എന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ശ്രവങ്ങൾ എടുത്തു , എന്റെ മൂന്നാമത്തെ കോവിഡ് ടെസ്റ്റ്.
 
റിസൾട്ട് രണ്ട് ദിവസംകൊണ്ടു കിട്ടുമെന്ന് നേഴ്സ് പറഞ്ഞു.
 
ടെസ്റ്റിന് സ്രവം എടുത്തു പോയപ്പോൾ ഒരു ദിവസത്തെ മുഴുവൻ ആകാംക്ഷയും കുടഞ്ഞിട്ടുകൊണ്ടു ഒരു വീട്ടിൽ നിന്നുള്ള നാലു പേരിലെ ഒരു സ്ത്രീയും അച്ഛൻ - മകൻ രോഗികളിലെ മകനും "എത്ര ദിവസമായി അഡ്മിറ്റ് ആയിട്ട്" എന്നു എന്നോട് ചോദിച്ചു.
 
എട്ട് ദിവസമായി എന്നു പറഞ്ഞപ്പോൾ മറ്റേ സ്ത്രീ അടുത്ത് വന്നു സംസാരിച്ചു, " ഞങ്ങൾ പോസിറ്റീവ് ആയി അഞ്ചു ദിവസം കഴിഞ്ഞു , അടുത്ത ടെസ്റ്റിന് ഇവർ ഏത് ദിവസമാണ് നോക്കുന്നത്, അഡ്മിറ്റ് ആയ ദിവസമാണോ അതോ പോസിറ്റീവ് ആയ ദിവസമാണോ?" .
 
എനിക്ക് അതിനെ കുറിച്ചു അറിയില്ലെന്നും ഞാൻ  പോസിറ്റീവ് ആയതും അഡ്മിറ്റ് ആയതും ഒരേ ദിവസം ആയിരുന്നെന്നും ഞാൻ അവരോട് പറഞ്ഞു.
 
പനി പോലും ഇല്ലാത്ത ആ അഞ്ചു പേർക്കും വെറുതെ ഒരു കട്ടിലിൽ കിടക്കേണ്ട ആശുപത്രി ജീവിതം ഒരു ദിവസം കൊണ്ട് തന്നെ മടുത്തിരുന്നു . അതിലെ അച്ഛൻ മാത്രം ബാഗിൽ നിറയെ ന്യുസ് പേപ്പറുകളിൽ നിന്ന് സുഡോകു ഭാഗങ്ങൾ ചതുരത്തിൽ മടക്കി കൊണ്ട് വന്നിരുന്നു . വേറൊന്നിലും താൽപര്യമില്ലാത്ത അദ്ദേഹം ഉറക്കം ഇല്ലാത്തപ്പോഴെല്ലാം സുഡോകു കളിച്ചു.
 
നെഗറ്റീവ് റിസൾട്ട് വരുന്നതും വീട്ടിലേയ്ക്ക് പോകുന്നതും സ്വപ്നം കാണാൻ വേണ്ടി ഞാനപ്പോൾ എന്റെ ഉറക്കങ്ങളെ വെട്ടി ചുരുക്കി.


മടക്കം
'പനി തുടങ്ങി നാലാം ദിവസം പോസിറ്റീവ് ആണെന്ന് അറിഞ്ഞു , എട്ടും നാലും പന്ത്രണ്ട് . അതിനും നാലു ദിവസം മുൻപ് എങ്കിലും വൈറസ് ഉള്ളിൽ പ്രവേശിച്ചിട്ടുണ്ടാവാം . പന്ത്രണ്ടും നാലും പതിനാറ്. കുറഞ്ഞത് പതിനാറ് ദിവസങ്ങളായി വൈറസ് ആക്രമണം നേരിട്ട് തുടങ്ങിയിട്ട് , അപ്പോൾ പിന്നെ റിസൾട്ട് നെഗറ്റീവ് ആവും .'
 
ഇങ്ങനെ ദിവസങ്ങളെ മുൻപോട്ടും പിൻപോട്ടും ഗണിച്ചുകൊണ്ടുള്ള സ്വപ്നാടനമായിരുന്നു പിന്നെയുള്ള നാല്പത്തിയെട്ടു മണിക്കൂറുകൾ. 
 
എന്റെ ജീവിതത്തിലെ ഒരു അനിശ്ചിതത്വങ്ങളിലും എനിക്കൊപ്പം നിന്നിട്ടില്ലാത്ത എന്റെ ഗർഭപാത്രം ഞാൻ അഡ്മിറ്റ് ആയതിന്റെ പിറ്റേ ദിവസം തീയതിയും കണക്കുകളും തെറ്റിച്ച് എന്നെ ചതിച്ചിരുന്നു. എന്റെ ശരീരത്തിൽ അങ്ങിനെയൊരു ജൈവിക പ്രവർത്തനം ഉണ്ടെന്ന ഓർമ്മ പോലും ഇല്ലാതിരുന്ന ഞാൻ ആശുപത്രിയിലേക്ക് പോകുമ്പോൾ സാനിറ്ററി നാപ്ക്കിനോ മെന്സ്ച്ചുറൽ കപ്പോ ഒന്നും തന്നെ എടുത്തിരുന്നുമില്ല. ഒടുവിൽ, പിപിഈ കിറ്റിനുള്ളിൽ നിന്ന് പുറത്ത് ഇറങ്ങാതെ എവിടെയും പോകാൻ സാധിക്കാത്ത നേഴ്സ് ആരുടെയോ സഹായത്താൽ നാപ്ക്കിൻ വാങ്ങി തന്ന് എന്നെ സഹായിക്കുകയായിരുന്നു.
 
തളർച്ചയുടെ അത്രയും ദിവസങ്ങളിലും  ഞാൻ ആ ഭാരവും ചുമന്നു. മണിക്കൂറുകൾ എണ്ണിയിരുന്ന ആ ഒൻപതാം ദിവസമാണ് ഞാൻ അതിൽ നിന്നും മോചിപ്പിക്കപ്പെടുന്നത്.
 
ഇനിയെങ്ങാനും റിസൾട്ട് നേരത്തെ വരുമോ എന്ന് സ്വപ്നം കണ്ടെങ്കിലും അത് ഉണ്ടായില്ല .
ഒൻപതാം ദിവസം രാത്രിയോടെ എന്റെ ഇന്ജെക്ഷനുകൾ അവസാനിപ്പിച്ചു. എനിക്കുള്ള ഇന്ജെക്ഷനുകൾ എടുക്കുമ്പോൾ എല്ലാം കണ്ണട വച്ച ചെക്കൻ ഓരോ മരുന്നും എന്റെ ശരീരത്തെ എങ്ങിനെ ചികിൽസിക്കാൻ ഉള്ളതാണ് എന്ന് പറഞ്ഞു തരുമായിരുന്നു. അധികം ഡോസ് ഉള്ള മരുന്നുകൾ തന്നാൽ ഒരുപക്ഷേ എന്റെ കരളും പ്രതിരോധത്തിൽ ആയെക്കുമെന്നും അങ്ങിനെ സംഭവിച്ചാൽ അത് പ്രശ്നങ്ങൾ അധികരിപ്പിക്കുമെന്നും അവൻ ഇടയ്ക്കിടെ പറഞ്ഞു തരുമായിരുന്നു. ആഹാരം കഴിക്കു, ന്യുമോണിയ ഉള്ളത് കൊണ്ട് ചൂട് വെള്ളം മാത്രം കുടിക്കു, പരമാവധി വിശ്രമിക്കൂ എന്നും അവൻ ഓരോ വരവിലും പറഞ്ഞു കൊണ്ടിരുന്നു. 
 
'ഇവിടെ കിടക്കുമ്പോൾ ഒരു എഴുപത് ശതമാനം രോഗം ഭേദമാകൂ , മുപ്പത്ത് ശതമാനം നിങ്ങൾ വീട്ടിൽ ചെന്ന് വീട്ടിലെ ആഹാരവും അന്തരീക്ഷവും കിട്ടുമ്പോൾ ഭേദമാകും' എന്ന് പറഞ്ഞത് എന്റെ മെലിഞ്ഞ പെണ്ണാണ്.
 
എനിക്ക് അപ്പോഴെല്ലാം എത്രയും വേഗം വീട്ടിൽ പോയി പൂർണ്ണമായും ഭേദപ്പെടണം എന്ന് തോന്നിക്കൊണ്ടേയിരുന്നു.
 
പത്താം ദിവസം രാവിലെ മുതൽ ഞാൻ ഡോക്ടറിന്റെ വരവ് കാത്തിരുന്നു, അന്ന് ഞായറാഴ്ച്ച ആയിരുന്നു . പതിവില്ലാത്തത് പോലെ ഡോക്ടറിന്റെ രാവിലെയുള്ള വരവ് വൈകിക്കൊണ്ടിരുന്നു. 
 
നെഗറ്റീവ് ആയിരിക്കുമെന്നും ബില്ല് എത്രയാകും എന്ന് ഏകദേശം നോക്കി പറയാൻ നേഴ്സിനെ അറിയിക്കണം എന്നും മഞ്ജൻ രാവിലെ തന്നെ പറഞ്ഞിരുന്നു.
 
ആശുപത്രിയിൽ നിന്ന് ഫോൺ വന്നാൽ ഉടൻ ഇറങ്ങാൻ പാകത്തിന് മഞ്ജൻ തയ്യാറായി ഇരിക്കുകയായിരുന്നു.
 
എനിക്ക് അപ്പോഴും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അവർ എന്റെ ന്യുമോണിയ പരിശോധിക്കുകയോ അതിന് വേണ്ട എന്തെങ്കിലും നിർദേശങ്ങൾ തരികയോ ചെയ്തിരുന്നില്ല.
 
ഉച്ചയോടെ  ഞാൻ അപ്പോഴും കോവിഡ് പോസിറ്റീവ് ആണ് എന്ന വിവരം ആശുപത്രിയിൽ നിന്നും മഞ്ജനെ വിളിച്ചു അറിയിച്ചു .
 
ആ വിവരം ഞാൻ അറിയും മുൻപേ ഒരു ജോലിക്കാരി എനിക്ക് എന്റെ പത്ത് ദിവസത്തെ ആശുപത്രി ബില്ല് കൊണ്ട് തരികയും , അത് കിട്ടിയതോടെ യാത്ര ഉറപ്പിച്ച ഞാൻ ബാഗും സാധനങ്ങളും എടുത്ത് വെക്കുകയും ചെയ്തിരുന്നു.
 
മഞ്ജൻ എന്നെ വിളിച്ച് , ' നെഗറ്റീവ് ആയിട്ടില്ല , ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഡോക്ടറോട് സംസാരിച്ചു തീരുമാനിക്കാൻ റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞു , എന്താ ചെയ്യേണ്ടത് ?' എന്ന് ചോദിച്ചു.
 
'ഡോക്ടർ വരുമ്പോൾ ചോദിക്കാം' എന്ന് ഞാൻ മറുപടി പറഞ്ഞു.
 
ഞാൻ പോവുകയാണ് എന്ന് കരുതി എന്നെ നോക്കിയിരുന്ന അഞ്ചു പേരോടും ഞാൻ അപ്പോഴും പോസിറ്റീവ് ആണ് എന്നകാര്യം പറഞ്ഞില്ല, എനിക്ക് വീണ്ടും പോസിറ്റീവ് ആയിരിക്കാൻ വയ്യായിരുന്നു.
 
തലേന്ന് രാത്രി തീർന്ന ഇന്ജെക്ഷനുകൾക്ക് വേണ്ടിയുള്ള സൂചി അപ്പോഴും എന്റെ വലത് കൈയുടെ തള്ളവിരലിനു താഴെയുള്ള ഞരമ്പിൽ ഇരുന്നു വിങ്ങുന്നുണ്ടായിരുന്നുത് എടുക്കാൻ നേഴ്സ് വന്നു. അവളോട് ഞാൻ ആരും കേൾക്കാതെ എന്റെ റിസൾട്ട് പോസിറ്റീവ് ആണെന്ന് പറഞ്ഞു. സാരമില്ലെന്നും ഇനിയും ഇവിടെ കിടക്കേണ്ടെന്നും മരുന്നുകൾ കഴിച്ചു ഒരു മുറിയിൽ വിശ്രമിക്കാൻ കഴിയുമെങ്കിൽ വീട്ടിലേയ്ക്ക് പോകുന്നതാണ് നല്ലതെന്നും അവൾ എന്നോട് പറഞ്ഞു. സൂചി എടുത്ത് ചോരയിൽ പഞ്ഞി അമർത്തി അവൾ പോയപാടെ ഞാൻ മഞ്ജനെ വിളിച്ചു അവൾ പറഞ്ഞത് അങ്ങിനെ തന്നെ അറിയിച്ചു.
 
'ഡോക്ടർ വരട്ടെ എന്നും ഇനിയും ബുദ്ധിമുട്ടുകൾ കൂടിയെങ്കിലോ എന്നും പൊന്നുവിനെ ഓർക്കണ്ടേ' എന്നുമുള്ള പേടികൾ മഞ്ജൻ പറഞ്ഞുകൊണ്ടിരുന്നു അപ്പോഴെല്ലാം.
 
ഇനിയും അവിടെ വയ്യെന്ന തോന്നലും ഇപ്പോഴും ഞാൻ എന്തേ പോസിറ്റീവ് എന്ന തോന്നലും എന്റെ തലക്കുള്ളിൽ വീർത്തുകെട്ടി വന്നു കൊണ്ടിരുന്നു. എന്റെ ബിപി പരിശോധിച്ച നേഴ്സ് 160/100 എന്ന്  അത്ഭുതത്തോടെ രജിസ്റ്ററിൽ എഴുതി. ഇതുവരെ ബിപി അബ്നോർമൽ ആവാത്ത ആൾക്ക് ഇന്നെന്തുപറ്റി എന്ന് അവളെന്റെ തോളിൽ തട്ടി.
 
എന്റെ തലയ്ക്കുള്ളിൽ പ്രകമ്പനങ്ങളാൽ ഉന്മാദം കൊണ്ട വേദന തലയോട്ടി പിളർന്ന് പുറത്ത് വരുമെന്ന് എനിക്ക് തോന്നിത്തുടങ്ങി.
 
ഒടുവിൽ ഡോക്ടർ എത്തുമ്പോൾ മൂന്ന് മണി കഴിഞ്ഞിരുന്നു. എന്റെ വിവരങ്ങൾ നഴ്സിനോട് തിരക്കി മുൻപോട്ട് നടന്ന ഡോക്ടറെ ഞാൻ ഉച്ചത്തിൽ എന്റെയടുത്തേയ്ക്ക് വിളിച്ചു.
'എന്റെ റിസൾട്ട് പോസിറ്റീവ് ആണല്ലോ, ഇനി എന്ത് ചെയ്യണം' എന്ന് ഞാൻ ചോദിച്ചു.
 
'അടുത്ത ടെസ്റ്റ് മൂന്ന് ദിവസം കഴിഞ്ഞു ചെയ്യും. അതിൽ നെഗറ്റീവ് ആണെങ്കിൽ നിങ്ങൾക്ക് പോകാം. ഇനി ഇപ്പോൾ പോകണം എന്ന് ആണെങ്കിൽ വീട്ടിൽ റൂം ഐസൊലേഷനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പോകാം , അത് നിങ്ങളുടെ തീരുമാനം ആണ് , ആലോചിക്കൂ'
 
ആലോചിക്കാനും തീരുമാനിക്കാനുമുള്ള അവകാശത്തെ അവിടെ വിട്ടു ഡോക്ടർ പോയി.
 
ഞാൻ മഞ്ജനെ വിളിച്ചു അക്കാര്യവും പറഞ്ഞു.
 
ഞങ്ങൾക്ക് ആലോചിക്കാൻ പറ്റുന്നുണ്ടായിരുന്നെങ്കിലും ഒന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല.
 
ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു, മഞ്ജനും.
 
എന്റെ ആലോചനയുടെ വഴി ഇങ്ങനെ ആയിരുന്നു , ' ഇനി ഇന്ജെക്ഷനുകൾ ഇല്ല, ഇപ്പോൾ തന്നെ ഡോക്ടർ ഞാൻ വിളിച്ചിട്ടാണ് എന്റെ അടുത്ത് വന്നത്, ചികിത്സകളിൽ നിന്ന് ഒരു പരിധി വരെ ഞാൻ പുറത്താകുകയാണ്, ഇനി മൂന്ന് ദിവസം കഴിയുമ്പോൾ ടെസ്റ്റ്, രണ്ട് ദിവസം കഴിയുമ്പോൾ റിസൾട്ട്, മൂന്നും രണ്ടും അഞ്ച് . അഞ്ചു ദിവസം കൂടി കിടക്കുമ്പോൾ എഴുപത്തി അയ്യായിരം രൂപ കൂടി അധികം വരും ,വീട്ടിൽ പോയാൽ  സമാധാനത്തോടെ ആഹാരവും മരുന്നും കഴിച്ചു ആരുമായും  അടുപ്പം ഇല്ലാതെ റൂമിൽ കഴിയാം, എങ്ങിനെ എങ്കിലും പോയെ പറ്റൂ'
 
മഞ്ജന്റെ ആലോചനയുടെ വഴി ഇങ്ങനെ ആയിരുന്നു, ' ഇത്ര എല്ലാം സഹിച്ചു, ഇനി അഞ്ചു ദിവസം കൂടി സഹിച്ചാൽ മതിയെന്ന് കരുതാം , വീട്ടിൽ വന്നിട്ട് ബുദ്ധിമുട്ടുകൾ കൂടിയാൽ പിന്നെ എന്ത് ചെയ്യും, ഇതാകുമ്പോൾ ആശുപത്രിയിൽ ആണ് എന്ന സമാധാനം ഉണ്ട് . ഇത് വരെ പൊന്നുവിനു കുഴപ്പം ഒന്നുമില്ല , തനിക്ക് ഉണ്ടായിരുന്ന പനിയും ബുദ്ധിമുട്ടുകളും മാറിയിട്ടുണ്ട്, പോസിറ്റീവ് ആയ ആള് മടങ്ങി വരുമ്പോൾ അക്കാര്യങ്ങൾ താളം തെറ്റിയാൽ ഇനി ഒരു രോഗാവസ്ഥ കൂടി താങ്ങാൻ വയ്യ '
 
ഒടുവിൽ എന്റെ ആലോചനയിൽ തീരുമാനം ഉടക്കി നിന്നു, വീട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു.
 
അഞ്ചു മണിയോടെ മഞ്ജൻ ആശുപത്രിയിൽ എത്തി. മരുന്നും ഐസൊലേഷൻ മന്ത്രങ്ങളുമടങ്ങിയ കുറിപ്പടി വാങ്ങി പൈസ അടച്ച് കാത്ത് നിന്ന മഞ്ജന്റെ അടുത്തേയ്ക്ക് ഞാൻ വാർഡിൽ നിന്ന് ഇറങ്ങി.
 
കൂടെ ഉണ്ടായിരുന്ന മനുഷ്യരോട് ഞാൻ പോകുവാണ് എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചതെ ഉള്ളു, എനിക്ക് യാത്ര പറയാൻ ശബ്ദം ഒന്നും അപ്പോൾ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നില്ല.
 
ബാഗും സാധനങ്ങളും എടുത്ത് കൂടെ വന്ന രണ്ട് പേർ എന്റെ മുടി ചുരുണ്ടിരിക്കുന്നത് പറഞ്ഞു ലിഫ്റ്റിൽ വച്ചു ചിരിച്ചു , ഞാനും അവർക്കൊപ്പം ചിരിച്ചു.
 
റിസപ്ഷനു അരികിൽ മഞ്ജൻ നിൽക്കുന്നുണ്ടായിരുന്നു.
 
പുറം ലോകത്തെയും മഞ്ജനേയും ഞാൻ നോക്കി , പുറം ലോകം ചൂടിൽ കുതിർന്നിരുന്നെങ്കിലും സന്ധ്യ നേരം മരങ്ങളിൽ വീണ് നിഴലായിൽ മണ്ണിൽ പതിഞ്ഞതിന്റെ ആലസ്യത്തിൽ ആയിരുന്നു.
 
മഞ്ജൻ എനിക്ക് അപരിചിതമായ രൂപത്തിലും ഭാവത്തിലും തീരെ മെലിഞ്ഞു പോയ നീണ്ടു നിവർന്നൊരു മനുഷ്യനായി എനിക്ക് വേണ്ടി വണ്ടിയുടെ പിൻവാതിൽ തുറന്നു തന്നു. ഞങ്ങൾ രണ്ട് അന്യ ലോകത്ത് നിന്ന് ഒരേ സമയം മടങ്ങിയെത്തിയവരെ പോലെ പരസ്പരം ചിരിച്ചു.
 
ഞാൻ വീട്ടിലേയ്ക്ക് മടങ്ങി പോന്നൂ .

റൂം ഐസൊലേഷൻ 

വീട്ടിലെത്തുമ്പോൾ എന്നെ കാത്ത് വാതിൽക്കൽ പൊന്നു ഉണ്ടായിരുന്നു. അവളെ "പൊന്നേ" എന്നൊന്നും വിളിച്ചാൽ രോഗാണു പകർന്നെങ്കിലോ എന്ന ഭയത്തിൽ ഞാൻ ആ വിളി കണ്ണ് കൊണ്ട് വിളിച്ചു , അവൾ "അമ്മേ" എന്ന മറുപടിയും കണ്ണ് കൊണ്ട് തന്നു. 
 
എന്റെ ബെഡ് റൂം എനിക്ക് വേണ്ടി മാത്രമായി ഒരുങ്ങിയിരിക്കുകയായിരുന്നു. ഞാൻ ആ കട്ടിലിൽ പോയി തളർന്ന് കിടന്നു. എനിക്ക് കഴിക്കാൻ മഞ്ജൻ ചോറും മീൻ കറിയും തന്നു.

ഇനിയും ആശുപത്രിയിൽ കിടക്കേണ്ടി വരുമോ എന്ന ആധി വളർത്തിയ ബ്ലഡ് പ്രഷർ തല വേദനയായി എന്നെ ഉലച്ചു കളഞ്ഞ ആ രാത്രി വീട്ടിലെത്തിയെന്നു സന്തോഷിക്കാൻ ആവാതെ കഴിഞ്ഞു പോയി. 
 
മഞ്ജൻ അതിരാവിലെ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കി, പാത്രങ്ങളുടെ കലമ്പൽ കേട്ട് ഞാൻ ഉണർന്നും തളർന്നും കിടന്നു. എന്റെ ആഹാരങ്ങൾ എനിക്കുള്ള പ്ളേറ്റിലിയ്ക്കും പാത്രങ്ങളിലേയ്ക്കും പകർന്നു വെക്കുമ്പോൾ ഞങ്ങൾ പരസ്പരം മാസ്ക് ഇട്ട് സുരക്ഷിതരായി. 
 
ഇടയ്ക്കൊക്കെ കറികൾക് ഞാൻ കട്ടിലിൽ കിടന്ന് അളവ് പറഞ്ഞു കൊടുത്തു.

അച്ഛൻ അമ്മയെ തൊട്ടു , നമുക്കും ഒന്ന് തൊടാം എന്നു ഞാൻ പൊന്നുവിനോട് പറഞ്ഞു , അവൾ ഓടി വന്നു , ഞാൻ അവളുടെ കൈ എന്റെ രണ്ട് കൈയ്യിലും ചേർത്തു വച്ചു ഒന്നു തഴുകി, ജീവന്റെ പ്രവാഹം ഉള്ളിൽ വേഗപ്പെടുന്നത് ഞാൻ അറിഞ്ഞു . ഞങ്ങൾ സ്നേഹത്താൽ തുളുമ്പി. അടുത്ത നിമിഷം അവളെ ഞാൻ കൈ കഴുകാൻ പറഞ്ഞു വിട്ടു.

പൊന്നു വാതിലിന് അപ്പുറം നിന്ന് എന്നെ നോക്കും , ചിരിച്ചു കാണിക്കും , എന്താണ് മണ്ടേണ്ടത് എന്നൊരു ശങ്കയാൽ അവൾ കുഴയും. ഞാനപ്പോൾ "എന്നാടാ" എന്ന് ചോദിക്കും. ഞാൻ തിരിച്ചു വന്നില്ലെങ്കിലോ എന്ന് ശങ്കിക്കാത്ത ഒരേ ഒരാൾ അവൾ മാത്രമായിരുന്നു, അവൾക്ക് അങ്ങിനെ ഒരു സാധ്യത അറിയില്ലായിരുന്നു . അല്ലെങ്കിൽ തന്നെ അമ്മയ്ക്ക് മരിച്ചു പോകാൻ കഴിയുമെന്ന് ഏത് കുഞ്ഞിനാണ് കരുതാൻ ആകുന്നത്.
 
ആദ്യത്തെ പോസിറ്റീവ് റിസൾട്ടിന്റെ പതിനാലാം ദിവസം ഞങ്ങൾ മൂന്ന് പേരും  കൂടി ഒന്നിച്ച് ആദ്യമായി ടെസ്റ്റ് ചെയ്യാൻ പോയി. വണ്ടിയുടെ മുൻ സീറ്റുകളിൽ അവർ രണ്ടും, പിൻ സീറ്റിൽ ഞാനും . 
 
അത് കപൂർ ഡോക്ടർ പറഞ്ഞ 'കാശി റാം' എന്ന സർക്കാർ ആശുപത്രി ആയിരുന്നു. അവിടെ ടെസ്റ്റ് ഫ്രീ ആയിരുന്നു.
വരി നിന്ന് പേര് എഴുതിച്ചത് മഞ്ജൻ ആണ് .

നൂറോളം അടുത്ത് ആളുകൾ അവിടെ ഉണ്ടായിരുന്നു , ഞാൻ പോസിറ്റീവ് ആണെന്ന് പറഞ്ഞപ്പോൾ വണ്ടിയിൽ തന്നെ ഇരിക്കാൻ അവർ നിർദേശം നൽകി. പേരെഴുതി രണ്ട് മണിക്കൂറിനു ശേഷം അവർ സ്രവം എടുക്കാനായി ആളുകളെ വിളിച്ചു തുടങ്ങി. അപ്പോൾ ആണ് അവിടെ ചെയ്യുന്നത് റാപ്പിഡ് ടെസ്റ്റ് ആണെന്നും ഉച്ച കഴിയുമ്പോൾ റിസൾട്ട് അറിയുമെന്നും മനസ്സിലായത്. 
 
സാമ്പിൾ കൊടുത്ത് ഞങ്ങൾ മടങ്ങി. ഉച്ചയ്ക്ക് ശേഷം കിട്ടിയ റിസൽറ്റിൽ ഞങ്ങൾ മൂന്ന് പേരും നെഗറ്റീവ് ആയിരുന്നു. എന്നിട്ടും സന്തോഷിക്കാൻ ആവാത്ത ശ്വാസം മുട്ടൽ നെഞ്ചിൽ കനത്ത് നിന്നു. 
 
നെഗറ്റീവ് റിസൾട്ട് ഉണ്ട് എന്ന പരിഗണനയിൽ ഇനി ആശുപത്രികൾ തുറക്കപ്പെടും എന്ന ഉറപ്പിൽ അന്ന് തന്നെ 
അപ്പോൾ തന്നെ മറ്റൊരു ആശുപത്രിയിൽ പോയി , ന്യുമോണിയ മാറിയോ എന്ന സമാധാനം തേടൽ ആയിരുന്നു ലക്ഷ്യം.
 
എന്റെ അത്രയും ദിവസത്തെ പരിശോധനയുടെ കടലാസുകൾ കണ്ട അവിടുത്തെ സ്റ്റാഫ് ദൂരെ മാറുന്നതും മറ്റ് രോഗികളോട് പുറത്ത് പോകാൻ പറയുന്നതും ഞാൻ നോക്കി നിന്നു. ഡോക്ടർ എന്റെ പുതിയ എക്‌സ് റേ പരിശോധിച്ചു. എന്റെ ന്യുമോണിയ കുറഞ്ഞിരുന്നില്ല, എന്നു മാത്രമല്ല പഴയതിൽ നിന്ന് നേരിയ വ്യത്യാസം മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. എന്റെ റാപ്പിഡ് ടെസ്റ്റ് റിസൾട്ട് വിശ്വസിക്കേണ്ടെന്നും ഒരാഴ്ച്ചയ്ക്ക് ശേഷം ഒന്നു കൂടി PCR ടെസ്റ്റ് വേണം എന്നും ഒരാഴ്ച്ച കൂടി റൂം ഐസൊലേഷൻ തുടരണം എന്നും വീണ്ടും എന്റെ ചീട്ടിൽ കുറിക്കപ്പെട്ടു.
 
ഞാൻ വീണ്ടും നെഗറ്റീവ് ആയ പോസിറ്റീവ് ആയി വീട്ടിലെത്തി. അപ്പോൾ എനിക്ക് പൊന്നുവിനേയും മഞ്ജനേയും ഒന്ന് തൊട്ടു നോക്കാൻ തോന്നി. ഞാൻ ആദ്യം മഞ്ജന് നേരെ കൈ നീട്ടി , മഞ്ജൻ വന്ന് എന്റെ കൈത്തണ്ടയിൽ പടിച്ചു, എനിക്കപ്പോൾ സൂചി പഴുത്ത ഞരമ്പ് അമർന്നു വേദനിച്ചു. 
അച്ഛൻ അമ്മയെ തൊട്ടു , നമുക്കും ഒന്ന് തൊടാം എന്നു ഞാൻ പൊന്നുവിനോട് പറഞ്ഞു , അവൾ ഓടി വന്നു , ഞാൻ അവളുടെ കൈ എന്റെ രണ്ട് കൈയ്യിലും ചേർത്തു വച്ചു ഒന്നു തഴുകി, ജീവന്റെ പ്രവാഹം ഉള്ളിൽ വേഗപ്പെടുന്നത് ഞാൻ അറിഞ്ഞു . ഞങ്ങൾ സ്നേഹത്താൽ തുളുമ്പി. അടുത്ത നിമിഷം അവളെ ഞാൻ കൈ കഴുകാൻ പറഞ്ഞു വിട്ടു. 
 
വീണ്ടുമുള്ള ഏഴ് ദിവസങ്ങൾ വലിയ ആവലാതികൾ ഇല്ലാതെ പോയി. മരുന്നുകളും ആഹാരവും വെള്ളവും മുറയ്ക്ക് ഞാൻ കഴിച്ചു കൊണ്ടിരുന്നു. 
ഒടുവിൽ ഡോക്ടർ പറഞ്ഞ ദിവസം ടെസ്റ്റ് ചെയ്യാൻ പോയി, എന്റെ അഞ്ചാം കോവിഡ് ടെസ്റ്റ് , ആദ്യം ടെസ്റ്റ് ചെയ്യാൻ പോയ ആ നഗരത്തിന് അപ്പുറമുള്ള , മെഡിക്കൽ കോളേജിന്റെ എതിർ വശമുള്ള ലാബിൽ ഞാൻ വീണ്ടും എത്തി എന്റെ സ്രവം നൽകി.
ഒരു രാത്രിയ്ക്ക് അപ്പുറം താമസിക്കാതെ അവർ എന്റെ റിസൾട്ട് തന്നു.
 
ഞാൻ കോവിഡ് നെഗറ്റീവ് ആയിരുന്നു.
(അവസാനിച്ചു)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top