16 April Tuesday

എന്റെ ശരീരം, എന്റെ തെരഞ്ഞെടുപ്പ്

ഡോ. ടി ഗീനാകുമാരി geenakumariti@gmail.comUpdated: Sunday Oct 23, 2022

My body, my choice (എന്റെ ശരീരം, എന്റെ തെരഞ്ഞെടുപ്പ്) എന്നത് സ്‌ത്രീവിമോചന പോരാട്ടങ്ങളിലെ ലോകവ്യാപക മുദ്രാവാക്യമാണ്. അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശം നൽകിയ സുപ്രീംകോടതിയുടെ നിർണായക വിധി ഈ മുദ്രാവാക്യത്തിന്റെ നിയമപരമായ അംഗീകാരമായി കാണാം. പ്രത്യുൽപ്പാദനത്തിന്റെ എല്ലാ വശങ്ങളിലും പൂർണമായ ശാരീരികവും മാനസികവുമായ  താൽപ്പര്യവും സുരക്ഷിത ലൈംഗികതയും  ഓരോ വ്യക്തിക്കും ആവശ്യമാണ്. അവരുടെ ശരീരത്തെ നിയന്ത്രിക്കുന്ന തീരുമാനങ്ങൾ എടുക്കാനും അതിന്‌ വേണ്ടുന്ന സേവനങ്ങളും അവ ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം അന്തർദേശീയമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശമാണ്. സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്നു കാണുന്ന പുരോഗമന സ്വഭാവമുള്ള നീതിനിർവഹണ സ്‌ഥാപനങ്ങൾക്ക് അത്‌ അംഗീകരിക്കാതിരിക്കാനാകില്ല .

എംടിപി (Medical Termination of Pregnancy Act) നിയമത്തിലെ 3 (ബി) വ്യവസ്ഥ പ്രകാരം, പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്ന് ഗർഭം ധരിക്കുന്ന അവിവാഹിതയായ സ്ത്രീക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ട്. വിവാഹിതരായ സ്ത്രീകളുടേതിന് തുല്യമായ പ്രത്യുൽപ്പാദന അവകാശം അവിവാഹിതർക്കും ഉണ്ട്. ആ അവകാശത്തെ തടയുന്നത് തുല്യാവകാശം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 14-ാം ഖണ്ഡിക യുടെ ലംഘനമാണ് എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

പുരോഗമനാത്മകവും സ്ത്രീപക്ഷവുമായ ഒട്ടേറെ നിരീക്ഷണങ്ങളും സുപ്രീം കോടതി ഈ വിധിന്യായത്തിലൂടെ മുന്നോട്ടു വച്ചു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമം വ്യാഖ്യാനിക്കുമ്പോൾ വൈവാഹിക ബന്ധത്തിൽ ഭർത്താവിൽ നിന്നുണ്ടാകുന്ന ലൈംഗിക പീഡനത്തെയും ബലാത്സംഗമായി പരിഗണിക്കാമെന്ന്‌  കോടതി വിലയിരുത്തി. ഇതുപ്രകാരം ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്ന വ്യവസ്ഥയിൽ വിവാഹിതരായ സ്ത്രീകളും ഉൾപ്പെടും. ഗർഭച്ഛിദ്രം സംബന്ധിച്ച് സ്ത്രീകൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും ഭർത്താവ് അടക്കം ആരുടെയും അനുവാദം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രസവം സംബന്ധിച്ച അവകാശം സ്ത്രീയുടെ സ്വാതന്ത്ര്യത്തിൽ ഉൾപ്പെടും. നിലനിൽപ്പിന് ഭ്രൂണം സ്ത്രീശരീരത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ ആ ശരീരത്തിനു തന്നെയാണ് അത് നിലനിർത്തണമോ എന്നതിന്റെ അധികാരം. തനിക്കു വേണ്ടാത്ത  ഗർഭം, മുഴുവൻ കാലത്തേക്കും വഹിക്കണമെന്ന് ഒരു സ്ത്രീയോട് ഭരണകൂടത്തിന് നിർദേശിക്കാനാകില്ല. അത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

അഖിലേന്ത്യ ജനാധിപത്യ അസോസിയേഷൻ, സന്നദ്ധ സംഘടനയായ ആർഐടി തുടങ്ങിയവരുടെ  നാല് ഹർജികൾ   ഡൽഹി ഹൈക്കോടതി പരിഗണിച്ചപ്പോൾ ഉയർന്ന ഭിന്നാഭിപ്രായത്തെ തുടർന്ന് ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്നത് സുപ്രീംകോടതി വിധിയെഴുതാനിരിക്കെയാണ്‌ ഈ പരാമർശങ്ങൾ. പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളുടെ പരിധിയിൽനിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375(-2) വകുപ്പ്  ഭരണഘടനാ വിരുദ്ധമെന്നും അല്ലെന്നും കുടുംബത്തിലെ  ലൈംഗിക ബന്ധത്തിന് ഇന്ത്യപോലെ വൈവിധ്യമായ ആചാരങ്ങളും മറ്റുമുള്ള ഒരു രാജ്യത്ത് വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന രീതികളൊക്കെ പരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദവും  സുപ്രീംകോടതിയുടെ  പരിഗണനയിലാണ്.

സുരക്ഷിതമായ ഗർഭച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണഘടനാപരമായ അവകാശത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിയമപ്രകാരം അവിവാഹിതർക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകിയിരുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമം 312, 313 വകുപ്പുകൾ പ്രകാരം സ്ത്രീയുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യങ്ങളിലല്ലാതെ ഗർഭമലസിപ്പിക്കാൻ  അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ കുറ്റകൃത്യമായാണ് കാണുന്നത്.   

സുരക്ഷിതമല്ലാത്ത ഗർഭമലസിപ്പിക്കൽ രാജ്യത്ത് വർധിക്കുകയും മാതൃമരണനിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ്  ഇന്ത്യയിൽ ശാന്തിശാൽ ഷാ കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 1971 ൽ എംടിപി ആക്ട്  വന്നത്. ഈ നിയമപ്രകാരം ഗർഭം 20 ആഴ്ച പിന്നിടുന്നത് വരെയായിരുന്നു ഗർഭച്ഛിദ്രത്തിന് അനുമതി.  2021 ലെ നിയമ ഭേദഗതിയിലൂടെ ഇത് 24 ആഴ്ചയായി ഉയർത്തി. ഗർഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ   ഉണ്ടെന്നു കണ്ടെത്തിയാൽ 24 ആഴ്ചയ്ക്കു ശേഷവും ഗർഭച്ഛിദ്രം ഇന്ത്യയിൽ നിയമവിധേയമാണ്. ഗർഭം തുടരുന്നത് അമ്മയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം, ഗർഭസ്ഥ ശിശുവിനു ഗുരുതരമായ വൈകല്യങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉള്ള സാഹചര്യം, ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാകേണ്ടി വരിക, ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെട്ടത് മൂലം ഗർഭം ധരിക്കേണ്ടി വരിക എന്നീ സാഹചര്യങ്ങളിലാണ് മുമ്പ്‌ ഗർഭച്ഛിദ്രം നിയമവിധേയമായിരുന്നത്. എന്നാൽ 2021 ലെ ഭേദഗതിയിലൂടെ ലൈംഗിക ചൂഷണങ്ങളുടെയും ബലാത്സംഗത്തിന്റെയും അടുത്ത ബന്ധുക്കളിൽനിന്നുള്ള  പീഡനത്തിന്റെയും ഇരകൾ, ‌‌‌‌‌പ്രായപൂർത്തിയാകാത്തവർ, ഗർഭ കാലഘട്ടത്തിൽ ഭർത്താവു മരിക്കുകയോ വിവാഹമോചിതരാകുകയോ ചെയ്തവർ, ഭിന്നശേഷിയുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, യുദ്ധം, പ്രകൃതി ദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ അകപ്പെട്ടവർ എന്നിവർക്കെല്ലാം ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്.

സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് തടസ്സമായി നിൽക്കുന്ന  നിയമങ്ങളും വഴിമാറണമെന്ന സൂചനയും സുപ്രീംകോടതി നൽകുന്നുണ്ട്. 1971ലെ നിയമം അക്കാലത്ത് വിവാഹിതരായ സ്ത്രീകളെ മാത്രമാണ് പരിഗണിച്ചിരുന്നത്. എന്നാൽ ‘ലിവ്- ഇൻ റിലേഷൻഷിപ്’ നിലനിൽക്കുന്ന ഇക്കാലത്തെ സ്ഥിതി അതല്ലെന്നും ഭർത്താവ് എന്നതിന് പകരം പങ്കാളി എന്നാക്കി 2021 -ലെ നിയമഭേദഗതി പുനർ നിർവചിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതതുകാലത്തെ സാമൂഹ്യ യാഥാർഥ്യങ്ങൾ അനുസരിച്ച് നിയമത്തെ പുനക്രമീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് ജെ ബി പരിദ്വാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്  അഭിപ്രായപ്പെട്ടു.

ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും പേരിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്ന മനുവാദികളുടെയും  പരമ്പരാഗത സ്ത്രീവിരുദ്ധ മതനിഷ്ഠകളുടെ ഇരകളും വാഹകരുമാക്കി   സ്ത്രീകളെ മാറ്റുന്ന  മത മൗലിക വാദികളുടെയും കണ്ണ് തുറപ്പിക്കാനും   വനിതാ വിമോചന പോരാട്ടങ്ങൾക്ക്   ഊർജവും കരുത്തും പകരാനും സുപ്രീംകോടതി വിധി പ്രയോജനപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top