04 June Sunday

അതിജീവനത്തിന്റെ വെട്ടം പടരണ നേരം

ശ്രീദേവി എസ്‌ കെ sreedevisk23@gmail.comUpdated: Sunday Mar 12, 2023

"കാവലാളില്ല കാത്തിരിപ്പാളില്ല.
 ഒറ്റയായുണ്ടുമൊറ്റയ്‌ക്കുറങ്ങീം
കുറ്റിരുട്ടത്ത് തട്ടിത്തടമ്പീം
പരപരാ വെട്ടം പടരണനേരത്ത്
തുരുതുരേപ്പെയ്ത് നീ നെഞ്ചകത്ത്.....’

വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയിൽപ്പെടുത്തി നിർമിച്ച ‘ഡിവോഴ്സ് 'എന്ന സിനിമയിലെ വരികൾ.
വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന ആറ് സ്ത്രീകളുടെയും അവരുടെ അതിജീവനത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധായിക നാടകകൃത്തും നടിയുമായ മിനി ഐ ജി ആണ്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ മിനി, സംവിധായകരായ ലാൽ ജോസ്, പി ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റ് ആയിരുന്നു. മിനിയുമായി അൽപ്പനേരം.

കുട്ടിക്കാലം


കുഞ്ഞായിരിക്കുമ്പോൾ എന്താകണം എന്നുള്ള ചോദ്യത്തിന് ‘സിനിമാനടി ആകണം' എന്ന് മറുപടി പറഞ്ഞതും മറ്റുള്ളവർ ചിരിച്ചതും  ഓർമയുണ്ട്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് പഠിച്ചത്. അവിടെ നാടകമൊക്കെ അവതരിപ്പിച്ചിട്ടുണ്ട്.   മുത്തശ്ശൻ നല്ലൊരു വായനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറി കലക്ഷൻസിൽനിന്നുമാണ് വായന തുടങ്ങയത്. പിന്നെ കവിതകൾ എഴുതാൻ തുടങ്ങി. ബിംബങ്ങളിലൂടെ ആന്തരികലോകം എങ്ങനെ പുനഃസൃഷ്ടിക്കാം എന്ന ചിന്ത തുടങ്ങിയത് അന്നുമുതൽക്കാണ്.  പ്രീഡിഗ്രി കാലത്തും നാടകരംഗത്ത് ഇടപെട്ടിട്ടുണ്ട്. മണക്കാട് കേന്ദ്രമായിട്ടുള്ള ‘സ്വാതി സാംസ്കാരിക കലാകേന്ദ്ര'ത്തിൽ ചേർന്നു. റെജി സൈൻ, മോചിത, അലൻസിയർ, ശ്രീനാഥ്, സജിത മഠത്തിൽ എന്നിവർക്കൊപ്പം ധാരാളം നാടകങ്ങൾ ചെയ്യുമായിരുന്നു അന്ന്.  
 
തൃശൂർ സ്കൂൾ ഓഫ് ഡ്രാമ

കോളേജിൽ പഠിക്കുമ്പോഴാണ് സ്ത്രീ പഠന കേന്ദ്രം- കുടമാളൂർ നടത്തിയ നാടക ക്യാമ്പിൽ പങ്കെടുക്കുന്നത്. അപ്പോഴാണ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയെക്കുറിച്ച് കൂടുതൽ അറിയുന്നതും . ഡിഗ്രിക്ക് ഇക്കണോമെട്രിക്സിൽ ഫസ്റ്റ് ക്ലാസിൽ പാസായി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാനായിരുന്നു തീരുമാനിച്ചത്. അച്ഛനും അമ്മയും  സപ്പോർട്ട് തന്നു.  അവിടുത്തെ ഒരു വർഷത്തെ പഠനം എന്നെ ഒരുപാട് സഹായിച്ചു. സ്ത്രീ എന്ന നിലയിൽ ഒരിക്കലും മാറ്റിനിർത്തൽ ഉണ്ടായില്ല. എല്ലാ ടെക്നിക്കൽ കാര്യങ്ങളിലും ഇൻവോൾവ് ചെയ്യിച്ചു. ഞാൻ ഒറ്റ പെൺകുട്ടിയെ ഉണ്ടായിരുന്നുള്ളൂ അവിടെ. ഒരുപാട് നാടകങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. ഒരു വർഷത്തിനുശേഷം ‘നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സെലക്ഷൻ ലഭിച്ചു. നാടകത്തിന്റെ സെറ്റ്, കോസ്റ്റ്യൂം, പ്രൊഡക്ഷൻ, അതിനെ ബജറ്റ് ചെയ്യുന്നത്, അതിന്റെ പോസ്റ്റർ ഡിസൈനിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിങ്ങനെ ഡീറ്റെയിലായിട്ടുള്ള പഠനം. ഡിസൈനിങ് ആൻഡ് ഡയറക്ഷൻ ആണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഞാൻ ചെയ്തത്. നിരവധി നാടകങ്ങൾ ഡിസൈൻ ചെയ്യാനും ഡയറക്റ്റ് ചെയ്യാനും കഴിഞ്ഞു. അവിടെ വച്ചാണ് ഒരു വിഷയത്തെ ഏറ്റവും മികച്ച രീതിയിൽ കലാപരമായി എങ്ങനെ വിഷ്വലൈസ് ചെയ്യാം (അത്,ലൈറ്റിങ്‌ ഉൾപ്പെടെ) എന്ന് പഠിച്ചത്.  രാം ഗോപാൽ ബജാജ്, അനുരാധ കപുർ,റോബിൻ ദാസ്, ത്രിപുരാരി ശർമ തുടങ്ങിയവരെക്കൂടാതെ വിദേശത്തുനിന്നുള്ള അധ്യാപകരുടെയും ടെക്നീഷ്യൻസിന്റെയും സാന്നിധ്യം അന്ന് ഉണ്ടായിരുന്നു. നാടകരംഗത്തെ ആധുനിക രീതികളൊക്കെ പരിശീലിക്കാൻ അത് സഹായിച്ചു.  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽസിലൂടെ ഒരുപാട് നല്ല സിനിമകൾ കാണാനുള്ള ഒരു ടേസ്റ്റ് ഡെവലപ് ചെയ്തിരുന്നു. ആ സമയത്ത് കണ്ട സെവൻ സി( Seven Sea) എന്ന സിനിമയാണ് പിന്നീട് മൂന്നു വർഷങ്ങൾക്കുശേഷം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ എന്റെ ഡിപ്ലോമ പ്രൊഡക്ഷനായി ചെയ്യാൻ കഴിഞ്ഞത്. പലതരത്തിലുള്ള വർക്കുകൾ കലാപരമായി എങ്ങനെ ഏകോപിപ്പിക്കണമെന്നും സബ്ജക്ടിവൈസ് ചെയ്യണമെന്നു മുള്ള അന്വേഷണം നടത്താൻ കഴിഞ്ഞത് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം കൊണ്ടാണ്

നാടകകൃത്ത്, അഭിനേതാവ്, സംവിധായിക

ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് എല്ലാ ഏരിയയും എനിക്കിഷ്ടമാണ്. ഓരോന്നും ഓരോ തരത്തിലുള്ള എക്സ്പ്ലറേഷൻ സാധ്യമാക്കുന്നുണ്ട്. ഒരു എഴുത്തുകാരി എന്ന നിലയിൽ നമ്മൾ ഒരു ആന്തരിക ലോകം സൃഷ്ടിക്കുന്നു, ആക്ടർ എന്ന നിലയിൽ നമ്മൾ അതിന് ഇമോഷൻ കൊണ്ടുവരുന്നു, ഡയറക്ടർ എന്ന നിലയിൽ അതിന്റെ ടോട്ടാലിറ്റിയിലേക്ക് നമ്മൾ അതിനെ കൺവേർട്ട് ചെയ്യുന്നു. ഓരോ ഏരിയയും തരുന്ന വെല്ലുവിളികൾ പലതാണ്. ആക്ടർ ആയിരിക്കുമ്പോൾ  ടെൻഷനും റിസ്കും കുറവാണ് എന്ന് തോന്നിയിട്ടുണ്ട്. ഡയറക്ഷൻ അങ്ങനെയല്ല. പല കാര്യങ്ങളും ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ടിവരും. പക്ഷേ ഇതൊരു സന്തോഷമാണ്.

‘ഡിവോഴ്സ്‌' എന്ന സബ്ജക്ട്

 ഡിവോഴ്‌സ് സിനിമയില്‍ നിന്ന്‌

ഡിവോഴ്‌സ് സിനിമയില്‍ നിന്ന്‌സ്ത്രീപക്ഷ പ്രോജക്ട് ആയതുകൊണ്ട് എനിക്ക് പരിചയമുള്ള ഒരു വിഷയം എടുത്തു എന്നേയുള്ളൂ. ഞാൻ കണ്ടിട്ടുള്ള, പരിചയപ്പെട്ടിട്ടുള്ള ഓരോ മുഖങ്ങളും ഓർമയിൽ വന്നു . സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഒരു ഫിലിം ചെയ്താലോ എന്നൊരു ആലോചന വന്നതാണ്. ലീഗൽ അഡ്വൈസറുമായി ചർച്ചചെയ്ത് ചില കേസ് ഹിസ്റ്ററികളൊക്കെ കണക്ട് ചെയ്തു വിഷയം തീരുമാനിക്കുകയായിരുന്നു.  സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ലോകത്തെവിടെയും ഒരേ നിറമാണ്. ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.  സ്ത്രീകളുടെ ലോകം പുരുഷന്മാരുടേതിനേക്കാൾ വിഭിന്നമായിരിക്കുന്നു. ആ രീതിയിൽ അനുഭവങ്ങളുടെ വ്യത്യാസവും ഉണ്ട്. ഇമോഷണലായ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്നെ സമൂഹം എത്രത്തോളം വികസിച്ചിരിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിലാണ് പ്രശ്നങ്ങളുടെ ഏറ്റക്കുറച്ചിൽ.

ഡിവോഴ്സിന്റെ സന്ദേശം

 ‘ഡിവോഴ്സ്' ഫോക്കസ് ചെയ്തിരിക്കുന്നത് സ്‌ത്രീകളെയാണ്. മുൻതൂക്കം സ്ത്രീകൾക്ക് കൊടുത്തു എന്നേയുള്ളൂ. ജനറൽ ആയിട്ടുള്ള കാര്യങ്ങൾ ഒന്നും ഉപേക്ഷിച്ചിട്ടില്ല. ഞാനെപ്പോഴും ആലോചിക്കാറുണ്ട്, കെ ജി ജോർജ് "ആദാമിന്റെ വാരിയെല്ല്’ എന്ന സിനിമ എടുത്തപ്പോൾ അന്നത്തെ സമൂഹത്തിലെ പുരുഷന്മാരുടെ ഒരു നേർക്കാഴ്ചയാണ് അവതരിപ്പിച്ചത്. അതിൽനിന്നും സമൂഹം വളരെയൊന്നും മുന്നോട്ടു പോയതായി കരുതുന്നില്ല. പുതു തലമുറയിൽ ചില വ്യത്യാസം കാണുന്നുണ്ട്. കൂടുതലും പുറത്തെത്താത്ത ശബ്ദങ്ങൾ എത്തിക്കുക, അനുഭവങ്ങൾ പറയുക എന്നതാണ് ഞാൻ ചെയ്തത്.

വനിതാ ഡയറക്ടർ


വളരെയധികം വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഒരു ഫീൽഡാണിത്. സാമൂഹികമായി ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടായാൽ മാത്രമേ ഈ രംഗത്തേക്ക് സ്ത്രീകൾ എത്തിപ്പെടുകയുള്ളൂ. ഒരു പ്രോജക്ടിന് വേണ്ടി നാലുവർഷം ഞാൻ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ ഈ കാലയളവിൽ മാനസികവും വൈകാരികവും സാമ്പത്തികവുമായി നാം എങ്ങനെ പിടിച്ചുനിൽക്കും എന്നുള്ളതിനെയൊക്കെ ആശ്രയിച്ചിരിക്കും. കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും നിലനിർത്തേണ്ടതുണ്ട്. കൃത്യമായ ഒരു പ്രവർത്തന സമയവും ഇല്ല. എന്നാൽ, തീർച്ചയായിട്ടും സ്ത്രീകൾക്ക് ഈ രംഗത്ത് സാധ്യതകൾ ഏറെയാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹമാണ് കേരളത്തിൽ ഇന്നു നിലവിലുള്ളത്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വൈകാരികമായുള്ള പ്രശ്നങ്ങളും വേദനകളും വിഹ്വലതകളും കൃത്യമായി വരച്ചു കാട്ടാൻ കഴിയുന്നത് പുരുഷന്മാരെക്കാളേറെ സ്ത്രീകൾക്കാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top