19 March Tuesday

ആർത്തവകാലം ആശങ്കയുടേതാകേണ്ട: എം കപ്പ്‌ വിതരണം ചെയ്യാൻ എച്ച്‌എൽഎൽ

സ്വന്തം ലേഖികUpdated: Friday Oct 8, 2021


തിരുവനന്തപുരം>  ആർത്തവകാലം ഇനി ബുദ്ധിമുട്ടുകളുടെ കാലമാകില്ല. നാപ്‌കിനുകൾ സൃഷ്ടിക്കുന്ന  പ്രശ്‌ങ്ങൾക്ക്‌ പരിഹാരമായി അനായാസം ഉപയോഗിക്കാനാകുന്ന  ‘മെൻസ്‌ട്രൽ കപ്പു’കൾ  തിരുവനന്തപുരം നഗരസഭാ പരിധിയിലും വ്യാപകമാക്കാനൊരുങ്ങുകയാണ്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽഎൽ.

എച്ച്‌എൽഎൽ മാനേജ്‌മെന്റ്‌ അക്കാദമി (എച്ച്‌എംഎം) യുടെ സംരംഭമായ ‘തിങ്കൾ മെൻസ്‌ട്രൽ കപ്പു’ (എം കപ്പ്‌) കളാണ്‌  നഗരസഭയിൽ സൗജന്യമായി വിതരണം ചെയ്യുന്നത്‌. ആദ്യ ഘട്ടത്തിൽ തീരദേശ വാർഡുകളായ വലിയതുറ, ശംഖുംമുഖം എന്നിവിടങ്ങളിലും കവടിയാർ, പേരൂർക്കട വാർഡിലുമായി 10,000 കപ്പാണ്‌ വിതരണം ചെയ്യുന്നത്‌.

ഉപയോഗ കാലാവധിയായ അഞ്ച്‌ വർഷം കൊണ്ട്‌ ഏകദേശം 200 ടൺ സാനിറ്റി നാപ്‌കിൻ മാലിന്യത്തിന്റെ കുറവുണ്ടാകും. 20 ലക്ഷം രൂപ ഇതിലൂടെ ലാഭിക്കാനുമാകും. കപ്പ്‌ ഉപയോഗിക്കുന്നതിനെപ്പറ്റി ബോധവൽക്കരണം നടത്തിയാകും വിതരണം. 2022 മാർച്ച് 31 നകം പദ്ധതി പൂർത്തീകരിക്കും. പിന്നീട്‌ ബാക്കി വാർഡിലേക്കും പദ്ധതി വ്യാപിപ്പിക്കും. കൊച്ചി, ആലപ്പുഴ നഗരസഭകളിൽ എച്ച്‌എൽഎൽ നേരത്തെ  പദ്ധതി നടപ്പാക്കിയിരുന്നു.

പദ്ധതിയുടെ വിതരണോദ്‌ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു. കപ്പുകളുടെ ഉപയോഗം സ്ത്രീകൾക്ക്‌ എല്ലാ തരത്തിലും പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു. എം കപ്പ്‌ ബോധവൽക്കരണ ലഘുലേഖ ഗതാഗത മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.

 എച്ച്എൽഎൽ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ബെജി ജോർജ്‌ അധ്യക്ഷനായി. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജമീലാ ശ്രീധരൻ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. വി ആർ രാജു, എച്ച്എൽഎൽ ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ എ സുബ്രമണ്യൻ,  എച്ച്എംഎ സ്‌റ്റേറ്റ്‌ കോർഡിനേറ്റർ ഡോ. അമൽ ഫെറ്റിൽ, ആലപ്പുഴ നഗരസഭാ സെക്രട്ടറി എസ്‌ ജഹാംഗീർ, സിഇഒ  അനിത തമ്പി തുടങ്ങിയവർ പങ്കെടുത്തു.

മെൻസ്‌ട്രൽ കപ്പുകളുടെ പ്രത്യേകത
ആർത്തവരക്തം  ഉള്ളിൽ തന്നെ ശേഖരിയ്ക്കുന്നതിനാൽ ഈർപ്പം,
നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകില്ല.
ഒരു കപ്പ്‌ അഞ്ചുവർഷം വരെ ഉപയോഗിക്കാം
ദുർഗന്ധം,  ലീക്കേജ്‌ എന്നിവയില്ല
പ്രകൃതിക്ക്‌ ദോഷമില്ല
6–-12 മണിക്കൂൾ വരെ രക്തം നീക്കം ചെയ്താൽ മതി
സാമ്പത്തിക ലാഭം
ചൊറിച്ചിലോ മറ്റ്‌ ബുദ്ധിമുട്ടോ ഇല്ല
പല വലിപ്പത്തിൽ ലഭ്യമായതിനാൽ ഉപയോഗം എളുപ്പം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top