29 March Friday

മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം സ്ത്രീവിമോചന ആശയ സംവാദങ്ങളിലേയ്ക്ക് ഒരീടുവെയ്പ്പ്

രാജു സെബാസ്റ്റ്യൻUpdated: Thursday Aug 19, 2021

ഡോ.ടി.കെ ആനന്ദി രചിച്ച് തൃശൂർ സമത പ്രസിദ്ധീകരിച്ച "മാർക്സിസവും ഫെമിനിസവും - ചരിത്രപരമായ വിശകലനം 'എന്ന ഗ്രന്ഥത്തെക്കുറിച്ച് രാജു സെബാസ്റ്റ്യൻ എഴുതുന്നു. കേരള സാഹിത്യ അക്കാദമി 2020 ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥമായി ഈ കൃതി തെരഞ്ഞെടുത്തിട്ടുണ്ട്‌.

ഉത്തരാധുനികതയുടെ അകത്തളങ്ങളിൽ മേഞ്ഞുനടക്കുന്ന സ്ത്രീവിമോചന വിചാരങ്ങളെ ശരിയായ ഉൾക്കാഴ്ച്ചയോടെ പിടിച്ചു നിർത്തി ,മുന്നോട്ടുള്ള പ്രയാണത്തിന് ദിശ തെളിക്കുന്ന, പുസ്തകമാണ് 'മാർക്സിസവും ഫെമിനിസവും - ചരിത്രപരമായ വിശകലനം’.

പതിനാലാം നൂറ്റാണ്ട് മുതൽ സ്ത്രീവിമോചന ആശയങ്ങൾ പൊതുസംവാദ ഇടങ്ങളിൽ ഉയർന്നു തുടങ്ങിയിരുന്നങ്കിലും ഒരു പദമെന്ന നിലയിൽ 'ഫെമിനിസം' ഉപയോഗിച്ചു തുടങ്ങിയത് പത്തൊമ്പൊതാം നൂറ്റാണ്ടിന്റെഒടുവിൽ ഫ്രാൻസിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെരണ്ടാം പകുതിയിലാണ് മനുഷ്യ വിമോചന സിദ്ധാന്തങ്ങൾക്ക് ശാസ്ത്രീയ അടിത്താനൽകിയ, പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിയ മാർക്സിസം ഉയർന്നുവന്നത്.

'മൂലധനത്തെ'ക്കുറിച്ച് മുന്നോട്ട് വെച്ച സിദ്ധാന്തങ്ങൾ, വൈരുദ്ധ്യാധിഷ്ഠിതവും ചരിത്രപരമായ ഭൗതികവാദം, തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിലൂടെ മുതലാളിത്തത്തിന്റെഅന്ത്യം എന്നീ പുത്തൻ ആശയങ്ങളിലൂടെ അതുവരെയുണ്ടായിരുന്ന സോഷ്യലിസ്റ്റ് ആശയങ്ങളെ കാൾ മാർക്സ് അടിമുടി പുതുക്കിപണിതു.

സ്ത്രീവിമോചന ആശയങ്ങൾക്കു് പ്രത്യയശാസ്ത്രപരമായ വീക്ഷണം നൽകിയത് എംഗൽസാണ്.

രണ്ട്തരത്തിലുള്ള മർദ്ദകവ്യവസ്ഥകൾ സ്ത്രീകൾ അഭിമുഖീകരിക്കുന്നതായി എംഗൽസ്‌ ചൂണ്ടിക്കാട്ടി. ഈ ഇരട്ട ചൂഷണത്തിൽ നിന്നും സ്ത്രീകൾ വിമോചിക്കപ്പെടണമെങ്കിൽ സ്ത്രീവിമോചന സമരങ്ങൾ തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുമായി കണ്ണി ചേരേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി സംവാദങ്ങൾ മാർക്സിസവും ഫെമിനിസവുമായി ദീർഘമായി നടന്നിട്ടുണ്ട്.

മാർക്സിസവും ഫെമിനിസവും തമ്മിൽ നടന്ന ദീർഘമായ ആശയ കൈമാറ്റങ്ങളെയും അവ തമ്മിലുള്ള പരസ്പ്പരബന്ധങ്ങളെയും പരിവർത്തനങ്ങളുടെ ചരിത്രത്തെയും ഈ ഗ്രന്ഥം വിശദമായി പരിശോധിക്കുന്നു.

വിവിധചരിത്രഘട്ടങ്ങളിൽ എങ്ങനെയാണ് സ്ത്രീകളുടെ അടിമത്തം രൂപപ്പെട്ടതെന്ന് സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.

വീട്ടിനുള്ളിൽ നടത്തുന്ന അധ്വാനത്തിന് കൂലി ലഭിക്കാത്ത വീട്ടമ്മ , സ്വന്തം വീട്ടുവേലക്കാരിയുടെ മുമ്പിൽ യജമാനനാകുന്ന സങ്കീർണ്ണമായ ഗാർഹിക ബന്ധങ്ങൾ, മാതൃത്വം, കുടുംബം, സ്ത്രീയുടെ ഗാർഹിക അദ്ധ്വാനവും പൊതു ഇടങ്ങളിലെ അദ്ധ്വാനവും, ലൈംഗീകത എന്നിവയുടെ ചരിത്രപരമായ വിശകലനം എങ്ങനെയാണ് നടത്തേണ്ടതെന്ന്  ഗ്രന്ഥം ചർച്ചചെയ്യുന്നു.

1960 മുതൽ 1980 കൾ വരെ നിലനിന്ന ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തെ വിശദമായി പരിശോധിക്കുന്നു.1970 /80 കളിലാണ് അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ സ്ത്രീ പഠനകേന്ദ്രങ്ങൾ ഉയർന്നുവന്നത്‌. അതിനെ തുടർന്നാണ് ലോകത്തിലെ വിവിധ സർവ്വകലാശാലകളിൽ സ്ത്രീ പഠനകേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചതു.കേരളത്തിലെ സർവ്വകലാശാലകളിലും ഇന്നു പ്രത്യേക സ്ത്രീപഠന വിഭാഗങ്ങൾ ഉണ്ട്.

ലിബറൽ ഫെമിനിസം,റാഡിക്കൽ ഫെമിനിസം,മാർക്സിസ്റ്റ് ഫെമിനിസം  തുടങ്ങിയ ചിന്താധാരകളിലേയ്ക്ക്  ഗ്രന്ഥം ആഴത്തിൽ കടന്നു ചെല്ലുന്നു.

ഉത്തരാധുനിക സ്ത്രീവാദം സൃഷ്ടിക്കുന്ന ആശയപരമായ പാപ്പരത്തത്തെയും പോരാട്ടങ്ങളിലെ ദിശാബോധമില്ലായ്മയും തുറന്നുകാട്ടുന്നു.

നാല് ഭാഗങ്ങളായിട്ടാണ് ഗ്രന്ഥത്തിന്റെഉള്ളടക്കം.ഒന്നാം ഭാഗത്തിൽ 'മുതലാളിത്ത വളർച്ചയും സ്ത്രീവാദത്തിന്റെഭിന്ന മുഖങ്ങളും ' ചർച്ച ചെയ്യുന്നു. രണ്ടാം ഭാഗത്തിൽ പരിശോധിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീ പ്രസ്ഥാനത്തെക്കുറിച്ചാണ്. മൂന്നാം ഭാഗത്തിൽ
ഉത്തരാധുനികതയും സ്ത്രീവാദവും ചർച്ച ചെയ്യുന്നു.

നാലാം ഭാഗത്തിൽ മാർക്സിസത്തിന്റെപ്രസക്തി മുന്നോട്ടു വെയ്ക്കുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്റെഅഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സ.സുധ സുന്ദരരാമന്റെആഴമേറിയ അവതാരിക ഗ്രന്ഥത്തിന്റെമാറ്റ് കൂട്ടുന്നു.

സുധ സുന്ദരരാമൻ അവതാരികയിൽ ചൂണ്ടിക്കാട്ടുന്നതു പോലെ വനിതാപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും അതുവഴി അതിരുകളിലാത്ത ജനാധിപത്യത്തെ യാഥാർത്ഥ്യമാക്കാനുമുള്ള ക്രാന്തദർശിത്വത്തിലൂന്നിയ ഒരു കർമ്മ പരിപാടിയാണ് പുസ്തകം മുന്നോട്ടുവെക്കുന്നത്‌.
മാത്രമല്ല, ലിംഗവിവേചനവുമായി ബന്ധപ്പെട്ട വസ്തുതകൾ തങ്ങളുടെ മാതൃഭാഷയിൽത്തന്നെ രാഷ്ട്രീയപ്രബുദ്ധതയുള്ള ഒരു വലിയ വിഭാഗം വായനക്കാർക്ക് ലഭ്യമാക്കുക എന്നത് ,ഗുണപരമായ സാമൂഹ്യമാറ്റങ്ങളിലൂന്നുന്ന ജനാധിപത്യപ്രസ്ഥാനങ്ങളെ നിർമ്മിക്കാനും ദൃഢപ്പെടുത്താനും സഹായകമാകുമെന്നും സുധ സുന്ദരരാമൻ ചൂണ്ടിക്കാട്ടുന്നു.

വനിതാപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും തൊഴിലാളി പ്രസ്ഥാനങ്ങളിലും രാഷ്ട്രീയ സംഘടനകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്കും ഗവേഷക വിദ്യാർത്ഥികൾക്കും സ്ത്രീവിമോചന ആശയങ്ങളിൽ താൽപ്പര്യമുള്ള ഏതൊരു വ്യക്തികൾക്കും തെളിച്ചവും വെളിച്ചവുമാണ് ഈ ഗ്രന്ഥം.

സ്ത്രീ പഠന മേഖലയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് അധികവായനയ്ക്ക് പ്രചോദനം ഈ ഗ്രന്ഥം നൽകുന്നു.

ഡോ. ടി.കെ ആനന്ദിയുടെ വിപുലമായ ധൈഷണിക അടിത്തറ ഈ ഗ്രന്ഥത്തെ തിളക്കമുള്ളതാക്കുന്നു. രണ്ട് വർഷത്തെ അദ്ധ്വാനവും സമയവുമാണ് ടി.കെ ആനന്ദി ഈ ഗ്രന്ഥത്തിന്റെരചനയക്കായി മാറ്റി വെച്ചത്.

ഇത്തരമൊരു ഗ്രന്ഥം മലയാളത്തിന് ലഭ്യമാക്കിയ ഡോ. ടി.കെ ആനന്ദിക്കും പ്രസിദ്ധീകരിച്ച സമത (എ കലക്ടീവ് ഫോർ ജൻഡർ ജസ്റ്റിസ് ,തൃശൂർ) യ്ക്കും അതിന് മുൻകൈ എടുത്ത സമതയുടെ മാനേജിങ് ട്രസ്റ്റി പ്രൊഫ.ടി.എ ഉഷകുമാരി ടീച്ചർക്കും അഭിമാനിക്കാം. 2020 ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള അവാർഡ് ഈ ഗ്രന്ഥത്തിന് നൽകാൻ തീരുമാനിച്ച കേരള സാഹിത്യ അക്കാദമിയുടേതും ഉചിതമായ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top