03 December Sunday

വിവാഹമല്ല വേണ്ടത്; ചങ്ങാത്തവിവാഹം

എസ് ശാരദക്കുട്ടിUpdated: Wednesday Jul 20, 2016

വിവാഹത്തെയും ദാമ്പത്യത്തെയും ആഘോഷിക്കുന്ന സംഭവങ്ങളും ചലച്ചിത്രങ്ങളും പരസ്യങ്ങളും സുസംഘടിതമായി വിപണിയെ കീഴടക്കിയിരിക്കുന്ന കാലമാണിത്. ഏംഗല്‍സ് വിവാഹമെന്ന സ്ഥാപനത്തെ തള്ളിപ്പറഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു! എന്നിട്ടും ഇന്ന് അത് ചിരസ്ഥായിയായി നിലനില്‍ക്കേണ്ട ഒന്നായി പ്രചരിപ്പിക്കപ്പെടുകയാണ്.

നിസ്സാരമെന്നു തോന്നാവുന്ന ഒരു സംഭവം പറയാം. എന്റെ സുഹൃത്തിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പെണ്‍കുട്ടി ബാങ്കില്‍ ഉദ്യോഗസ്ഥ. പ്രതിശ്രുതവരന്‍ കോളേജില്‍ അധ്യാപകന്‍. വിവാഹനിശ്ചയം കഴിഞ്ഞ് അവര്‍ പരസ്പരം ഫോണില്‍ സംസാരിക്കുക പതിവായി. പെണ്‍കുട്ടിയുടെ ജോലിസമയം കൂടുതല്‍ തിരക്കുകള്‍ ഉള്ളതായതിനാല്‍ അവള്‍ക്ക് പലപ്പോഴും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതെ വരുന്നു. പയ്യന്‍ വിളിക്കുന്ന സമയങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്തുവയ്ക്കുന്നു. കോളേജില്‍നിന്ന് നാലുമണി കഴിഞ്ഞിറങ്ങി ഫ്രീയാകുന്ന പയ്യന്, ഏഴുമണി കഴിഞ്ഞാലും തിരക്കുകള്‍ തീരാത്ത പെണ്‍കുട്ടിയുടെ പെരുമാറ്റം ഇഷ്ടപ്പെടുന്നില്ല. ഒരുദിവസം അവന്‍ വിളിക്കുമ്പോള്‍ അവളുടെ ഫോണ്‍ എന്‍ഗേജ്ഡ്. ഇത്രയുമായപ്പോള്‍ അവന് സഹികെട്ടു. തിരക്കുകഴിഞ്ഞ പെണ്‍കുട്ടിയോട് അധികാരഭാവത്തില്‍ 'ആരോടായിരുന്നു ഇത്രനേരം ഫോണില്‍' എന്ന് തട്ടിക്കയറിയ അവനോട് അവള്‍ ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു. അവന്‍ നിന്നു ജ്വലിക്കുകയാണ്. വീട്ടില്‍ ചെന്ന പെണ്‍കുട്ടി അച്ഛനോടു പറയുന്നു,   'വിവാഹത്തിനു മുമ്പുതന്നെ അവന്‍ തനിനിറം കാട്ടി. എനിക്ക് വേണ്ട ഈ ബന്ധം'. അച്ഛന്‍ ചോദിച്ചു, 'അവനെന്തു തെറ്റാണ് ചെയ്തത്, നീ എന്തു തിരക്കുണ്ടെങ്കിലും അവന്റെ വികാരങ്ങള്‍ക്ക് കുറച്ചുകൂടി വില നല്‍കേണ്ടവളല്ലേ?' പെണ്‍കുട്ടി വിവാഹമോതിരം ഊരി അച്ഛന്റെ മുന്നില്‍വച്ചു. 'അച്ഛന്റെ അതേ മനോഭാവമാണ് അവനും. അമ്മയെപ്പോലെ ഭൂമിയില്‍ കിടന്നിഴയേണ്ട ഗതികേട് എനിക്കില്ല.'

വിവാഹത്തെയും ദാമ്പത്യത്തെയും ആഘോഷിക്കുന്ന സംഭവങ്ങളും ചലച്ചിത്രങ്ങളും പരസ്യങ്ങളും സുസംഘടിതമായി വിപണിയെ

കീഴടക്കിയിരിക്കുന്ന കാലമാണിത്. ഏംഗല്‍സ് വിവാഹമെന്ന സ്ഥാപനത്തെ തള്ളിപ്പറഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു! എന്നിട്ടും ഇന്ന് അത് ചിരസ്ഥായിയായി നിലനില്‍ക്കേണ്ട ഒന്നായി പ്രചരിപ്പിക്കപ്പെടുകയാണ്. വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നായി കുടുംബം സങ്കല്‍പ്പിക്കപ്പെടുമ്പോള്‍, അതിന്റെ പരിപാവനത്വത്തിന് മനുഷ്യനെക്കാള്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുമ്പോള്‍, കുടുംബത്തിനകത്തേതല്ലാത്ത ഒരു സ്ത്രീപുരുഷബന്ധവും അംഗീകരിക്കത്തക്കതല്ല എന്നുവരുന്നു. ഈ പരിപാവനത്വം നടപ്പിലാക്കപ്പെടുന്നത് പലപ്പോഴും സ്ത്രീയുടെ മാത്രം ചാരിത്യ്രത്തെ അടിസ്ഥാനമാക്കിയാണ്. 'ആരോടായിരുന്നു ഇത്രനേരം ഫോണില്‍' എന്ന ചോദ്യത്തിലെ സൂക്ഷ്മധ്വനികളിലെ അപമാനം പുതിയ തലമുറയിലെ പെണ്‍കുട്ടി ഉള്‍ക്കൊണ്ടെന്നുവരില്ല.

ലോകമെമ്പാടുമുള്ള എഴുത്തുകാരികള്‍ ഈ വിഷയത്തോട് പ്രതികരിച്ചത് വായിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം ഓരോ സ്ത്രീയുടെയും ഉള്ളില്‍ തങ്ങള്‍ അര്‍ഹിക്കുന്നത് കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ക്ഷേമജീവിതമാണ് എന്ന കാഴ്ചപ്പാടുണ്ട് എന്നതാണ്. 'നിങ്ങള്‍ ധൈര്യത്തെ വിവരിക്കാനായി ഒരു പടയാളി ആകേണ്ടതില്ല. പ്രണയത്തെ വിവരിക്കാനായി പ്രണയത്തില്‍ ഏര്‍പ്പെടുകയും വേണ്ട. മദ്യപാനിയെക്കുറിച്ചെഴുതാന്‍ മദ്യം കഴിക്കണ്ടതുമില്ല' എന്ന് ഫ്ളാബേര്‍ എഴുതിയത് ഓര്‍മിക്കുക. ജീവിതത്തില്‍ സാധ്യമാകാന്‍ ആഗ്രഹിക്കുന്നവയെക്കുറിച്ചുള്ള എഴുത്തുകാരുടെ സ്വപ്നമാണ് അവര്‍ എഴുത്തിലൂടെ സാക്ഷാത്കരിക്കുന്നത്. ലോകവുമായി അവര്‍ നടത്തുന്ന മല്‍പ്പിടുത്തമാണ് എഴുത്ത്. ഇതൊക്കെ എഴുതുന്ന എഴുത്തുകാരികള്‍ എന്തുകൊണ്ട് കുടുംബം ഉപേക്ഷിക്കുന്നില്ല എന്നതാണ് വ്യവസ്ഥിതി അത്തരം എഴുത്തുകാരികള്‍ക്കുവേണ്ടി ഒരുക്കുന്ന മറ്റൊരു കുരുക്ക്. കുടുംബം ഇങ്ങനെയേ നിലനില്‍ക്കൂ, നിങ്ങള്‍ക്കുവേണ്ടെങ്കില്‍ ഇറങ്ങിപ്പോകാം എന്ന ഒരധികാര മനഃശാസ്ത്രമാണ് ഇത്തരം വാദങ്ങള്‍ക്ക് പിന്നില്‍. ഇവിടെയാണ് ചങ്ങാത്തവിവാഹമെന്ന ആശയത്തിന്റെ പ്രസക്തി. 'നിങ്ങള്‍ക്കുവേണ്ടെങ്കില്‍ പോകാം' എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. വിറളിയെടുത്തിട്ടു കാര്യമില്ല.

ഭാര്യ അന്യപുരുഷനൊപ്പം ഒളിച്ചോടി. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പത്രങ്ങളില്‍ നിത്യേനയെന്നവണ്ണം വരുന്ന വാര്‍ത്തകളില്‍ ചിലതാണിവ. വായിക്കുന്നവര്‍ പലപ്പോഴും ഇതിനെ ഒരൊറ്റ സ്ത്രീയുടെയോ അവളുടെ ഭര്‍ത്താവിന്റെയോ കുഴപ്പങ്ങള്‍ അല്ലെങ്കില്‍ സ്വഭാവവൈകല്യങ്ങള്‍ എന്ന നിലയില്‍ ചര്‍ച്ചചെയ്യുകയും ഗൌരവമേറിയ ഒരു സാമൂഹിക   പ്രശ്നത്തെ കാണാതെ പോവുകയും ചെയ്യുന്നു. ഇത് സത്യത്തില്‍ വ്യക്തിയുടെ സ്വഭാവവൈകല്യമല്ലെന്നും തിരുത്തപ്പെടേണ്ട ഒരു വലിയ സാമൂഹികവിപത്ത് ഇവിടെ ആഘോഷിക്കപ്പെടുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലെ മുരടിപ്പുകളാണ് വ്യക്തിയെ ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും കാണാതെ പോകുന്നു.

വിവാഹത്തിലെ രതിവന്ധ്യതയും യാന്ത്രികരതിയും മരവിപ്പുകളും മടുപ്പുകളും ഒക്കെ സ്വാഭാവികമായും വിവാഹേതര ബന്ധങ്ങളിലേക്കു നയിക്കും.
സരസ്വതി അമ്മ

സരസ്വതി അമ്മ

കണ്ടിജന്റ് പ്രേമത്തിലായിരുന്നു എഴുത്തുകാരും ചിന്തകരുമായ സാര്‍ത്രും സിമോങ് ദി ബൂവ്വയും വിശ്വസിച്ചിരുന്നത്. കൂട്ടുജീവിതത്തില്‍ മടുപ്പുതോന്നിയപ്പോഴൊക്കെ മറ്റു താല്‍ക്കാലികപ്രണയങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന തരത്തിലായിരുന്നു അവരുടെ ജീവിതം. വീട് വേണമെന്നു തോന്നുമ്പോള്‍ കൂടുതല്‍ നവീകരിക്കപ്പെട്ട അവസ്ഥയില്‍ വീട് അവരെ സ്വീകരിച്ചുകൊണ്ടിരുന്നു. മലയാളത്തില്‍ ഈ ആശയം പ്രചരിപ്പിച്ചത് കെ സരസ്വതിയമ്മയാണ്. ചങ്ങാത്തവിവാഹമെന്ന നിലയിലേക്ക് സ്ത്രീപുരുഷബന്ധം വികസിക്കണമെന്നാണ് അവര്‍ വിശ്വസിച്ചത്. നിലനില്‍ക്കുന്ന കുടുംബഘടനയെ എതിര്‍ത്ത അവര്‍ പരിഹാസമാണ് ഈ സംവിധാനത്തോട് പുലര്‍ത്തിയത്. വ്യക്തിത്വമുള്ള സ്ത്രീക്ക് അവള്‍ എത്രതന്നെ സ്ത്രീഗുണങ്ങള്‍ തികഞ്ഞവളാണെങ്കിലും വാസയോഗ്യമായ ഒന്നല്ല ആധുനിക കുടുംബം എന്നതാണ് സരസ്വതിയമ്മയുടെ നിഗമനം.

മാനസി

മാനസി

മാനസിയുടെ 'ചതുരങ്ങള്‍' എന്ന കഥയിലെ ഭാര്യക്ക് ഒരു കാമുകനുണ്ട്. ഒരിക്കല്‍ കാമുകസന്ദര്‍ശനത്തിനുശേഷം അവള്‍ ഭര്‍ത്താവിനോടു ചോദിച്ചു, 'എന്താണ് സദാചാരം'. ഭര്‍ത്താവ് അവളെ മുറുകെ പുണര്‍ന്നുകൊണ്ടു പറഞ്ഞു; 'ഇതാ ഇതു തന്നെ'. 'എനിക്കൊരു കാമുകനുണ്ടെങ്കിലോ?' അവള്‍ ചോദ്യം ആവര്‍ത്തിച്ചു? 'നിനക്കൊരു കാമുകനുണ്ടെങ്കില്‍ നിന്നെയും അയാളെയും ഞാന്‍ കൊല്ലും' എന്നയാള്‍ പറയുമ്പോള്‍ 'എന്നിട്ടോ?' എന്നവള്‍ ചോദിച്ചിട്ടു പറയുന്നു, 'സമാധാനമായി ഉറങ്ങിക്കോ, ഞാന്‍ വെറുതെ ചോദിച്ചതാണ്.' അവള്‍ തിരിഞ്ഞുകിടന്നു. ഈച്ച വീഴാതിരിക്കാന്‍ അടച്ചുവച്ച കാപ്പിപോലെ, മുകളില്‍ നനുത്ത പാട വീണ് ആറിത്തണുത്തിട്ടാണ് ഇവിടെ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ ഒരു സ്ഥാനവുമില്ല. പുരുഷനും സ്ത്രീയും ഈ വ്യവസ്ഥയില്‍ ഒരേപോലെ ഇരകളാണ്. ദാമ്പത്യത്തിന്റെ വിരസതകളില്‍പെട്ട് മരവിച്ചുപോയ മനസ്സിനെ 'കുഷ്ഠരോഗിയുടെ ചര്‍മംപോലെ സ്പര്‍ശം നഷ്ടപ്പെട്ട മനസ്സ്' എന്നാണ് സാറാ ജോസഫിന്റെ 'മനസ്സിലെ തീമാത്രം' എന്ന കഥയിലെ വിമല വിശേഷിപ്പിക്കുന്നത്. ഈ കഥയിലെ ഭര്‍ത്താവായ വിശ്വനാഥനെയും ബാധിച്ചിട്ടുണ്ട് ഈ മരവിപ്പ്. എന്നിട്ടും രണ്ടാള്‍ക്കും രക്ഷപ്പെടാന്‍ തോന്നുന്നില്ല. രക്ഷപ്പെട്ടിട്ടെന്തു ചെയ്യാനാ എന്നൊരു പൊതുമരവിപ്പ്. കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക, അവരെയും വിവാഹം കഴിപ്പിക്കുക, അവര്‍ക്കും കുട്ടികളുണ്ടാകുക– ഇങ്ങനെ ഒരു യാന്ത്രികമായ തുടര്‍പ്രക്രിയയില്‍ വികാരം, പ്രണയം, രതി, ചുംബനം ഇതെല്ലാം വെറും ചടങ്ങുകള്‍ മാത്രം.

ഇത്തരം ആശയം പ്രചരിപ്പിക്കുന്ന സ്ത്രീകളെ പൊതുവെ പുരുഷവിദ്വേഷികളെന്ന് അടച്ചാക്ഷേപിച്ചു കളയാറുണ്ട്. അവര്‍ പുരുഷവിദ്വേഷികള്‍ ആയതു കൊണ്ടല്ല, മറിച്ച് ഒരുതരം അടിമത്തത്തിനും വഴങ്ങിക്കൊടുക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വമുള്ളതു കൊണ്ടാണ് ഈ അടിമവ്യവസ്ഥയെ എതിര്‍ക്കുന്നത്. കുറച്ചുകൂടി മികച്ച ഒരു ജീവിതത്തിനുവേണ്ടിയുള്ള സ്വപ്നമാണ് അതെന്നു മനസ്സിലാക്കാനുള്ള ഭാവനാശക്തിയും വിവേകവും പാകതയും സമൂഹത്തിനാണുണ്ടാകേണ്ടത്. ഏകദാമ്പത്യവിവാഹം വലിയൊരു ചരിത്രമുന്നേറ്റമായിരുന്നു. എന്നാലത് സ്വകാര്യസ്വത്തും
സാറാ ജോസഫ്

സാറാ ജോസഫ്

അതോടൊപ്പം അടിമത്തവും കൂടി ഉദ്ഘാടനം ചെയ്തു. പുരുഷന്‍ സ്ത്രീയെ അടിമപ്പെടുത്തിയതാണ് ആദ്യത്തെ വര്‍ഗമര്‍ദനമെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. ആധുനിക കുടുംബത്തിന്റെ അടിത്തറ സ്ത്രീയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഗാര്‍ഹികപാരതന്ത്യ്രമാണ്. ആധുനികസമൂഹം അത്തരം കുടുംബങ്ങളുടെ ഒരു പെരുംകൂട്ടവും.

മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണം', 'ചതുരംഗം', 'തരിശുനിലം' തുടങ്ങി വിഖ്യാതമായ എത്രയോ കഥകളില്‍ വിവാഹത്തിനു പുറത്തുള്ള പ്രണയത്തിലേക്ക് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന മധ്യവയസ്കകളായ സ്ത്രീകളുണ്ട്. വിവാഹത്തിന്റെ മുരടിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് ഒരാള്‍ പ്രണയിക്കാന്‍ സജ്ജമാകുന്നത്. പക്ഷേ, പ്രണയവും മറ്റൊരു അധികാരരൂപമാണെന്ന് തിരിച്ചറിഞ്ഞ് തിരിഞ്ഞുനടക്കുന്നവരാണ് മാധവിക്കുട്ടിയുടെ സ്ത്രീകള്‍. മാധവിക്കുട്ടിയെ ആരാധിക്കുകയും അവരുടെ ആശയങ്ങളെ ആലങ്കാരികമായി വാഴ്ത്തുകയും പ്രായോഗികതലത്തില്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്നതിലൂടെ കേരളീയ സമൂഹം തങ്ങളുടെ കുടുംബപക്ഷത്തിലുള്ള ഇരട്ടത്താപ്പ് നല്ല ഭംഗിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹവ്യവസ്ഥയില്‍ ചില സൌകര്യങ്ങള്‍ ഉണ്ട്. സാമ്പത്തികവും വൈകാരികവുമായ പരസ്പരാശ്രിതത്വം ഒരു മോശം കാര്യവുമല്ല. രണ്ടു വ്യക്തികള്‍ക്ക് യോജിച്ചുപോകാവുന്ന കാര്യങ്ങള്‍ക്ക് പക്ഷേ, ചില പരിമിതികളും ഉണ്ട്. സൌകര്യങ്ങളെയും പരിമിതികളെയും സമന്വയിപ്പിച്ചുകൊണ്ട് വ്യക്തികള്‍ക്ക് പരമാവധി സ്വച്ഛതയും സമാധാനവും പ്രദാനം ചെയ്യുന്ന മറ്റൊരു ഗുണകരമായ അവസ്ഥയിലേക്ക് ഇതിനെ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്.

മുതലാളിത്ത രാജ്യങ്ങളില്‍ ഭൌതികമായ മാറ്റങ്ങള്‍ക്കനുസൃതമായി മനുഷ്യര്‍ ആന്തരികമായും പരിവര്‍ത്തിതരായി. കുടുംബഘടനയിലും
കമലാദാസ്

കമലാദാസ്

സദാചാര–ലൈംഗിക സങ്കല്‍പ്പങ്ങളിലും സ്ത്രീപുരുഷബന്ധങ്ങളിലും എല്ലാം ഈ മാറ്റം പ്രകടമായി. കേരളത്തിലെ ഫ്യൂഡല്‍ ധാര്‍മിക സങ്കല്‍പ്പങ്ങളുടെ തലത്തില്‍ നിന്നുനോക്കുമ്പോള്‍ ഇതൊക്കെ അരാജകത്വപ്രവണതകളായി വ്യാഖ്യാനിക്കപ്പെടാം. മുതലാളിത്തത്തിനുള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ വ്യാപനം ലിംഗാധിപത്യത്തിന്റെ മേഖലയിലേക്കുകൂടി കടക്കുന്നതാണ് വികസിത മുതലാളിത്തരാജ്യങ്ങളില്‍ നടക്കുന്നത്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും സ്വകാര്യസ്വത്തും അതിന്റെ ദായക്രമവും അപ്രത്യക്ഷമായതോടെ പഴയ രീതിയിലുള്ള കുടുംബഘടനയും അതിന്റെ സാമ്പത്തിക ക്രമവും അപ്രത്യക്ഷമായി. അതോടെ ചാരിത്യ്രസങ്കല്‍പ്പങ്ങളില്‍ മാറ്റങ്ങളുണ്ടായി. വിവാഹ–വിവാഹേതര ബന്ധങ്ങളും സ്വാഭാവികമായി. വിവാഹേതരബന്ധമെന്നു കേട്ടാലുടന്‍ വടിയെടുക്കേണ്ടതില്ല. ആണും പെണ്ണും തമ്മില്‍ ഉള്ള ബന്ധങ്ങള്‍ ലൈംഗികം മാത്രമല്ല. ലൈംഗികം കൂടി ആകാനുള്ള സാധ്യത തള്ളിക്കളയേണ്ടതുമില്ല. സമൂഹം മാറുന്നതിനനുസരിച്ച് എല്ലാക്കാലങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കുടുംബവും. ഏകദാമ്പത്യവിവാഹം വളരെ പുരോഗതി നേടിയ സ്ഥിതിക്ക്, സ്ത്രീപുരുഷസമത്വം സാക്ഷാത്കരിക്കുന്നിടത്തോളം എങ്കിലും അത് ഇനിയും പുരോഗമിക്കുമെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. അതിവിദൂരഭാവിയിലെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏകദാമ്പത്യവിവാഹം അടസ്ഥാനമാക്കിയുള്ള കുടുംബം അശക്തമാണെന്നു വന്നാല്‍ അതിനുപകരം വരുന്ന അടുത്ത രൂപം എന്താണെന്നു പ്രവചിക്കുക സാധ്യമല്ല എന്നും മോര്‍ഗന്‍ പറയുന്നുണ്ട്. ചങ്ങാത്ത വിവാഹത്തിലേക്കാകാം ചിലപ്പോള്‍ അത് ചെന്നെത്തുക.

ഒരുവശത്ത് മുതലാളിത്തത്തിന്റെ കടന്നുകയറ്റവും മറുവശത്ത് സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രയോഗവും സ്വാധീനവുമുള്ള കേരളത്തില്‍, കുടുംബഘടന ഇത്ര യാഥാസ്ഥിതികമായിത്തീര്‍ന്നതെന്തുകൊണ്ട് എന്നത് ഗൌരവമേറിയ വിഷയമാണ്. സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തില്‍ കേരളം പിന്നോട്ടാണ് സഞ്ചരിക്കുന്നത്. സാഹിത്യം രാഷ്ട്രീയലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരുപാധി കൂടിയാണ്. പ്രണയം, വിവാഹം, കുടുംബം, മാതൃത്വം ലൈംഗികത തുടങ്ങിയവയെല്ലാം അധികാരത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സ്വഭാവങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നവയാണ്. നിലനില്‍ക്കുന്ന അധികാരരൂപങ്ങളുമായി സ്ത്രീസാഹിത്യം നാനാവിധത്തില്‍ സംവദിക്കുന്നുണ്ട്. ആത്യന്തികമൂല്യങ്ങള്‍ക്കെതിരെ ഇവര്‍ക്ക് സന്ധിയില്ലാത്ത സമരങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്നു. വേറിട്ട ഏതു ചിന്തയെയും മൂല്യത്തെയും വിഴുങ്ങാനുള്ള കഴിവ് ആത്യന്തിക മൂല്യങ്ങള്‍ക്കുണ്ട് എന്നതുകൊണ്ട് ഈ സമരങ്ങള്‍ ഒട്ടുംതന്നെ അനായാസമല്ല. കുടുംബങ്ങളില്‍ 'അന്യ'പ്രണയങ്ങള്‍ കലഹത്തിനു കാരണമാകുന്നു. സര്‍ഗാത്മകതയും സംവാദാത്മകതയും എറ്റവും കുറഞ്ഞ അളവില്‍ നിലനില്‍ക്കുന്ന സ്ഥാപനമാണ് കുടുംബം. എങ്ങനെയും അതിജീവിക്കുക എന്നതു മാത്രമാണ് അതിന്റെ ലക്ഷ്യമെന്നും അതുകൊണ്ടുതന്നെ കുടുംബങ്ങള്‍ക്ക് ഒരു വലതുപക്ഷസ്വഭാവമാണുള്ളതെന്നും ഇ പി രാജഗോപാലന്‍ നിരീക്ഷിക്കുന്നു. ഇടതുപക്ഷക്കാര്‍പോലും കുടുംബത്തിനുള്ളില്‍ വലതുപക്ഷസ്വഭാവമാണ് പുലര്‍ത്തുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ വാസ്തവമുണ്ട്.

ചന്ദ്രമതിയുടെ 'അഞ്ചാമന്റെ വരവ്', ഗ്രേസിയുടെ 'ഭിന്നസംഖ്യ', എന്നീ കഥകള്‍ കുടുംബത്തിന്റെ സ്നേഹശൂന്യതയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സ്ത്രീകളെയാണ് അവതരിപ്പിക്കുന്നത്. "മുപ്പത്തിരണ്ടു വര്‍ഷമായി മറ്റുള്ളവര്‍ തട്ടിയുരുട്ടിയിരുന്ന ഒരു കളിക്കോപ്പായിരുന്നു താന്‍'' എന്ന് 'അഞ്ചാമന്റെ വരവി'ലെ സാവിത്രി തിരിച്ചറിയുന്നു. വാഴ്ത്തപ്പെട്ട സ്ത്രീസ്വാതന്ത്യ്രമല്ല അവള്‍ക്കുവേണ്ടത് അല്‍പ്പം സ്വസ്ഥതയാണ്. 'ഭിന്നസംഖ്യ'യിലെ വീട്ടമ്മ ആത്മഹത്യയിലൂടെ കുടുംബത്തെ പഠിപ്പിക്കുകയാണ്. അസുഖമായിട്ടും വിശ്രമം കിട്ടാതെ വന്നപ്പോള്‍ മകളെ ഭിന്നസംഖ്യ പഠിപ്പിച്ചത് സ്വന്തം കഴുത്തില്‍ കുരുക്കിട്ട് ഉടലിനെയും ശിരസ്സിനെയും അംശവും ഛേദവുമായി വിഭജിച്ചുകൊണ്ടാണ്. ബി എം സുഹറയുടെ 'ഭ്രാന്ത്', വത്സലയുടെ 'ശിശിരത്തിലെ ഉറുമ്പുകള്‍' പ്രിയ എ എസ്സിന്റെ 'താമരക്കനി' എന്നീ കഥകളും ഗാര്‍ഹികതയുടെ ഞെരുക്കങ്ങള്‍ ഭ്രാന്തോളം എത്തിക്കുന്ന പെണ്ണവസ്ഥകളുടെ ആവിഷ്കരണങ്ങളാണ്. അടുക്കളയില്‍ പാത്രം താഴെ വീഴുമ്പോള്‍ ക്ഷുഭിതനാകുന്ന ഭര്‍ത്താവിനോട്, സാറാ ജോസഫിന്റെ 'ദാമ്പത്യം' എന്ന കഥയിലെ സ്ത്രീ 'എന്റെ ജീവിതമാണ് ഞാന്‍ എറിഞ്ഞുടയ്ക്കുന്നത്. എന്റെ ദുരിതമാണ് എറിഞ്ഞുടയ്ക്കുന്നത്... നിങ്ങള്‍ക്കെന്താ ചേതം' എന്ന് ശപിക്കുന്നു. വികാരവന്ധ്യതയെയും മുരടിപ്പുകളെയും എറിഞ്ഞുടക്കാനുള്ള വിരസ ഇടങ്ങളെയാണ് നാം കുടുംബമെന്ന് വിളിക്കുന്നത്. 

ഇന്ന് പെണ്‍കുട്ടികള്‍ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞവരാണ്. വിദ്യാഭ്യാസവും തൊഴിലും സാമ്പത്തികസുരക്ഷയും സഞ്ചാരസ്വാതന്ത്യ്രവും നേടിയ പെണ്‍കുട്ടി ചിലപ്പോള്‍ വിവാഹമേ വേണ്ട എന്നു തീരുമാനിക്കുന്നു. താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഈ സ്വച്ഛതകളെല്ലാം ഒരു രാത്രി പണയപ്പെടുത്തിക്കൊണ്ട് മറ്റൊരാളുടെ ചൊല്‍പ്പടിയില്‍ ഒതുങ്ങുന്ന ആ സുരക്ഷിതത്വം തനിക്കാവശ്യമില്ല എന്ന അവളുടെ തീരുമാനത്തിന് വില കിട്ടേണ്ടതുണ്ട്. അവള്‍ വിവാഹിതയാകണമെന്നു തോന്നുമ്പോള്‍, അല്ലെങ്കില്‍ ഒരു കൂട്ട് ആവശ്യമെന്നുതോന്നുമ്പോള്‍ അവളുടെ ഇഷ്ടത്തിനുവേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുക മാത്രമാണ് രക്ഷിതാക്കളുടെ ചുമതല. പ്രകാശമില്ലാതെ ഒന്നും ഫലവത്താകില്ലെന്ന തിരിച്ചറിവിലേക്ക് നടന്നടുക്കുകയാണ് നമ്മുടെ പെണ്‍കുട്ടികള്‍. അവരെ ഇനിയും സത്രീധര്‍മം പഠിപ്പിച്ച് പുകയുന്ന തീക്കുണ്ഡങ്ങളിലേക്ക് തള്ളിവിടരുത്. അവര്‍ തെ രഞ്ഞെടുക്കട്ടെ തങ്ങള്‍ക്കുവേണ്ടതെന്തെന്ന്. ഒരു സുഹൃത്തായി കൂടെ നില്‍ക്കുകയും വീഴാതെ നോക്കുകയും വീണാല്‍ താങ്ങാവുകയും മാത്രം ചെയ്യേണ്ടവരാണ് മാതാപിതാക്കള്‍ .

 

(ദേശാഭിമാനി വാരികയില്‍ എഴുതുന്ന ജ്ഞാനപ്പല്ല് പംക്തിയില്‍ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top