29 January Sunday

"സൗന്ദര്യം എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും സ്വസ്ഥമായ മനസ്സിന്റെ ഒരു അവസ്ഥയാണെന്ന്‌"; ലൂക്കോഡർമ മോഡലായി മഞ്ജുവിന്റെ ഫോട്ടോഷൂട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020

കൊച്ചി > മോഡലിങ്‌ രംഗത്ത്‌ നിലനിൽക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയാണ്‌ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജസീന കടവിൽ. ആദ്യമായല്ല ജസീന വ്യത്യസ്‌തമായ ഫോട്ടോഷൂട്ടുമായി എത്തുന്നത്‌. മഞ്‌ജു കുട്ടികൃഷ്‌ണന്റെ പുതിയ ഫോട്ടോഷൂട്ട്‌ വീഡിയോ ആണ്‌ ഏറ്റവും പുതിയതായി ശ്രദ്ധനേടുന്ന ജസീനയുടെ വർക്ക്‌.  ലൂക്കോഡർമ (leucoderma) എന്ന രോ​ഗാവസ്ഥ മൂലം സ്‌കിന്നിലെ നിറവ്യത്യാസങ്ങളും വെളുത്ത പാടുകളും കുട്ടിയായിരുന്ന മഞ്ജുവിനെ തളർത്തിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഇത് പകരുന്ന അസുഖമാണെന്ന് കൂട്ടുകാരോട് പറഞ്ഞുകൊടുത്ത അധ്യാപകർ മുതൽ പാണ്ടൻ നായയെന്നും അണലിയെന്നും വിളിച്ച് കളിയാക്കിയവർ വരെ വിഷമിപ്പിച്ചിട്ടുണ്ട്‌ അന്ന്‌. ക്യാമറയെ അഭിമുഖീകരിക്കുന്നത് ചെറുപ്പത്തിൽ മഞ്ജുവിന് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ലെങ്കിലും അന്ന് മറ്റുപല ബുദ്ധിമുട്ടുകുളും അലട്ടിയിരുന്നു.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജസീന കടവിൽ ഫോട്ടോഷൂട്ടിനായി വിളിച്ചപ്പോൾ എന്തുകൊണ്ട് ഞാൻ എന്ന ചോദ്യമാണ് ആദ്യം മനസ്സിലെത്തിയതെന്ന് മഞ്ജു പറയുന്നു. എല്ലാവരിലും ഒരു സൗന്ദര്യമുണ്ട് അതാണ് സമൂഹത്തോട് പറയേണ്ടത് എന്ന ജസീനയുടെ ഉത്തരമാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് മഞ്ജുവിനെ എത്തിച്ചത്.

ഇപ്പോൾ ഉള്ള ആത്മവിശ്വാസം ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തതല്ലെന്നും പിന്നിട്ട വഴികളിൽ നിന്ന് ലഭിച്ചതാണെന്ന് പറയുകയാണ് മഞ്ജു കുട്ടികൃഷ്ണൻ. ചെറുപ്പത്തിൽ അച്ഛൻ ചോദിക്കുമായിരുന്നു, നിനക്കറിയാമോ ഈ ലോകത്ത് ഏറ്റവും സുന്ദരിയായ കുട്ടി ആരാണെന്ന്? എന്നിട്ടച്ഛൻ എന്നെതന്നെ ചൂണ്ടിക്കാണിക്കും, ജീവിതത്തിൽ ആത്മവിശ്വാസം നിറച്ച അച്ഛന്റെ ചോദ്യം മഞ്ജു ഇന്നും ഓർക്കുന്നു.

അവിടെനിന്ന്‌ കിട്ടിയ ആത്മവിശ്വാസമാണ്‌ മികച്ച കരിയറിലേക്കും ഇപ്പോൾ ഈ ഫോട്ടോഷൂട്ടിലേക്കും മഞ്‌ജുവിനെ കൊണ്ടെത്തിച്ചത്‌. ദേശാഭിമാനി കൊച്ചി ഡസ്‌കിലെ സീനിയർ സബ്‌ എഡിറ്ററാണ്‌ മഞ്‌ജു ഇപ്പോൾ.

ജസീനയുടെ ‘കാറ്റലിസ്റ്റ് സ്കോളർ’ എന്ന  മേക്കോവർ ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് വിഡിയോയും ചിത്രങ്ങളും ഒരുങ്ങിയത്. "എന്നെപ്പോലെ ലൂക്കോഡർമ രോഗം ബാധിച്ചവർക്ക് എന്തെങ്കിലും ഒരു കോൺഫിഡൻസ് ഇതിലൂടെ കൊടുക്കാൻ കഴിയുമെങ്കിൽ അത് നല്ലതല്ലേ എന്ന് അവർ പറഞ്ഞപ്പോൾ, എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് ഞാനും ആലോചിച്ചു. ഞാൻ ചെയ്യാമെന്ന് പറഞ്ഞു പറഞ്ഞു. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിലേക്ക് എത്തുന്നത്' - മഞ്‌ജു പറയുന്നു.

സമൂഹത്തിന്റെ വ്യവസ്ഥാപിത രീതികളോടുള്ള ഒരു പോരാട്ടം കൂടെയാണ് ഈ വിഡിയോയും ചിത്രങ്ങളും. വ്യവസ്ഥാപിതമായ രീതിയിൽ നിന്ന് മാറി നടക്കുന്ന ആളുകളെ സമൂഹം ഒറ്റപ്പെടുത്തും, മാറ്റിനിർത്തും, അംഗീകരിക്കാൻ തയ്യാറാകില്ല. സൗന്ദര്യം എന്താണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും സ്വസ്ഥമായ മനസ്സിന്റെ ഒരു അവസ്ഥയാണ് സൗന്ദര്യമെന്ന് - മഞ്ജു വിഡിയോയിൽ പറയുന്നു.

സൗന്ദര്യം എപ്പോഴും ഡിബേറ്റബിൾ ആയിട്ടുള്ള വിഷയമാണ്. അതിനകത്ത് നിറം, ആകാരവടിവുകൾ, പൊക്കക്കുറവ് എല്ലാം വരുന്നുണ്ട്. അതിന് വംശീയമായിട്ടുള്ള പല പ്രദേശങ്ങൾ തമ്മിലുള്ള  വ്യത്യാസങ്ങളുണ്ടാവും, കറുത്തവൻ, വിരൂപൻ, വെളുത്തവൻ, അതിസുന്ദരി, പൊക്കമുള്ളവൻ എല്ലാം തികഞ്ഞവൻ, പൊക്കം കുറഞ്ഞവർ മഹാ മോശക്കാരൻ എന്നിങ്ങനെയുള്ള പല ധാരണകളും സൗന്ദര്യത്തെ സംബന്ധിച്ച് നമ്മുടെ സമൂഹത്തിലുണ്ട്. മൂല്യങ്ങൾ ചിലത് സമൂഹങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട്.  കാലത്തിനനുസരിച്ച് ഈ മൂല്യങ്ങൾ എല്ലാം മാറേണ്ടതാണ്, പരിഷ്ക്കരിക്കപ്പെടേണ്ടതാണ് - മഞ്ജു പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top