15 December Monday

84 ലും കഥകളുടെ ലോകത്ത്

ആർ ഹേമലത hemalathajeevan@gmail.comUpdated: Sunday Oct 15, 2023


ചുമതലകൾ ഒഴിഞ്ഞ്‌ വിശ്രമജീവിതത്തിലേക്ക്‌ വഴിമാറിയ കാലത്ത്‌ എഴുത്തിനെ തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലാണ്‌ എഴുത്തുകാരി മണി കൃഷ്‌ണൻ. അക്ഷരങ്ങൾ വീണ്ടും കൂട്ടിന്‌ എത്തിയപ്പോൾ മഹാഭാരത വായനയിൽനിന്നും പിറന്നുവീണതാണ്‌ ശതാഭിഷേകത്തോട്‌ അനുബന്ധിച്ചു പുറത്തിറക്കിയ ‘മാധവിയും ദേവയാനിയും’ എന്ന നോവലെറ്റ്‌. മലയാളരാജ്യം വാരികയിൽ മണിയുടെ ആദ്യ കഥയായ ‘പൂ പൊഴിഞ്ഞു മണം മാറുന്നില്ല’ അച്ചടിച്ചുവന്നപ്പോൾ പത്രാധിപരായിരുന്ന കൈനിക്കര പത്‌മനാഭ പിള്ള ആമുഖമായി വിശേഷിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു. ‘ഏതു കഥാ കാമധേനുവിന്റെ വത്സല നന്ദിനിയാണ്‌ ഇതെന്ന്‌ ഞാൻ പറയുന്നില്ല. കാലം അത്‌ തെളിയിച്ചുകൊള്ളും’. വായനക്കാർക്ക്‌ അത്ര വേഗം പിടികിട്ടാതിരിക്കാൻ കഥാകാരിയുടെ മണി കൃഷ്‌ണൻ എന്നപേര്‌ മുറിച്ച്‌ മണി എന്നുമാത്രമാണ്‌ നൽകിയതും.  ഏറെ താമസിച്ചാണെങ്കിലും കാലം അത്‌ തെളിയിച്ചു.

മലയാള സാഹിത്യത്തിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത ലളിതാംബിക അന്തർജനത്തിന്റെ മകൾ മണി കൃഷ്‌ണൻ 84–-ാംവയസ്സിൽ പുറത്തിറക്കിയ നോവലെറ്റാണ്‌ ‘മാധവിയും ദേവയാനിയും’. അധികാരവും പുരുഷമേധാവിത്വവും സ്‌ത്രീയെ ഉപഭോഗ വസ്‌തുവാക്കുന്നതിന്റെ നേർ ചിത്രമാണ്‌ മാധവിയെന്ന കഥാപാത്രം. നിത്യവുമുള്ള മഹാഭാരത വായനയ്‌ക്കിടെയാണ്‌ മാധവിയെ കണ്ടുമുട്ടുന്നത്‌. യയാതിയുടെ മകളായ മാധവിക്ക്‌ അച്ഛന്റെ കാര്യസാധ്യങ്ങൾക്കായി നിരവധി പുരുഷന്മാർക്കൊപ്പം ജീവിക്കേണ്ടിവരുന്നതാണ്‌ കഥാതന്തു. തനിക്ക്‌ ജനിച്ച മക്കളെ പോലും കാണാൻ അവകാശമില്ലാതെ പോയവളാണ്‌ മാധവി. അവളുടെ ആഗ്രഹങ്ങളെ അവഗണിച്ച്‌ യയാതി മകളുടെ സ്വയംവരം തീരുമാനിക്കുന്നു. അച്ഛനോട്‌ പ്രതികാരം ചെയ്യാൻ തീരുമാനിച്ച അവൾ സ്വയംവരം ഒരു കാട്ടിൽ വേണമെന്ന്‌ ശാഠ്യംപിടിക്കുന്നു. മകളുടെ ആഗ്രഹത്തിനു വഴങ്ങി കാട്ടിൽ സ്വയംവരം തീരുമാനിക്കുന്നു. സ്വയംവരത്തിന്‌ എത്തിയ ഭൂരിപക്ഷം രാജാക്കന്മാരും താനുമായി പലതവണ കിടക്ക പങ്കിട്ടവരാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ മാധവി വരണമാല്യം വലിച്ചെറിഞ്ഞ്‌ കാട്ടിൽ അപ്രത്യക്ഷയാകുന്നു. തപസ്വനിയായി മാറിയ അവൾ പ്രായപൂർത്തിയായ മക്കളെ കാണാൻ തിരിച്ചെത്തി വീണ്ടും കാട്ടിലേക്ക്‌ മടങ്ങുന്നതാണ്‌ നോവലെറ്റിലെ പ്രമേയം. മഹാഭാരതത്തിലെ തന്നെ ദേവയാനിയാണ്‌ രണ്ടാമത്തെ നായിക. ചെറുമകളും ചിത്രകാരിയുമായ വർഷ ശരൺ ആണ്‌ മുത്തശ്ശിയുടെ പുസ്‌തകത്തിന്റെ പുറംചട്ട രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. ചെന്നൈ വിമെൻസ്‌ ക്രിസ്‌ത്യൻ കോളേജ്‌ വിദ്യാർഥിനിയാണ്‌ വർഷ.


പതിനഞ്ച്‌ വയസ്സിൽ തുടങ്ങിയ എഴുത്തുജീവിതം 20 വയസ്സുവരെ നിർബാധം തുടർന്നു. നന്ദനാർ, കോവിലൻ തുടങ്ങിയവരുടെ പട്ടാളക്കഥകൾ വായിച്ച്‌ പ്രചോദനം ഉൾക്കൊണ്ടതിനാൽ ആദ്യ കഥ പട്ടാള ചുറ്റുപാടുകൾ നിറഞ്ഞതായിരുന്നു. വായനക്കാരുടെ നിരവധി കത്തുകൾ അതിന്‌ ലഭിച്ചെങ്കിലും ‘നമ്മുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ച്‌ എഴുതാനാണ്‌’ അമ്മ ലളിതാംബിക അന്തർജനം പറഞ്ഞത്‌. തുടർന്ന്‌ നിരവധി കഥ എഴുതി. 20 വയസ്സിൽ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച്‌ തിരുവനന്തപുരം കോട്ടയ്‌ക്കകത്ത്‌ നെയ്‌താശേരി മഠത്തിൽ എത്തുംവരെ സ്വന്തം നാടായ രാമപുരമായിരുന്നു കഥകളുടെ പശ്ചാത്തലം. ഭർത്താവ്‌ രാമരുവും എഴുത്തുകാരനായിരുന്നു. പ്രോത്സാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും എഴുത്തിനെ മറന്നായി പിന്നീടുള്ള ജീവിതം. മകളായ തനൂജ ഭട്ടതിരി എഴുത്തിലേക്ക്‌ വന്നു. മറ്റു മക്കൾ മനോജ്‌, വിനീത എന്നിവരും അവരവരുടെ വഴികൾ തേടിപ്പോയി. ഭർത്താവിന്റെ മരണശേഷം ധാരാളം ഒഴിവുസമയം ലഭിച്ചു. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള മടക്കമായിരുന്നു പിന്നീട്‌. വായന തിരിച്ചുപിടിച്ചതോടെ എഴുതാനും ഉത്സാഹമായി. അമ്മയെക്കുറിച്ച്‌  ‘എന്റെ അമ്മ ലളിതാംബിക അന്തർജനം’ എന്ന ഓർമക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചു. കഥാസമാഹാരവും പഠനവും ലേഖനങ്ങളുമടക്കം ആറു പുസ്‌തകം പ്രസിദ്ധീകരിച്ചു. അടുത്ത പുസ്‌തകത്തെക്കുറിച്ച്‌ ആലോചനകളിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top