18 April Thursday

അച്ഛന്റെ ‘മാംബ സിറ്റ’

എ പി സജിഷUpdated: Sunday Feb 2, 2020


ലോകം അവളെ ‘ജിജി’ എന്നു വിളിച്ചു. പക്ഷേ, അച്ഛൻ വിളിച്ചത്‌ ‘മാംബ സിറ്റ’ എന്നും. അതവളും ഇഷ്ടപ്പെട്ടു. കാരണം, അവളുടെ അച്ഛന്റെ വിളിപ്പേര്‌ ‘ബ്ലാക്‌ മാംബ’ എന്നായിരുന്നു. വിഷപ്പാമ്പ്‌ എന്നർഥമുള്ള ബ്ലാക്‌ മാംബയുടെ പെൺപേരാണ്‌ മാംബ സിറ്റ. ചെല്ലപ്പേരിൽമാത്രമല്ല, കളിക്കളത്തിലും അച്ഛന്റെ പാത പിന്തുടർന്നു  മകൾ. മരണത്തിലും അച്ഛനൊപ്പം യാത്രയായവൾ. കായികലോകത്തിന്‌ ദുഃഖത്തിന്റെ ആഴക്കടൽ സമ്മാനിച്ച്‌ ഹെലികോപ്‌റ്ററിൽ ചിന്നിച്ചിതറിയ ബാസ്‌കറ്റ്‌ ബോൾ ഇതിഹാസം കോബി ബ്രയനും ജിയാന്നയുമാണ്‌ ഈ അച്ഛനും മകളും. 


 

അച്ഛനോട്‌ ഒരുപാട്‌ സാമ്യമുണ്ടായിരുന്നു അവൾക്ക്‌. കോബിയുടെ നാലു മക്കളിൽ ബാസ്‌കറ്റ്‌ബോളിൽ ഏറ്റവും മിടുക്കിയും ജിയാന്നതന്നെയായിരുന്നു. അച്ഛനൊപ്പം പാതിരാവിലും ബാസ്‌കറ്റ്‌ ബോൾ മത്സരങ്ങൾ കണ്ടു. എത്രയോ രാജ്യങ്ങളുടെ വമ്പൻ മത്സരങ്ങൾ കാണാനായി ഒപ്പം പോയി. അച്ഛന്റെ പാത പിന്തുടരാൻ കൊതിച്ചു അവൾ. 

പക്ഷേ, കോബിയുടെ മകൾ എന്ന പേരിൽ ഒതുങ്ങാനല്ല അവൾ ശ്രമിച്ചത്‌. ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ കഠിനാധ്വാനത്തിന്റെ വഴി ചികഞ്ഞ്‌ മിന്നിത്തുടങ്ങി. 13 വയസ്സിൽ അവസാനിച്ച ജീവിതത്തിൽ ജിയാന്നയ്‌ക്ക്‌ വേറിട്ട വഴികളുണ്ടായിരുന്നു. മുന്നിൽ വലിയൊരു സ്വപ്‌നവും. അതിന്റെ ചിറകിൽത്തന്നെയായിരുന്നു അവളുടെ കുതിപ്പ്‌. അവൾ ബാസ്‌കറ്റ്‌ബോളിനെ പ്രണയിച്ചു. ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ സ്വപ്‌നം കണ്ടു.


 

കോബിയുടെ മകളെന്ന ആകർഷണവലയത്തിൽ ഒതുങ്ങാനൊന്നും ജിയാന്ന തുനിഞ്ഞില്ല. അച്ഛനെപ്പോലെ വിഖ്യാത താരമാകാൻ ശ്രമിച്ചു. കോബിയുടെ സ്വപ്‌നവും അതുതന്നെയായിരുന്നു. തന്റെ നാല്‌ മക്കളിൽ ഒരാൾ ബാസ്‌കറ്റ്‌ബോൾ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന്‌ ഒരു അഭിമുഖത്തിൽ കോബി പറഞ്ഞിരുന്നു. ഫുട്‌ബോളായിരുന്നു ആദ്യമിഷ്ടം. പിന്നെ ബാസ്‌കറ്റ്‌ബോളിലേക്ക്‌ തിരിഞ്ഞു. ഒടുവിൽ കോബിയോട്‌ അവൾ നേരിട്ടു ചോദിച്ചു, തന്നെ ബാസ്‌കറ്റ്‌ബോൾ പരിശീലിപ്പിക്കാമോ എന്ന്‌. തന്റെ പാത പിന്തുടരാൻ കൊതിച്ച മകളെ ബാസ്‌കറ്റ്‌ ബോൾ കോർട്ടിലേക്ക്‌ കൈപിടിച്ച് ഉയർത്താൻ കോബിക്കും അത്രയേറെ ഇഷ്ടമായിരുന്നു.

അധ്യാപകർക്കും ബാസ്‌കറ്റ്‌ പ്രേമികൾക്കുമൊക്കെ അത്രയേറെ ഇഷ്ടമായിരുന്നു ജിയാന്നയെ. വർഷങ്ങൾക്കുമുമ്പ്‌ എംവിപി ട്രോഫിയുമായി നിൽക്കുന്ന കോബി ബ്രയൻ എടുത്തുനിൽക്കുന്ന കുഞ്ഞു ജിയാന്നയുടെ ചിത്രമുണ്ടായിരുന്നു. അച്ഛന്റെ കൈകളിൽ ഒതുങ്ങി നിൽക്കുമ്പോഴും ട്രോഫി എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കൊച്ചുകുട്ടി. എത്തിപ്പിടിക്കാനാകാത്ത ആ സ്വപ്‌നംപോലെ പതിമൂന്നാം വയസ്സിൽത്തന്നെ ആ ജീവിതം പൊലിഞ്ഞു. ഇനി കോബിക്കൊപ്പം അനശ്വരയായി നിൽക്കും ജിയാന്ന എന്ന കുഞ്ഞു നക്ഷത്രവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top