20 April Saturday

ഇതാ തെലങ്കാനയുടെ വീരാംഗന

വിജേഷ് ചൂടൽUpdated: Friday Apr 20, 2018


മുഹമ്മദ് അമീൻ നഗർ (ഹൈദരാബാദ്) > രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മിഴിതുറക്കുന്ന രാപ്പകലുകളിൽ പ്രക്ഷോഭത്തീയിൽ ഉരുകിത്തിളയ്ക്കുകയായിരുന്നു തെലങ്കാനയുടെ ഭൂമിക. അവിടെ ഊർജസ്വലരായ പോരാളികളെ മുൻനിരയിൽനിന്ന് നയിച്ചവരുടെ കൂട്ടത്തിൽ തലയ്ക്ക് പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചൊരു വീരാംഗനയുണ്ടായിരുന്നു. സിപിഐ എമ്മിന്റെ 22‐ാം പാർടി കോൺഗ്രസിന് വീരതെലങ്കാനയുടെ മണ്ണിൽ ചെമ്പതാക ഉയർത്തിയത് അവരാണ്‐ മല്ലു സ്വരാജ്യം. തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡർ. നാടിനും പ്രസ്ഥാനത്തിനും സ്വയം സമർപ്പിച്ച ജീവിതം.


പിന്നോക്കാവസ്ഥയിലായിരുന്നെങ്കിലും നാൽഗൊണ്ട ജില്ലയുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു പുസ്തകവായന. കർഷകപോരാട്ടങ്ങൾ നടത്തിയിരുന്ന ആന്ധ്രമഹാസഭയാണ് പുസ്തകങ്ങൾ നാൽഗൊണ്ടയിലെ ഗ്രാമങ്ങളിലെത്തിച്ചത്. അവിടൊരു ഗ്രാമത്തിൽ സാമ്പത്തികമായി ഭേദപ്പെട്ട കുടുംബങ്ങളിലൊന്നിൽ ജനിച്ച മല്ലുവിനും പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി. മല്ലുവിന്റെ കുടുംബത്തിൽ പുരാണഗ്രന്ഥങ്ങളുടെ വായന പതിവ്. അതോടൊപ്പമാണ് പത്താംവയസ്സിൽ അവളുടെ കൈകളിലേക്ക് മാക്സിം ഗോർക്കിയുടെ ആ വിഖ്യാത പുസ്തകമെത്തിയത്‐ അമ്മ. മല്ലുവിന്റെ ജീവിതത്തെയും കാഴ്ചപ്പാടിനെയും 'അമ്മ' മാറ്റിമറിച്ചു. ജീവിതത്തിലുടനീളം 'അമ്മ' പ്രചോദനവും ഊർജവുമായി.


സ്വരാജ്യ മുദ്രാവാക്യമുയർത്തി ഗാന്ധിജി ആഹ്വാനംചെയ്ത സത്യഗ്രഹത്തിൽനിന്ന് ആവേശമുൾക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്. സഹോദരൻ ഭീംറെഡ്ഡിയും പിന്നീട് ജീവിതസഖാവായ  എം നരസിംഹ റെഡ്ഡിയും തെലങ്കാനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു. മല്ലു സ്വരാജ്യത്തിന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തി ഇരുവരും. നൈസാമിന്റെ റസാക്കർ സേനയ്ക്കും ഭൂപ്രഭുക്കളുടെ ഗുണ്ടാപ്പടയ്ക്കുമെതിരെ പൊരുതാൻ കർഷകരുടെ സായുധ സേനയെ സജ്ജമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കമാൻഡറായിരുന്നു ഭീംറെഡ്ഡി. ജമീന്ദാർമാരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട കർഷകർക്ക് വിതരണംചെയ്യാനുള്ള സായുധപോരാട്ടം വ്യാപിപ്പിക്കുന്നതിന്റെ ബുദ്ധികേന്ദ്രമായിരുന്നു ഏറെക്കാലം ഒളിവിൽ കഴിഞ്ഞ വെങ്കട്ട റെഡ്ഡി. ഇവരുടെ പോരാട്ടങ്ങൾക്കൊപ്പം നിന്ന മല്ലു സ്വരാജ്യം കർഷകസേനയുടെ സായുധദളത്തിന്റെ നേതൃത്വമേറ്റെടുത്തു. ഈ ഘട്ടത്തിലാണ് മല്ലു സ്വരാജ്യത്തിന്റെ തലയ്ക്ക് അധികാരികൾ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചത്. ഭൂപ്രഭുക്കളുടെ പാടത്ത് പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 15 രൂപയിൽതാഴെ കൂലി നൽകിയിരുന്നപ്പോഴാണിത്.


പതിനൊന്നാംവയസ്സിൽ തുടങ്ങിയതാണ് മല്ലു സ്വരാജ്യത്തിന്റെ പൊതുപ്രവർത്തനം. കുടുംബത്തിന്റെ ചട്ടങ്ങൾ ധിക്കരിച്ച് തെരുവിലിറങ്ങിയ ആ പെൺകുട്ടി തൊഴിലാളികൾക്ക് അരി വിതരണംചെയ്തു. 'എന്റെ അമ്മാവന്മാർ അതിന് എതിരായിരുന്നു. എന്നാൽ, പാവപ്പെട്ട തൊഴിലാളികൾക്ക് അവരുടെ വിഹിതത്തിന് അർഹതയുണ്ടെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു. എന്റെ പ്രവൃത്തി ഗ്രാമീണർക്ക് പ്രചോദനമായി. അർഹമായത് ചോദിച്ചുവാങ്ങാൻ തൊഴിലാളികളും പ്രാപ്തരായി. തെലങ്കാനയിൽ സമരം നയിച്ചത് ജനങ്ങളാണ്. ഞങ്ങൾ അതിന്റെ മുന്നിൽനിന്നുവെന്നേയുള്ളൂ. കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുന്നതോടെ ഇവിടെ ഇപ്പോഴും ശക്തമായ സമരത്തിന് സാഹചര്യമുണ്ട്'‐ മല്ലു സ്വരാജ്യം പറഞ്ഞു.


സായുധപോരാട്ടത്തിനുശേഷം മേഖലയിലെ കർഷകരുടെ ക്ഷേമപ്രവർത്തനങ്ങളിൽ അവർ മുഴുകി. കമ്യൂണിസ്റ്റ് പാർടിയുടെ പ്രമുഖ നേതാവായി ഉയർന്നു. സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായി. നാൽഗൊണ്ട മണ്ഡലത്തിൽനിന്ന് വിജയിച്ച് പാർലമെന്റിലുമെത്തി. 87‐ാംവയസ്സിലും തെലങ്കാനയിലെ കമ്യൂണിസ്റ്റ് പോരാട്ടവീര്യത്തിന്റെ നിറസാന്നിധ്യമായി മല്ലു സ്വരാജ്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top