25 April Thursday

ഇരകളല്ല, പോരാളികൾ

വി കെ അനുശ്രീUpdated: Friday Dec 14, 2018

കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ വന്നു പോയി രണ്ടു സ്‌ത്രീകൾ. ഒരാൾ ഗുജറാത്തിൽനിന്ന‌്, മറ്റെയാൾ കശ‌്മീരിൽനിന്ന‌്. കേരളത്തിൽ വേരുകളുള്ള ലോകപ്രസിദ്ധ നർത്തകി മല്ലിക സാരാഭായിയും അഭിഭാഷകയായ      ദീപിക സിങ‌് രജാവത്തും. ഹിന്ദുത്വ തീവ്രവാദത്തിന്റെ  പരീക്ഷണശാലയായ ഗുജറാത്തിൽ ബിജെപിക്കെതിരെയുള്ള ശക്തമായ നിലപാട‌ുകളുടെ പേരിൽ വേട്ടയാടപ്പെടുന്ന മല്ലികയ‌്ക്കും   കഠ‌്‌വയിൽ ക്ഷേത്രത്തിൽ പിഞ്ചു കുഞ്ഞിനെ ക്രൂരമായി പിച്ചിച്ചീന്തിയ നരാധമർക്കെതിരെ നിയമയുദ്ധം നടത്തുന്ന ദീപിക സിങ‌് രജാവത്ത‌ിനും  പങ്കുവയ‌്ക്കാനുള്ളത‌് സമാനമായ ആശങ്കകൾ. 

 

ദുർബലർക്കേ ക്രൂരൻമാരാകാൻ കഴിയൂ

 
ക്ഷേത്ര ശ്രീകോവിലിനുള്ളിൽ എട്ടുവയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊല്ലപ്പെടുത്തിയ സംഭവം ഇന്ത്യൻ മനഃസാക്ഷിയെ വിറങ്ങലിപ്പിച്ചിട്ട‌് കാലം അധികമായില്ല. കഠ‌്‌വയിലെ ആ കുഞ്ഞിന്റെമുഖം പത്രത്താളുകളിൽ കണ്ടറിഞ്ഞ‌് ചേതനയറ്റ‌ു നിന്ന ഇന്ത്യൻ സമൂഹത്തിന‌് അതിജീവന പ്രതീക്ഷയും കരുത്തും പകർന്നത‌് ഒരു കശ‌്മീരി വനിത. മറ്റാരും ഏറ്റെടുക്കാനില്ലാതിരുന്ന, പുറംലോകം അറിയുംമുമ്പ‌് തേച്ചുമാച്ചു കളയാൻ ശ്രമമേറെ നടന്ന കേസ‌്  നടത്താൻ മുന്നോട്ട‌ുവന്ന അഡ്വ. ദീപിക സിങ‌് രജാവത‌്. ഭീഷണിയും കുറ്റപ്പെടുത്തലുകളുമായി ശക്തമായ എതിർചേരി. അഭിഭാഷകവൃന്ദംപോലും തുണയില്ലാത്ത അവസ്ഥ. ജാതിതിരിഞ്ഞ‌് സ‌്ത്രീകൾവരെ പ്രതികൾക്കായി നിലകൊണ്ട നാളുകളിലും കരുത്ത‌് പകർന്നത‌് ഉറക്കെ കരയാൻപോലും കഴിയാതെ കഠിനവേദനയനുഭവിച്ച‌് മരിക്കേണ്ടി വന്ന പിഞ്ചുകുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന മുഖമായിരുന്നു എന്ന‌് പറയുന്നു ദീപിക. ദുർബലർക്ക്‌ മാത്രമേ ക്രൂരന്മാരാകാൻ കഴിയൂ എന്ന ചിന്ത കൈത്തണ്ടയിൽ പച്ചകുത്തിയതിൽ തന്നെ ഈ അഭിഭാഷകയുടെ നിലപാടു വ്യക്തം. 
 

ദുഷ‌്പ്രചരണങ്ങളിൽ തളരാതെ

 
നിരക്ഷരരായ മാതാപിതാക്കളെ സ്വാധീനിച്ച‌് കേസിൽനിന്ന‌് മാറ്റുക കൂടെ ചെയ‌്തതോടെ ദുഷ‌്പ്രചാരണങ്ങൾ പൂർവാധികം ശക്തിയായി തിരിച്ചുവന്നിരിക്കുകയാണ‌്. മുഖപരിചയം ഇല്ലാത്തവർപോലും കേട്ടാലറയ‌്ക്കുന്ന വാക്കുകളാണ‌് സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത‌്. ചില മുഖ്യധാരാ മാധ്യമങ്ങളും അസത്യവാർത്തകളുമായി പിന്നാലെയുണ്ട‌്. ജോലി തടസ്സപ്പെടുത്തുന്നത‌ുമുതൽ മകളെ അപായപ്പെടുത്തുമെന്നുവരെ ഭീഷണി. കാശിനായി കേസ‌് അട്ടിമറിച്ചു എന്ന ആരോപണവും. 
 
 ആത്മഹത്യയെക്കുറിച്ച‌ുപോലും ചിന്തിച്ചു. തോറ്റ‌് പിന്മാറില്ലെന്ന വാശിയാണ‌് മുന്നോട്ട‌് നയിക്കുന്നത‌്. ഓടിയോ നടന്നോ ഇഴഞ്ഞോ മുമ്പോട്ട‌ുതന്നെയാണ‌് യാത്ര. ദീപിക സിങ‌് രജാവത‌് എന്നത‌് ഒരു പേര‌ുമാത്രമാണ‌്. മുന്നേറാൻ കരുത്തില്ലാതെ പരാജയപ്പടുന്ന ഘട്ടം വന്നാൽ തുടർപോരാട്ടത്തിന‌് സന്നദ്ധരായ പുതിയ പോരാളികളുണ്ടാകും എന്നാണ‌് പ്രതീക്ഷ. പുതിയ കാലഘട്ടം നേരിടുന്ന സാമൂഹ്യപ്രശ‌്നങ്ങൾ നേരിടാൻ കെൽപ്പുള്ളവരായി യുവതലമുറ വളരേണ്ടിയിരിക്കുന്നു. 
സ‌്ത്രീകൾക്കെതിരെ അപകടകരമാംവിധം വളർന്നുവരുന്ന അതിക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. സ‌്ത്രീകൾ പ്രതികരണശേഷിയുള്ളവരാകരുത‌് എന്ന നിർബന്ധമുള്ളവരാണ‌് സമൂഹത്തിലെ നല്ലൊരു ഭാഗവും. ശബ്ദമില്ലാത്തവർക്കും അടിച്ചമർത്തപ്പെടുന്നവർക്കും ശബ്ദമേകുന്ന സ‌്ത്രീകളെ‌ ഒറ്റതിരിഞ്ഞ‌് ആക്രമിക്കുന്നു. മകളുടെ മരണം തകർത്ത കുടുംബത്തിന‌് നീതി നേടിക്കൊടുക്കാനാണ‌് ലാഭേച്ഛയില്ലാതെ ശ്രമിച്ചത‌്. ഭീഷണിയും സ്വഭാവഹത്യയുമാണ‌് സമൂഹം പ്രതിഫലമായി നൽകുന്നതെങ്കിൽ ആ മനഃസ്ഥതിയോർത്ത‌് ദുഃഖിക്കാനേ കഴിയൂ. 
 

പരമോന്നതം ഭരണഘടന

 
ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം മാധ്യമപ്രവർത്തക എന്ന നിലയിലായിരുന്നു. അനീതിക്കെതിരായ പ്രവർത്തനത്തിൽ കൂടുതൽ ഫലപ്രദമാകുമെന്ന വിശ്വാസത്തിൽ പിന്നീട‌് അഭിഭാഷകവൃത്തിയിലേക്ക‌് തിരിഞ്ഞു. ഇരകൾക്കൊപ്പം നിലയുറപ്പിക്കാൻ തുടക്കംമുതൽ ഇന്നുവരെ  കഴിഞ്ഞു എന്നാണ‌് വിശ്വാസം. നീതി ലഭിക്കാത്തവർക്കായി പ്രവർത്തിക്കുക എന്ന ലക്ഷ്യവുമായാണ‌് ‘വോയ‌്സ‌് ഫോർ റൈറ്റ‌്സ‌്’ രൂപീകരിക്കുന്നത‌ുതന്നെ. പ്രമുഖർക്കെതിരെ നിലകൊള്ളേണ്ടി വന്നപ്പോഴെല്ലാം ഭീഷണി  നേരിടേണ്ടി വന്നിട്ടുണ്ട‌്. ജുഡീഷ്യറിയിലുള്ള ഉറച്ച വിശ്വാസമാണ‌്  കരുത്ത‌്. സഹപ്രവർത്തകർ എതിർചേരിയിലായപ്പോഴും പ്രതീക്ഷ  ആ വിശ്വാസമാണ‌്.   
 
 അസത്യങ്ങളെ സത്യമായി തെറ്റിദ്ധരിപ്പിക്കാൻ സങ്കുചിതശക്തികൾക്ക‌് കഴിയുന്നു. സമൂഹത്തെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ‌് ശ്രമം. ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യം ഇന്ന‌് മറ്റൊരു ഭീഷണി നേരിടുന്നു. മനുഷ്യരെ സമമായി കാണുന്ന ഭരണഘടനയും നിയമസംവിധാനവും വെല്ലുവിളിക്കപ്പെടുന്നു. ആചാരങ്ങളെ ഭരണഘടനയ‌്ക്കുമേൽ പ്രതിഷ‌്ഠിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗം.  രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട‌ുതന്നെ അപകടത്തിലാക്കാനാണ‌് ഇത്തരം ശക്തികൾ ശ്രമിക്കുന്നത‌്. ഇതെല്ലാം ഒരു പ്രത്യേക മതത്തിനോടുള്ള ആഭിമുഖ്യത്താലല്ല, മറിച്ച‌് രാഷ്ട്രീയ ലാഭത്തിന‌ുവേണ്ടിയാണ‌് എന്നതാണ‌് വസ്‌തുത. വിദ്യാസമ്പന്നരായ യുവജനങ്ങൾപോലും ഇത‌് തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത‌് വേദനാജനകമാണ‌്. 
ഒറ്റപ്പെടുത്തലുകളും ഭീഷണികളും ഉണ്ടായേക്കാം. ചേരിതിരിഞ്ഞുള്ള അക്രമവും നേരിടേണ്ടി വരും. ധൈര്യം കൈവെടിയാതെ അനീതിക്കും വർഗീയതയ‌്ക്കുമെതിരെ ഉറച്ച നിലപാടെടുക്കാൻ യുവതലമുറയ‌്ക്ക‌് കഴിയണം. രാജ്യം പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ ഭരണഘടനയെയും അതിന്റെ പരമാധികാരത്തെയും സംരക്ഷിക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട‌്‌ വരണം. യുവതയുടെ ശക്തിയിലാണ‌് പ്രതീക്ഷ.
 

ഇതല്ല നമ്മുടെ ഇന്ത്യ

 
നർത്തകി. അഭിനേത്രി. ആക്‌റ്റിവിസ്റ്റ‌്. നൃത്തസംവിധായിക. തികഞ്ഞ സ്‌ത്രീപക്ഷവാദി. ഇതെല്ലാമാണ്‌ മല്ലിക സാരാഭായി. എങ്ങനെ അറിയപ്പെടാനാണ‌് ഇഷ്ടം എന്ന‌് ചോദിച്ചാൽ ഉത്തരമിങ്ങനെ, ‘നല്ല സംവേദക’ (കമ്യൂണിക്കേറ്റർ).  ഒരുപക്ഷേ മല്ലിക സാരാഭായി എന്ന ബഹുമുഖ പ്രതിഭയ‌്ക്ക‌് ഇതിൽപ്പരം ഭൂഷണമായൊരു വർണന വേറെയില്ലതന്നെ. പ്രതിരോധം, രാഷ്ട്രീയം, പോരാട്ടം, അതിജീവനം.‌.. തനിക്ക‌് പറയാനുള്ളതെല്ലാം പറയുന്നു,  കലയിലൂടെ, അതിലും ശക്തമായ വാക്കുകളിലൂടെ. നൃത്തത്തെ പുരാതന രാധ‐ കൃഷ്‌ണ യുഗത്തിൽ തളച്ചിടാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആനുകാലിക വിഷയങ്ങളിലേക്ക‌് കൈപിടിച്ച‌് കൂട്ടിക്കൊണ്ടുവന്നത‌ുതന്നെയാണ‌് അമ്മ മൃണാളിനിയെപ്പോലെതന്നെ  നർത്തകി എന്ന നിലയിൽ മല്ലികയെയും  വ്യത്യസ്‌തയാക്കുന്നത‌്. മുമ്പേ നടന്ന തലമുറകളുടെ ചിട്ടവട്ടങ്ങളെ സ്വന്തം ശരികൾക്കും വിശ്വാസങ്ങൾക്കും അനുസൃതമായി തിരുത്തിക്കുറിക്കാനും അതിൽ അടിയുറച്ച‌് നിൽക്കാനുമുള്ള അസാമാന്യ ആർജവം. തിരുവനന്തപുരം ഗുരുഗോപിനാഥ് നടനഗ്രാമത്തിൽവച്ച‌്  മല്ലിക സംസാരിച്ചപ്പോൾ.  

 

നൃത്തം, കല, രാഷ്ട്രീയം, പ്രതിരോധം

 
നാട്യശാസ‌്ത്രം  എഴുതിയ കാലത്തുനിന്ന‌് ബഹുദൂരം മുന്നേറിയ സമൂഹത്തിൽ നൃത്തത്തെമാത്രം നൂറ്റാണ്ടുകൾക്ക‌ു പിന്നിൽ തളച്ചിടുവതെങ്ങനെ?  പുതിയ ഇന്ത്യ രൂപംകൊള്ളുകയാണ‌്. ഇക്കാലത്ത‌് ജീവിച്ചിരുന്നാൽ പ്രാചീന ഗുരുക്കന്മാർ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളാകും ചർച്ചചെയ്യുക. കലയെ കാലാനുസൃതമായി പരിഷ്‌കരിക്കുക കലാകാരന്റെ കർത്തവ്യം. അടിച്ചമർത്തലിനും അനീതിക്കും എതിരെ പ്രതിരോധം തീർക്കാനുള്ള  മാധ്യമം.  ജീവനെ സൃഷ്ടിച്ച ബ്രഹ്മാവിനും പരിപാലിക്കുന്ന വിഷ‌്ണുവിനും നന്ദി പറഞ്ഞ‌് ഒരിക്കൽ ഗുജറാത്തിൽ നൃത്തം അവതരിപ്പിച്ചു. സംഹാരം കൂടുതൽ നന്നായി ചെയ്യാൻ പ്രാപ്തരായ മനുഷ്യരുള്ള കാലത്ത‌് ശിവന്റെ ആവശ്യം അത്രകണ്ടില്ല എന്ന‌് പറഞ്ഞതായിരുന്നു ആ പരിപാടിയിലെ രാഷ്ട്രീയം. ഗുജറാത്ത‌് വംശഹത്യയിൽ ഇരയാക്കപ്പെട്ടവർക്കുവേണ്ടി അവിശ്രമം ജോലിചെയ്‌ത അമ്മയാണ‌് പ്രചോദനം. 
 
ദളിത‌് പ്രശ‌്നങ്ങളും സ്‌ത്രീകൾക്ക‌ുനേരെയുള്ള അതിക്രമവും പാരിസ്ഥിതിക പ്രതിസന്ധികളും ചർച്ചചെയ്യുന്ന പുതിയ പദങ്ങൾ എഴുതേണ്ടിയിരിക്കുന്നു. തന്റെ കലയുടെ ലക്ഷ്യവും അതുതന്നെ.  പുതിയ വിഷയങ്ങൾ അവതരിപ്പിക്കാനായി ഭരതനാട്യത്തെ മറ്റ‌് കലാരൂപങ്ങളുമായി സമന്വയിപ്പിക്കുകയും ഐതിഹ്യങ്ങളെ പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല.  
 

മതം, ആത്മീയത, വിശ്വാസം

 
40 വർഷംമുമ്പ‌് പ്രൊഫഷണൽ നൃത്തം തുടങ്ങിയ വിശ്വാസിയല്ലാത്ത മകൾക്ക‌് അമ്മ മൃണാളിനി ഒരു കുഞ്ഞു ദേവീവിഗ്രഹം സമ്മാനമായി നൽകി. ഇന്നും മുടങ്ങാതെ ആ ചെമ്പുപ്രതിമയ‌്ക്ക‌ു  മുന്നിൽ വിളക്കുതെളിക്കും, അതിനോട‌് സംസാരിക്കും, കലഹിക്കും. അവിശ്വാസിക്ക‌്  ആത്മീയത പാടില്ലെന്ന‌് ആര‌് പറഞ്ഞു?  വിശ്വാസവും ആത്മീയതയും ധാർമികതയും ഓരോ വ്യക്തിയും സ്വയം തീരുമാനിക്കേണ്ടതാണ‌്. ഹിന്ദുമതത്തിന്റെ സവിശേഷതതന്നെ ചോദ്യങ്ങൾ ചോദിക്കുന്നതാണ‌്. എന്നാൽ, ഇന്ന‌്, ഒരു കൂട്ടം ആളുകളുടെ വിശ്വാസപ്രമാണങ്ങളുമായി പൊരുത്തപ്പെടുംവിധം മതത്തെ തരംതാഴ‌്ത്തിയിരിക്കുന്നു. 
രാജ്യത്തിനുതന്നെ മാതൃകയായ കേരളത്തിലാണ‌് ശബരിമല സമരപ്രഹസനം. ആർത്തവമുള്ളവർ അശുദ്ധരാണെന്ന‌് ഏത‌് മതഗ്രന്ഥമാണ‌് പറയുന്നത‌്? ജീവൻ രക്ഷിക്കാൻ സഹായകമായ സ‌്റ്റെം സെൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആർത്തവരക്തം സ‌്കാൻഡിനേവിയൻ രാജ്യങ്ങളിൽ ക്യാൻസർ ചികിത്സയ്‌ക്കായി സർക്കാർ നേരിട്ട‌് ശേഖരിക്കുന്നു.  
 
പുതിയ ജീവനെ സൃഷ്ടിക്കാനും അനേകം ജീവനുകൾ രക്ഷിക്കാനും കെൽപ്പുള്ള സ്‌ത്രീ യെ അശുദ്ധയായി ചിത്രീകരിക്കുന്നു. യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമെന്ന‌ു പറയുന്നവർ യഥാർഥത്തിൽ അയ്യപ്പനെയാണ‌് അപമാനിക്കുന്നത‌്. ദൈവത്തെ സംരക്ഷിക്കാൻമാത്രം ശക്തരായി സ്വയം കരുതുംവിധം അഹങ്കാരികളായി മാറുന്നത‌് സമൂഹത്തിനുതന്നെ ആപത്താണ‌്. 
 
തിരുത്തപ്പെടേണ്ട ആചാരങ്ങൾ മാറ്റിയെഴുതുകതന്നെ വേണം. ഒരുകാലത്തെ നൂതന ആശയങ്ങളാണ‌് പിൽക്കാലങ്ങളിൽ കീഴ‌്‌വഴക്കങ്ങളും ആചാരങ്ങളുമായി മാറിയത‌്. നൂറ്റാണ്ടുകൾക്ക‌ുമുമ്പ‌് മനുഷ്യാവകാശം എന്ന ആശയംപോലും നിലനിന്നിരുന്നില്ല. ഇന്ന‌് ലിംഗനീതി ചർച്ചചെയ്യുന്ന പുതുതലമുറ നൂറ്റാണ്ടുകൾ മുമ്പുണ്ടായിരുന്ന സമ്പ്രദായങ്ങൾ ഇന്നത്തെ കാലഘട്ടത്തിന‌് അനുയോജ്യമാണോയെന്ന‌ുകൂടി പരിശോധിക്കണം. 90 ശതമാനം ആളുകളും മാറ്റം ഭയക്കുന്നു.  മാറ്റങ്ങൾ സ്വന്തം വീട്ടിൽനിന്ന‌് തുടങ്ങണം.  
 

വരമ്പുകളറിയാത്ത ബാല്യം 

 
ശാസ്‌ത്രജ്ഞനായ അഹമ്മദാബാദുകാരൻ വിക്രം അംബാലാൽ സാരാഭായിയുടെയും നർത്തകിയും മലയാളിയുമായ മൃണാളിനിയുടെയും മകൾ ഭാഷ, സംസ്കാരം, വിശ്വാസം,  തുടങ്ങിയ വേർതിരിവുകൾ മനസ്സിലാക്കാതെയാണ് വളർന്നത്. കച്ചവടക്കാരും സ്വാതന്ത്ര്യസമര സേനാനികളുമായിരുന്നു സാരാഭായ് കുടുംബം. സാമൂഹ്യപ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു അമ്മൂമ്മ അമ്മു സ്വാമിനാഥൻ. മൃണാളിനിയുടെ സഹോദരി ലക്ഷ‌്മി പിന്നീട‌് സുഭാ‌ഷ‌്ചന്ദ്ര ബോസിന്റെ ഐഎൻഎയുടെ ഝാൻസി റാണി റജിമെന്റിന്റെ മേധാവിയായ ക്യാപ‌്റ്റൻ ലക്ഷ‌്മിയായി വളർന്നു. സ‌്ത്രീത്വത്തിൽ അഭിമാനം കൊള്ളാനും നിലപാടുകളിൽ സ‌്ത്രീപക്ഷത്ത‌് ഉറച്ചുനിൽക്കാനും പഠിപ്പിച്ചത‌് കുടുംബത്തിലെ ശക്തരായ വനിതകളാണ‌്‌.  സ‌്ത്രീശാക്തീകരണത്തിൽ എന്നും മുമ്പിലായിരുന്ന കേരളത്തിൽപ്പോലും പുതുതലമുറയിലെ  സ‌്ത്രീകൾ നിരാശയുളവാക്കുംവിധം അടിമ മനോഭാവം ഉള്ളവരാണ‌്. തങ്ങൾക്ക‌ുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ മൗനംപാലിക്കുന്ന സർവംസഹകളായി വിദ്യാസമ്പന്നരായ  സ‌്ത്രീസമൂഹം മാറിയതെങ്ങനെ എന്ന‌് പരിശോധിക്കണം.  
 

പുതിയ കാലത്തിന്റെ പ്രതീക്ഷകൾ

രാജ്യം എന്ന നിലയിൽ ഇന്ത്യ ഇന്ന‌് അസംതൃപ്തിയുടെ നാടായി മാറിയിരിക്കുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അഴിമതി, അടിച്ചമർത്തൽ, മുതലാളിത്ത പ്രീണനം. സാധാരണക്കാർക്ക‌് വസിക്കാൻ കഴിയാത്ത ഇടമായി ഇന്ത്യയെ മാറ്റിയെടുത്തിരിക്കുന്നു. ഇതിനോടുള്ള അമർഷവും അസംതൃപ്തിയുമാണ‌് പലപ്പോഴും അക്രമത്തിലേക്ക‌് വഴിതെളിക്കുന്നത‌്. ചെറു വാഗ്വാദങ്ങൾപോലും കൊലപാതകത്തിലെത്തുന്നു. 
 
കേന്ദ്രഭരണസംവിധാനത്തിന്റെ പരാജയമാണത‌്.   പ്രധാന വിഷയങ്ങളിൽനിന്ന‌്  ശ്രദ്ധ തിരിച്ചുവിടാൻ ഭക്തിയെയും സാങ്കേതികവിദ്യയെയും ഒരുപോലെ ഉപയോഗിക്കുന്നു. മൊബൈൽഫോൺവഴി ഇന്ന‌് ഏറ്റവും കൂടുതൽ കൈമാറ്റം ചെയ്യപ്പടുന്നത‌് വർഗീയതയും വിദ്വേഷവുമാണ‌്‌. 
ഒരാൾ തനിയെ സങ്കൽപ്പിക്കുകപോലും ചെയ്യാത്ത കുറ്റകൃത്യങ്ങൾ ആൾക്കൂട്ടത്തെക്കൊണ്ട‌് ചെയ്യിക്കുകയാണ്‌.  അതിവേഗം വ്യാപിക്കുന്ന അക്രമം ചെറുക്കാനും അത്രതന്നെ തീവ്രമായ പ്രതിഷേധമതിൽ ഒരുക്കേണ്ടതുണ്ട‌്.
 
സമൂഹത്തിന്റെ അജ്ഞതയും നിസ്സഹായതയുമാണ‌് വർഗീയശക്തികൾ  മുതലെടുക്കുന്നത‌്. 2009ൽ അദ്വാനിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതും വ്യവസ്ഥിതിയോടും വർഗീയ മുദ്രാവാക്യങ്ങളോടുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ‌്. വർഷങ്ങളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ഒരുനേരത്തിന്റെ അന്നംകൊണ്ട‌് സ്വാധീനിക്കുന്ന കാഴ‌്ചയാണ‌് തെരഞ്ഞെടുപ്പ‌ുകാലത്തെ ഏറ്റവും വേദനിപ്പിച്ച അനുഭവം.   
എതിർസ്വരങ്ങളെ ദേശദ്രോഹികൾ എന്ന‌് മുദ്രകുത്തി ഒറ്റപ്പെടുത്തുന്നു. ബിജെപിക്ക‌് എതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുകൊണ്ട‌ുമാത്രം പലതരം ദുഷ‌്പ്രചാരണങ്ങൾക്ക‌് ഇരയാകേണ്ടിവന്നു. ഇന്നും അവരുടെ ബ്ലാക്ക‌് ലിസ്റ്റിലാണ്‌. 
 
കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത‌് മോഡൽ പൊള്ളത്തരംമാത്രമാണെന്ന‌് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.   ചരിത്രത്തിലാദ്യമായി ഗുജറാത്തിലെ ദളിതരും കർഷകരും ന്യൂനപക്ഷങ്ങളും സ്വയം സംഘടിക്കുകയും പ്രതിരോധിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. ഏറെ പ്രതീക്ഷ നൽകുന്ന കാഴ്‌ച   യാണിത‌്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top