19 April Friday

പൊരുതിനേടിയ അക്ഷരങ്ങളില്‍ തൊണ്ണൂറ്റിരണ്ടിന്റെ കരുത്തുമായി മറിയുമ്മ

പി ദിനേശന്‍Updated: Thursday Dec 20, 2018

തലശ്ശേരി> സഹനത്തിന്റെ കനല്‍വഴിതാണ്ടിയാണ് ഈ മുത്തശി ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. പൊരുതിനേടിയ അക്ഷരങ്ങളില്‍ പ്രായം തളര്‍ത്താത്ത കരുത്തുണ്ട് മാളിയേക്കല്‍ മറിയുമ്മക്ക്. ദി ഹിന്ദു പത്രം തൊണ്ണൂറ്റി രണ്ടാംവയസിലും വായിക്കുന്ന തലശേരിയിലെ മാളിയേക്കല്‍ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനത ഏറെയൊന്നും പറയാനില്ല. കോണ്‍വെന്റ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒവി റോഡിലെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയിട്ടുണ്ടിവര്‍. മുസ്ലിംപെണ്‍കുട്ടിയെ പള്ളിക്കൂടത്തിലയക്കുന്നതിലായിരുന്നു എതിര്‍പ്പ്. തലശേരി മാളിയേക്കല്‍ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോള്‍ നിലനിന്ന സമ്പ്രദായങ്ങള്‍ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചിത്രമാണ് ആദ്യം മനസില്‍ പതിയുക.  

1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏകമുസ്ലിംപെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മയെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാന്‍ പ്രായസം തോന്നും. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മന:പ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ചെയ്തു. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോള്‍ കോണ്‍വെന്റില്‍ തന്നെ പ്രാര്‍ഥനക്കും ഭക്ഷണം കഴിക്കാനും ഉപ്പ സൗകര്യം ഏര്‍പ്പെടുത്തിത്തന്നു.

ഉപ്പ ഒ വി അബ്ദുള്ള സീനിയറും ഗ്രാന്റ് മദര്‍ ബീഗം തച്ചറക്കല്‍ കണ്ണോത്ത് അരീക്ക സ്ഥാനത്ത് പുതിയമാളിയേക്കല്‍ ടിസി കുഞ്ഞാച്ചുമ്മയുമാണ് ധൈര്യംതന്നത്. വിവാഹശേഷം പഠിക്കാന്‍ ഭര്‍ത്താവ് വി ആര്‍ മായിനലിയും പ്രോത്സാഹിപ്പിച്ചു. അന്നത്തെ എതിര്‍പ്പിനും അരുതെന്ന മുറിവിളിക്കും കീഴടങ്ങിയിരുന്നെങ്കില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനാകുമായിരുന്നില്ലെന്ന് മറിയുമ്മപറഞ്ഞു. ഞങ്ങളുടെ തറവാട്ടില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസംനേടിയത് സഹോദരിമാരായ ആയിഷ റൗഫ്, ഡോ ആമിന ഹാഷിം, അലീമ അബൂട്ടി എന്നിവരാണ്. സ്‌കൂളിലയച്ചതിന്റെ പേരില്‍ അവരുടെ ഉപ്പയെ കാഫിര്‍ കുഞ്ഞിമായന്‍ എന്നാണ് യാഥാസ്ഥിതികര്‍ വിളിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ ഞങ്ങള്‍ക്ക് പ്രചോദനം ഈ സിസ്‌റ്റേഴ്‌സാണ്. ആമിനഹാഷിം അലിഗഡില്‍ പോയാണ് എംബിബിഎസ് പഠിച്ചത്. 

സമുദായപ്രമാണിമാരുടെ എതിര്‍പ്പില്‍ അന്ന് എത്രയോ മുസ്ലിംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ടുണ്ട്. ഖിലാഫത്ത്പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയായ ഉപ്പ വിലക്കുകള്‍ക്ക് ഒരുവിലയും കല്‍പിച്ചില്ലെന്ന് മാത്രം. അവകാശം എന്നത് എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്നാണ് അന്നും ഇന്നും നിലപാടെന്ന് മറിയുമ്മ പറഞ്ഞു. അവിടെ ആണെന്നോ പെണ്ണോന്നോ ഉള്ള ഭേദചിന്തയുണ്ടാവരുത്. ചരിത്രത്തില്‍ നിന്ന് പലതും പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു മുന്നോട്ട് നീങ്ങണം. അന്ന് പാതിവഴിയില്‍ പഠനം നിര്‍ത്തിയിരുന്നെങ്കില്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് മറിയുമ്മ ചോദിച്ചു. മുസ്ലിംപെണ്‍കുട്ടികള്‍ പഠിക്കുകയെന്നത് അന്ന് ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇന്നങ്ങനെ പറയാന്‍ ആരെങ്കിലും ധൈര്യംകാട്ടുമോ. കാലപ്രവാഹത്തിലുണ്ടായ മാറ്റമാണിത്.നിലനിന്ന സമ്പ്രദായം മാറുമ്പോള്‍ എതിര്‍പ്പ് സ്വഭാവികമാണ്. അതാണ് ഞാന്‍ സ്‌കൂള്‍ കാലത്ത് അനുഭവിച്ചത്. 

വിദ്യാഭ്യാസത്തില്‍ മാത്രമല്ല, പൊതുരംഗത്ത് മുസ്ലിംസ്ത്രീകള്‍ ഇറങ്ങുന്നതിലും വലിയ എതിര്‍പ്പായിരുന്നു. എംഇഎസിന്റെ വാര്‍ഷികയോഗത്തില്‍ മാളിയേക്കലില്‍നിന്നുള്ള സ്ത്രീകള്‍ പങ്കെടുത്തപ്പോള്‍ മുസ്ലിംലീഗുകാരാണ് മര്‍ദിച്ചത്. അതില്‍ ഭയന്ന് ഞങ്ങള്‍ പൊതുരംഗത്തുനിന്ന് പിന്മാറിയില്ല. ആലപ്പുഴയില്‍ എംഇഎസ് വാര്‍ഷികയോഗം നടന്നപ്പോള്‍ മാളിയേക്കലില്‍ നിന്ന് ഒരു ബസിലാണ് സ്ത്രീകള്‍ പോയത്. എല്ലാ ജാതിമതത്തില്‍പെട്ട വനിതകളും ഒത്തുകൂടുന്ന കേന്ദ്രമായിരുന്നു ടി സി കുഞ്ഞാച്ചുമ്മ സ്ഥാപിച്ച തലശേരി മുസ്ലിം മഹിളസമാജം. പലവിധത്തിലുള്ള എതിര്‍പ്പുകള്‍ നേരിട്ടാണ് മഹിളസമാജവും പ്രവര്‍ത്തിച്ചത്. 

മാളിയേക്കലിലെ പെണ്ണുങ്ങള്‍ നേടിയ അക്ഷരജ്ഞാനം സമൂഹത്തിന് വെളിച്ചമായിട്ടുണ്ട്. പിഎന്‍ പണിക്കറുടെ അഭ്യര്‍ഥന പ്രകാരം മാളിയേക്കലില്‍ തന്നെ സാക്ഷരതകേന്ദ്രം തുടങ്ങി അക്ഷരാഭ്യാസം നല്‍കിയ ചരിത്രവുമുണ്ട്. തലശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ആമിനമാളിയേക്കലിന്റെ ഉമ്മ പി എന്‍ നഫീസയാണ് ജാതിമതഭേദമില്ലാതെ എത്രയോ പേരെ പഠിപ്പിച്ചത്. അങ്ങനെ പഠിച്ച് ജോലിലഭിച്ചവരും നിരവധിയാണ്. സംഗീതത്തില്‍, നൃത്തത്തില്‍ എല്ലാം മാളിയേക്കലിലെ സ്ത്രീകള്‍ കഴിവ് തെളിയിച്ചു. എത്രയോ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് കാലത്ത് മാളിയേക്കലിലെ വനിത ഗായകസംഘം തെരുവിലിറങ്ങാറുണ്ട്. 

അര്‍ഥമറിഞ്ഞ് ഖുര്‍ആന്‍ പഠിക്കണമെന്ന് പറഞ്ഞ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വാക്കുകള്‍ മാളിയേക്കല്‍ മറിയുമ്മയുടെ മനസില്‍ ഇന്നും മായാതെയുണ്ട്. അഞ്ചാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് സാഹിബ് ഉപ്പയെ കാണാന്‍ മാളിയേക്കലെത്തിയത്.  അന്നദ്ദേഹം ഖുര്‍ആന്‍ ഓതിച്ച് അര്‍ഥമറിയുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോഴായിരുന്നു ആ പ്രതികരണം. 

പുരോഗമനഇടതുപക്ഷ ആശയങ്ങളുമായി എന്നും സഹകരിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ഞാനൊരു കോണ്‍ഗ്രസുകാരിയാണെന്ന് പറയാനും മറിയുമ്മക്ക് മടിയില്ല. പുരോഗമനപരമായ ഏതൊരു സ്ത്രീമുന്നേറ്റത്തിനുമൊപ്പവും ഇന്നും എന്റെ മനസുണ്ട്. സ്ത്രീയും പുരുഷനുമെല്ലാം പരസ്പരപൂരകമാണ്. എല്ലാവര്‍ക്കും തുല്യനീതിയും അവകാശവുമാണ് വേണ്ടത്. നവോഥാനത്തിന്റെ നന്മകള്‍ സംരക്ഷിക്കുന്നതിനുള്ള വനിതമതില്‍ അതുകൊണ്ട് തന്നെ ചരിത്രമായി മാറുമെന്നും മാളിയേക്കല്‍ മറിയുമ്മ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top