26 April Friday

വഴി തെറ്റിയ സീരിയൽ റൂട്ട്മാപ്പ്; പൊലിമയോടെ വിളമ്പുന്ന സ്‌ത്രീവിരുദ്ധത

അനു പാപ്പച്ചൻUpdated: Sunday Sep 12, 2021

ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തോടെ സീരിയലുകളുടെ ഉള്ളടക്കം ഒരിക്കൽ കൂടി ചർച്ചചെയ്യപ്പെടുന്നു. സ്‌ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നത് സാമൂഹ്യവിരുദ്ധതയാണ് എന്ന ചിന്തയൊക്കെ വന്നുതുടങ്ങിയല്ലോ. നല്ല കാര്യം.

സീരിയൽ സാമൂഹ്യ പ്രതിബദ്ധതയ്‌ക്കുള്ളതാണ് എന്ന അഭിപ്രായം കാണുന്ന ആയിരത്തിലൊരാൾക്കുപോലും ഉണ്ടാവില്ല. ആഴ്‌ചക്കാഴ്‌ചയ്‌ക്കായി കാത്തിരിക്കാൻ പ്രേരിപ്പിച്ച ദൂരദർശൻ സീരിയലുകളിൽനിന്ന് ദിനംപ്രതിയുള്ള സീരിയലുകളിലേക്കുള്ള പരിണാമത്തിൽ കാലവും കഥകളും മാറി. 1990കൾക്കുശേഷം ടെലിവിഷന്റെ ഉള്ളടക്കത്തിലെ മാറ്റം പ്രകടമാണ്. പൂർണമായും കച്ചവടവൽക്കരിക്കപ്പെട്ട കലയിൽ വിനോദം മാത്രം ആഗ്രഹിക്കുന്ന പ്രേക്ഷകരെ ദീർഘകാലം പിടിച്ചിരുത്തുന്നതിനുള്ള ഉപാധിയായിരുന്ന സീരിയലുകൾ മെഗാസീരിയലുകളിലേക്ക്‌ വളർന്നു. പ്രേക്ഷകരിൽ ഓരോ ദിവസവും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു.

ഉള്ളടക്കം തീരുമാനിക്കുന്നതാര്‌?

വിനോദത്തിനെങ്കിൽ ഇത്രയധികം മനുഷ്യ വിരുദ്ധത എന്തിനെന്ന ചോദ്യം സീരിയലുകാരോടുമാത്രം ചോദിച്ചിട്ട് കാര്യമില്ല. സീരിയലുകാരിലൊതുങ്ങുന്നില്ല ഈ പടച്ചുവിടലിന്റെ ഉത്തരവാദിത്വം. ഒരു എപ്പിസോഡിനുള്ള സൃഷ്ടി പ്രക്രിയയിൽ സംവിധായകനോ നിർമാതാവിനോ കാര്യമായ സ്വാധീനമില്ല. ചാനലുകളും ടിആർപി റേറ്റിങ്ങുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ദൗർഭാഗ്യവശാൽ സ്‌ത്രീകളുടെ തളർച്ചയും കണ്ണീരും ദുർവിധികളും കണ്ടാനന്ദിക്കുന്ന കണ്ണുകളാണ് റേറ്റിങ്ങുകളുടെ അടിസ്ഥാനം.

അവാർഡ് നിർണയത്തിന്റെ മാനദണ്ഡം കലാമൂല്യമെങ്കിൽ റേറ്റിങ് ഉയർത്തുന്നത് അവിഹിതവും തകർച്ചകളുമാണ്. അൽപ്പമൊക്കെ കലാംശവും സാമൂഹിക ബോധവുമായി തുടങ്ങുന്ന സീരിയലുകൾ റേറ്റിങ്ങിൽ താളം തെറ്റുന്നതനുസരിച്ച് കഥയുടെ റൂട്ട് മാപ്പ് വഴിതിരിച്ചുവിടും.

പൊലിമയോടെ വിളമ്പുന്ന സ്‌ത്രീവിരുദ്ധത

പ്രേക്ഷകരെ വൈകാരിക അടിമത്തത്തിന് വിധേയരാക്കി കൊളുത്തിയിടുന്ന പ്രധാന ഇടം ഇന്നും കുടുംബം തന്നെ. സാങ്കേതിക വികാസം ദൃശ്യങ്ങളിൽ കുറച്ച് പളപളപ്പും മിനുമിനുപ്പും കൂട്ടിയിട്ടുണ്ട് എന്നതല്ലാതെ പ്രമേയ പരിസരം കാര്യമായി മാറിയിട്ടില്ല. അമ്മ-, ഭാര്യ, -പെങ്ങൾ,- കൂട്ടുകാരി തുടങ്ങി -ഏതു സ്ഥാനത്തിരുന്നാലും സ്‌ത്രീയുടെ ആദർശവൽക്കരണത്തിൽനിന്ന് വഴിമാറിപ്പോയിട്ടില്ലാത്ത കേരളം തന്നെയാണിത്. പെണ്ണിന്റെ സദാചാര ജീവിതത്തെ സദാ പിന്തുടരുന്ന കാഴ്‌ചക്കണ്ണുകളിലേക്കാണ് കുടുംബഭദ്രതയുടെ വിളക്കും പിടിച്ച് സ്‌ത്രീ കഥാപാത്രങ്ങൾ കയറി വരുന്നത്. കുടുംബം തകർക്കുന്ന എല്ലാ സങ്കീർണതകളും സ്‌ത്രീയുടെ ബാധ്യതകളാക്കി, കടുത്ത സ്‌ത്രീവിരുദ്ധതയിൽ പൊലിപ്പിച്ച് വിതരണം ചെയ്യുന്നു. സീരിയൽ കാണുന്നവർക്ക് ഇതൊക്കെയാണ് ഇഷ്‌ടപ്പെടുക എന്ന  മുൻധാരണയുടെ നിർമിതി കാലങ്ങളായി തുടരുന്ന ആണധികാര ലിംഗ-–-വർഗ–- വർണ–-വംശീയ ചിന്താശീലങ്ങളാണ്.

മിക്കവാറും സീരിയലുകളുടെ കഥയെഴുത്തും പുരുഷന്മാർ തന്നെ. കുടുംബവിളക്കും പവിത്രബന്ധവുമുൾപ്പെടെയുള്ള എല്ലാ നിർമിതികളും പേരു സൂചിപ്പിക്കുംപോലെ സ്‌ത്രീവിശുദ്ധിയിലേക്കുള്ള സഞ്ചാരമാണ്. ആ ലക്ഷ്യസ്ഥാനത്തിലേക്ക് വരുന്ന വഴികളാവട്ടെ, സകല യുക്തികളെയും തച്ചുടയ്‌ക്കുന്ന മനുഷ്യവിരുദ്ധമായ മാലിന്യങ്ങളിലൂടെയും. സ്‌ത്രീധന പീഡനവും മരണവും നിർബാധം തുടരുന്ന കേരളീയസമൂഹവും ഇവിടത്തെ സീരിയലും പ്രതിലോമപരമായി പരസ്‌പരം കൈമാറുന്ന സ്‌ത്രീവിരുദ്ധത ലക്കും ലഗാനുമില്ലാതെ പ്രവഹിപ്പിക്കുന്നു.

നിരോധനമല്ല പരിഹാരം

ആയിരങ്ങൾക്ക് ജീവിതോപാധിയായ തൊഴിൽ മേഖലയെ റദ്ദ് ചെയ്യുന്നതും സാധാരണ മനുഷ്യരുടെ വിനോദ താൽപ്പര്യങ്ങളെ പുച്ഛിക്കുന്നതും വരേണ്യതയാണ്. പൈങ്കിളിയും ജീവിതത്തിന്റെ ഭാഗം തന്നെ. വാസ്‌തവത്തിൽ നുണയാണെന്നറിഞ്ഞു കാണുന്ന സീരിയലുകളേക്കാൾ, സത്യമെന്ന വ്യാജേന വിളമ്പുന്ന വാർത്തകളുടെ വിധ്വംസകത്വം പൊതുവേ തിരുത്താറില്ല.

കഥയിലും അവതരണത്തിലും കാലാനുസൃത അഭിരുചി പരിഷ്‌കരണങ്ങൾ വരുത്തുകയാണ് വേണ്ടത്. അതിന് സീരിയലുകൾമാത്രം വിചാരിച്ചിട്ടു കാര്യവുമില്ല. തങ്ങളുടെ നേരമ്പോക്കുകൾക്ക് സ്‌ത്രീവിരുദ്ധതയും വഷളത്തരവും വേണ്ട എന്ന് തീരുമാനിച്ചുറപ്പിച്ച് അത്തരം റേറ്റിങ്ങുകളെ പ്രേക്ഷകർ തച്ചുടയ്‌ക്കണം. വിപണിയാണ് വിഭവത്തെ തീരുമാനിക്കുന്നത്.

കലാമൂല്യമുള്ള, ചുരുങ്ങിയപക്ഷം അധമവാസനകളെ പ്രോത്സാഹിപ്പിക്കാത്ത വിഷയങ്ങളിലേക്കെങ്കിലും ചാനലുകളും സംവിധായകരും നിർമാതാക്കളും ഉൾപ്പെടുന്ന സീരിയലുൽപ്പാദകർ സഞ്ചരിക്കേണ്ടതുണ്ട്. സർക്കാരിന്റെ സെൻസറിങ്ങിനേക്കാൾ തങ്ങളുടെ ചാനലുകളിൽ സമൂഹവിരുദ്ധ പ്രമേയങ്ങളും ഹീന ദൃശ്യങ്ങളും വേണ്ട എന്ന സ്വയം സെൻസറിങ് ഉത്തരവാദിത്വം മാധ്യമ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതല്ലേ നല്ലത്?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top