20 April Saturday

മലയാള സിനിമയിലെ നാല് പെണ്ണുങ്ങള്‍

ആർ പാർവതിദേവി rparvathidevi@gmail.comUpdated: Sunday Apr 23, 2023

താര രാമാനുജൻ, മിനി ഐ ജി, ശ്രുതി ശരണ്യം, ഇന്ദു ലക്ഷ്മി

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നടത്തുന്ന സ്ത്രീപക്ഷ ഇടപെടൽ ചലച്ചിത്ര മേഖലയിൽ വലിയ മാറ്റത്തിനാണ്‌ തിരികൊളുത്തുന്നത്‌. സ്ത്രീകൾക്ക് സിനിമ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകിയതിന്റെ ഫലമായി രണ്ടു വർഷത്തിൽ നാല്‌ വനിതാ സംവിധായകർ തങ്ങളുടെ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തിച്ചു. താര രാമാനുജൻ, മിനി ഐ ജി, ശ്രുതി ശരണ്യം, ഇന്ദു ലക്ഷ്മി എന്നിവരാണ് മലയാള സിനിമാ ചരിത്രത്തിൽ സവിശേഷമായ ഇടം നേടിയത്.

2019–-20 ലാണ് വനിതാ സംവിധായകർക്ക് ഒന്നരക്കോടി രൂപ  സഹായം  നൽകുന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. താര രാമാനുജന്റെ ‘നിഷിധോ' 2022 നവംബർ 11നും മിനി ഐ ജിയുടെ "ഡിവോഴ്സ്’ 2023 ഫെബ്രുവരി 24നും  റിലീസ് ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉൾപ്പെടെ പുരസ്‌കാരങ്ങൾ നേടി നിഷിധോ ശ്രദ്ധേയമായി. കേരളത്തിൽ തൊഴിലെടുത്തു ജീവിക്കുന്ന ബംഗാളി യുവാവിന്റെയും തമിഴ് യുവതിയുടെയും കഥയാണ് നിഷിധോ പറയുന്നത്. കഥയുടെ മികവും പുതുമയും സംവിധായികയുടെ കൈയൊതുക്കവും സിനിമയെ പ്രിയപ്പെട്ടതാക്കി .

മിനിയുടെ ഡിവോഴ്സ് കൃത്യമായ സ്ത്രീപക്ഷ വീക്ഷണത്തോടെ കഥ പറയുന്നു. അതീവ ദുരിതപൂർണവും സങ്കീർണവുമായ നിയമക്കുരുക്കുകളിലൂടെ  ആറു സ്ത്രീകൾ വിവാഹമോചനത്തിനായി കടന്നുപോകുന്ന വഴികളാണ് ‘ഡിവോഴ്സ് ' വരച്ചുകാട്ടുന്നത്. ഏറെപ്പേർക്കും അജ്ഞാതമായ സ്ത്രീപക്ഷ നിയമങ്ങളെക്കുറിച്ചും കുടുംബ കോടതികളുടെ സാധ്യതകളെക്കുറിച്ചും പറഞ്ഞു കൊടുക്കാൻകൂടി തന്റെ സിനിമയെ മിനി ഉപയോഗപ്പെടുത്തുന്നു. സാധാരണ സിനിമകളിൽ കാണുന്ന അയഥാർഥ കോടതിമുറികളിൽനിന്നും വ്യത്യസ്തമാണ് ഡിവോഴ്സിലേത് .

സ്ത്രീകളിൽനിന്നും അപേക്ഷ സ്വീകരിച്ച്‌, തിരക്കഥകൾ രഘുനാഥ് പലേരിയുടെ നേതൃത്വത്തിലുള്ള ജൂറി പരിശോധിച്ച്‌ അഭിമുഖം നടത്തിയ ശേഷമാണ് താര രാമനാഥനെയും മിനിയെയും കെഎസ്‌എഫ്‌ഡി‌സി തെരഞ്ഞെടുത്തത്. എന്നാൽ അടുത്തവർഷം തെരഞ്ഞെടുപ്പ് രീതിക്ക്‌ മൂന്നുഘട്ടം  ഉണ്ടായിരുന്നു. അപേക്ഷകരിൽനിന്നും സിനോപ്സിസ് വാങ്ങി വിദഗ്ധപാനൽ  പരിശോധിച്ച് ചുരുക്കപ്പട്ടിക ഉണ്ടാക്കുന്നതായിരുന്നു ആദ്യ ഘട്ടം. ഇതിൽ ഉൾപ്പെട്ട അപേക്ഷകർക്കായി തിരക്കഥ രചനാ ശിൽപ്പശാല നടത്തി. അതിന്റെ ഭാഗമായി അപേക്ഷകർ തയ്യാറാക്കിയ ട്രീറ്റ്‌മെന്റ് നോട്ട് മറ്റൊരു ജൂറി വിലയിരുത്തി പട്ടിക തയ്യാറാക്കി. ഇവർ തിരക്കഥ സമർപ്പിച്ച ശേഷം ഗ്രാൻഡ് ജൂറിക്ക് മുന്നിൽ അഭിമുഖത്തിന് ഹാജരായി. ഇവരിൽനിന്നുമാണ് ശ്രുതി ശരണ്യവും ഇന്ദു ലക്ഷ്മിയും 2020–- -21 വർഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.

ശ്രുതിയുടെ ‘ബി 32 മുതൽ 44' വരെയും ഇന്ദു ലക്ഷ്മിയുടെ ‘നിള'യും ഏപ്രിൽ ആദ്യവാരം തിയറ്ററുകളിൽ എത്തി. ശ്രുതിയുടെ ജെൻഡർ രാഷ്ട്രീയത്തെ വിദഗ്‌ധമായി കൈകാര്യം ചെയ്യുന്നു. പെണ്ണുടലിന്റെ ആഘോഷമായ വാണിജ്യ സിനിമകൾ കണ്ടു ശീലിച്ച ആൺകണ്ണുകൾക്ക് ഒരുപക്ഷെ ഈ സിനിമ ആഘാതം ഏൽപ്പിക്കും. പെണ്ണിന്റെ മാറിടങ്ങൾ ആനന്ദദായക വസ്തുക്കൾ മാത്രമെന്നു ധരിക്കുന്ന ആൺകോയ്മാ കണ്ണട  ശ്രുതി ഉടച്ചുകളയുന്നു. രമ്യ നമ്പീശനും പുതുമുഖങ്ങളും പ്രമേയം അറിഞ്ഞഭിനയിച്ചു. സാങ്കേതികരംഗത്തുൾപ്പെടെ നിരവധി സ്ത്രീകൾ പ്രവർത്തിച്ച സിനിമകൂടിയാണ് ബി 32 മുതൽ 44 വരെ. കെഎസ്‌എഫ്ഡിസി തന്നിൽനിന്നും എന്താണോ പ്രതീക്ഷിച്ചത് അത് സാധ്യമാക്കിയെന്ന്‌ ശ്രുതി പറയുന്നു.

ഇന്ദു ലക്ഷ്മിയുടെ ‘നിള ' പ്രമേയത്തിന്റെ സവിശേഷതകൊണ്ടും മലയാളിയുടെ പ്രിയ നടി ശാന്തി കൃഷ്ണയുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമാകുന്നു. ഒരു അപകടത്തിൽ എഴുന്നേൽക്കാൻ വയ്യാതെയാകുന്ന പ്രശസ്ത ഗൈനക്കോളജിസ്റ്റായാണ് ശാന്തികൃഷ്ണ വേഷമിടുന്നത്. രണ്ടു മണിക്കൂർ സിനിമയിൽ നായികാകഥാപാത്രം കിടക്കയിൽ തന്നെ കഴിഞ്ഞുകൂടുന്നുവെങ്കിലും ഒട്ടും വിരസമാകാതെ കഥ മുന്നോട്ടു കൊണ്ടുപോകാൻ ഇന്ദു ലക്ഷ്മിക്ക് കഴിഞ്ഞു.

നാല്‌ സിനിമകളും സ്ത്രീമനസ്സിനെയും ശരീരത്തെയും ജീവിതത്തെയും ശരിയായ രീതിയിൽ ആവിഷ്കരിക്കുന്നു. വെള്ളിത്തിരയിൽ എന്നും സ്ത്രീ ഉണ്ടെങ്കിലും കാമറയ്‌ക്ക് പിന്നിൽ സ്ത്രീ എത്തിയപ്പോൾ രൂപപ്പെട്ടു വന്ന കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തരായി. തിരക്കഥയിലും കാമറയുടെ നോട്ടങ്ങളിലും വേഷവിധാനത്തിലും എല്ലാം മാറ്റം പ്രകടം. 2021–- -22 വർഷങ്ങളിൽ ശിവരഞ്ജിനി (വിക്ടോറിയ) യും ഫർസാന (മുംതാ) യുമാണ് കെഎസ്‌എഫ്ഡിസിയുടെ സാമ്പത്തിക പിന്തുണയ്ക്ക് അർഹരായിരിക്കുന്നത്. ഇവരുടെ സിനിമകൾക്കായി കാത്തിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top