26 April Friday

മാധവിക്കുട്ടിയും ഞാനും പിന്നെ നാടകവും

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday May 14, 2023

‘സാക്ഷാൽ മാധവിക്കുട്ടി, മുന്നിൽ ഇങ്ങനെ നിറഞ്ഞ്‌ നിൽക്കാണ്‌... അതേ സാരിയും കല്ലുവച്ച മൂക്കുത്തിയും... അന്നേവരെ അക്ഷരങ്ങളിൽ മാത്രം കണ്ടറിഞ്ഞ ഒരാളെ നേരിൽ കാണുന്ന ആഹ്ലാദം... അമ്പരപ്പ്‌. മാധവിക്കുട്ടി എഴുതിയ ‘മാധവി വർമ്മ’ നാടകം കാണാൻ റിഹേഴ്‌സൽ ക്യാമ്പിലെത്തിയതാണ്‌ അവർ. പിന്നെ മറ്റൊന്നും നോക്കിയില്ല. തകർത്ത്‌ അഭിനയിച്ചു. നാടകാവസാനം അവർ വന്ന്‌ അഭിനന്ദിച്ചു. ഏത്‌ അവാർഡിനേക്കാൾ ഓർമയിൽ ചേർത്തുവയ്‌ക്കുന്ന ഒന്ന്‌.’ കണ്ണൂർ പള്ളിക്കുന്ന്‌ സ്വദേശി സരസ്വതിയുടെ വാക്കുകൾ ആഹ്ലാദത്താൽ നിറയുന്നു.

ഇതൊരു 70 കാരിയുടെ വിജയകഥയാണ്‌. കണ്ണൂർ സരസ്വതിയെന്ന കലാകാരിയുടെ, അരങ്ങിലും ജീവിതത്തിലും പോരാടി നേടിയ വിജയകഥ. അയ്യായിരത്തിലേറെ നാടകങ്ങളിൽ അഭിനയിച്ച്‌ ജീവിതസായന്തനത്തിൽ എല്ലാം ഒരു കഥപോലെയെന്ന പോൽ ഓർമിച്ചെടുക്കുന്നു.

15 രൂപയിൽ തുടങ്ങിയ പ്രതിഫലം ഇന്ന്‌ 2,500 വരെയായി ലഭിച്ചുവെന്ന്‌ പറയുമ്പോൾ അവർ ഒന്ന്‌ മാത്രം കൂട്ടിച്ചേർക്കുന്നു. ‘നെയ്‌ത്തുതൊഴിലാളിയുടെ മകൾക്ക്‌ സ്വപ്‌നങ്ങളില്ലായിരുന്ന കാലമുണ്ടായിരുന്നു. അതിൽ നിന്നെല്ലാം ഇന്നീക്കാണുന്ന അവസ്ഥയിലേക്കെന്നെ കൊണ്ടുവന്നത്‌ നാടകം മാത്രമാണ്‌. വീട്ടിൽ ഞാൻ മൂത്ത മകളായിരുന്നു. ഇളയത്‌ മൂന്ന്‌ ആൺകുട്ടികൾ. സാമ്പത്തിക അവസ്ഥ വളരെ മോശം. ഒരിക്കൽ നെയ്‌ത്ത്‌ തൊഴിലാളികൾ ചേർന്ന്‌ നാടകം കളിക്കാൻ തീരുമാനിച്ചു. ഞാനാണെങ്കിലും പാട്ടിലും നാടകത്തിലും പണ്ടേ കമ്പമുള്ളയാൾ. അവർ അച്‌ഛനോട്‌ എന്നെ നാടകത്തിന്‌ വിടാമോയെന്ന്‌ ചോദിച്ചു. അങ്ങനെ ഞാൻ അരങ്ങിലെത്തി. സി എൽ ജോസിന്റെ നാടകമായിരുന്നു അത്‌.
പണ്ട്‌ സ്‌കൂൾ നാടകത്തിൽ  മലയാളം അധ്യാപകൻ ശിരോമണി  മാഷ്‌ എന്നെ ‘ഹിരോഷിമ’ എന്ന നാടകത്തിൽ കളിക്കാൻ വിളിച്ചിരുന്നു. നാടകത്തിൽ ഞാൻ മികച്ച നടിയായി. ആ ധൈര്യത്തിലാണ്‌ നാടകം കളിക്കാൻ തയ്യാറായത്‌. പക്ഷേ അക്കാലത്ത്‌ സമുദായത്തിൽനിന്ന്‌ നിരവധി എതിർപ്പുകൾ ഉണ്ടായി. ‘കുടുംബത്തിൽ പിറന്നവർ’ നാടകം കളിക്കോന്നായിരുന്നു ചോദ്യം. പക്ഷേ  വീട്ടിലുള്ളവർക്ക്‌ വയർ നിറയണമെങ്കിൽ നമ്മൾതന്നെ അധ്വാനിക്കണ്ടേ. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച്‌ നാടകം തുടർന്നു.

23–-ാം വയസ്സിൽ കവിയൂർ രാഘവനുമായുള്ള വിവാഹം. തുടർന്നും നാടകദിനങ്ങൾ. വീട്ടിൽ ഇരിക്കാൻ സമയമില്ലാത്തപോലെ ഓടി നടന്നു. ഒരു ദിവസം തന്നെ ഒന്നിലധികം അവതരണങ്ങൾ. മനസ്സ്‌ നിറഞ്ഞ്‌ അഭിനയിച്ച കാലം. സ്വന്തം ആരോഗ്യമൊന്നും അക്കാലത്ത്‌ ഓർമിക്കില്ല. കണ്ണൂർ സംഘചേതനയുടെ ‘ സഖാവ്‌’ നാടകവും മികച്ച ഓർമകളാണ്‌. സരസ്വതി പറയുന്നു.

കണ്ണൂർ സംഘചേതനയുടെ ‘ ചരിത്രം അവസാനിക്കുന്നില്ല’, കോഴിക്കോട്‌ സങ്കീർത്തനയുടെ ‘വൈദ്യഗ്രാമം’ തുടങ്ങിയ നാടകങ്ങളിലൂടെ സംഗീതനാടകഅക്കാദമിയുടെ പ്രൊഫഷണൽ നാടകത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ൽ ഗുരുപൂജ അവാർഡിനും അർഹയായി. 2018ൽ നാടകരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള സാവിത്രി ഫുലേ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്‌. കണ്ണൂർ ആകാശവാണിയിൽ എ ഗ്രേഡ്‌ ആർട്ടിസ്‌റ്റാണ്‌. നിരവധി ഷോർട്ട്‌ ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്‌.  ചായില്യം, അമീബ, ക്യാമ്പസ്‌ ഡയറി, ഹംസം തുടങ്ങി ആറ്‌ സിനിമയിൽ അഭിനയിച്ചു. വരുന്ന രണ്ട്‌ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്‌.

‘അയ്യായിരത്തിലേറെ നാടകങ്ങൾ. എത്ര വേദികൾ എന്ന്‌ പറയാനാകില്ല. ഇപ്പോൾ പ്രഷറും ഷുഗറും എല്ലാമായി. ഭർത്താവിനും വയ്യ. അവാർഡുകളുടെ പട്ടിക വലുതാണ്‌. പക്ഷേ ആകെ കിട്ടുന്നത്‌ 1,600 രൂപ അവശകലാകാര പെൻഷൻ. അതുകൊണ്ടാണ്‌ മരുന്നും ജീവിതവും  തള്ളി നീക്കുന്നത്‌. നാടകം കളിച്ചുകിട്ടിയ പണംകൊണ്ട്‌  വീട്‌ വച്ചു. രണ്ടുപെൺമക്കളെ വിവാഹം കഴിച്ചയച്ചു. നാടകക്കാരുടെ ജീവിതമെന്നാൽ ഇത്രയൊക്കെയേയുള്ളൂ. ആരോഗ്യമുള്ള കാലത്ത്‌ അഭിനയിക്കുക, വയ്യാതായാൽ പിന്നെ കഷ്‌ടപ്പാട്‌ മാത്രം... കോവിഡ്‌ കാലംവരെ നിരവധി അവസരം ലഭിച്ചിരുന്നു. പിന്നീട്‌ വേദികൾ കുറഞ്ഞു.

ഇപ്പോൾ വീണ്ടും നാടകം കളിക്കാൻ ക്ഷണം ലഭിക്കുന്നുണ്ട്‌. ആരോഗ്യം അനുവദിക്കുംപോലെ ഞാനെത്തും...’ ഇതൊരു കലാകാരിയുടെ ഉറപ്പാണ്‌. അരങ്ങ്‌ നൽകുന്ന ഉറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top