28 May Sunday

തട്ടത്തിന്‍ മറയത്തെ ഇന്നിങ്‌സ്‌

എം ജഷീനUpdated: Sunday Jun 20, 2021

അത്‌ലറ്റിക്സിനോട് വലിയ ഇഷ്ടമായിരുന്നു ജാസ്മിന്.  ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ ഇട്ട് ഓടാനൊന്നും പോകണ്ടായെന്ന് ബന്ധുക്കളുടെ തിട്ടൂരം വന്നപ്പോള്‍ പിന്നെ ഉള്ളിലെ ക്രിക്കറ്റ് കമ്പത്തെ പുറത്തെടുത്തു. അവിടെയും    എതിര്‍പ്പുകള്‍. പക്ഷെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ബാറ്റേന്തി എതിര്‍പ്പുകളെ വീശിയടിച്ചപ്പോള്‍ ജീവിതത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സിന്റെ  സര്‍ട്ടിഫിക്കറ്റ് നേടിയ  ആദ്യ മലയാളി വനിത  ക്രിക്കറ്റ് കോച്ചെന്ന പദവി.  

തിരുവനന്തപുരം  ജിവി രാജാ സ്പോട്സ് സ്‌കൂളില്‍ ക്രിക്കറ്റ് പരിശീലകയായ  പേരാമ്പ്ര കടിയങ്ങാട് സ്വദേശി എം ടി ജാസ്മിന്‍  കഴിഞ്ഞ വര്‍ഷമണ്  ഏഷ്യയിലെ ഏറ്റവും വലിയ സ്പോട്സ് സ്‌കൂളായ  പാട്യാല എന്‍ഐസില്‍ നിന്ന്  പരിശീലനം പൂര്‍ത്തിയാക്കിയത്.   അത്ലറ്റിക്സില്‍ തിളങ്ങിയ ജാസ്മിന്‍ അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍  ജില്ലയുടെ വ്യക്തിഗത ചാമ്പ്യനായി.  മത്സരങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നതിന്   എതിര്‍പ്പ് ഉയര്‍ന്നതോടെ     അത് നിര്‍ത്തേണ്ടി വന്നു.  പിന്നീട് വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി.   കണ്ണൂര്‍ സ്പോട്സ് ഡിവിഷന്‍ സ്‌കൂളിലെ പ്ലസ്ടു കാലത്താണ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.    

ഓള്‍ റൗണ്ടറായി  നിരവധി സംസ്ഥാന തല ജൂനിയര്‍--സീനിയര്‍  മത്സരങ്ങളിലുണ്ടായി. കലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ 2009ല്‍  ആദ്യമായി ടീം ഓള്‍ ഇന്ത്യ സൗത്ത് വെസ്റ്റ് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലും കളിച്ചു.  ഇതിനിടയില്‍   നേരിട്ടത് ഏറെ വെല്ലുവിളികള്‍.  കളിക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട് ഇല്ലാ കഥകളും പരദൂഷണങ്ങളും പറഞ്ഞ്   ചിലര്‍ തളര്‍ത്താന്‍ ശ്രമിച്ചു.   കളിക്കാന്‍ പോയാല്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും കത്തിച്ചു കളയുമെന്ന്  ഭീഷണിയും ശിക്ഷയും. സമുദായത്തിലെയും കുടുംബത്തിലേയും ചിലരുടെയും എതിര്‍പ്പിനിടെയും  ഉമ്മയും ഉപ്പയും കൂടെ നിന്നതാണ് ആശ്വാസം. ബിരുദ പഠന ശേഷം  ആദ്യ വിവാഹം.   ജോലിയും സ്വപ്നങ്ങളും  അനുവദിക്കില്ലെന്ന് കണ്ടപ്പോള്‍ വിവാഹ മോചിതയായി.   എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടെ 2019 ല്‍  എന്‍ഐഎസില്‍  പ്രവേശനം നേടി..  'പ്രതിസന്ധികള്‍ ഒരുപാടുണ്ടാവും. ലക്ഷ്യത്തില്‍   കേന്ദ്രീകരിച്ച് പരിശ്രമിച്ചാല്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനാവുമെന്ന്  ജീവിതം  പഠിപ്പിച്ചു.  സ്പോട്സ് കൗണ്‍സിലിന് കീഴില്‍ പരിശീലക ആവുകയാണ് സ്വപ്നം.   കൗണ്‍സിലിന്   രണ്ട് പരിശീലകര്‍ മാത്രമാണുള്ളത്. അത് പരിഹരിക്കപ്പെടണം' ജാസ്മിന്‍ പറയുന്നു.  ഭര്‍ത്താവ് തന്‍വീറും മകന്‍ മുഹമ്മദ് റയാനും  പിന്തുണയുമായി കൂടെയുണ്ട്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top