18 December Thursday

സ്വപ്നങ്ങളിൽ നിന്ന് വിരമിക്കൽ ഇല്ല ; ജലജയുടെ സാഹസികയാത്രകൾ

അജ്‌നാസ്‌ അഹമ്മദ്‌ ajnasahammed.dbi@gmail.comUpdated: Sunday Jul 30, 2023


ആഗ്രഹങ്ങളെ ഉപേക്ഷിക്കാൻ തയ്യാറല്ലെങ്കിൽ സാഹസികതയ്‌ക്ക് പ്രായവും പശ്ചാത്തലവുമൊന്നും തടസ്സമല്ല. 62–-ാം വയസ്സിൽ 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി വയനാട്‌ കോളേരി സ്വദേശി എം ജലജ പറയുന്നതാണ്‌ ഇത്‌. റിട്ടയർമെന്റിനു ശേഷം വിശ്രമജീവിതമെന്ന പതിവുപല്ലവിയെ പടിക്കുപുറത്താക്കിയാണ് ജലജയുടെ  സാഹസികയാത്രകൾ. കോയമ്പത്തൂർ വെള്ളിയാങ്കിരി ലക്ഷ്യമാക്കി 2020ൽ ആരംഭിച്ച യാത്ര ഇരുപതിലധികം ട്രക്കിങ്ങുകൾ പൂർത്തിയാക്കി എവറസ്റ്റ് ബേസ് ക്യാമ്പിലേക്കും എത്തി. കുഞ്ഞുനാളിൽ യാത്രകളെപ്പറ്റിയുള്ള വായനയും വയനാട്ടിലെ കാടുംമലയും ട്രക്കിങ്ങിനോടുള്ള അഭിനിവേശം വളർത്തിയെങ്കിലും വീട്ടിലെ സ്ഥിതിയും ജോലിയിൽ പ്രവേശിച്ചപ്പോഴുണ്ടായ തിരക്കുകളും ആഗ്രഹങ്ങളെ മുളയിലേ നുള്ളി. സുൽത്താൻ ബത്തേരി അർബൻ കോ–-ഓപ്പറേറ്റീവ്‌ ബാങ്കിൽനിന്നും മാനേജരായി വിരമിച്ചശേഷമാണ്‌ ട്രക്കിങ് മോഹങ്ങളെ വീണ്ടും പൊടിതട്ടിയെടുക്കുന്നത്‌. സ്വപ്‌നങ്ങൾ ഓരോന്നിനെയും കൈപ്പിടിയിലാക്കി ജലജ യാത്ര തുടരുന്നു.

ഗ്ലോബ് ട്രക്കേഴ്സ് വഴികാട്ടി
കോയമ്പത്തൂർ വെള്ളിയാങ്കിരി മലനിരകളിലേക്ക്‌ ജ്യേഷ്‌ഠനായ രഘുനന്ദനൊപ്പം 2020ൽ ആയിരുന്നു ജലജയുടെ ആദ്യ ട്രക്കിങ്. പിന്നീട് വയനാട് അമ്പലവയലിലെ ചീങ്ങേരി മലനിരകളിലേക്ക്. സാരിയും ഉടുത്ത്ചീങ്ങേരി കയറിയിറങ്ങിയതാണ് വലിയ പ്രചോദനമായത്. ഇതിനിടെ, ഗ്ലോബ് ട്രക്കേഴ്സ് എന്ന ട്രക്കിങ് പ്രേമികളുടെ കൂട്ടായ്മയിൽ ചേർന്നു. എട്ട് വയസ്സുമുതലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള ഗ്ലോബ് ട്രക്കേഴ്സിലെ ഏറ്റവും മുതിർന്ന അംഗമാണ്‌ ഇപ്പോൾ ജലജ. മാസത്തിൽ ഒരു തവണയെങ്കിലും യാത്രയുണ്ട്‌.

വഴിതുറന്ന്‌ മീശപ്പുലിമല
തുടർച്ചയായ ട്രക്കിങ്ങുകൾക്കിടെ മീശപ്പുലിമലയിൽ നിന്നുമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ചിറക് മുളച്ചത്. മീശപ്പുലിമലയിൽനിന്നു പരിചയപ്പെട്ട  ‘ക്യാമ്പർ' എന്ന എറണാകുളത്തുള്ള യാത്രാപ്രേമികളുടെ കൂട്ടായ്മയോടൊപ്പം ജലജയും ചേർന്നു. 14 പേരുമായി തുടങ്ങിയ യാത്രയിൽ 10 പേർ പാതിവഴിയിൽ നിർത്തിയപ്പോഴും ബാക്കി നാലുപേരെയുംകൂട്ടി ജലജ ബേസ് ക്യാമ്പിൽ എത്തി. 13 ദിവസംകൊണ്ടാണ്‌ ബേസ് ക്യാമ്പ്‌ കയറിയിറങ്ങിയത്‌. മുകളിലേക്കു കയറാൻ എട്ട്‌ ദിവസമെടുത്തപ്പോൾ തിരിച്ചിറങ്ങാൻ നാലു ദിവസം.

കുടുംബത്തിന്റെ പിന്തുണ
രണ്ട്‌ പെൺമക്കളാണ്‌ ജലജയ്‌ക്ക്‌. ക്യാനഡയിൽ പിജി ചെയ്യുകയാണ്‌ മൂത്തമകൾ ശ്രുതി, രണ്ടാമത്തെയാൾ മഞ്ജിമ ബിഎസ്‌സി അഗ്രികൾച്ചർ പൂർത്തിയാക്കി. "സാഹസികയാത്രകൾക്ക് ധൈര്യവും ആഗ്രഹവുമുണ്ടെങ്കിൽ തീച്ചയായും അമ്മ പോയിവരണം' എന്നാണ്‌ മക്കൾ പറയുന്നത്‌. കോളേരി ഹൈസ്‌കൂളിൽനിന്ന്‌ അധ്യാപകനായി വിരമിച്ച ഭർത്താവ്‌ കെ ടി ശശിയും പിന്തുണയുമായുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top