26 April Friday

പ്രണയ വഴിയിലെ ഇരുതാരകങ്ങള്‍

ജിഷ അഭിനയ abhinayatsr@gmail.comUpdated: Sunday Feb 19, 2023

ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ആ സുന്ദരസ്വപ്‌നം അന്ന്‌ ആദ്യം അവളോട്‌ പറഞ്ഞു. ഒന്നല്ല, ഒരായിരം വട്ടം  മനസ്സിലിട്ട്‌ ആവർത്തിച്ച്‌... പിന്നെയും പിന്നെയും മന്ത്രിച്ചു. പെണ്ണേ നിന്നെ ഞാൻ അത്രയ്‌ക്കും സ്‌നേഹിക്കുന്നു... പെണ്ണേ നീയില്ലാതെ ഞാൻ അപൂർണമാകുന്നു... കൂടെ കൂട്ടൂ ... നിന്റെയാ സ്വപ്‌നങ്ങളിൽ എന്നെയും ചേർക്കൂ... അങ്ങനെയാ കഥയിലെ ... അല്ല... ജീവിതത്തിലെ രാജകുമാരനും രാജകുമാരിയും ഒന്നിച്ചു.ട്രാൻസ്‌ വ്യക്തികളായ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും കോട്ടക്കൽ സ്വദേശിനി റിഷാന ഐഷുവുമാണ്‌ പ്രണയദിനത്തിൽ ഒന്നിച്ചത്‌. പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

എന്തുകൊണ്ടും വേറിട്ട ഒരു ദിവസം ഒന്നിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. അങ്ങനെയാണ്‌ വാലന്റൈൻസ്‌ ഡേ വിവാഹത്തിനായി തെരഞ്ഞെടുത്തത്‌.കഴിഞ്ഞവർഷം  തൃശൂർ സഹയാത്രികയുടെ ‘ഇടം’ ഫെസ്റ്റിവലിലാണ്‌ ഇരുവരും  പരിചയപ്പെട്ടത്. റിഷാനയെ കണ്ടയുടൻ തന്നെ ഒരിഷ്ടം തോന്നിയതായി പ്രവീൺ  പറയുന്നു. അന്ന് തന്നെ  ഇഷ്ടം തുറന്നു പറഞ്ഞു. എന്നാൽ അമ്മയോട് ആലോചിക്കണമെന്നാണ്‌ റിഷാന നൽകിയ മറുപടി. റിഷാനയുടെ അമ്മയോട്‌  പ്രവീൺ തന്റെ ആവശ്യം ഉന്നയിച്ചു. മകളുടെ അഭിപ്രായം തേടൂ എന്ന്‌ ആ അമ്മയും പറഞ്ഞു. ഒരു മാസം റിഷാന മറുപടി പറഞ്ഞില്ല. പക്ഷേ ഇക്കാലത്തെല്ലാം ഇരുവരും ജോലി സംബന്ധമായി ഒരുമിച്ച്‌ യാത്ര ചെയ്‌തു. അന്നും ആ ഒരിഷ്‌ടത്തെക്കുറിച്ച്‌ മാത്രം  പരസ്‌പരം സംസാരിച്ചില്ല. ബംഗളൂരുവിലെ പ്രൈഡ് ഫെസ്റ്റിവൽ, ചെന്നൈ എന്നിവിടങ്ങളിലേക്കെല്ലാം ഒരുമിച്ചുള്ള  യാത്ര.  ഒരുമാസം പിന്നിട്ടു. റിഷാനയുടെ മറുപടി വന്നു. നമുക്ക്‌ ഒരുമിച്ച്‌ ജീവിക്കാം....വിവാഹം കഴിക്കാം... ഫെബ്രുവരി 14, ആ ചൊവ്വാഴ്ച,  പ്രവീൺ റിഷാനയെ താലി കെട്ടി.വിവാഹത്തിന് ഇരു വീട്ടുകാരും എത്തിച്ചേർന്നു എന്നത് തന്നെ ഏറെ സന്തോഷം. ഇരുവരുടെയും വാക്കുകളിൽ നിറയുന്ന ആഹ്ലാദം.

ഒരു വ്യക്തി എന്നും തന്റെ ജീവിതത്തിൽ കൂടെ വേണം എന്ന് കരുതിയ ദിനങ്ങൾ ഏറെയെന്ന്‌ പ്രവീൺ പറയുന്നു. ആ ചിന്തകൾ... സ്വപ്നങ്ങൾ... അതാണ് പ്രണയത്തിന്റെ തുടക്കം. പലപ്പോഴും പല കാര്യങ്ങളും തുറന്നു പറയാൻ  ഒരാൾ കൂടെ വേണമെന്ന്‌ തോന്നാറില്ലേ. സങ്കടങ്ങളിൽ.. സന്തോഷങ്ങളിൽ .... എല്ലാം ഒരു കൈ ചേർത്തുപിടിക്കണമെന്ന്‌ തോന്നാറില്ലേ... അതൊക്കെയാണ്‌ ഞങ്ങളുടെ പ്രണയം.

ഒരുമിച്ച്‌ ജീവിക്കാമെന്ന തീരുമാനം എടുക്കാൻ തുടക്കത്തിൽ സമയമെടുത്തു. എന്നാൽ ഞങ്ങൾ ഒരേ വഴികളിൽ ചിന്തിക്കുന്നുവെന്ന തോന്നലിലാണ്‌ ഒന്നിച്ചത്‌. ഞങ്ങൾ ട്രാൻസ്‌ വ്യക്തികൾ എന്നല്ല, രണ്ട്‌ മനുഷ്യർ... അഥവാ വ്യക്തികൾ എന്ന നിലയിൽ ചിന്തിക്കാൻ... ജീവിക്കാൻ ഇഷ്ടപ്പെടുന്നു. പലപ്പോഴും പലരും വാക്കുകൾ കൊണ്ട്‌ നോവിക്കുന്നുണ്ട്. അതിനു പല കാരണങ്ങൾ ഉണ്ട്‌. ട്രാൻസ് വ്യക്തികളെക്കുറിച്ച് സമൂഹത്തിന് ആവശ്യമായ ബോധമില്ല എന്നതു തന്നെയാണ്‌ പ്രധാന കാരണം.  സാമ്പത്തികമായും ഇപ്പോൾ ഒട്ടും സുരക്ഷിതമായ  അവസ്ഥയിൽ അല്ല.  ഈ തിരക്കുകൾ എല്ലാം കഴിയട്ടെ, ഇനിയും നിറയെ യാത്രകൾ പോണം. അതാണ് ഇരുവരുടെയും ആഗ്രഹം .
 പ്രവീൺ ബോഡിബിൽഡിങ്ങിൽ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സഹയാത്രിക’യുടെ അഡ്വക്കേസി കോ–-ഓർഡിനേറ്ററാണ്. മിസ്റ്റർ തൃശൂർ, മിസ്റ്റർ കേരള, എന്നിവയായി പ്രവീണിനെ  തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

റിഷാന തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മോഡലുമാണ്‌. മുംബൈയിൽ നടന്ന നാഷണൽ മത്സരത്തിലും പങ്കെടുത്തു. മിസ് മലബാർ, മിസ് കലിക്കറ്റ് മത്സരങ്ങൾ എന്നിവയിലും  പങ്കെടുത്തിട്ടുണ്ട്. ഒരുമിച്ച് ബോഡി ബിൽഡിങ് മത്‌സരങ്ങളിൽ പങ്കെടുക്കണമെന്നതാണ്‌ ഇവരുടെ ആഗ്രഹം.  

പ്രണയം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പ്രണയം എന്ന വാക്കിനു പോലുമുണ്ട് സൗന്ദര്യം. കെട്ടിവയ്‌ക്കാതെ പുഴ പോലൊഴുകി അതൊഴുക്കി വിടുക. അപ്പോൾ അത് എത്രമാത്രം സൗന്ദര്യമുള്ളതാകുന്നു എന്ന തിരിച്ചറിവ്‌ കിട്ടും. രണ്ടുപേർക്കും  ഇടയിൽ പരസ്പരം ഒരു സ്പേസ് ഉണ്ടായിരിക്കുക എന്നതും ഏറെ പ്രധാനം. പ്രവീൺ പറയുന്നു.സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിങ്‌ നെന്മാറ, ഇതിഹാസ് ഫൗണ്ടേഷൻ, ടോപ് ഇൻ ടൗൺ പാലക്കാട് എന്നിവരായിരുന്നു വിവാഹ  സംഘാടനം. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിപേർ വിവാഹത്തിൽ പങ്കെടുത്തു. ഇരു വഴികളിൽ സഞ്ചരിച്ചവർ ഒരേ ദിശയിലേക്ക് കൈകോർക്കുമ്പോൾ പ്രവീണും റിഷാനയും പുഞ്ചിരിക്കുന്നു...പിന്നെ പറഞ്ഞു - ഇതാ... ഇതാണ് ഞങ്ങൾ... പ്രണയ വഴിയിലെ ഞങ്ങൾ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top