20 April Saturday

ഇരയല്ല അതിജീവിച്ചവൾ

പി ഒ ഷീജUpdated: Sunday Mar 8, 2020


‘‘ഞാൻ രഹ്നാസ്‌. ഇത്‌ എന്റെ കഥയാണ്‌. എന്റെ യഥാർഥ പേരിൽത്തന്നെ അറിയപ്പെടാനാണ്‌ എനിക്കിഷ്ടം. സ്ഥലനാമത്തിന്റെയോ മറ്റേതെങ്കിലും പേരിലോ അറിയപ്പെടാൻ താൽപ്പര്യമില്ല.  മുഖം മറയ്‌ക്കാതെ ആത്മാഭിമാനത്തോടെ തലയുയർത്തിത്തന്നെ ഞാൻ ജീവിക്കും’’ –-പ്രശസ്‌ത എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമായ ലീന മണിമേഖലയുടെ ഡോക്യുമെന്ററി തുടങ്ങുന്നത്‌ ഇങ്ങനെ. ‘മൈ സ്റ്റോറി ഈസ്‌ യുവർ സ്റ്റോറി’ (എന്റെ കഥ, നിന്റെയും) എന്ന ഈ ഡോക്യുമെന്ററി പറയുന്നത്‌ പി പി രഹ്‌നാസിന്റെ  അതിജീവന കഥയാണ്‌. പറക്കമുറ്റാത്ത പ്രായത്തിൽ  സ്വന്തം ഉപ്പ തന്നെ കീറിയെറിഞ്ഞ ജീവിതം മനക്കരുത്തും ആത്മവിശ്വാസവുംകൊണ്ട്‌  തുന്നിച്ചേർത്ത്‌ ചരിത്രം രചിച്ച പെൺകുട്ടിയുടെ കഥ.  ‘‘ഞാൻ ഇരയല്ല.

അതിജീവിതയാണെന്ന’’ രഹ്‌നാസിന്റെ ഉറച്ചശബ്ദം പീഡിപ്പിക്കപ്പെടുന്ന  ആയിരക്കണക്കിന്‌ പെൺകുട്ടികൾക്ക്‌ പകരുന്നത്‌ ആത്മവിശ്വാസമാണ്‌. തുടക്കംമുതൽ രഹ്നാസിന്റെ കൈപിടിച്ച്‌ ഒപ്പംനിന്ന സംസ്ഥാന സർക്കാർ ഈ പോരാട്ട വീര്യത്തിനും ഇടർച്ചയില്ലാത്ത ഇച്ഛാശക്തിക്കും വനിതാരത്നം അവാർഡ്‌ നൽകി  ഇപ്പോൾ ഒന്നുകൂടി ചേർത്തുപിടിച്ചു. നിയമബിരുദധാരിയായ ഈ യുവതി തിരുവനന്തപുരം മാജിക്‌ പ്ലാനറ്റിൽ ഡിഫറന്റ്‌ ആർട്ട്‌ സെന്ററിലെ  ലീഗൽ അഡ്വൈസറാണ്‌.

കണ്ണൂർ സ്വദേശിയായ രഹ്‌നാസിനെ  12–-ാം വയസ്സിലാണ്‌ പിതാവ്‌ പീഡിപ്പിക്കാൻ തുടങ്ങിയത്‌. ഒമ്പതാം ക്ലാസിലെത്തിയപ്പോൾ പഠനം നിർത്തിച്ചു.  റിസോർട്ടുകളിലെത്തിച്ച്‌ മറ്റുള്ളവർക്ക്‌ കാഴ്‌ച വച്ചു. എതിർത്തപ്പോൾ ഉമ്മയെയയും രഹ്‌നയെയും മർദിച്ചു. വിവരം പുറത്തായതോടെ വനിതാ കമീഷനും ജനാധിപത്യ മഹിളാ അസോസിയേഷനും ഇടപെട്ടു. പ്രതികളെ മുഴുവൻ പിടികൂടി.  ഉപ്പയെ അറസ്റ്റുചെയ്‌ത്‌ ജയിലിലടച്ചു. വനിതാ കമീഷൻ അംഗമായ ടി ദേവിയും  മഹിളാ അസോസിയേഷൻ സെക്രട്ടറിയായിരുന്ന കെ കെ ശൈലജയുമാണ്‌  കൈത്താങ്ങായത്‌. തിരുവനന്തപുരം മഹിളാ സമഖ്യയിൽ എത്തിച്ചു. ഉമ്മയും 14ഉം 10ഉം അഞ്ചും വയസ്സുകാരായ സഹോദരങ്ങളും അവൾക്കൊപ്പം ഉണ്ടായിരുന്നു. ഉമ്മയെയും ഇളയ സഹോദരനെയും വനിതാ ശിശുവികസനമന്ത്രാലയത്തിന്റെ ഷോർട്ട്‌ സ്റ്റേ ഹോമിലാക്കി.  രഹ്‌നാസിന്റെ  പഠനം പുനരാരംഭിച്ചു. പ്ലസ്‌ടുവിന്‌ ഉയർന്ന മാർക്കോടെ വിജയിച്ച രഹ്‌നയുടെ ആഗ്രഹം നിയമപഠനമായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ  ഇടപെടലിൽ എറണാകുളം ശ്രീനാരായണഗുരു കോളേജിൽ പ്രവേശനം ലഭിച്ചു. വിദ്യാഭ്യാസച്ചെലവും സർക്കാർ ഏറ്റെടുത്തു. കലക്ടർ ആകണമെന്നാണ്‌ മോഹം. സാമ്പത്തിക ബാധ്യതകളുണ്ട്‌. അതിനാൽ ഇപ്പോൾ ജോലിക്ക്‌ പോകുന്നു. രഹ്‌നയുടെ ഉപ്പ കഴിഞ്ഞമാസം ജയിലിൽ ആത്മഹത്യ ചെയ്‌തു. 

ഇരയായി  ജീവിക്കാൻ തനിക്ക്‌ താൽപ്പര്യമില്ലെന്ന്‌ രഹ്‌നാസ്‌ പറയുന്നു. ഒരു തെറ്റും ചെയ്യാത്ത താൻ  സമൂഹത്തിനു മുമ്പിൽ മുഖം മറയ്‌ക്കേണ്ട ആവശ്യമില്ല. പീഡിപ്പിക്കപ്പെടുന്ന എല്ലാ പെൺകുട്ടികൾക്കും ഈ തിരിച്ചറിവുണ്ടാകണം. അക്രമികളാണ്‌ മുഖംമറയ്‌ക്കേണ്ടത്‌–- ഉറച്ച ശബ്ദത്തോടെ രഹ്‌നാസ്‌ പറയുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top