29 March Friday

'നമ്മുടെ പെണ്‍കുട്ടികളെ' വെറുതേവിടുക, സദാചാരശങ്കകളുടെ ജ്ഞാനസ്‌നാനത്തില്‍ അവരുടെ ചിറക് നനയ്ക്കാതിരിക്കുക

അനുപമ മോഹന്‍Updated: Saturday Dec 31, 2016
"ഒളിബന്ധങ്ങള്‍ ഹൃദയം പിച്ചിചീന്തുമ്പോള്‍' എന്ന മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനുള്ള മറുപടിയായി അനുപമ മോഹന്‍ എഴുതുന്നു.
 
ലേഖനം എഴുതിയ യാസിര്‍ ഫയാസും സദാചാരനിര്‍ഭരമായആശങ്കകള്‍ പങ്കുവച്ച കണ്ണൂരിലെയും കോഴിക്കോട്ടെയും തൃശൂരിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും മനശ്ശാസ്ത്രജ്ഞരും ഫാമിലി കൗണ്‍സലര്‍മാരും മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും, ഇതുവായിക്കുന്ന ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ചില മറുവാദങ്ങള്‍ കൂടി പറയണമെന്ന്ുണ്ട്. ലേഖനത്തില്‍ പുതുമലയാളിയുടെ വൈവാഹിക ജീവിതത്തെയും ദാമ്പത്യത്തിലെ നൈതികതേയും 'നമ്മുടെ പെണ്‍കുട്ടികളെ'യും കുറിച്ച് പെടുന്ന ആശങ്ക കണ്ട് സഹിക്കവയ്യാതെയാണ് ഈ കുറിപ്പെഴുതുന്നത്.
 
ഈ ലേഖനത്തിലുടനീളം മുഴച്ചുനില്‍ക്കുന്ന സ്ത്രീവിരുദ്ധത, കപട സദാചാരം എന്നിവ ഒറ്റവായനയില്‍തന്നെ വ്യക്തമാകും. സതി നിരോധിച്ചതുകൊണ്ടാണ് വിധവാ പുനര്‍വിവാഹം വര്‍ദ്ധിച്ചത് എന്നപോലെ ഒരു വാദമാണ് ലേഖനം ഉയര്‍ത്തുന്നത്. സ്ത്രീകള്‍ ജോലി ചെയ്യുന്നത്, സമൂഹത്തില്‍ ഇടപഴകുന്നത്, സ്ത്രീകള്‍ക്ക് സൗഹൃദങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് ഒക്കെക്കൊണ്ടാണ് വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകുന്നത് എന്ന സാമാന്യവത്കരണം. പൊരേല് പുള്ളകളേം നോക്കി ബിരിയാനീം വച്ചിരിക്കണംന്നോ, ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നോ പറയുന്നതിന്റെ യൂഫെമിസമാണിത്.
 
'വിവാഹേതരബന്ധത്തിന്റെ ചൂടുതേടിപ്പോകാന്‍ പുരുഷനെപ്പോലെ തന്നെ ഇന്ന് സ്ത്രീകളും തയ്യാറാവുന്നു.അവരില്‍ കൗമാരക്കാരികള്‍ തൊട്ട് മധ്യവയസ്‌കരായ വീട്ടമ്മമാര്‍ വരെയുണ്ട്.' എന്നതാണ് ലേഖനത്തിന്റെ ആദ്യത്തെ ആശങ്ക. ഇവരുദ്ദേശിക്കുന്ന ഹെട്രൊസെക്ഷ്വല്‍ എക്‌സ്‌ട്രാമാരിറ്റല്‍ അഫയറിന് ഒരു പുരുഷന് ഒരു സ്ത്രീ വേണ്ടേ ? അത് പണ്ടായാലും ഇപ്പോഴായാലും അങ്ങനെയല്ലേ ? അതോ പുണ്യപുരാതാന ഭാരതഭൂവില്‍ പതിവ്രതകളായ സ്ത്രീകളും ഒറ്റയ്ക്ക് വിവാഹേതരം നടത്തുന്ന പുരുഷന്മാരുമായിരുന്നോ ഉണ്ടായിരുന്നത് ?
 
'പഴയ ജന്മിത്വ കാലത്തും ഇവിടെ വിവാഹേതരബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേത് പോലെ പക്ഷേ അവ പുറത്ത് വന്നിരുന്നില്ല. സമൂഹം അതിനെ സ്വീകാര്യമായ ഒന്നായി അംഗീകരിച്ചിരുന്നുമില്ല.' എന്നാണ് പ്രമുഖ സോഷ്യോളജിസ്റ്റിനെ ഉദ്ദരിച്ച് ലേഖനം പറയുന്നത്. ഉവ്വ്!! പണ്ട് ഇതൊന്നും അംഗീകരിച്ചിരുന്നില്ല. മുറ്റത്ത് ചൂട്ട് കുത്തികെടുത്തിയ പാടും, വെറ്റിലച്ചെല്ലവും തഴപ്പായുമായി ഇന്നിംഗ്‌സ് കളിച്ചിരുന്ന കാലവുമൊക്കെയാണ് ഇന്നും പല ജാതിവാലുകളായി തൂങ്ങുന്നത്. പക്ഷേ പണ്ട് നമ്മള്‍ സദാചാരസുരഭിലരായിരുന്നു. അങ്ങനെയല്ലേ പറയാവൂ !
 
'വിവാഹമോചനം തേടി കുടുംബകോടതികളിലെത്തുന്ന കേസുകളില്‍ വലിയൊരു ശതമാനത്തിന് വിവാഹേതര ബന്ധങ്ങളാണ് കാരണം. പക്ഷേ പലപ്പോഴും അവ കാരണമായി കാണിക്കാറില്ല എന്നുമാത്രം.' എന്നു പ്രമുഖ അഭിഭാഷക പറയുന്നു. അതായത്, കണക്കൊന്നുമില്ല, ചുമ്മാ അങ്ങ് പറയുകയാണെന്ന്. ഇനി ആരെങ്കിലും കണക്കുചോദിച്ചാലും പറയാമല്ലോ, രേഖയില്‍ മറ്റു കാരണങ്ങളാണ് പറയുന്നതെന്ന്. ആധികാരികത ആവശ്യമില്ലാതെ ആര്‍ക്കും കുതിരകയറാവുന്ന ഇടമാണല്ലോ സ്ത്രീ. അപ്പോള്‍ കണക്കുചോദിക്കണമെന്നില്ലല്ലോ. ഓ സോറി, കണക്കൊക്കെ ഒരു വരേണ്യസങ്കല്‍പ്പമാണല്ലോ അല്ലേ..
 
ഇനിയാണ് കഥയിലെ വില്ലന്‍ കടന്നുവരുന്നത. ഇന്റര്‍നെറ്റ്.
 
'ദാമ്പത്യത്തില്‍ വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റുമടക്കമുള്ള ആശയവിനിമയ ഉപാധികളാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക വിവാഹേതര ബന്ധത്തിലായിരിക്കും. പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വികാരങ്ങള്‍ കൈമാറാനും പങ്കുവെക്കാനും മൊബൈലും ഇന്റര്‍നെറ്റുമാക്കെ കൂടുതല്‍ സാധ്യതകളൊരുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്ല എന്ന് ഡോ. ജെയിന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.'
 
രണ്ടു കഥകള്‍ ഉദാഹരിക്കാം. 1980കളിലും 90കളുടെ ആദ്യവുമൊക്കെയായി വീട്ടിന് സമീപം താമസിച്ചിരുന്ന ഒരു കുടുംബമുണ്ടായിരുന്നു. എന്നും തല്ലുകൊണ്ട് ഒടിയുന്നതുകാരണം വിരലുമടക്കാനാവാത്ത, പല്ലുപൊഴിഞ്ഞ പേക്കോലമായ ഒരു ഭാര്യ. കുടിച്ചിട്ടുവന്ന് ഭാര്യയെ ചതയ്ക്കുമ്പോഴും ഒറ്റ ചുളുക്കുപോലും വീഴാത്ത തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചിരുന്ന ഭര്‍ത്താവ്. അവരുടെ വീട്ടില്‍ ഫോണ്‍ പോയിട്ട് പോസ്റ്റുമാന്‍ പോലും ചെന്ന് കണ്ട ഓര്‍മ്മ എനിക്കില്ല. ആ സ്ത്രീ പകല്‍വെളിച്ചത്തില്‍പ്പോലും വീടിന് പുറത്തിറങ്ങാറുമില്ല. പക്ഷേ ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് സംശയരോഗം കൊണ്ടാണ്. അവര് നായയും നരിയും കാണാതെ, സൂര്യനും ചന്ദ്രനും കാണാതെ കഴിഞ്ഞിരുന്ന സ്ത്രീയായിട്ടുപോലും. രണ്ടാമതായി പറയാനുള്ളത് ഷഹരിയാര്‍ രാജാവ് ഭൂതത്തെ കണ്ട കഥയാണ്. ഏഴുതാഴിട്ടു പൂട്ടിയ പെട്ടിയില്‍ ഭാര്യയെ കൊണ്ടുനടക്കുന്ന ഭൂതത്തെയാണ് ഷഹരിയാര്‍ കണ്ടത്. ഭൂതം ഉറങ്ങിയപ്പോള്‍ ഭാര്യ ഷഹരിയാര്‍ രാജാവുമായി രതിയിലേര്‍പ്പെട്ടു എന്നും അതോടെ പെണ്ണിനെ അവിശ്വസിച്ച രാജാവ് ആയിരത്തൊന്നുരാവുകളും കഥപറയുന്ന ഷെഹറാസാദിനെ കാണുംവരെ ദിനവും ഓരോ കന്യകയെയായി കൊന്നു എന്നുമാണ് കഥ.
 
പറഞ്ഞുവരുന്നത്, അവസരങ്ങളല്ല മനുഷ്യരുടെ ഫിഡെലിറ്റി (പാതിവൃത്യം, ആണിന് എന്താണ് പേരെന്ന് അറിയില്ല) നിര്‍ണ്ണയിക്കുന്നത് എന്നാണ്. രാത്രി 2 മണിക്ക് ചാറ്റ് ചെയ്യുമ്പോള്‍, ഒന്നും പറയാനില്ല എന്നാല്‍ പ്രണയിക്കാം എന്നു തോന്നുന്നതാണ് ബന്ധങ്ങള്‍ എന്നു വിശ്വസിക്കുന്നതിന്റെ പ്രശ്‌നമാണിത്. സ്ത്രീയുമായി പ്രണയമോ ഭോഗമോ അല്ലാതെ മൂന്നാമതൊരു ബന്ധം പുരുഷന് സാധിക്കില്ല എന്നു വിശ്വസിക്കുന്നതിന്റെ പ്രശ്‌നം.

വെറും സൗഹൃദം എന്ന പ്രയോഗമാണ് ഏറ്റവും ഭീകരം. വെറും. സൗഹൃദം എത്ര പെരിഫെറല്‍ ആയാലും അതെങ്ങനെ വെറും ആകും ? ജീവിതത്തില്‍ ഒരു സുഹൃത്തെങ്കിലും ഉള്ള മനുഷ്യര്‍ക്ക് അറിയാം, പലപ്പോഴും മരണം കൊത്താതെ അകലുന്നത് ഈ 'വെറും' സൗഹൃദം കാരണമായിരിക്കുമെന്ന്. നാളെ കാണാം എന്നു പറയാന്‍ ഒരാളുണ്ടായിരിക്കുന്നിടത്താണ് പല ആത്മഹത്യകളും ഉപേക്ഷിക്കപ്പെടുന്നതെന്ന്. വെറും !!!
 
മനുഷ്യര്‍ തമ്മില്‍ പല ബന്ധങ്ങളും സാധ്യമാണ്. അതിലേറ്റവും മഹത്തരം ഒരുപക്ഷേ സൗഹൃദമായേക്കാം. പല കൊട്ടിഘോഷിക്കപ്പെട്ട വിവാഹേതര കഥകളിലും എന്നെ കേള്‍ക്കൂ എന്ന നിസഹായമായ നിലവിളിയാണെന്ന കാര്യം മറക്കൂ. സ്ത്രീ എന്ന ജീവിയോട് പുരുഷനെന്ന ജീവിക്ക് താലിയ്ക്കും ചോരയ്ക്കും പുറത്തുള്ളതെല്ലാം അവിഹിതമാണെന്ന തോന്നല്‍ ചികിത്സിക്കപ്പെടേണ്ടതാണെന്ന കാര്യവും മറക്കൂ. പക്ഷേ, പ്രായപ്പൂര്‍ത്തിയായ വ്യക്തികള്‍ തമ്മില്‍ എന്ത് എങ്ങനെ എന്നൊക്കെയുെള്ള സദാചാര വിസ്താരം നടത്താന്‍ ഇവരൊക്കെ ആരാണ് ?
 
'ഒരു പരിചയവുമില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതികള്‍ ഇറങ്ങിപ്പോകുന്ന കേസുകള്‍ ഇന്ന് ധാരാളം കേള്‍ക്കുന്നുണ്ട്. സാങ്കേതിക പുരോഗതിയുടെ ഒരു നെഗറ്റീവ് ഇംപാക്ടാണിത്.' എന്നൊരു പ്രമുഖ ഫാമിലി കൌണ്‍സിലര്‍ പറയുന്നു. അവിടെയും ആശങ്ക സ്ത്രീയെപ്പറ്റിയാണ്. ഒരു പരിചയവുമില്ലാത്ത സ്ത്രീയെ കാത്ത് നില്‍ക്കുന്നവനെപ്പറ്റിയോ ഏത് കച്ചിത്തുരുമ്പിലും പിടിക്കുമാറ് ആ സ്ത്രീയെ ദുര്‍ബ്ബലയാക്കിയ സാഹചര്യത്തെപ്പറ്റിയോ ആശങ്കയില്ല.
 
തുടര്‍ന്നും ലേഖനം വ്യക്തമാക്കുന്നു, തങ്ങള്‍ക്ക് ആശങ്കയുള്ള പോസിബിളി തല്‍പരകക്ഷികളായ എന്നു വായിക്കുക സ്ത്രീകളുടെ പ്രൊഫൈല്‍. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവര്‍, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍, പുരുഷ സുഹൃത്തുക്കള്‍ ഉള്ളവര്‍, ഐറ്റി കംപനികളില്‍ ജോലി ചെയ്യുന്നവര്‍, പുറത്തുപോയി ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹം പറയുന്നവര്‍.. അങ്ങനെ പോകുന്നു ആ നീണ്ട ലിസ്റ്റ്.. പഴയ ഗള്‍ഫ്കാരന്റെ ഭാര്യ നേഴ്‌സ് കഥ തന്നെ, പുതിയ ഭരണിയിലാക്കിയത്. ഒരു ലേഖനം എത്രമാത്രം ഓക്കാനം ഉണ്ടാക്കാമോ അത്രമാത്രം ഈ ലേഖനം അതിന് സാധിപ്പിച്ചിട്ടുണ്ട്.
 
വിദ്യാര്‍ഥിനികളെപ്പറ്റി നിരത്തിയ കണക്കുകളും അത്രതന്നെ ദ്രോഹപരമാണ്. 'കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 200 കോളേജ് വിദ്യര്‍ത്ഥിനികളില്‍ 180 പേരും ഏതെങ്കിലും തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയുണ്ടായി' എന്ന് ലേഖനം പറയുന്നു. മെസഞ്ചറില്‍ പച്ചകത്തിയിരിക്കുന്നതെല്ലാം ഉരയ്ക്കാനുള്ള മുരിക്കാണെന്ന് കരുതിയിരിക്കുന്ന ഇന്‍ബോക്‌സ് റേപ്പിസ്റ്റുകള്‍ക്ക് ഇതിലും നല്ലൊരു ഉപകാരം ചെയ്തുകൊടുക്കാനില്ല. 90 ശതമാനം (?) വിദ്യാര്‍ഥിനികളും (മുദ്ര ശ്രദ്ധിക്കണം. വിദ്യാര്‍ഥികളെപ്പറ്റി ആര് നോക്കുന്നു) ഏതെങ്കിലും തരത്തിലുള്ള ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്ന് 'തുറന്നുസമ്മതിക്കുന്നു' എന്നൊക്കെ എഴുതിവിടുമ്പോള്‍, കണക്കിലെ കാര്യം അവിടെ നില്‍ക്കട്ടെ, എല്ലാവര്‍ക്കും കിട്ടുന്നുണ്ട് എനിക്കുമാത്രം കിട്ടുന്നില്ല എന്നാശങ്കപ്പെടുന്ന അബ്ദുവിന്റെ (ട്രിവാന്‍ഡ്രം ലോഡ്ജിലെ ജയസൂര്യ കഥാപാത്രം) മുന്നിലേക്കുംകൂടിയാണ് ഈ താക്കോല്‍പ്പഴുത് ചെല്ലുന്നത് എന്നെങ്കിലും നിങ്ങള്‍ മനസിലാക്കണം. അങ്ങനെയുള്ള ഒരു ലോകത്തിലേക്ക്, മലയാളിയെന്ന വൈരുദ്ധ്യത്തിലേക്ക് ഒരു നൂറ്റാണ്ടിന്റെയെങ്കിലും പ്രവര്‍ത്തിപരിചയമുള്ള മാധ്യമസ്ഥാപനം ഇറക്കിവിടേണ്ട വാക്കുകളല്ല ആ ലേഖനത്തിലുള്ളത്.
 
ഇത്തരം കുത്തിക്കഴപ്പ് ലേഖനങ്ങള്‍ എഴുതാനും അതിനു പറ്റിയകണക്കു നല്‍കാനും ആളുകളുള്ളപ്പോള്‍, പച്ചകത്തിക്കിടക്കുന്ന ഏത് പെണ്‍പ്രൊഫൈലിനുമുന്നിലും പോയി 'u sex me?' എന്ന് ചോദിക്കുന്ന കോമാളികളായി നമ്മുടെ ആണ്‍കുട്ടികള്‍ മാറുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
 
വളരെയധികം മുന്‍വിധികളും അരുതുകളും തടസക്കോലിട്ടിട്ടും, ഇഴയുന്ന ലോകത്തിലും, അങ്ങേയറ്റം കഷ്ടപ്പെട്ടിട്ടാണ് സ്ത്രീകള്‍ ഇന്നു കാണുന്ന അവകാശങ്ങളൊക്കെയും നേടിയത്. അതിലൊന്നും അവര്‍ക്ക് താങ്ങാവുന്ന ഒരു സമൂഹത്തെ മാധ്യമങ്ങള്‍ പരുവപ്പെടുത്തണം എന്നു പറയുന്നില്ല. പക്ഷേ, വലിച്ചു താഴെയിട്ട് ചതച്ചരയ്ക്കാതെയെങ്കിലും ഇരുന്നുകൂടേ ?
 
ഇതില്‍ വ്യക്തിപരമായി ഏറ്റവും മുറിപ്പെടുത്തിയ ഭാഗം വായിക്കാം..
 
'ദാമ്പത്യത്തിലെ അസ്വസ്ഥതകളാണ് വിവാഹേതരബന്ധങ്ങള്‍ക്ക് വളമാകുന്ന മറ്റൊരുഘടകം. കുടുംബത്തിനോ കുട്ടികള്‍ക്കോ വേണ്ടി സഹിക്കാന്‍ പണ്ടേപ്പോലെ ഇന്ന് സ്ത്രീകള്‍ തയ്യാറല്ല. പൊരുത്തക്കേടുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ യുവതികള്‍ 'നോ' പറയുന്നുണ്ടിന്ന്. സാമ്പത്തിക സ്വാശ്രയത്വവും സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അവബോധവും അവകാശബോധവുമൊക്കെ പൊടുന്നനെ ഇത്തരം കടുത്ത തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രേരണയാകുന്നുണ്ട്.'
 
'നോ.' ആ വാക്കിന്റെ അര്‍ഥം അറിയുമോ ഇതെഴുതിയവര്‍ക്ക് ?
 
കണ്‍സെന്റ്, ഇന്‍ഫോമ്ഡ് കണ്‍സെന്റ് തുടങ്ങിയ വാക്കുകളിലേക്കൊന്നും പോകുന്നില്ല. ഉഭയകക്ഷി സമ്മതം എന്നത് ഏതാണ്ട് എഴുപതിനായിരം കൊല്ലത്തെ ചരിത്രജീവിതം കൊണ്ടും മനുഷ്യനെന്ന വംശത്തിന് മനസിലായിട്ടില്ല. ഇപ്പോഴും മാരിറ്റല്‍ റേപ്പ് എന്നൊന്ന് ഉണ്ടെന്ന് അംഗീകരിക്കാത്ത, റേപ്പ് ജോക്കുകള്‍ കേട്ട് ചിരിക്കുന്ന സ്ത്രീകള്‍പോലുമുള്ള ഒരു കോലത്തിലാണ് നമ്മളെന്ന കുരങ്ങുകളുള്ളത്. പക്ഷേ, ഏറ്റം ചുരുങ്ങിയത് പിങ്ക് എന്ന ബോളിവുഡ് ചിത്രം കണ്ടിട്ടുണ്ടാവും ലേഖകന്‍ എന്നു വിചാരിക്കട്ടെ. അതില്‍ ശാരീരിക അതിക്രമത്തിന് വിധേയരായ പെണ്‍കുട്ടികളുടെ അഭിഭാഷകനായ ദീപക് സെയ്ഗാള്‍ ആയാണ് അമിതാബ് ബച്ചന്‍ അഭിനയിക്കുന്നത്. കോടതിയില്‍ സെയ്ഗാള്‍ വാദത്തിനിടെ പറയുന്നു : 'These boys must realise, 'No' ka matlab 'No' hota hai. Usse bolne wali ladki koi parichit ho, friend ho, girlfriend ho, koi sex worker ho ya aapki apni biwi hi kyu na ho. 'No' means 'No'. And when someone says so, you stop.' 'നോ' എന്നതിന്റെ അര്‍ഥം നോ എന്ന് തന്നെയാണെന്ന് ഈ ആണ്‍കുട്ടികള്‍ മനസിലാക്കണം. അത് പറയുന്നവള്‍, പരിചയക്കാരിയോ കൂട്ടുകാരിയോ കാമുകിയോ ലൈംഗികത്തൊഴിലാളിയോ എന്തിന് സ്വന്തം ഭാര്യയോ ആയിക്കൊള്ളട്ടെ, നോ എന്നാല്‍ നോ തന്നെയാണ്. നിങ്ങളോട് ഒരാള്‍ നോ പറയുമ്പോള്‍, നിര്‍ത്തുക' എന്നാണ് ഒരേകദേശ പരിഭാഷ.
 
വാസ്തവത്തില്‍, അത് ഒരു വാണിജ്യസിനിമയിലെ ഡയലോഗിനോളം തന്നെ ലളിതമാണ്. ലൈംഗിക ബന്ധത്തിലെന്നല്ല, ഏതൊരു വ്യവഹാരത്തിലും ദാമ്പത്യത്തിലും അപരിചിതരോടുള്ള പരിചയപ്പെടലിലും ഇടപെടലിലും സൗഹൃദങ്ങളിലും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിലും ഈ നോ പറയാനുള്ള അവകാശം ഉണ്ട്, ഇടമുണ്ട്. പണ്ട്, അച്ഛനൊന്നു നോക്കിയാല്‍ അമ്മ കരയുമായിരുന്നു എന്ന് പറഞ്ഞുനടക്കുന്നവരാണ് പല ഗതകാലപ്രേമികളും. ഇപ്പോള്‍ ഭാര്യ കരയുന്നില്ല. എടീ എന്നുവിളിച്ചാല്‍ എന്താടാ എന്നു ചോദിക്കുന്നു. പറ്റില്ല എന്നു പറയുന്നു. അതാണത്രേ പുരുഷന്‍ വിവാഹേതരബന്ധത്തിലേക്ക് പോകാനുള്ള കാരണം. നോ എന്ന കുഞ്ഞുവാക്ക് വീട്ടില്‍ കേട്ടിട്ടാണ് ആ സിംഹം ചങ്കുതകര്‍ന്ന് പരസ്ത്രീഗമനം നടത്തുന്നത്.
 
ഒരൊറ്റ ലേഖനംകൊണ്ട് എങ്ങനെയാണ് നിങ്ങള്‍ ആണിനെ വെറും ഊളയും പെണ്ണിനെ വെറും പശുവും ആക്കുന്നത് ?
 
നിങ്ങളീ എതിര്‍ത്ത് ഉറഞ്ഞുതുള്ളുന്ന നോ പറയാനുള്ള അവകാശമാണ് ഹേ, ലീഡര്‍ പേജ് ലേഖനങ്ങളില്‍ നിങ്ങള്‍ തൂലിക പടവാളാക്കി ആവശ്യപ്പെടുന്ന സമത്വം. നന്നാവണം എന്ന് പറയുന്നില്ല. ഇത്തരം ഊളത്തരങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ പരിഹാസ്യരാകുന്നത് നിങ്ങള്‍തന്നെയാണെന്നെങ്കിലും മനസിലാക്കണം.
 
ഗള്‍ഫുകാരന്റെ ഭാര്യയെക്കുറിച്ചും നേഴ്‌സിനെപ്പറ്റിയും പണ്ടൊക്കെ പറഞ്ഞുസുഖിച്ച പെര്‍വേര്‍ട്ടഡ് ഫാന്റസികള്‍ പുതിയ കുപ്പായത്തില്‍ കെട്ടിയയെഴുന്നള്ളിക്കാനുള്ളതല്ല വാര്‍ത്തയുടെ സ്‌പേസ്. ഈ പ്രശ്‌നത്തിന് പറ്റിയത് മുള്ളുമുരിക്കാണ്, കീബോര്‍ഡല്ല. മുഖ്യധാര മാധ്യമങ്ങള്‍ അങ്ങേയറ്റം പ്രതിലോമകരമായ രാഷ്ട്രീയം പറയുമ്പോള്‍, വളര്‍ന്നുവരുന്ന ഒരു തലമുറയുണ്ടിവിടെ. പതിനാറോ പതിനേഴോ വയസുള്ള ഒരാണ്‍കുട്ടിയോ പെണ്‍കുട്ടിയോ കേരളത്തിലെ പ്രമുഖ പത്രത്തിന്റെ മാസ്റ്റ്‌ഹെഡിന്റെ വിശ്വാസ്യതയോടെ വരുന്ന ഈ ലേഖനം വായിച്ചേക്കാം. അവളോട്, ചിറക് അരിഞ്ഞ് പേടിച്ച് തിരികെപ്പോകരുതെന്ന് പറയാനും, അവനോട്, ഈ പറയുന്ന കപടസദാചാരനിര്‍മിതിയല്ല നിന്റെ കൂട്ടുകാരി എന്നുപറയാനുമാണ് ഈ മറുപടി. 'നമ്മുടെ പെണ്‍കുട്ടികളെ' വെറുതേവിടുക. നിങ്ങളുടെ സദാചാരശങ്കകളുടെ ജ്ഞാനസ്‌നാനത്തില്‍ അവരുടെ ചിറക് നനയ്ക്കാതിരിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top