03 June Saturday

കലയും പോരാട്ടവം ജീവിതവും

സി വി രമേശൻ ramesancv@gmail.comUpdated: Sunday Sep 25, 2022

നാന്‍ ഗോള്‍ഡന്‍,ലോറ പോയ്ട്രാസ്‌

ആഗോള ചലച്ചിത്രമേളകൾ സംവിധായികമാർ കീഴടക്കുന്നു. സെപ്തംബർ  പത്തിനവസാനിച്ച  വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ  നേടിയത്‌ അമേരിക്കൻ ചലച്ചിത്രകാരി ലോറ പൊയ്ട്രാസ് സംവിധാനം ചെയ്‌ത ‘ഓൾ ദ ബ്യൂട്ടി ആൻഡ്‌ ദ ബ്ളഡ്  ഷെഡ്‌’ ( All the Beauty and the Bloodshed)  ആണ്.  അമേരിക്കൻ ഫോട്ടോഗ്രാഫറായ  നാൻ ഗോൾഡിന്റെ കലയുടേയും  പോരാട്ടങ്ങളുടേയും ജീവിതം പറയുന്ന ആ ഡോക്യുമെന്ററി,  കുത്തക മരുന്നു കമ്പനികളുടെ ആഗോള ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള പ്രതിരോധങ്ങളുമാണ് തിരശ്ശീലയിലെത്തിച്ചത്.

വേദനസംഹാരിയായി ഓപ്പിയം കലർന്ന  ഓക്സികോഡോൺ  വിൽപ്പന നടത്തി, ആളുകളെ അതിനടിമകളാക്കി മാറ്റും.  ഒടുവിൽ ആജീവനാന്തം മരുന്ന് കഴിക്കുകയോ അല്ലെങ്കിൽ മരണത്തിന് കീഴടങ്ങുകയോ ചെയ്യുന്ന അവസ്ഥയിലെത്തും. അമേരിക്കൻ  കുത്തക കമ്പനി പർഡ്യൂ ഫാർമ (Purdue Pharma) യുടെ  മരുന്ന് കഴിച്ച് ആ രാജ്യത്ത്  മാത്രം  അഞ്ച് ലക്ഷത്തിലധികം  പേർ  മരിച്ചു. പർഡ്യൂ ഫാർമയ്ക്കും അതിന്റെ ഭൂരിഭാഗം ഓഹരി കൈയാളുന്ന  അമേരിക്കയിലെ സാക്ക്ളർ  കുടുംബത്തിനുമെതിരെ മരുന്നിന്റെ ഇരകൂടിയായ നാൻ ഗോൾഡിന്റെ പോരാട്ടമാണ്‌ ഓൾ ദ ബ്യൂട്ടി ആൻഡ്‌ ദ ബ്ളഡ്ഷെഡ്‌ എന്ന ഡോക്യുമെന്ററി.

ഓപ്പിയം കലർന്ന മരുന്ന്‌ ഉപയോഗിക്കേണ്ടി വന്ന ഗോൾഡിൻ അധികം  താമസിയാതെ അതിനടിമയായി. സ്വന്തം  ഇച്ഛാശക്തി കൊണ്ട് മാത്രമാണ്  അവർ മോചിതയായത്. ലോകമെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികൾക്കും ആർട്ട് ഗ്യാലറികൾക്കും സംഭാവനകൾ നൽകിയാണ്‌ തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യക്ക് സാക്ക്ളർ  കുടുംബം വെള്ളപൂ‌ശുന്നത്. ഇത്തരം ചില ആർട്ട് ഗ്യാലറികളിൽ ഗോൾഡിനെടുത്ത  ഫോട്ടോകളും പ്രദർശിപ്പിച്ചിരുന്നു.

ഗോൾഡിന്റെ മൂത്ത സഹോദരി ബാർബറയുടെ ദുരന്തജീവിതം ചിത്രം ആവിഷ്‌ക്കരിക്കുന്നുണ്ട് . ഒറ്റപ്പെട്ട ജീവിതം നയിക്കാൻ തീരുമാനിച്ച അവരുടെ  മറയില്ലാത്ത ലൈംഗികത അറുപതുകളിൽ വിവാദമായിരുന്നു. ഒടുവിൽ, മാനസികനില നഷ്ടപ്പെട്ട  അവർ  കൗമാരപ്രായത്തിൽ ആത്മഹത്യ ചെയ്തു.  ബാർബറയെ ചികിത്സിച്ച സൈക്യാട്രിസ്‌റ്റിന്റെ  റിപ്പോർട്ട് വർഷങ്ങൾക്ക് ശേഷം ഗോൾഡിൻ കണ്ടെത്തി. അതിൽ  ഇങ്ങനെ കുറിച്ചിരുന്നു: "അവൾ ഭാവി കാണുന്നു, അതിലെ സൗന്ദര്യവും രക്തച്ചൊരിച്ചിലും അറിയുന്നു.’ ഇതിൽനിന്നാണ്,‘സൗന്ദര്യവും രക്തച്ചൊരിച്ചിലും’എന്ന പേര്‌ സംവിധായിക ലോറ പൊയ്ട്രാസ് ചിത്രത്തിന്‌ സ്വീകരിച്ചത്.

ഫോട്ടോഗ്രാഫറും ആക്റ്റിവിസ്റ്റുമായ നാൻ ഗോൾഡിൻ 1953ൽ വാഷിങ്ടണിലെ ഒരു ജൂതകുടുംബത്തിലാണ് ജനിച്ചത്. കൗമാരത്തിൽ വീട് വിട്ടിറങ്ങിയ ഗോൾഡിന്, സഹോദരി ബാർബറയുടെ ആത്മഹത്യയുണ്ടാക്കിയത്‌ കടുത്ത  മാനസികാഘാതമാണ്‌. പതിനാറാം വയസ്സിൽ ഫോട്ടോഗ്രഫി പരിശീലിക്കാൻ തുടങ്ങി. അമേരിക്കൻ  ഭരണകൂടം തമസ്കരിച്ച വിഷയങ്ങൾ പുറംലോകത്തെത്തിച്ച് ജനപിന്തുണ നേടാൻ ഗോൾഡിന്റെ കാമറയ്‌ക്കായി. എയ്ഡ്സ്  രോഗികൾ, ലൈംഗികന്യൂനപക്ഷങ്ങൾ  എന്നിവരുടെ ഇരുണ്ട ലോകങ്ങളിലേക്ക്  കാമറയുമായി ഗോൾഡിൻ കടന്നുചെന്നു. അവരുടെ അരികുജീവിതങ്ങൾ ആവിഷ്‌കരിക്കുന്ന ഫോട്ടോ പ്രദർശനങ്ങൾ ലോകം മുഴുവൻ ചർച്ചയായി. സാക്ക്ളർ കുടുംബത്തിനെതിരെയുള്ള പ്രക്ഷോഭം ആരംഭിച്ചപ്പോൾ, അവരിൽനിന്ന് സംഭാവന സ്വീകരിക്കുന്ന ആർട്ട് മ്യൂസിയങ്ങളിൽ തന്റെ പ്രദർശനങ്ങൾ നടത്താൻ ഗോൾഡിൻ തയ്യാറായില്ല. അതോടെ, പല മ്യൂസിയങ്ങളും ഗ്യാലറികളും സാക്ക്ളറിൽനിന്ന് ഫണ്ട് സ്വീകരിക്കുന്നത് നിർത്തി.

ഓൾ ദാറ്റ് ബ്യൂട്ടി ആൻഡ് ബ്ലഡ് ഷെഡ്‌,  അര നൂറ്റാണ്ട് കാലത്തെ അമേരിക്കൻ ജീവിതത്തേക്കുറിച്ചുള്ള, രാഷ്ട്രീയവും സാംസ്‌കാരികവും കലാപരവുമായ അവലോകനമാണ്‌. ഏഴ്‌ അധ്യായങ്ങളുള്ള ചിത്രം, മൺമറഞ്ഞ തലമുറയ്ക്കായുള്ള വിലാപവും, ഓപ്പിയമടങ്ങിയ മരുന്ന് വിൽപ്പന നടത്തുന്ന  കമ്പനിക്ക്  നേരെയുള്ള പ്രതിഷേധവുമാണ് . അതോടൊപ്പം , ഗോൾഡിന്റെ  കുടുംബത്തിന്റെ ദുരന്തപൂർണമായ  കഥയും. അമേരിക്കൻ കലാചരിത്രത്തിലുടെ ഒരു യാത്രയായും, ആർട്ട് മ്യൂസിയങ്ങൾ വേദികളാകുന്ന  പോരാട്ടങ്ങളുടെ  ആവിഷ്‌കാരമായും ചിത്രം വിലയിരുത്തപ്പെടുന്നു.  കലയും ആക്റ്റിവിസവും ചേർന്ന് നിൽക്കുന്നുവെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ ജീവിതവുമാണത്.
രണ്ട് വഴികളിലായാണ് ചിത്രം മുമ്പോട്ട് കൊണ്ടുപോകുന്നത്.  സാക്ക്ളർ കുടുംബത്തിന്‌ നേരെയുള്ള പ്രക്ഷോഭങ്ങളുടെ നേരിട്ടുള്ള ആവിഷ്‌കാരവും ഗോൾഡിന്റെ പ്രതിരോധമുന്നേറ്റങ്ങളും  ദൃശ്യവൽക്കരിക്കുന്നു. അസ്വസ്ഥതകൾ നിറഞ്ഞ ജന്മനഗരത്തിൽ നിന്നാരംഭിച്ച്,  എഴുപതുകളിലെ ബോസ്റ്റണിലും  എൺപതുകളിലെ അണ്ടർഗ്രൗണ്ട് കലാ പ്രവർത്തനങ്ങളും  കടന്ന്, 2018 മാർച്ചിലെ  ഒരു പ്രഭാതത്തിൽ അമേരിക്കയിലെ മെട്രോപൊളീറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെത്തുന്നു. അവിടെയാണ്  സാക്ക്ളർ കുടുംബത്തിനെതിരെയുള്ള  പോരാട്ടം   ഗോൾഡിൻ   ആരംഭിക്കുന്നത് .   തന്റെ  സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ലോകത്തിലെ പ്രധാന മ്യുസിയങ്ങളിലും ആർട്ട് ഗ്യാലറികളിലും സാക്ക്ളർ കുടുംബത്തിന്റെ  രക്തക്കറ പതിഞ്ഞ് കിടക്കുന്നതായി അവർ ലോകത്തോട് വിളിച്ചു പറയുന്നു. അവിടങ്ങളിലെ  കലയുടെയും  സംസ്കാരത്തിന്റെയും  ഇടനാഴികകളിൽ, ഓപ്പിയം കഴിച്ച്  മരിച്ചവരുടെ പ്രേതങ്ങൾ അലഞ്ഞുതിരിയുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.
ചിത്രത്തിൽ, എയ്ഡ്സ്, ഓപ്പിയോയിഡ് അഡിക്ഷൻ  എന്നീവ  സംവിധായിക താരതമ്യം ചെയ്യുന്നുണ്ട്. രണ്ട് ദുരന്തത്തിലും തന്റെ ശക്തമായ പ്രതിരോധങ്ങളുമായി മുമ്പോട്ട് പോയ ഗോൾഡിന്, ഭരണകൂടങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടത്തേണ്ടി വന്ന സമരങ്ങളും, അതിൽ സമൂഹം അവർക്ക് നൽകിയ പിന്തുണയും മികച്ച രീതിയിൽ ആവിഷ്‌കരിക്കുന്നു.

1964ൽ, അമേരിക്കയിൽ ബോസ്റ്റണിലാണ്‌ സംവിധായിക  ലോറ പോയ്ട്രാസ്  ജനിച്ചത്‌. അമേരിക്കയുടെ ഇറാഖ്  അധിനിവേശസമയത്ത്, അവിടത്തെ ദുരിതജീവിതം ആവിഷ്‌കരിക്കുന്ന പ്രശസ്ത ഡോക്യുമെന്ററി മൈ കൺട്രി,മൈ കൺട്രി (2006),  അമേരിക്കയുടെ ഭീകരവിരുദ്ധപോരാട്ടങ്ങളുടെ ദുരന്തങ്ങൾ ആവിഷ്‌കരിക്കുന്ന ദ ഓത്ത് (2010), എഡ്വേഡ് സ്നെഡെനേക്കുറിച്ചുള്ള സിറ്റിസൺ ഫോർ (2014), ജൂലിയൻ അസ്സാഞ്ജെയുടെ ജീവിതം ദൃശ്യവൽക്കരിക്കുന്ന റിസ്ക് (2016) എന്നിവയാണ് ലോറയുടെ  പ്രധാന ഡോക്യുമെന്ററികൾ. സിനിമകളുടെ പേരിൽ അമേരിക്കൻ ഭരണകൂട പീഡനങ്ങൾക്ക് ലോറ നിരന്തരം ഇരയാകുന്നുണ്ട്‌,  പുലിസ്റ്റർ പ്രൈസ്,അക്കാദമി അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര അം‌ഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ പ്രതിരോധ ചലച്ചിത്രരംഗത്തെ സംവിധായികമാരിൽ  ലോറാ പോയ് ട്രാസ്സിന് വ്യക്തമായൊരു സ്ഥാനമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top