19 April Friday

‘എന്തിനീ വെപ്രാളം’: ശരീരത്തിന് മേലുള്ള അവകാശം സ്ഥാപിക്കുന്ന വിധികളെപ്പറ്റി

ഡോ. കീർത്തി പ്രഭUpdated: Tuesday Oct 4, 2022

ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശം, ഭർത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗം ആയി കണക്കാക്കാം.

കീർത്തി പ്രഭ

കീർത്തി പ്രഭ

ഈ രണ്ടു വാർത്തകളോടുള്ള പ്രതികരണം നമുക്ക് ചുറ്റുമുള്ളവരുടെ നിലപാടും നിലവാരവും വ്യക്തമാക്കിത്തരുന്നുണ്ട്. ഒരു സ്ത്രീ മാനസിക വെല്ലുവിളികൾ നേരിടുന്നവൾ അല്ലെങ്കിലോ പ്രായപൂർത്തിയായവൾ ആണെങ്കിലോ ഗർഭഛിദ്രം നടത്താൻ ആ സ്ത്രീയുടെ മാത്രം സമ്മതപത്രം മതി എന്നാണ് സുപ്രീംകോടതിയുടെ വിധി. കൂടുതൽ ചിന്തകളിലേക്ക് ഒന്നും പോകേണ്ട ആവശ്യമില്ല. ആണായാലും പെണ്ണായാലും മറ്റേത് ലിംഗത്തിൽ പെട്ടവരായാലും സ്വന്തം ശരീരത്തിന് മേലുള്ള അവകാശം ആ വ്യക്തിക്ക് മാത്രമാണ് എന്ന് ഉറപ്പിക്കുന്ന ഒരു വിധിയാണിത്. ഒരു സ്ത്രീയുടെ ശരീരത്തിനു മേലുള്ള അവകാശം അവളുടെ ജീവിത പങ്കാളിക്കാണ് എന്നത് സാമാന്യവൽക്കരിക്കപ്പെട്ട,പലപ്പോഴും ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീയുടെ കാതിൽ പറഞ്ഞു കൊടുക്കുന്ന തത്വമാണ്. സ്ത്രീയെ ഒരു വ്യക്തിയായി കാണാൻ സാധിക്കാത്ത ഒരു സമൂഹത്തിന്റെ ബാക്കി പത്രങ്ങൾ ഇതുപോലെ ഒഴുകി നടക്കുന്നുണ്ട് ഇപ്പോഴും.

ഒരു കുഞ്ഞ് സ്ത്രീയുടെ ഗർഭപാത്രത്തിൽ ജനിക്കുന്നതിനു മുമ്പ് അവളുടെ ഹൃദയത്തിലും മനസ്സിലും ജനിക്കണം. ആദ്യം മനസ്സുകൊണ്ട് അമ്മയും അച്ഛനും ആകണം. ഇത്രയും കാലം ഇങ്ങനെയൊന്നുമല്ലാതിരുന്നിട്ടും കുഴപ്പമൊന്നുമില്ലല്ലോ എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. നിലവിലുള്ള നമ്മുടെ സമൂഹം നന്മകളാൽ സമൃദ്ധമല്ല. ഗർഭധാരണം ഒരു സ്ത്രീയെ മാനസികമായോ ശാരീരികമായോ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെങ്കിൽ അത് വേണ്ടെന്നു വയ്ക്കാനുള്ള അവകാശം അവൾക്ക് നൽകുന്നതിൽ എന്തിനാണ് ഇത്ര എതിർപ്പ് പ്രകടിപ്പിക്കുന്നത്.
 
'റൈറ്റ് ടു റിപ്രൊഡ്യൂസ് ' എന്നൊരു കാര്യം പലരും അറിയില്ലെന്ന് നടിക്കുന്നു. മാനസികമായും ശാരീരികമായും തയ്യാറായാൽ മാത്രം ഒരു കുഞ്ഞ് എന്ന് തീരുമാനിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെക്കുറിച്ച് പറയുന്നതാണ് ആ വാക്യം.ഒരു സ്ത്രീക്ക് അല്ലെങ്കിൽ ഒരുമിച്ച് ജീവിക്കുന്ന ആണിനും പെണ്ണിനും ആ അവകാശം ഉപയോഗിക്കാൻ സാധിക്കാത്തത് പലപ്പോഴും ബാഹ്യസമ്മർദങ്ങൾ കൊണ്ടാണ്. ഇത്ര വർഷമായിട്ടും കുഞ്ഞായില്ലേ, നിങ്ങളിൽ ആർക്കാണ് പ്രശ്നം, കണ്ണടയുന്നതിന് മുമ്പ് ഒരു കുഞ്ഞിക്കാല് കാണണം  ഇങ്ങനെയുള്ള ഒരുപാട് ഇടപെടലുകൾ നിലവിൽ താല്പര്യമില്ലെങ്കിലും ഒരു കുഞ്ഞിന് ജന്മം നൽകി കളയാം എന്ന തീരുമാനത്തിലേക്ക് സ്ത്രീയെയും പുരുഷനെയും നയിക്കുന്നുണ്ട്.മറ്റുള്ളവരുടെ താൽപര്യങ്ങൾ നടപ്പിലാക്കി കൊടുക്കുന്നത് മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ കൂട്ടിയിണക്കുന്ന പരസ്പര സ്നേഹത്തിന്റെ ഭാഗമാണ് എന്ന ധാരണയിൽ വ്യക്തിസ്വാതന്ത്ര്യങ്ങളെ മാനിക്കാൻ പറയുന്നത് മനുഷ്യർക്കിടയിലെയും മനുഷ്യർക്കുള്ളിലെയും വൈകാരികതകളെയും സ്നേഹത്തെയും തകർത്തു കളയും എന്ന് കരുതുന്നവരാണ് അധികവും.നമ്മൾ പലർക്കുമിടയിൽ നിലനിൽക്കുന്ന വൈര്യങ്ങളും പരസ്പര വിശ്വാസമില്ലായ്മയും കലഹങ്ങളും എല്ലാം മറ്റൊരുവന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാൻ നമ്മൾ ഇനിയും പഠിക്കാത്തത് കൊണ്ടല്ലേ? ബന്ധങ്ങൾ ബന്ധനങ്ങളാവുമ്പോൾ എവിടെയാണ് സ്‌നേഹമുണ്ടാവുക. സ്നേഹം പ്രകടനങ്ങൾ മാത്രമായി ചുരുങ്ങും. ഒരു സ്ത്രീയുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ പൂർണ്ണ മനസ്സോടെ അല്ലാതെ പിറന്നുവീഴുന്ന ഒരു കുഞ്ഞിന്റെ വളർച്ചയെക്കുറിച്ചും ആ സ്ത്രീയുടെ മാനസിക അവസ്ഥയെക്കുറിച്ചും അവരുടെ ദാമ്പത്യത്തെക്കുറിച്ചും ഒന്നും ആകുലപ്പെടാത്തവരാണ് ഗർഭഛിദ്രത്തേക്കുറിച്ച് ഇത്രയധികം ഉത്കണ്ഠാകുലരാകുന്നത്.
 

എങ്ങനെ ഉണ്ടായി എന്നതിലല്ല ഏത് ശരീരത്തിലാണ് അത് വളരുന്നത് എന്നു മാത്രമേ ഗർഭഛിദ്രത്തിന് എന്തുകൊണ്ട് സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് വിധിക്കുമ്പോൾ ചിന്തിക്കേണ്ടതുള്ളൂ.

ഒരു മോശം രക്ഷകർത്താവ് ആകാതിരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു രക്ഷകർത്താവ് ആകാതിരിക്കുന്നത്. രക്ഷാകർതൃത്വം അഥവാ പാരന്റിംഗ്  എന്ന ഏറെ പ്രധാനപ്പെട്ട നമ്മുടെ സമൂഹത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്ന ഒരു വാക്കിനെ പറ്റി പലരും ബോധവാന്മാരേയല്ല. നന്മയുള്ള കുഞ്ഞുങ്ങൾ ഉണ്ടാവണമെങ്കിൽ അവർ നന്മ കണ്ടു തന്നെ വളരണം. സ്നേഹം അനുഭവിച്ചു തന്നെ വളരണം. പാരന്റിങ് എന്നത് വലിയൊരു കടലാണ്. അതൊരു കുഞ്ഞിന്റെ അവകാശവുമാണ്. ആരും പൂർണ്ണരല്ല. ഞാനടക്കം പാരന്റിങ് എന്താണെന്ന്  എത്രയോ മനസ്സിലാക്കാനുണ്ട്. പക്ഷേ അറിയാൻ ശ്രമിക്കണം. ആഗ്രഹിക്കാതെ വളരുന്ന ഒരു ജീവനോളം ആഗ്രഹിക്കാതെ വളർത്തുക എന്നതാണ് ഒരു ജീവനോട് ചെയ്യുന്ന ഏറ്റവും വലിയ നീതിക്കേട് എന്ന് അപ്പോൾ മനസ്സിലാകും. ഒരു കുഞ്ഞു വളരുന്നത് അമ്മയുടെ ശരീരത്തിൽ ആണെങ്കിലും പാരന്റിങ് എന്നത് ഒരു കൂട്ടുത്തരവാദിത്വം തന്നെയാണ്. അതൊരിക്കലും ഏതെങ്കിലും ഒരാളുടെ മാത്രം ബാധ്യതയല്ല. പക്ഷേ ഒരു കുഞ്ഞു ജനിച്ചു വീഴുന്നതു വരെ അത് വളരുന്നത് ഒരു സ്ത്രീയുടെ ശരീരത്തിലാണ്. മാനസികമായും ശാരീരികവുമായുള്ള മാറ്റങ്ങളെല്ലാം നടക്കപ്പെടുന്നതും ആ ശരീരത്തിൽ മാത്രമാണ്. എങ്ങനെ ഉണ്ടായി എന്നതിലല്ല ഏത് ശരീരത്തിലാണ് അത് വളരുന്നത് എന്നു മാത്രമേ ഗർഭഛിദ്രത്തിന് എന്തുകൊണ്ട് സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് വിധിക്കുമ്പോൾ ചിന്തിക്കേണ്ടതുള്ളൂ.

അനാഥരായ കുഞ്ഞുങ്ങൾ തെരുവിൽ വലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങൾ ജനിച്ചു വീഴുമ്പോൾ തന്നെ കൊല ചെയ്യപ്പെടുന്ന കുഞ്ഞുങ്ങൾ ഇതൊന്നും നമ്മൾ കരുതുന്നതുപോലെ അത്ര സുഖമുള്ള അവസ്ഥയല്ല. കുട്ടിക്കാലത്ത് ശരീരത്തിനും മനസ്സിനും ഉണ്ടാവുന്ന പല മുറിവുകളും കുഞ്ഞുങ്ങൾ വളർന്നുവരുന്ന പ്രതികൂലമായ സാഹചര്യങ്ങളും കുറ്റവാസനകളുള്ളവരെയും വിഷാദരോഗികളെയും ആത്മവിശ്വാസം ഇല്ലാത്തവരെയും ഒക്കെ സൃഷ്ടിക്കാൻ കാരണമാകുന്നുണ്ട്. പണ്ടത്തെ അമ്മമാർ പത്തു പ്രസവിച്ചതും ആ കുഞ്ഞുങ്ങളെ എല്ലാം പരിപാലിച്ചതും പറഞ്ഞ ഊറ്റം കൊള്ളുമ്പോൾ ഇടയ്ക്കെങ്കിലും അടുപ്പിച്ച് അടുപ്പിച്ച് ഉള്ള പ്രസവത്തിൽ മരണപ്പെട്ടവരെയും സ്വന്തം ആരോഗ്യം പോലും ക്ഷയിച്ചു പോകുന്ന അവസ്ഥയിൽ പ്രസവിച്ചവരെയും യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ അമ്മയാകേണ്ടിവരുന്നവരുടെ അങ്കലാപ്പുകളെയും ഓർക്കണം. ഇതിനൊക്കെ എന്ത് തയ്യാറെടുപ്പാണ് വേണ്ടത്, നമ്മൾ ഒന്നും തയ്യാറെടുത്തിട്ടല്ല പ്രസവിച്ചത് ഇങ്ങനെ പറഞ്ഞു ഈ അവസ്ഥകളെ ഒക്കെ നോർമലൈസ് ചെയ്യുന്ന സ്ത്രീകളും നമുക്കുചുറ്റുമുണ്ട്. ഇതിന് നേരത്തെ പറഞ്ഞ ഒരേയൊരു ഉത്തരമേയുള്ളൂ. അങ്ങനെ ഉണ്ടായ കുഞ്ഞുങ്ങൾ നിറഞ്ഞ  ഈ സമൂഹം നന്മകളാൽ സമൃദ്ധമൊന്നുമല്ല എന്ന്.
 

നമ്മുടെ നാട്ടിൽ നിയമപരമായി ലൈംഗിക പീഡനം നടത്താനുള്ള ഉപാധിയായിട്ടാണോ വിവാഹത്തെ കാണുന്നത് എന്ന് ഈ വാർത്തകളോടുള്ള പലരുടെയും പ്രതികരണം കാണുമ്പോഴും പലരുടെയും വെപ്രാളങ്ങൾ കാണുമ്പോഴും തോന്നിപ്പോകുന്നു.

ഈ വാർത്ത വ്യഭിചാരത്തിന് ലൈസൻസ് നൽകുന്നതാണ്, കുടുംബം തകരുന്ന വിധി, ഇനിമുതൽ ഒരു ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് മുദ്രപത്രത്തിൽ സമ്മതം എഴുതി വാങ്ങേണ്ടിവരും  എന്നിങ്ങനെ നമ്മുടെ സമൂഹത്തിന്റെ അപചയം ഏറ്റവും നന്നായി വ്യക്തമാക്കുകയാണ് പുതിയ വിധിയോടുള്ള ഇത്തരം പ്രതികരണങ്ങൾ. ജീവിതത്തിൽ ഒരു പങ്കാളി വേണം എന്ന് രണ്ടുപേർക്കും തോന്നുമ്പോഴാണ് വിവാഹം സംഭവിക്കുന്നത്. പക്ഷേ നമ്മുടെ നാട്ടിൽ നിയമപരമായി ലൈംഗിക പീഡനം നടത്താനുള്ള ഉപാധിയായിട്ടാണോ വിവാഹത്തെ കാണുന്നത് എന്ന് ഈ വാർത്തകളോടുള്ള പലരുടെയും പ്രതികരണം കാണുമ്പോഴും പലരുടെയും വെപ്രാളങ്ങൾ കാണുമ്പോഴും തോന്നിപ്പോകുന്നു.

ചെറുപ്രായത്തിൽ തന്നെ നാലഞ്ച് കുഞ്ഞുങ്ങളുടെ അമ്മയാവേണ്ടി വന്ന് ഇനി വേണ്ട എന്ന് ഭർത്താവിനോട് ഒന്നു ഉറപ്പിച്ചു പറയാൻ പോലും ശക്തിയില്ലാതെ മൂകരായി വേദനയോടെ ജീവിക്കുന്ന സ്ത്രീകളുണ്ട്. ഇത്തരത്തിലുള്ള സ്ത്രീകൾക്ക് ഒക്കെ ഈ വിധി ആശ്വാസജനകമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളിൽ നിന്നും തള്ളി മാറ്റപ്പെട്ടവർ, ഒന്നുറക്കെ സംസാരിക്കാൻ പോലും ഭയക്കുന്നവർ തങ്ങൾ അനുഭവിക്കുന്ന ഇത്തരം അവസ്ഥകൾ സമൂഹത്തിനുമുന്നിൽ തുറന്നു പറയാനോ പരാതിപ്പെടാനോ പേടിയില്ലാതെ മുന്നോട്ട് വരും എന്ന് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും. സ്ത്രീകൾക്കു മാത്രം ഇങ്ങനെ പ്രത്യേക നിയമങ്ങൾ എന്തിനാണ് എന്നുള്ള ചോദ്യത്തിന് ഒരു മറുപടിയാണ് ഈ നിസ്സഹായാവസ്ഥ തുറന്നു പറയാനുള്ള, പ്രതികരിക്കാനുള്ള, പരാതിപ്പെടാനുള്ള  പ്രിവിലേജ് ഒരു പുരുഷനുള്ളതുപോലെ എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നില്ല.

‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന് ബെന്യാമിൻ എഴുതിയത് ഓർക്കുന്നു. വേദനകൾ അനുഭവിക്കുന്ന ഭർത്താവിന്റെ ലൈംഗിക വൈകൃതങ്ങൾക്ക് നിവൃത്തിയില്ലാതെ നിന്നു കൊടുക്കേണ്ടിവരുന്ന ഒരുപാട് സ്ത്രീകൾ ചുറ്റുമുണ്ട്. ഈ അടുത്തകാലത്ത് തന്നെ അതുപോലെയുള്ള ഒരുപാട് വേദനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. അതിനു നേരെ എല്ലാം കണ്ണടച്ചിരുന്ന്  ഇങ്ങനെയുള്ള വിധികൾ വരുമ്പോൾ പരിഹസിക്കാൻ മാത്രം കണ്ണു തുറക്കുന്ന ഈ സമൂഹത്തെ കുറിച്ച് തന്നെയാണ് നേരത്തെ പറഞ്ഞത്. പൂർണ്ണ മനസ്സോടെയല്ലാതെ, മാനസികമായ യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ, ബാഹ്യസമ്മർദങ്ങൾ കൊണ്ട്, അപ്രതീക്ഷിതമായി ഈ ഭൂമിയിൽ ജനിച്ചുവീണ മനുഷ്യരും കൂടി അടങ്ങുന്ന ഈ സമൂഹം നന്മകളാൽ സമൃദ്ധമേയല്ല എന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top