19 April Friday

കവിതയിലെ ലാളിത്യം, ചിന്തയിലെ ധീരത..

ബിജി ബാലകൃഷ്ണൻUpdated: Sunday Oct 6, 2019


‘പുതിയ കാലത്ത് സമൂഹം സ്ത്രീയെ ഒരു ഉരുപ്പടിയായി ക്രയവിക്രയം നടത്തുന്നു. വിപണിയുടെ സംസ്കാരത്തിൽ പെടുന്നത് ഏറ്റവും അധികം സ്ത്രീകളാണ്. സോഷ്യൽ മീഡിയ വഴിയുള്ള ആശയ വിനിമയം നല്ലതാണ്. പക്ഷേ അതിലുള്ള കല്ലും നെല്ലും വേർതിരിക്കാൻ പ്രയാസമാണ്. അതിന് പുസ്തകവായനയും സ്‌ത്രീ കൂട്ടായ്മയും പുസ്തകചർച്ചയും ആവശ്യമാണ്‐   കവയത്രിയും നോവലിസ്റ്റും സ്ത്രീപക്ഷ പ്രവർത്തകയുമായ ലളിത ലെനിൻ മനസ്സ്‌ തുറക്കുന്നു.

ഈ ലോകത്തിലെ മനുഷ്യർ അടിസ്ഥാനപരമായി പാവങ്ങളാണ്. അതെസമയം ക്രൂരൻമാരും. ഒത്തുചേരുമ്പോഴാണ് ക്രൂരത അവന്റെ മനസ്സിൽ ഉടലെടുക്കുന്നത്. ഈ ക്രൂരതയിൽനിന്ന് മനുഷ്യനെ കരകയറ്റാനാണ് നമ്മൾ ശ്രമിക്കേണ്ടത്.  എഴുത്ത് അതിനുള്ള ആയുധമാണ്. സ്ത്രീയെ നവീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത്‌ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ്  ‘സമത’യുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ തീരുമാനിച്ചത്. പുസ്തകവായനയും ചർച്ചയും ഇല്ലാത്ത ജീവിതം നിസ്സഹായത നിറഞ്ഞതാണ്‌. മനുഷ്യന് അവസാനം വരെ ജീവിക്കുവാൻ അറിവ് ആവശ്യമാണ്. നിത്യജീവിതത്തിലേക്ക് ആവശ്യമായ അനുഭവങ്ങളാണ് പുസ്തകവായന കൊണ്ട് പരോക്ഷമായി ലഭിക്കുന്നത്. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഈ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. വെറുതെ ഇരുന്നാൽ എഴുത്ത് വരില്ല.

ഭർത്താവ് എനിയ്ക്ക് ഒരു റഫറൻസ് പുസ്തകമാണ്. വർത്തമാനവും ചരിത്രവും രാഷ്ട്രീയവും കൃത്യമായി മനസ്സിലാക്കിയ അദ്ദേഹത്തിനോടൊപ്പമുള്ള  ജീവിതമാണ് ചിന്തകൾക്ക് ധീരത നൽകുന്നത്

തുടക്കം മുതൽ ഒടുക്കം വരെ അതിന് ഒരുക്കം ആവശ്യമാണ്. അമ്മയിൽ നിന്നാണ് എഴുത്തിനാവശ്യമായ തിളക്കവും തെളിച്ചവും ലഭിച്ചത്. ജനിച്ചു വളർന്ന ഗ്രാമവും അതിന്റെ മനോഹാരിതയും വളരെ ആകർഷിച്ചിട്ടുണ്ട്. ആ എഴുത്തിടങ്ങൾ എല്ലാം ചേർന്നതാണ് കവിത. വിവാഹ ശേഷമാണ് എഴുത്ത് സജീവമാക്കുന്നത്. ഭർത്താവ് എനിയ്ക്ക് ഒരു റഫറൻസ് പുസ്തകമാണ്. വർത്തമാനവും ചരിത്രവും രാഷ്ട്രീയവും കൃത്യമായി മനസ്സിലാക്കിയ അദ്ദേഹത്തിനോടൊപ്പമുള്ള  ജീവിതമാണ് ചിന്തകൾക്ക് ധീരത നൽകുന്നത്. കുഞ്ഞുങ്ങളെയാണ് കൂടുതൽ ഇഷ്ടം. അതുകൊണ്ട് തന്നെ എഴുതാനേറെയിഷ്ടം ബാലസാഹിത്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ മലയാള ഗ്രന്ഥസൂചിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മലയാളത്തിലെ ബിബ്ലിയോഗ്രഫി കവിത പോലെ തന്നെ താൽപര്യമുള്ളതാണ്. ഒരുതരം ഫിലോസഫി അതിൽ നിന്ന് പഠിക്കാനുണ്ട്. ലൈബ്രറി സയൻസ് അധ്യാപികയായി കേരള സർവകലാശാലയിൽ ഉണ്ടായിരുന്ന സമയത്തും അത് നൽകിയ ദാർശനികത, ഘടനാപരമായ ഐക്യം, അതിന്റെ ഉള്ളിലെ  സാങ്കേതികത കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ജീവിക്കുവാനുള്ള ഐക്യവും ഘടനാപരതയും പഠിപ്പിക്കുന്ന ആ അറിവ് തന്നെയാണ് ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ പ്രേരിപ്പിച്ചത്.

കേരള സർവകലാശാലയിലെ ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസിലെ വകുപ്പ് അധ്യക്ഷയുംഅസോസിയേറ്റ് പ്രൊഫസറുമായിരുന്നു ലളിത ലെനിൻ. തൃശൂർ സ്വദേശിയായ ലളിത ഗ്രന്ഥശാല പ്രവർത്തനങ്ങളിലും സ്ത്രീ കൂട്ടായ്മയിലും സജീവമാണ്.  ബാലസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് 1986 ൽ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ തന്നെ സമഗ്ര സംഭാവന അവാർഡും അവരെ തേടിയെത്തി.  അബുദാബി ശക്തി അവാർഡും  മുലൂർ പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിലിലും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ്‌ ബോർഡിലും അംഗമായിരുന്ന ലളിത ലെനിൻ ഇപ്പോൾ ‘സമത’യുടെ ചെയർപേഴ്സനുമാണ്. കരിങ്കിളി, കർക്കിടക വാവ്, നമുക്ക് പ്രാർഥിക്കാം, കടൽ എന്നിവയാണ് കവിതാ സമാഹാരങ്ങൾ. 'മിന്നു ' എന്ന ബാലസാഹിത്യ നോവലും രചിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top