04 October Wednesday

ഫാഷനല്ല പാഷനാണ് യാത്ര

കെ വി ലീല leelakoomullil@gmail.comUpdated: Sunday May 28, 2023


യാത്ര ഒരു വാർത്തയല്ലാത്ത കാലമാണിത്. പക്ഷേ അതിജീവനത്തിന്റെയും വെല്ലുവിളികളുടെയും നടുവിൽനിന്നാണ് പാലക്കാട് കുന്നത്ത് വത്സലയുടെ സഞ്ചാരങ്ങൾ. നാല് പതിറ്റാണ്ടായി ഒറ്റ ശ്വാസകോശവുമായി ജീവിക്കുന്ന വത്സല. ഓസ്ട്രേലിയ, യൂറോപ്പ്, യുകെ, റഷ്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മലേഷ്യ, സിങ്കപ്പുർ, തായ്‌ലൻഡ്, ദുബായ്, ആൻഡമാൻ, തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ പല പ്രദേശങ്ങളും കണ്ടുകഴിഞ്ഞു. തന്റെ ഡയറികളും നോട്ടുബുക്കുകളും നിവർത്തി വത്സല തന്റെ യാത്രാനുഭവങ്ങൾ  പങ്കുവയ്‌ക്കുന്നു.

സഞ്ചാരമയം, ജീവിതം
യാത്ര തുടങ്ങുന്നത് 2011 ൽ ആണ്. പാലക്കാട്‌ ജില്ലാ ഹോസ്പിറ്റലിൽനിന്നും നഴ്സിങ്‌ സൂപ്രണ്ടായി 2010 ൽ റിട്ടയർ ചെയ്തശേഷം കുറച്ചുകാലം തിരുവനന്തപുരം കണ്ണാശുപത്രിയിലും തിരുവല്ലയിലും ജോലി നോക്കി. മൊത്തം 32 വർഷത്തെ ഉദ്യോഗ ജീവിതം. അപ്പോഴൊക്കെ ചെറിയ ചെറിയ യാത്രകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഓസ്ട്രേലിയയിൽ പോയി വന്നേയുള്ളു. എട്ടു തവണ അവിടെത്തന്നെ പോയി. മകൻ അജിത് അവിടെയാണ്‌. വെസ്റ്റേൺ ഓസ്ട്രേലിയ മിക്കവാറും കണ്ടു, വേവ് റോക്സും ഗ്രാമങ്ങളും ഫ്രൂട്ട് ഫാമുകളും സിഡ്നിയിലെ കാഴ്ചകളുമൊക്കെ.

ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല ചൈനാമതിൽ കയറുമെന്ന്. ഇപ്പോൾ സമയവും സൗകര്യവും ഒത്തുവരുന്നു. സാമ്പത്തിക പ്രശ്നവുമില്ല, മുമ്പ്‌അങ്ങനെയല്ല,  മകന്റെ പഠനം, വീട്ടുകാര്യങ്ങൾ അങ്ങനെ പല പല ഉത്തരവാദിത്വങ്ങൾ. മോൻ അജിത്‌ ഇപ്പോൾ കുടുംബമായി പെർത്തിലാണ്‌. ഭർത്താവ്‌  രാജഗോപാലും ഒന്നിച്ചാണ് എല്ലാ യാത്രകളും.  പ്രൈവറ്റ് ട്രാവൽ ഗ്രൂപ്പുകളുടെ  കൂട്ടത്തിലാണ് മിക്കവാറും യാത്രകൾ. ഏറ്റവും ഇഷ്ടപ്പെട്ട യാത്ര ഭൂട്ടാനിലേക്കുള്ളതാണ്. അവിടത്തെ പച്ചപ്പും പ്രകൃതിയും നമ്മെ വല്ലാതെ കൊതിപ്പിക്കും. സ്വിറ്റ്സർലൻഡിലെ ടണലുകളിലൂടെയുള്ള യാത്ര, വല്ലാത്തയനുഭവമാണ്. മെയിൻ റോഡുകളെ ശല്യം ചെയ്യാതെ,  മലകളെയും പുഴകളെയും ശല്യം ചെയ്യാതെയുള്ള അനേകം ടണലുകൾ. ആൻഡമാനിലെ സെല്ലുലാർ ജയിൽ,  ഗോത്രവർഗങ്ങളുടെ ജീവിതം അതൊക്കെ നല്ല കാഴ്ചകളാണ്.  ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം നമ്മുടെ നാട് തന്നെ. പ്രത്യേകിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.

ഇത് യാത്രയുടെ കാലമാണ്. ഒരുപാടുപേർ യാത്ര ചെയ്യുന്നുണ്ട്. പലർക്കും പക്ഷേ യാത്ര ഫാഷനാണ്, പാഷനല്ല. മലയാളിയെ സംബന്ധിച്ച്, അവിടെപ്പോയി ഇവിടെപ്പോയി എന്ന് പ്രദർശിപ്പിക്കാൻ വേണ്ടി മാത്രമുള്ള യാത്രകളാണ്. സോഷ്യൽ മീഡിയയിൽ പടം ഇട്ടാൽ മതി. അവർ പോകുന്നയിടങ്ങളെ കണ്ണ് കൊണ്ട് കാണാറില്ല. മനസ്സുകൊണ്ട് അറിയാറില്ല.

ആതുരസേവനവും രോഗവും തന്ന അറിവുകൾ   
ഞാനൊരു നഴ്സ് ആണെന്ന് പറയുന്നതിൽ ഏറ്റവും അഭിമാനിക്കുന്നു. ജീവിതം പച്ചയായി കണ്ട വ്യക്തിയാണ് ഞാൻ. രോഗിയെന്ന നിലയിൽ അനുഭവിക്കുന്ന വേദന പഠിപ്പുള്ളവനും സംസ്കാര സമ്പന്നനും പാവങ്ങൾക്കും ഒക്കെ ഒന്നുതന്നെയാണ്. ആശുപത്രിയിൽ എത്തുന്നതുവരെയേ ഉള്ളൂ എല്ലാ ആർഭാടങ്ങളും. ജീവിതത്തിൽ എല്ലാ സ്നേഹബന്ധങ്ങളുടെയും വില അവിടെ വച്ച് തിരിച്ചറിയാൻ പറ്റും.  

ഭൂട്ടാനിൽ  ടൈഗേഴ്സ് നെസ്റ്റ് കയറുമ്പോൾ പലരും നിരാശപ്പെടുത്തി. വേണമെങ്കിൽ പകുതി ദൂരംവരെ പോണിയിൽ പോകാമെന്ന് പറഞ്ഞു. മലകയറി, കല്ലുകളും മരവേരുകളും തിങ്ങിയ കാട്ടുവഴികളിലൂടെ കുറേ നടക്കണം. അമ്പതു രൂപയ്‌ക്ക്‌ ഒരു വടിയും വാങ്ങി ഞാനും ഭർത്താവും മുകളിലേക്കുനടന്നു. പ്രയാസമില്ലാതെ മുകളിൽ എത്തി. എനിക്ക് ഒറ്റ ശ്വാസകോശമേ ഉള്ളൂ. 1981 ൽ മകനെ പ്രസവിച്ച്  കഴിഞ്ഞപ്പോൾ  അസുഖം പിടിപെട്ടു, ബ്രോങ്കൈറ്റിയോസിസ്. ഒരു ലങ്‌സിനെ പൂർണമായും ബാധിച്ചു. അത് സർജറി ചെയ്ത് കളയേണ്ടി വന്നു.  

എനിക്ക് സാധിക്കും
‘I can',  എനിക്ക് സാധിക്കും എന്നൊരു തോന്നൽ മനസ്സിലുണ്ടെങ്കിൽ തീർച്ചയായും ഒന്നിനും ഒരു തടസ്സമില്ല. ഇപ്പോൾ എനിക്ക് 67 വയസ്സായി. കുറേ സ്റ്റെപ്പുകൾ  തുടരെ കയറിയാൽ  കിതയ്‌ക്കാൻ തുടങ്ങും. പക്ഷേ ശുദ്ധവായുവും പച്ചപ്പും അന്തരീക്ഷവും എല്ലാം നമുക്ക് ശക്തി തരും. റിസ്കുള്ള ഒരു യാത്ര ലഡാക്കിൽ പോയതാണ്. മൈനസ് ഡിഗ്രി താപനിലയിൽ. ഹർ ദുങ് ലാ പാസും പാങ്കോങ്ങും ഒക്കെ കണ്ടു. എനിക്ക് നീന്താൻ കഴിയില്ല. സൈക്ലിങ്‌ പറ്റില്ല. തയ്യൽ മെഷീൻ ചവിട്ടാൻ പറ്റില്ല.  ഒരിക്കൽ  ഒരു അപകടത്തിൽനിന്നും രക്ഷപ്പെട്ടു. ധോണി വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന സമയത്ത് കുറച്ചു നീന്തി കഴിഞ്ഞപ്പോൾ ‘എയർ ഹംഗർ' അനുഭവപ്പെട്ടു. ഒരു കല്ലിന്മേൽ കാലുചവിട്ടിനിന്ന് കുറേ ശ്വാസം എടുത്ത്, പിന്നെ ഒന്നും പറ്റാത്തതുപോലെ തിരിച്ചുവന്നു.

തീർഥാടന വഴികൾ
തീർഥാടന യാത്രകളും കുറേ പോയിട്ടുണ്ട്.  തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങളുടെ നിർമിതികൾ,  പ്രത്യേകതകൾ, ചരിത്രം ഇതെല്ലാം മനസ്സിലാക്കി. ഇപ്പോൾ  മിക്കവാറും കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകളിൽ പങ്കെടുക്കാറുണ്ട്, പൈതൃകയാത്ര ഉൾപ്പെടെ.  ഈ സൗകര്യം നല്ലതു തന്നെയാണ്‌. ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കയില്ല.  

വിസ്മയങ്ങളുടെ സഞ്ചാരവഴികൾ
നേപ്പാളിലൊക്കെ മലകളെ ബന്ധിപ്പിക്കുന്ന ചെറിയ ചെറിയ തൂക്കുപാലങ്ങൾ ഉണ്ട്. അതിലൂടെ കൊച്ചുകുട്ടികൾവരെ സുഖമായി പോകുന്നതുകാണാം. ചരിവുകളിലും ചെങ്കുത്തായ ഇടങ്ങളിലും ചെറിയ ചെറിയ പുരകെട്ടി വസിക്കുന്നവർ. ഇത്തരം കാഴ്ചകൾ ജീവിതത്തിലുടനീളം ഉന്മേഷം നിറയ്ക്കും. ദുബായ്, പോലെയുള്ള രാജ്യങ്ങളിലെ നിർമിതികൾ നമ്മെ  അമ്പരപ്പിക്കും. ബുർജ് ഖലീഫ, ചൈനീസ് വൻമതിൽ, ഈഫൽ ടവർ, റഷ്യയിലെ സ്റ്റാലിന്റെ ശവകുടീരം, നമ്മുടെ താജ്മഹൽ ഇവയെല്ലാം  അതിശയ നിർമിതികളാണ്. ഇതൊക്കെ കാണുന്നുണ്ടെങ്കിലും പച്ചപ്പിന്റെ ഭംഗിപോലെ മറ്റൊന്നില്ല.

ലോക്കൽ യാത്രകൾ ചെയ്യാറുണ്ട്. പക്ഷേ കംഫർട്ടബിൾ ആയി തോന്നുന്നത് ഗ്രൂപ്പ് യാത്രകളാണ്. യാത്രയിൽ നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടാകാം. അത് കുറെയൊക്കെ നമ്മൾ അഡ്ജസ്റ്റ് ചെയ്യണം. ഒരിക്കൽ കാഠ്മണ്ഡു പോകുന്ന വഴിക്ക് രാത്രി പതിനൊന്നരയ്‌ക്ക്, ഒരിടത്ത് പാലം പണി നടക്കുന്നതിനാൽ  ഞങ്ങൾക്ക്‌ ഇടക്കിറങ്ങേണ്ടിവന്നു. അവിടത്തെ ഓരോ വീടുകളിൽ കയറി പരിമിതമായ സൗകര്യങ്ങളിൽ ഞങ്ങൾ ഫ്രഷായി. 

എവിടെപ്പോയാലും സാരി തന്നെയാണ് ഇഷ്ടവേഷം. ഒരിക്കൽ  റഷ്യൻ യാത്രയ്ക്കിടയിൽ സഹയാത്രികന്റെ ഷൂ കേടായി. അപ്പോൾ ഗുജറാത്തി സ്വദേശിയായ ഒരു വഴിക്കച്ചവടക്കാരൻ വീട്ടിൽ പോയി അയാളുടെ ഷൂ കൊണ്ടുവന്ന് കൊടുത്തു. എന്റെ സാരി കണ്ടതുകൊണ്ടാണ് അയാൾ ഇന്ത്യക്കാർ ആണെന്ന് വിചാരിച്ചു ഞങ്ങളെ സഹായിക്കാൻ വന്നത്. മറ്റൊരിക്കൽ സാരി കണ്ട് തെരുവിലെ പാട്ടുകാർ നമ്മുടെ ദേശീയ ഗാനം പാടി.

വത്സലയും ഭർത്താവ്‌  രാജഗോപാലും

വത്സലയും ഭർത്താവ്‌ രാജഗോപാലും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top