09 December Saturday

കൊടുങ്കാറ്റായി അവര്‍ വരുന്നു

പി വി ജീജോ/ jeejodeshabhimani@gmail.comUpdated: Sunday Aug 6, 2023


കുടുംബശ്രീയിലെ പെണ്ണുങ്ങൾ നാടകം കളിക്കുന്നു. ഉടലിന്റെ രാഷ്‌ട്രീയവും സ്വത്വവും സദാചാരവും ചർച്ചയാകുന്ന നാടകം. കുടുംബശ്രീ സംസ്ഥാന നാടകമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കോഴിക്കോട്‌ നരിപ്പറ്റ സിഡിഎസിന്റെ നാടകം ഇസൈ. നാട്ടിൻപുറത്തെ പെണ്ണുങ്ങളുടെ അഭിനയമികവിന്റെ സുന്ദരാനുഭവമാണ്‌

‘‘ഇസൈ ’’എന്നാൽ ഇളംകാറ്റ്‌. എന്നാൽ ഇസൈ എന്ന ഈ  നാടകത്തിൽ ഈ സ്‌ത്രീകൾ പറയുന്നത്‌  സ്‌നേഹസാന്ത്വനമോതുന്ന മന്ദമാരുതനെക്കുറിച്ചല്ല. മനസ്സുകളിൽ സംഘർഷവും സന്താപവുമയർത്തുന്ന കൊടുങ്കാറ്റാണ്‌. പ്രമേയ പരിചരണം മുതൽ അവതരണത്തിലും അഭിനയത്തിലുമെല്ലാം തിരയിളക്കുന്ന പുതുമയും സർഗാത്മകതയുമാണ്‌ നരിപ്പറ്റ സിഡിഎസിന്റെ നാടകം ഇസൈയുടെ സവിശേഷത. നാട്ടിൻപുറത്തെ പെണ്ണുങ്ങൾക്കെന്ത്‌  നാടകം   എന്ന്‌ പുരികം ചുളിക്കുന്നവർക്കിടയിൽ അഭിനയിച്ച്‌  തകർത്താടുകയാണ്‌ ഈ കുടുംബശ്രീ കലാസംഘം. തൃശൂരിൽ നടന്ന കുടുംബശ്രീ സംസ്ഥാന നാടകോത്സവം അരങ്ങ്‌ 2023–-ൽ  ഒന്നാം സമ്മാനം നേടി.സ്വത്വം, വ്യക്തിത്വം, സ്വകാര്യത , വേഷം തുടങ്ങി  ചുറ്റുപാടിലും ഇരമ്പുന്ന വിഷയമാണ്‌  ഇസൈ പറയുന്നത്‌. ട്രാൻസ്‌ജെൻഡറുകളുടെ ജീവിതപ്രശ്‌നത്തിലൂടെ ഉടലിന്റെ രാഷ്‌ട്രീയമെന്ന ശക്തമായ പ്രശ്‌നം തീവ്രമായി അവതരിപ്പിക്കാനായിട്ടുണ്ട്‌. ശരീരത്തെയും വേഷത്തെയും വിചാരണചെയ്യുന്ന മലയാളിയുടെ സദാചാര കപടനാട്യത്തിന്‌ നേരെയാണ്‌ ചോദ്യങ്ങൾ. രാപ്പാർക്കാനൊരിടം, തൊഴിൽ തുടങ്ങി അടിസ്ഥാന പ്രശ്‌നങ്ങളിൽപോലും  തുണയില്ല ഈ പാവങ്ങൾക്ക്‌.  സാക്ഷരതയും സാംസ്‌കാരികബോധവുമേറെ. എന്നാൽ ഒന്നിച്ച്‌ ജീവിക്കാൻ, ഇഷ്‌ടവും രാഗാനുരാഗങ്ങളും കൈമാറാൻ വിലക്കാണിവിടെ. ആണുപെണ്ണുംകെട്ടവർ എന്ന വിളിയാണിന്നുമിവർക്ക്‌. വീട്ടിലും പുറത്തുമെല്ലാം സമൂഹഭ്രഷ്‌ട്‌ അഭിമുഖീകരിച്ച വർത്തമാനപരിസരം നാടകത്തിൽ  കാണാം. കമലേഷ്‌, ദിയ എന്നീ ട്രാൻസ്‌ജെൻഡർമാരുടെ ജീവിതമാണ്‌ കഥ.ആൺ ശരീരത്തിൽ ജീവിക്കുമ്പോഴും തന്റെയുള്ളിൽ ഒരു പെണ്ണുണ്ടെന്ന്‌ തിരിച്ചറിയുന്ന കമലേഷ്‌. സ്വന്തം ആഗ്രഹപ്രകാരം പെണ്ണായി ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു. കാഴ്‌ചയിൽ സ്‌ത്രീയെങ്കിലും പുരുഷനാകാനുള്ള അദമ്യമായ വാഞ്‌ഛയാണ്‌ ദിയക്ക്‌. 

തന്റെ സ്വത്വപ്രഖ്യാപനത്തെ അമ്മപോലും അംഗീകരിക്കാതെ വീട്ടിൽനിന്ന്‌ പുറത്താകുന്നു. തന്റേതല്ലാത്ത കാരണത്താൽ ജീവിതത്തിൽനിന്ന്‌ പുറന്തള്ളപ്പെടുകയാണ്‌. നേരനുഭവമുള്ള ദിയയും കമലേഷും ഒന്നിച്ചൊരു  പുതുജീവിതസ്വപ്‌നം നെയ്യുന്നു. എന്നാൽ മതവും ജാതിയും സദാചാരപൊലീസുമായി അവരുടെ ജീവിതം തീയിലേക്കെറിയുകയാണ്‌.    തളരുകയല്ല ഉയിർക്കുയാണിരുവരും. സ്വപ്‌നങ്ങളും സ്വത്വവും പൂക്കുന്ന ജീവിതത്തിനായി   ധീരമായി മുന്നേറുന്നു. തങ്ങൾക്ക്‌ പിറക്കുന്ന കുഞ്ഞിന്‌ ഇസൈ എന്ന്‌ പേരിട്ട്‌ അവർ പുതുലോകത്തെ സ്വാഗതംചെയ്യുന്നു. തോൽക്കാനുള്ളതല്ല ലോകവും ജീവിതവും. 

ഒരൊറ്റ ജീവിതമേയുളളു.  അത്‌ അതിമനോഹരമായി ആശിച്ചപോൽ ജീവിക്കണമെന്ന സുന്ദരസുരഭിലമായ ആശയമാണ്‌ നാടകാന്ത്യത്തിൽ. നാടകമെന്തെന്നൊ അഭിനയമെന്തെന്നൊ അറിയാത്ത ജീവിതത്തിലാദ്യമായി അരങ്ങിലെത്തിയവരാണ്‌ ഇസൈയിൽ അഭിനയിച്ചിരിക്കുന്നത്‌. കോഴിക്കോട്‌ നരിപ്പറ്റ സിഡിഎസിലെ  ഗ്രാമീണസ്‌ത്രീകൾ അങ്ങനെ നാടകചരിത്രത്തിലും സ്വന്തംപേരെഴുതിച്ചേർത്തു. എം സജിന, ഷീജ നന്ദൻ, എൽസി ജോസഫ്, പ്രജിത, എ പൊന്നി, ബിജിന, നാരായണി, വിജില, ഷീബ എന്നിവരാണ്‌ ഇസൈയെ അരങ്ങിൽ പുതുഅനുഭവമാക്കി മാറ്റിയത്‌. വിനീഷ് പാലയാടാണ്‌ നാടക രചന. ലിനീഷ് നരയംകുളം സംവിധാനം നിർവഹിച്ചു.  സംഗീതം: സുബിനേഷ് വടകര. കല: നേഹ ആർ എസ് , സെറ്റ്: അനിൽ തച്ചണ്ണ, ക്രിയാത്മക സഹായം: ശ്രീജിത്ത് കൈവേലി, സംഗീത നിയന്ത്രണം: പ്രഭോഷ്‌ കടലുണ്ടി, സാങ്കേതിക സഹായം: നവീൻ മുള്ളമ്പത്ത്, രമേശൻ പാലയാട്, വിനിജ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top