26 September Tuesday

കുടുംബശ്രീ @ 25: മാധ്യമ കോമഡി ഷോകൾ ഇനിയെങ്കിലും തിരുത്തുമോ?

അനിൽ സേതുമാധവൻUpdated: Friday May 19, 2023

ദാരിദ്ര്യ നിർമാർജന പദ്ധതിയായി ആരംഭിച്ച്, പിന്നീട് കേരളത്തിന്റെ സമഗ്ര വികസനത്തിന് വലിയ സംഭാവനകൾ ചെയ്ത കുടുംബശ്രീ പദ്ധതി ആരംഭിച്ചിട്ട് 2023 മെയ് 17ന് ഇരുപത്തിയഞ്ച് വർഷം തികഞ്ഞു. 1992 മുതൽ ആലപ്പുഴയിലും 1994 മുതൽ മലപ്പുറത്തും കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്‌ സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ചിരുന്ന സ്ത്രീകളുടെയും കുട്ടകളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന വ്യാപകമായി ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതിന് അന്നത്തെ നായനാർ സർക്കാർ തീരുമാനിക്കുന്നു. സമ്പൂർണ ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിന് അങ്ങനെ ആക്കം കൂട്ടുന്നതിനായി 1998 മേയ് 17ന് കേരള സർക്കാറിന്റെ പ്രത്യേക പദ്ധതിയായി ആരംഭിച്ച കുടുംബശ്രീയ്ക്ക് 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 287,723 അയൽക്കൂട്ടങ്ങളിലായി 4,511,834 അംഗങ്ങളാണുള്ളത്. രാജ്യത്തെ ഇത്തരത്തിൽ ഉള്ള സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുടെ തുടക്കം കുറിക്കുന്നത് കുടുംബശ്രീയിൽ നിന്നു തന്നെ. കേരളം ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെയും, പ്രളയത്തെയും, നിപ്പയെയും നേരിട്ട കാലത്തൊക്കെ മലയാളികൾക്കൊപ്പം കുടുംബശ്രീയും ഉണ്ടായിരുന്നു. ഇന്ന് കേരളത്തിന്റെ എല്ലാ ജീവിത മേഖലകളിലും കുടുംബശ്രീ അതിന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. സാധാരണക്കാരായ സ്ത്രീകൾക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്ന വായ്പാ സംഘങ്ങൾ മുതൽ, കെട്ടിട നിർമ്മാണ സംഘങ്ങളും, വ്യത്യസ്ത ഉത്പന്നങ്ങൾ ഉദ്പാദിപ്പിക്കുന്ന ചെറുകിട വ്യവസായ ശാലകളും, സ്റ്റാർട്ട് അപ്പുകളും എല്ലാം കുടുംബശ്രീയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം നിലനിൽക്കുന്നുണ്ട്. ഇക്കഴിഞ്ഞ വിഷുവിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ വിപണിയിൽ നിന്ന് 4.23 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രനർഷിപ്പ് പ്രോഗ്രാമിന് കീഴിൽ കുടുംബശ്രീ തുടങ്ങിയത് 26,000ൽ അധികം സ്ഥാപനങ്ങൾ ആണ്.

ഇത്തരത്തിൽ വിജയങ്ങളുടെ കഥകൾ മാത്രം പറയാൻ ഉള്ള ഒരു പദ്ധതിയ്ക്ക്, അതിലെ അംഗങ്ങൾക്ക് ഏത് തരത്തിൽ ഉള്ള പരിവേഷമാണ് കേരളത്തിലെ ദൃശ്യ/അച്ചടി/നവ മാധ്യമങ്ങൾ നൽകിയിട്ടുള്ളത്? കുടുംബശ്രീ അതിന്റെ വിജയകരമായ ഇരുപത്തി അഞ്ചു വർഷങ്ങൾ എന്ന വലിയ നേട്ടത്തിൽ എത്തി നിൽക്കുന്ന വേളയിൽ മലയാളിയുടെ പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമങ്ങൾ എന്ത് കാഴ്ചപ്പാടാണ് കുടുംബശ്രീ പ്രവർത്തകരെ കുറിച്ച് ഉണ്ടാക്കി എടുത്തിട്ടുള്ളത് എന്നറിയുന്നതിലുള്ള കൗതുകത്തിന് പുറമേ, സ്ത്രീകൾ നേതൃത്വം നൽകുന്ന ഇത്തരമൊരു പദ്ധതിക്ക് മാധ്യമലോകവും അതിന്റെ വക്താക്കളും നൽകുന്ന പ്രാധാന്യം എന്തെന്ന് മനസ്സിലാക്കുന്നതും ഒരു പ്രധാന കാര്യം തന്നെയാണെന്നാണ് വിശ്വാസം.

രണ്ടായിരങ്ങൾ മുതലുള്ള മലയാള സിനിമകളിലെയും കോമഡി ഷോകളിലെയും, ഒരു പ്രധാന ഭാഗമാണ് കുടുംബശ്രീ പ്രവർത്തകർ. കേരളം പശ്ചാത്തലമാകുന്ന/പ്രത്യേകിച്ചും ഗ്രാമങ്ങൾ കഥാപ്രമേയമാകുമ്പോൾ, ഒഴിച്ച് കളയാനാവാത്ത ഒന്നായി കുടുംബശ്രീയും അതിന്റെ പ്രവർത്തകരും മാറി എന്ന് വേണമെങ്കിൽ പ്രത്യാശാപരമായി ആലോചിക്കുന്നതാണ്. കേരളത്തിലെ പ്രേക്ഷകർക്ക് എളുപ്പത്തിൽ മുന്നിൽ കാണാനാവുന്നവർ കൂടിയായത് കൊണ്ട് അത്തരം കഥാപാത്രങ്ങൾ ആഖ്യാന സാധ്യമായി എന്നും കരുതാം. എന്നാൽ സ്ത്രീകളെ, മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളെ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളെ സിനിമകളിലും മറ്റു മാധ്യമങ്ങളിലും ചിത്രീകരിക്കുമ്പോൾ വരുന്ന അച്ച്-വാർപ്പ് മാതൃകാസൃഷ്ടി കുടുംബശ്രീ പ്രവർത്തകരുടെ കാര്യത്തിലും കാണാൻ സാധിക്കും. കുശുമ്പും കുന്നായ്മയും പറഞ്ഞു നടക്കുന്ന, നാട്ടിലെ എല്ലാ കുടുംബങ്ങളുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടുന്ന, മറ്റുള്ളവരെ പറ്റി പരദൂഷണം പറഞ്ഞു നടക്കുന്ന, അത്തരം നാട്ടുവർത്തമാനങ്ങൾ പങ്കു വെയ്ക്കാനായി അയൽക്കൂട്ടങ്ങളും, യോഗങ്ങളും കൂടുന്ന ഒരു കൂട്ടം മധ്യവയസ്കരായ സ്ത്രീകളുടെ ഒരു സംഘം. ഇപ്പറഞ്ഞ ഓരോ വാക്ക് വായിക്കുമ്പോഴും നിങ്ങൾ കടന്നു പോയിട്ടുള്ള, കണ്ടിട്ടുള്ള രംഗങ്ങൾ മനസ്സിലേക്ക് വരുന്നതിൽ അസ്വാഭാവികതയില്ല. വർഷങ്ങൾ നീണ്ടു നിന്ന ഈ പ്രക്രിയ അത്രമേൽ ശക്തമായ ഒരു ചിത്രമാണ് കുടുംബശ്രീ പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്.

"കുടുംബശ്രീയായിരിക്കും. പരദൂഷണക്കാരും ഏഷണിക്കാരും എല്ലാരും ഉണ്ടല്ലോ."

"നേരം പര പരാ വെളുക്കുമ്പം നുണ പറഞ്ഞിരിക്കുന്ന കൂട്ടം - അയൽക്കൂട്ടം."

"അയൽക്കൂട്ടം പെണ്ണുങ്ങൾ അടികൂടും നേരത്ത്
ചെരവേം കൊണ്ടോടി വാ, ശാന്തേ വാ
കാണുന്ന ജാഥയ്ക്കെല്ലാം സെറ്റ് സാരി മുണ്ടുമുടുത്ത്
വെയിലത്ത് കറങ്ങുവാൻ ശാന്തേ വാ"

എന്നിങ്ങനെ പോവുന്നു കുടുംബശ്രീയെ പരിഹാസ പാത്രമാക്കാനുള്ള മലയാളം കോമഡി ഷോകളുടെ വാർപ്പ് മാതൃകാ സൃഷ്ടികൾ! ഈയടുത്ത് വരെ മലയാളത്തിലെ ഒട്ടുമിക്ക ടിവി ചാനലുകളിലും പ്രേക്ഷകർ കണ്ടു കൊണ്ടിരുന്ന കോമഡി ഉത്സവങ്ങളിലും സ്കിറ്റുകളിലും 'കുടുംബശ്രീ ചേച്ചി'മാർ ഇത്തരത്തിൽ പരിഹാസ്യപാത്രങ്ങളായി വന്നിരുന്നു. ഇതെല്ലാം ഹാസ്യമല്ലേ, ആ രീതിയിൽ മനസ്സിലാക്കിയാൽ പോരേ എന്ന നിഷ്കളങ്കതയ്ക്ക് അപ്പുറത്തേക്ക് ഇത്തരത്തിൽ ഉള്ള വാർപ്പ് മാതൃകാ സൃഷ്ടികളെ അങ്ങനെ തന്നെ മനസ്സിലാക്കിയേ മതിയാവൂ. ഇത്തരം പ്രവണതകൾ, താരതമ്യേന കൂടുതൽ പുരോഗമനകരമായി കലയെ സമീപിക്കുന്ന സമീപകാല മാധ്യമങ്ങളിൽ നിന്നും അതിന്റെ വക്താക്കളിൽ നിന്നും അന്യം നിന്നു പോയി എന്ന തെറ്റിദ്ധാരണയുടെ ആവശ്യമില്ല. കഴിഞ്ഞ വർഷം മലയാളികളുടെ മുന്നിലെത്തിയ, സ്ത്രീപക്ഷ സിനിമ എന്ന വിശേഷണം നേടിയ ചിത്രമായിരുന്നു 'ജയ ജയ ജയ ജയഹേ'. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വിവേചനത്തെയും, ഗാർഹിക പീഡനത്തെയും എല്ലാം ചർച്ച ചെയ്ത ഈ സിനിമയിലും കുടുംബശ്രീ അയൽക്കൂട്ടം തമ്മിൽ തല്ലുന്ന  പരിഹാസത്തിനും ചിരിക്കുമുള്ള വക തന്നെയായി മാറുന്നു. സ്ത്രീപക്ഷത്ത് നിന്ന് കഥ പറഞ്ഞ 'അർച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിലും പരദൂഷണം പറയുന്ന ഒരു കൂട്ടമായി കുടുംബശ്രീ അയൽക്കൂട്ടം മാറുന്നുണ്ട്. ഇത്തരത്തിൽ ഉള്ള പാത്രസൃഷ്ടികൾ കുടുംബശ്രീയെ കുറിച്ച് പൊതുവിൽ നവമാധ്യമങ്ങളിൽ ഉള്ള ബോധങ്ങളെയും സ്വാധീനിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും പുതിയതായി മലയാളി പ്രേക്ഷകർ കാണുന്ന യൂട്യൂബ്/ഇൻസ്റ്റാഗ്രാം റീലുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവരുടെ പൂർവികർ ഉണ്ടാക്കി വെച്ച വാർപ്പ് മാതൃകകളെ വീണ്ടും പുനസൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. കുടുംബശ്രീ തങ്കമണിമാരായും, ലോക്ക്ഡൗൺ സമയത്ത് ഞായറാഴ്ചകളിൽ കൂടിയിരുന്നു പരദൂഷണം പറയുന്ന സംഘങ്ങളായും എല്ലാം കുടുംബശ്രീ വീണ്ടും വീണ്ടും ചിത്രീകരിക്കപ്പെടുന്നു. കുടുംബശ്രീ പ്രവർത്തകർ വിമർശനങ്ങൾക്ക് അതീതരാണ് എന്നല്ല പറഞ്ഞു വരുന്നതിന്റെ പൊരുൾ. മറിച്ച് സ്ത്രീകളെ കുറിച്ച് കാലാകാലങ്ങളായി പൊതുബോധം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചില ധാരണകളെ സ്ത്രീകൾ നയിക്കുന്ന, സ്ത്രീകൾ അംഗങ്ങളായുള്ള ഒരു പദ്ധതിയെ കുറിച്ച് കൂടിയുള്ള പൊതുബോധമായി മാറ്റുന്നതിന് പിന്നിലെ അനീതിയാണ് ഇവിടെ പ്രശ്നവത്കരിക്കപ്പെടുന്നത്. കുടുംബശ്രീ മാത്രമല്ല. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ അടക്കമുള്ള ജനവിഭാഗങ്ങൾ ഒരുമിക്കുന്ന ഒട്ടുമിക്ക പ്രസ്ഥാനങ്ങളോടും, പദ്ധതികളോടും സമാനമായ സമീപനമാണ് മലയാള മാധ്യമ സമൂഹം പാലിച്ചിട്ടുള്ളത്. കുടുംബശ്രീ കഴിഞ്ഞാൽ കോമഡി ഷോകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന മറ്റൊരു വിഭാഗമാണ് തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി പോവുന്ന സ്ത്രീകൾ. ഇത്തരം പാത്രനിർമ്മിതികളിൽ അടങ്ങിയിരിക്കുന്ന ജാതി/വർഗ്ഗ താത്പര്യങ്ങൾ ഒട്ടും നിഷ്കളങ്കമല്ല. ഇത്തരം "തമാശകളെ" മലയാളികൾ ജാതി/വർഗ്ഗ ഭേദമന്യേ സ്വീകരിക്കുന്നുണ്ട് എന്ന വിശ്വാസമായിരിക്കാം ഇന്നും മേൽപ്പറഞ്ഞ രീതിയിൽ കുടുംബശ്രീയെ ചിത്രീകരിക്കുന്നവർക്കുള്ള പ്രചോദനം. കാലാകാലങ്ങളായി ഉള്ള അഖ്യാനങ്ങളിലൂടെ കൈവരുന്ന സാംസ്കാരിക മേഖലയ്ക്ക് മുകളിൽ ഉള്ള ആധിപത്യം എങ്ങനെയാണ് പ്രേക്ഷകനെ അതിന്റെ മായിക വലയത്തിൽ അകപ്പെടുത്തുന്നത് എന്നറിയാൻ ഉള്ള വകതിരിവ് ഈ കലാകാരന്മാർക്ക് ഉണ്ടായിരിക്കണം. മാധ്യമങ്ങൾ ഇന്ന് മുന്നോട്ട് വെക്കുന്ന ആഖ്യാനങ്ങൾ കാലങ്ങളിലേക്ക് കൂടി സഞ്ചരിക്കാനിരിക്കുന്ന ചരിത്രരേഖകൾ കൂടിയാണ്. ഇന്നവർ സൃഷ്ടിക്കുന്ന വാർപ്പ് മാതൃകകളെ തകർക്കുക എന്നത് വർഷങ്ങളുടെ പ്രയത്നവും സമയവും എടുക്കുന്ന പ്രക്രിയയുമാണ്. ഒരു ചാന്തുപൊട്ടും, അനുബന്ധ കോമഡി ഷോകളും എല്ലാം എങ്ങനെയാണ് ഒരു ന്യൂനപക്ഷത്തെ ഇന്നും വേട്ടയാടാനുള്ള ആയുധങ്ങൾ ആയി ഉപയോഗിക്കപ്പെടുന്നത് എന്ന് നമ്മൾ ഇന്നും കാണുന്നുണ്ട്. ഇത് എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ബാധകമാണ്. അത് ട്രാൻസ് ജെൻഡർ ആണെങ്കിലും, തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ ആണെകിലും, കുടുംബശ്രീ പ്രവത്തകരാണെങ്കിലും.

കുടുംബശ്രീ പദ്ധതി അതിന്റെ 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്ന വേളയിൽ മലയാള മാധ്യമങ്ങൾക്ക് ഒന്നു പിന്തിരിഞ്ഞു നോക്കുവാൻ സാധിക്കണം. കേരളം ലോകത്തിന് മുന്നിൽ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഒരു പദ്ധതിയും, അതിന്റെ പ്രവർത്തകരും ഏതു തരത്തിലാണ് ഇന്നും സാമൂഹ്യ മാധ്യമങ്ങളിലും, പൊതുബോധത്തിലും പരിഗണിക്കപ്പെടുന്നത് എന്ന പുനർവിചിന്തനം അനിവാര്യമാണ്. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ പുച്ഛിച്ചു കൊണ്ടും, അവരുടെ അതിജീവനത്തിന് വേണ്ടിയുള്ള പ്രയത്നങ്ങളെ പരിഹസിച്ചുമല്ല പ്രേക്ഷകരുടെ എണ്ണം കൂട്ടേണ്ടത് എന്ന തിരിച്ചറിവ് കേരളത്തിലെ എല്ലാ കലാകാരന്മാർക്കും ഇനിയെങ്കിലും ഉണ്ടാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top