29 March Friday

കുച്ചിപ്പുഡിയിലെ മലയാളച്ചന്തം

എ സുരേഷ്‌/ sureshabhay@gmail.comUpdated: Sunday May 22, 2022

ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ മുൻപന്തിയിലാണ്‌ കുച്ചിപ്പുഡിക്ക്‌ സ്ഥാനം. കഥകളി, ഭരതനാട്യം, ഒഡീസി, കഥക്‌ എന്നിവയ്‌ക്കൊപ്പം ലോകമറിയുന്ന നൃത്തകലയായി കുച്ചിപ്പുഡിയെ വളർത്തുന്നതിൽ ഇങ്ങേയറ്റത്ത്‌ ഒരു മലയാളി ഉണ്ടെന്നതിൽ നമുക്കഭിമാനിക്കാം.  കുച്ചുപ്പുഡി അധ്യാപിക, കോറിയോഗ്രഫർ, ഗവേഷക, ഗ്രന്ഥകാരി എന്നീ നിലകളിൽ പ്രശസ്‌തയായ രമാദേവി കോഴിക്കോട്‌ ജില്ലയിലെ ചേമഞ്ചേരി സ്വദേശിയാണ്‌.

1989ൽ സെക്കന്തരാബാദിൽ സ്ഥാപിച്ച ‘ശ്രീസായി നടരാജ അക്കാദമി ഓഫ്‌ കുച്ചുപ്പുഡി’യിലൂടെ ആയിരത്തിലധികം വിദ്യാർഥികളെ പരിശീലിപ്പിച്ച രമാദേവി യൂണിവേഴ്‌സിറ്റി ഓഫ്‌ സിലിക്കോൺ ആന്ധ്ര നൃത്തവിഭാഗം പ്രൊഫസറാണ്‌. യുഎസിലെ സിലിക്കോൺവാലി യൂണിവേഴ്‌സിറ്റി വിസിറ്റിങ്‌ പ്രൊഫസറും യൂണിവേഴ്‌സിറ്റി ഓഫ്‌ കലിഫോർണിയ ഡാൻസ്‌ വിഭാഗം ഫാക്കൽറ്റി അംഗവും. 
 

രമാദേവി

രമാദേവി


പൂക്കാട്‌ കലാലയം ഏർപ്പെടുത്തിയ മലബാർ സുകുമാരൻ ഭാഗവതർ സ്‌മാരക പുരസ്‌കാരം സ്വീകരിക്കാൻ എത്തിയ ഡോ. രമാദേവി കുച്ചിപ്പുഡിയുമായുള്ള ആത്മബന്ധത്തെയും അന്വേഷണങ്ങളെയുംകുറിച്ച്‌ പറഞ്ഞു.
നാലാം വയസ്സിൽ നൃത്തപരിശീലനം തുടങ്ങിയത്‌ അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽനിന്ന്‌. രണ്ടു വർഷമായപ്പോൾ കുടുംബത്തോടൊപ്പം ആന്ധ്രയിൽ എത്തി. അവിടെ ഗുരു മഹങ്കാളി ശ്രീമൻ നാരായണയിൽനിന്ന്‌ പാരമ്പര്യശൈലിയിലുള്ള പഠനം. വിവാഹശേഷം ഹൈദരാബാദിലെ പോറ്റി ശ്രീരാമലു തെലുഗു സർവകലാശാലയിൽനിന്ന്‌ സ്വർണമെഡലോടെ എംഎ പാസായി. പിഎച്ച്‌ഡിയും അവിടെനിന്ന്‌. (കുച്ചുപ്പുഡിയിൽ ഡിപ്ലോമ, എംഎഫിൽ കോഴ്‌സുകൾക്കു പുറമെ ബിഎസ്‌സി, ബിഎഡ്‌, ഡൊമസ്റ്റിക്‌ സയൻസിൽ ഡിപ്ലോമ, ഹിന്ദിയിൽ പ്രവീണ, സോഫ്‌റ്റ്‌വെയർ എൻജിനിയറിങ്‌ ഹയർ ഡിപ്ലോമ എന്നിവയും നേടി).

എംഎ പഠനകാലത്താണ്‌ വേദികളിൽ പലപ്പോഴും കാണുന്നതല്ല ക്ലാസിക്കൽ കുച്ചിപ്പുഡിയെന്ന്‌ മനസ്സിലാക്കുന്നത്. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി ദക്ഷിണേന്ത്യയിലെ, ഭാരതത്തിലെയും ക്ലാസിക്കൽ നൃത്തങ്ങളിലെല്ലാം സമാനതകൾ കാണാം. എങ്കിലും ഓരോന്നിനെയും വ്യത്യസ്‌തമാക്കുന്ന തനതുസ്വഭാവ വിശേഷമുണ്ട്‌. കുച്ചിപ്പുഡി അതിന്റെ പൂർണതയിൽ ഏറ്റവുമധികം നാടകീയതയുള്ള നൃത്തരൂപമാണ്‌. ഭരതമുനി നാട്യശാസ്‌ത്രത്തിൽ പറയുന്ന നാട്യലക്ഷണങ്ങൾ തികഞ്ഞത്‌. നൃത്തം, നൃത്യം, നാട്യം എന്നിവയുടെ ചേർച്ചയുള്ളത്‌.

കൃഷ്‌ണ ജില്ലയിലെ കുച്ചിപ്പുഡി ഗ്രാമത്തിൽ പിറന്നതിനാലാണ്‌ ആ പേര്‌. കുചേലപുരം, കുശീലവപുരി എന്ന പേരിലും അറിയപ്പെട്ട ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബങ്ങളാണ്‌ ഇത്‌ അവതരിപ്പിച്ചത്‌. നട്ടുവമേള, നാട്യമേള എന്നീ പേരുകളിൽ ക്ഷേത്രങ്ങളിൽ അരങ്ങേറിയ കലയെ പരിഷ്‌കരിച്ച്‌ 17–-ാം നൂറ്റാണ്ടിൽ തീർഥനാരായണ യതിയും ശിഷ്യൻ സിദ്ധേന്ദ്ര യോഗിയുമാണ്‌ കുച്ചുപ്പുഡി രൂപപ്പെടുത്തിയത്‌. ക്ഷേത്രത്തിൽ ദേവദാസിമാർ നൃത്തം ചെയ്‌തപ്പോൾ പുറത്ത്‌ പുരുഷന്മാർ ഭാഗവതത്തിലെ കൃഷ്‌ണകഥകൾ പാടിയാടി.  പുരുഷകേന്ദ്രിതമായ നട്ടുവമേളയിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നു ദേവദാസിമാർ അവതരിപ്പിച്ച നാട്യമേള. ലാസ്യവും താണ്ഡവവും ചേർന്നതാണ്‌ നൃത്തം. ആദ്യകാലത്ത്‌ താണ്ഡവശൈലിയിൽ നൃത്തം ചെയ്‌തത് പുരുഷന്മാരായിരുന്നു. 1950 വരെ കുച്ചുപ്പുഡിയിൽ സ്‌ത്രീകളെ അനുവദിച്ചിരുന്നില്ല.

ആധുനികകാലത്ത്‌ കുച്ചിപ്പുഡിക്ക്‌ ഉണർവുപകർന്നത്‌ വെമ്പട്ടി ചിന്നസത്യം. ശിഷ്യൻ വേദാന്തം ലക്ഷ്‌മിനാരായണ ശാസ്‌ത്രിയാകട്ടെ സ്‌ത്രീകളെ കൂടുതലായി ഇതിൽ എത്തിച്ചു. ഭരതനാട്യത്തിന്റെ വളർച്ചയുടെ കാലത്ത്‌ തമിഴ്‌നാട്ടിൽ എത്തിയ കുച്ചുപ്പുഡി കുറെക്കൂടി ലളിതരീതികൾ അവലംബിച്ചു.  

കുച്ചിപ്പുഡി നർത്തകർ തെലുഗുവും സംസ്‌കൃതവും പഠിച്ചിരിക്കണം. അതുപോലെ നാട്യശാസ്‌ത്രം, അഭിനയദർപ്പണം, രസമഞ്ജരി, താണ്ഡവലക്ഷണം എന്നീ ശാസ്‌ത്രഗ്രന്ഥങ്ങളും അഭ്യസിക്കുന്നു. വേഗത്തിൽ പഠിച്ച്‌ അരങ്ങിൽ എത്താൻ ആഗ്രഹിക്കുന്നവർ ഇതിനു തയ്യാറാകില്ല. നാട്യശാസ്‌ത്രത്തിലെ ഉപരൂപകങ്ങൾക്ക്‌ തുല്യമായ ചെറുനാടകം. കൃഷ്‌ണനും സത്യഭാമയും തമ്മിലുള്ള പ്രണയവും കലഹവുമൊക്കെ നർമരസത്തിൽ അവതരിപ്പിക്കുന്ന ഭാമാകലാപമാണ്‌ കൂടുതൽ പ്രചാരത്തിലിരുന്നത്‌. പാൽക്കാരി പെണ്ണിന്റെ സാമർഥ്യവും ധീരതയുമൊക്കെ പറയുന്ന ഗൊല്ല കലാപം അറുപതിലേറെ വർഷമായി ആരും അവതരിപ്പിച്ചിരുന്നില്ല. ഇത്‌ പാരമ്പര്യരീതിയിൽ അഭ്യസിച്ച്‌ ഗുരുവിനൊപ്പം 2014ൽ രമാദേവി അരങ്ങിൽ എത്തിച്ചു. എഴുപതിലേറെ വർഷമായി അരങ്ങിലില്ലാത്ത ദാദിനമ്മ കലാപവും വേദിയിലെത്തിച്ചു.  

പ്രാദേശിക ഭേദങ്ങൾ കലയുടെ ലോകത്ത്‌ പ്രധാനമല്ല. നിർബന്ധിതമായ അടിച്ചേൽപ്പിക്കലല്ല, പാരസ്‌പര്യവും പങ്കുവയ്‌ക്കലുമാണ്‌ അതിന്റെ സംസ്‌കാരം. രമാദേവിയുടെ ‘ഹിസ്റ്റോറിയോണിക്‌ എക്‌സ്‌പ്രഷൻസ്‌ ഇൻ കുച്ചുപ്പുഡി ഡാൻസ്‌ ആൻഡ്‌ കമ്പാരിറ്റീവ്‌ സ്റ്റഡി ഓഫ്‌ ചതുർവിധാഭിനയാസ്‌ ബിറ്റ്‌വീൻ കഥകളി, കുച്ചിപ്പുഡി, യക്ഷഗാന’ എന്ന ഗവേഷണകൃതി വിവിധ നൃത്തകലകൾ തമ്മിലുള്ള താരതമ്യപഠനമാണ്‌. ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളായ കഥകളി, ഭരതനാട്യം, കുച്ചുപ്പുഡി, മേഹിനിയാട്ടം, കഥക്‌, ഒഡീസി, മണിപ്പുരി എന്നിവ ഉൾപ്പെടുത്തി അവതരിപ്പിച്ച ‘സപ്‌തനൃത്ത മഞ്ജരി’ മറ്റൊരു പരീക്ഷണം. കുച്ചുപ്പുഡി ഡാൻസ്‌ ഇൻ ടെക്‌സ്‌ച്വൽ ഫോം, കുച്ചുപ്പുഡികലാപാസ്‌: ഏൻ ഒഡീസി റീഡിസ്‌കവേഡ്‌, നാട്യശാസ്‌ത്ര ഇൻ എ നട്ട്‌ഷെൽ എന്നിവയാണ്‌ ഇംഗ്ലീഷിലുള്ള മറ്റു കൃതികൾ.  

കേരള സംഗീതനാടക അക്കാദമി കലാശ്രീ, തെലുഗു യൂണിവേഴ്‌സിറ്റി കീർത്തി പുരസ്‌കാരം, ഒഡിഷ സർക്കാരിന്റെ അഭിനവശാസ്‌ത്രീയ നൃത്തകലാരത്ന സമ്മാൻ, തമിഴ്‌നാടിന്റെ നാട്യകലൈ ചുദാർ, പത്മഭൂഷൺ വെമ്പട്ടി ചിന്നസത്യ സ്‌മാരക അവാർഡ്‌, വൈശാലി നൃത്തോത്സം നാട്യശ്രീ പുരസ്‌കാരങ്ങൾ രമാദേവിക്ക്‌ ലഭിച്ചു. ആന്ധ്ര സർക്കാരിന്റെ 2011ലെ ടെലിവിഷൻ ആൻഡ്‌ ഫിലിം നന്തി അവാർഡ്‌ ജൂറിയിലും  ഡൽഹി സാംസ്‌കാരിക മന്ത്രാലയം യുവകലാകാരന്മാരെ സ്‌കോളർഷിപ്പിന്‌ തെരഞ്ഞെടുക്കുന്ന ജൂറിയിലും അംഗം, ഹൈദരാബാദ് സൂര്യ നൃത്തോത്സവത്തിന്റെ ചീഫ് പ്രോഗ്രാം കൺവീനർ, കേന്ദ്ര സർക്കാരിന്റെ സിസിആർടി പദ്ധതിയിൽ കുച്ചിപ്പുഡി സ്‌കോളർഷിപ്പിന്‌ കലാകാരന്മാരെ തെരഞ്ഞെടുക്കുന്ന കമ്മിറ്റി അംഗം, കേരള സംഗീതനാടക അക്കാദമി അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചീഫ് കോ-–-ഓർഡിനേറ്റർ തുടങ്ങിയവ കുച്ചിപ്പുഡി രംഗത്തെ സംഭാവനയ്‌ക്ക്‌ അവർ വഹിക്കുന്ന പദവികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top